LIMA WORLD LIBRARY

ഉറയൂരുന്ന രാഷ്ട്രമീമാംസകള്‍ – ജയരാജ് പുതുമഠം (Jayaraj Puthumadham)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതിനുശേഷം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അതിന്റെ പ്രവര്‍ത്തകര്‍ക്കും ഇന്നലെവരെ പൊക്കിപ്പിടിച്ചിരുന്ന ആദര്‍ശവര്‍ണ പതാകയുടെ പൊലിമ ഇപ്പോള്‍ കാണുന്നില്ല. എങ്ങിനെയെങ്കിലും സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിപ്പറ്റുക എന്നത് മാത്രമായിരിക്കുന്നു ഇവരുടെ ലക്ഷ്യം.

സ്വന്തം പാര്‍ട്ടിയിലെ വിമതരുമായുള്ള തര്‍ക്കം ഒരുവശത്ത്. അതിന്റെ പേരില്‍ ഇന്നലെവരെ പഴി പറഞ്ഞിരുന്ന ശത്രുപക്ഷ പാര്‍ട്ടിയില്‍ ചേക്കേറാന്‍ യാതൊരു മടിയുമില്ലാതെ വസ്ത്രം മാറുന്നു ഇക്കൂട്ടര്‍. ഇത്തരക്കാരെ ഇരു കൈയ്യുംനീട്ടി
മാറോടണയ്ക്കാന്‍ ഒട്ടുംതന്നെ നാണമില്ലാതെ തോരണം തീര്‍ക്കുന്നു മറ്റേ കൂട്ടരും. പാമ്പ് ഉറ പൊഴിക്കുംപോലെ രാവിലെ ഒരു പാര്‍ട്ടിയിലും ഉച്ചഭക്ഷണത്തിനുശേഷം ജയം ഉറപ്പാണെന്ന് കരുതുന്ന വേറൊരു പാര്‍ട്ടിയിലും, ചായകുടി കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്യുന്ന മൂന്നാമതൊരു സഭയുടെ മടിയിലേക്കും കയറിയിരിക്കാന്‍ മടിക്കാത്തരീതിയില്‍ ജനാധിപത്യ കേരളം കൂപ്പുകുത്തിയിരിക്കുന്നു. ഇത് കണ്ട് മിഴിച്ചുനില്‍ക്കുന്ന ജനങ്ങളെ വികാരവിചാരഭേദമെന്യേ അഭിമുഖീകരിക്കാനുള്ള കരുത്തിലേക്ക് നെറികേട് രാഷ്ട്രമീമാംസയാക്കിയ ഈ വര്‍ഗ്ഗം വളര്‍ന്നിരിക്കുന്നു എന്നതും ഈ കാലഘട്ടം സമ്മാനിക്കുന്ന ചില പരമാര്‍ഥങ്ങള്‍ തന്നെ.

സാക്ഷരകേരളമെന്നും, കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെ ലോകത്തെ ആദ്യത്തെ നെയ് വിളക്ക് തെളിഞ്ഞ ഇടമെന്നും, ശങ്കരാചാര്യരുടെയും, ശ്രീനാരായണ ദേവന്റെയും, വാഗ്ഭടാനന്ദ ഗുരുവിന്റെയുമൊക്കെ ആത്മീയ വെളിച്ചം സ്പര്‍ശിച്ചിട്ടുള്ളവരെന്ന്
ആശ്വാസം കൊണ്ടിരുന്ന സമൂഹത്തില്‍ നിന്നാണ് ഇത്തരം ചീഞ്ഞളിഞ്ഞ രാഷ്ട്രീയ ദുര്‍ഗന്ധങ്ങള്‍ വമിക്കുന്നത് എന്നത് ദുഖകരം തന്നെ.

കടലിലെ തിര എണ്ണുന്ന ജോലി ലഭിച്ചവന്റെ ഉള്ളിലെ ദുര ഉണര്‍ന്നുവന്നതിന്റെയും അതുവരെയുണ്ടായിരുന്ന മാനുഷികത ഉതിര്‍ന്ന് വീണതിന്റെയുമൊക്കെ സമാന സംഭവങ്ങളാണ് ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പിന്റെ ചൂടിലും പുകയിലും നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പരിതാപകരമായ വിശേഷങ്ങള്‍.
അധികാര കസേരയുടെ സുഖശീതളമൂര്‍ച്ചയില്‍ മയങ്ങിശീലിച്ച ആസക്തിയുടെ ഉത്തേജനത്തിലാണ് ഇവര്‍.

* ആദര്‍ശനീര് വറ്റിയ രാഷ്ട്രീയ കക്ഷികള്‍

കേവലം ഒരു പഞ്ചായത്ത് മെമ്പറായി തീരാനുള്ള ചിരകാലമോഹത്തിന്റെയും, മെമ്പറായി വാഴ്ത്തപ്പെട്ടതിനുശേഷം ഇനി അടുത്ത നിലയിലേക്ക് അള്ളിപ്പിടിച്ച് കയറാനുള്ള വ്യഗ്രതയില്‍ സ്വയം നീതിബോധത്തിന്റെ ഉറയൂരി വലിച്ചെറിയുന്ന അധികാര മോഹികളെയുമാണ് നമുക്ക് ചുറ്റും കാണാനാകുന്നത്.
ഇവിടെ ആദര്‍ശവുമില്ല, അനുസരണവുമില്ല, നന്ദികേടിന്റെ ആക്രോശങ്ങള്‍ മാത്രം. സ്ഥാനാര്‍ഥി പട്ടം കിട്ടാത്തതിന്റെ പേരില്‍
കയ്യാങ്കളിയിലും ആത്മഹത്യയില്‍ പോലും ചെന്നെത്തിനില്‍ക്കുകയാണ് സംസ്‌ക്കാര കേരളത്തിലെ അധികാര കൊതിയന്മാര്‍.

അധികാരസുഖം പലകുറി ഭുചിച്ചിട്ടും മതിവരാതെ വീണ്ടും ഒട്ടിപ്പിടിക്കുവാന്‍ തന്ത്രമൊരുക്കി പദങ്ങള്‍ വെക്കുകയാണ് മാരിച രൂപികളായ ചില സമര്‍ഥര്‍. മഹാഭാരത യുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുള്ളപോലെയാണ്
അത്തരക്കാരുടെ കരുനീക്കങ്ങള്‍. ഏത് രാഷ്ട്രീയ കൊടിമരങ്ങളും എടുത്ത് അമ്മാനമാടുവാന്‍ അഭ്യസിച്ചിട്ടുള്ളവരാണ് അവര്‍. ഭരണം മാറിയാലും ഋതുഭേദങ്ങള്‍ മുങ്ങിനിവര്‍ന്നാലും മരണംവരെ അവരില്‍ യാതൊരു വികാര വിക്ഷോഭങ്ങളും സൃഷ്ടിക്കപ്പെടുകയില്ല.

‘അടിയുറച്ച’ രാഷ്ട്രീയ പാര്‍ട്ടികളിലെ വിമതര്‍ സൃഷ്ടിച്ചിട്ടുള്ള തലവേദനകള്‍ ചെറുതല്ല, പലയിടത്തും. മുകളിലുള്ളവരുടെ ഭീഷണി വാക്കുകള്‍ക്കൊന്നും താഴെക്കിടയിലുള്ളവര്‍ വിലകല്‍പ്പിക്കുന്നില്ല. നിങ്ങള്‍ക്ക് അങ്ങിനെയാകാമെങ്കില്‍ ഞങ്ങളും ഒന്ന് ജീവിച്ചുപോകട്ടെ ബായ് എന്ന ഏഷണി ഭാവമാണ് ഇവര്‍ക്ക്. ഭാഗ്യാന്വേഷികള്‍ക്ക് ഇരിയ്ക്കപ്പൊറുതിയില്ലാതായിട്ടുണ്ട്. ജ്യോല്‍സ്യം, മഷിനോട്ടം, കൈരേഖ, സംഖ്യാശാസ്ത്രം,കൂടോത്രം തുടങ്ങിയവയുടെ താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചിരിക്കുന്നു.

ഒരേ മുന്നണിയിലുള്ളവര്‍ തന്നെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവാതെ കുഴങ്ങുകയാണ്. പല രീതിയിലുമുള്ള അന്തര്‍ ധാരണകള്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്, ഇപ്പോള്‍തന്നെ.
ഇനി വരാനിരിക്കുന്ന ധാരണകള്‍ ഇപ്പോള്‍ പറയാനാകില്ലത്രേ. വിജയിക്കുക എന്നത് മാത്രമാണ് സ്ഥാനാര്‍ഥിയുടെ ആത്യന്തിക ലക്ഷ്യം. ഏത് നീചമാര്‍ഗ്ഗമായാലും വിരോധമില്ലതാനും.
ആനുകാലിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ താളവും ഭാവവുമൊക്ക അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. പഴയതുപോലെ ആദര്‍ശത്തിലൂന്നിയ കഥാകഥനങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല.
സമര പുളകങ്ങളുടെ സിന്ദൂരമാലകളെക്കുറിച്ചോര്‍ക്കാന്‍ പുതിയ തലമുറയ്ക്ക് നേരമില്ലാതായിരിക്കുന്നു.

* വേഷംമാറി നിവരുന്ന കുറുക്കുവഴികള്‍

‘ഇന്നില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലും അജണ്ടകളിലുമാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം, ലോകമൊക്കെ മാറിയ വിവരങ്ങള്‍ ശേഷിക്കുന്ന നിങ്ങളെപ്പോലെയുള്ളവര്‍ തിരിച്ചറിഞ്ഞാല്‍ കൊള്ളാം’
ഒരു എല്‍.ഡി. എഫ് സംഘടനയുടെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തകന്‍ പറഞ്ഞതാണ്. ‘ചിക്കാഗോവിലെ തെരുവീഥികളില്‍ ചിന്നിച്ചിതറിയ തലയോടി’ന്റെ കഥയൊന്നും കേള്‍ക്കാന്‍ ഇനി ആരും ഉണ്ടാകില്ല. ‘എഐ’ യുടെ കാലമാണിപ്പോള്‍.
6 മാസം മുന്‍പ് വാര്‍ത്താപ്രാധാന്യമുണ്ടായിരുന്ന ഒരു വിഷയം ഇപ്പോളും ഓര്‍ത്തുവെച്ച് തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുന്ന രീതിയൊക്കെ മാറിക്കഴിഞ്ഞു. ഇന്ന് നടന്ന ഒരു വിഷയംപോലും തെരഞ്ഞെടുപ്പ് ഗോദയില്‍ വേണ്ടത്ര സ്വാധീനം നടത്തിയെന്ന് വരില്ല. വോട്ട് ദിനത്തിന്റെ രണ്ടാഴ്ചമുന്‍പ് നടക്കുന്ന ഒരു സംഭവത്തെ പൊലിപ്പിച്ച് പൊലിപ്പിച്ച് വോട്ടറുടെ ഹൃദയത്തില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ തന്ത്രം. അതില്‍ വിജയിക്കുന്നവന്‍ അധികാരം കയ്യാളും, അത്രതന്നെ.
മാനവികതയില്‍നിന്ന് അകന്ന് ചിന്തിക്കുന്ന വ്യക്തിരൂപങ്ങളായിരിക്കും അവസാനം വിജയിച്ചുവരിക. കാലവ്യാപനങ്ങളെ ഉള്‍ക്കൊണ്ടാല്‍ പോലും അവനെ/അവളെ ഏത് മൂല്യങ്ങളുടെ അവതാരമായിട്ടായിരിക്കണം നമ്മള്‍ കണക്കാക്കേണ്ടത്.

മോഷണം ഒരു അനുഷ്ഠാനംപോലെ കരുതുകയും ഭഗവത് സേവയ്ക്കുള്ള തന്റെ ജന്മനിശ്ചയമാണ് അപരന്റെ വസ്തുക്കള്‍ അപഹരിക്കുന്നത് എന്ന് വിശ്വസിക്കുകയും ചെയ്ത് ജീവിച്ചുവരുന്ന അയല്‍ സംസ്ഥാനത്തിലെ
‘തിരുട്ട് ഗ്രാമ’ത്തില്‍ പോയി അവിടുത്തെ ചാമുണ്ഡിയെ വണങ്ങി വഴിപാടുകള്‍ നേര്‍ന്നതിനുശേഷം മാത്രം നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുള്ള ചിലരും ഇവിടെയുണ്ടെന്നാണ് ആദ്ധ്യാത്മികതയുടെ വക്താവായി അറിയപ്പെടുന്ന ഒരു പാര്‍ട്ടിയിലെ രസികനായ സ്‌നേഹിതന്‍ വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ കയറി കളിക്കുന്ന പണത്തിന്റെ നിറവും മണവും ഇലക്ഷന്‍ കമ്മീഷന്റെ ലക്ഷ്മണരേഖയില്‍ ഒതുങ്ങിനില്‍ക്കുന്നതായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ആരുംതന്നെ അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസവും കഴിഞ്ഞതോടെ പ്രവര്‍ത്തകരില്‍ ഉന്മേഷം
തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്.
മൂന്ന് മുന്നണികളുടെയും വാഗ്ദാനപ്പെരുമഴയില്‍ നനഞ്ഞുനില്‍ക്കുകയാണ് വോട്ടര്‍മാര്‍. നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു മുഴം മുന്നിലേക്കുള്ള ഏറും ഈ വാഗ്ദാന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കെ. ജി. ജോര്‍ജിന്റെ ‘പഞ്ചവടിപ്പാലം’ എന്ന സിനിമയിലെ ഓരോ രംഗങ്ങളും ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് പട്ടിക. തെരുവ് പട്ടിക്ഷേമം വരെ ഈ വഞ്ചനരേഖയില്‍ കുടിയേറിയിട്ടുണ്ട്.

‘തോട്ടിന്‍ കരയില്‍ വിമാനമിറക്കാന്‍ താവളമുണ്ടാക്കും
താവളമുണ്ടാക്കും’

എന്ന സ്ഥാനാര്‍ഥി സാറാമ്മയിലെ അടൂര്‍ഭാസിയുടെ ഗാനവും ഓര്‍മ്മവരുന്നു.

23,562 വാര്‍ഡുകളിലായി 72,005 പത്രിക സമര്‍പ്പിക്കപ്പെട്ടിട്ടുള്ള മലയാള നാട്ടില്‍ രണ്ട് തരം പിരിവുകളാല്‍ സജീവമാണ് വീഥികള്‍. ഒന്ന് രസീതിയില്‍ പേനകൊണ്ട് എഴുതുന്നതും, മറ്റൊന്ന് രസീതി ഇല്ലാതെ പുഞ്ചിരിയില്‍ ഒതുക്കുന്നതും.
എന്തായാലും രാത്രിയാകുമ്പോള്‍ പ്രവര്‍ത്തകരുടെ ആഹ്ലാദലഹരിയുടെ മണങ്ങളും തുടിപ്പുകളും കൊണ്ട് മുഖരിതമാണ് ഇപ്പോള്‍ നമ്മുടെ
‘ശ്യാമ സുന്ദര കേര കേദാര ഭൂമി’!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px