മലയാളഭാഷയുടെ സുഗന്ധവും സൗന്ദര്യവും പേറി പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരിയാണ് മണിയ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മേരി അലക്‌സ്. 1969 ല്‍ ദീപിക വാരാന്ത്യപ്പതിപ്പില്‍ ‘പരാജിതന്‍’ എന്ന കഥയില്‍ തുടങ്ങി ചെറുതും വലുതുമായ പത്ര മാസികകള്‍, ബാലപംക്തികള്‍, വിദേശത്തു് നിന്നുള്ള സാഹിത്യ ഓണ്‍ലൈനായ ലിമ വേള്‍ഡ് ലൈബ്രറി അടക്കമുള്ള എഴുത്തുകളില്‍ തുടിച്ചു നില്‍ക്കുന്നത് കപടത നിറഞ്ഞ ഈ ലോകത്തു് നടക്കുന്ന മനുഷ്യമനസ്സിന്റെ വിശുദ്ധിയും അശുദ്ധിയും നൊമ്പരങ്ങളുമാണ്. മണിയയുടെ നോവല്‍, കഥ, കവിതകളില്‍ കളിയാടുന്നത് മനസ്സില്‍ പ്രകാശം പരത്തുന്ന ഒരു വ്യാകുല മാതാവിനെയാണ്. ഒരമ്മയുടെ കലര്‍പ്പില്ലാത്ത സ്നേഹം പകരുന്ന, ആത്മാവിലേക്ക് നയിക്കുന്ന ഉല്‍കൃഷ്ടസ്വത്വത്തിന്റെ ഉടമയാണ്. 2001 ല്‍ കേരള സ്റ്റേറ്റ് എന്‍.സി.സി.ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എഴുപത്തൊന്‍പതിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും എഴുത്തുകള്‍ തുടരുകയാണ്.
നാടിന്റെ നന്മയും നൈര്മല്യങ്ങളും നഗരത്തിന്റെ കുടിലതകളും കോര്‍ത്തിണക്കിയ ‘വര്‍ണ്ണങ്ങള്‍ വൈരുധ്യങ്ങള്‍’ എന്ന നോവല്‍ ഉള്‍പ്പെടെ മൂന്ന് നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍, വിശുദ്ധ നാട്, ആദ്യ കപ്പല്‍ യാത്ര തുടങ്ങിയ യാത്ര വിവരണങ്ങള്‍ലിമ വേള്‍ഡ് ലൈബ്രറി വഴിയാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. 2024 കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന ലിമ ലൈബ്രറി ഓണ സര്‍ഗ്ഗ സംഗമത്തില്‍ ആഗോള പ്രസിദ്ധ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സമഗ്ര സംഭവനക്കുള്ള സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തില്‍ അയോഗ്യരായ പലരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ യോഗ്യതയുള്ളവര്‍ തള്ളപ്പെടുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇവിടെവെച്ച് മണിയയുടെ ‘അവളുടെ നാട്’ എന്ന ചെറുകഥാ സമാഹാരം എനിക്ക് പ്രകാശനം ചെയ്യാനും സാധിച്ചു. ലിമ വേള്‍ഡ് ലൈബ്രറി എഡിറ്റോറിയല്‍ അംഗം കൂടിയാണ് മണിയ.
എഴുത്തു് ലോകത്തു് കരുത്തു കാട്ടുന്ന മണിയ ശക്തമായ കഥാപാത്രങ്ങളെ നല്‍കുക മാത്രമല്ല മറ്റാരുമറിയാതെ തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ജീവകാരുണ്യ മേഖലകളില്‍ പാവങ്ങള്‍ക്ക് സാന്ത്വനമായി, സഹായഹസ്തവുമായി കടന്നുവന്നിട്ടുള്ളത് എനിക്ക് നേരിട്ടറിയാം. ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാര തുകയായ 25000 കൊടുത്തപ്പോഴും ആ തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മടക്കി കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍ക്ക് കൊടുത്തതും ഈ അവസരമോര്‍ക്കുന്നു. ഇരുളിനെ വകഞ്ഞു മാറ്റുന്ന മിന്നല്‍ പോലെ സമുഹത്തില്‍ ഇതുപോലുള്ള എഴുത്തുകാരികള്‍ കടന്നുവരട്ടെ. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളുമായി ഇനിയുമിനിയുമെഴുതാന്‍, പുസ്തകങ്ങള്‍ ഏഴില്‍ നിന്ന് എഴുപതിലേക്കുയരാന്‍ മണിയ എന്ന എഴുത്തുകാരിയുടെ നിറയൗവനം കരുത്തു പകരട്ടെ.
നന്മകള്‍ നേരുന്നു.
കാരൂര്‍ സോമന്‍











