LIMA WORLD LIBRARY

പപ്പായ ഇലയും ഡെങ്കിപ്പനിയും – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

പരമ്പരാഗതമായി ചില നാടുകളില്‍ പപ്പായ ഇല ഇന്നും ഔഷധമായി പ്രയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങള്‍ സുലഭമായി ലഭ്യമാവാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകള്‍ പ്രചാരം നേടുന്നത്.
മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് ഔഷധമായി പ്രയോഗിക്കുന്നു. പപ്പായയില കത്തിച്ച പുകയാണ് ആസ്ത്മ രോഗികള്‍ക്ക് നല്‍കി വരുന്നത്.

 

പപ്പായ ഇലയും ഫലവും ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും അത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ട്. അതില്‍ അടങ്ങിയിട്ടുള്ള ചില ഹോര്‍മോണുകളാണ് ഗര്‍ഭമലസലിന് കാരണമാകുന്നത്. നമ്മുടെ നാട്ടില്‍ ഗര്‍ഭിണികള്‍ക്ക് വിളയാത്ത പച്ച പപ്പായ കഴിക്കാന്‍ പാടില്ലായെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതും തന്‍മൂലമാവും. വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരമെന്നാണ് പഠനങ്ങള്‍.
ഇവിടെ പറയാന്‍ വന്നത് പപ്പായ ഇലയുടെ നീരും ഡെങ്കിപ്പനി ചികിത്സയും സംബന്ധിച്ചാണ്. മാരകമായ ഒരു വൈറസ് ബാധയാണ് ഡെങ്കിപ്പനി. തന്‍മൂലം അനവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നേവര്‍ക്കും അറിയാം.

 

ഡെങ്കിപ്പനി ബാധിച്ചവരില്‍ രക്താണുക്കളുടെ വമ്പിച്ച കുറവ് വലിയ പ്രശ്‌നമാണ്. രക്താണുക്കളുടെ സംഖ്യ ഏറെ കുറഞ്ഞവരില്‍ രക്തം നല്‍കിയാല്‍ കൂടി അത് പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ ആവില്ല. ഡങ്കിപ്പനി ഒരു വൈറസ് രോഗമാകയാല്‍ ഔഷധ ചികിത്സയും മെച്ചമല്ല. ഇതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പോയി ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ ചികിത്സ സഹായിക്കുമെന്നേയുള്ളു.
ഡങ്കിപ്പനിയ്ക്ക് ചികിത്സ ദുഷ്‌കരമെന്ന അവസ്ഥ ചൂഷണം ചെയ്താണ് പപ്പായയില നീരിന്റെ വരവ്. നീന്തല്‍ അറിയാത്തവന്‍ വെള്ളത്തില്‍ വീണാല്‍ രക്ഷയ്ക്കായി കണ്ട തുരുമ്പില്‍ ഏതിലും പിടിക്കും എന്ന് പറഞ്ഞതു പോലെയാണ് ഇവിടെ കാര്യങ്ങള്‍. പപ്പായയില നീര് പ്രചാരണം ശക്തമായതോടെ ജനം ഈ ചികിത്സ ഇരു കൈയും നീട്ടി സ്വീകരിച്ചു. ആരോഗ്യമാനിയാക്കുകളായ നാം എന്ത് കിട്ടിയാലും ‘തിരിഞ്ഞും മറിഞ്ഞും’ നോക്കാതെ സ്വീകരിക്കും എന്ന കാര്യത്തില്‍ പ്രശസ്തരാണല്ലോ.

 

പപ്പായയില നീര് കുടിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ തങ്ങളുടെ രക്താണുക്കളുടെ സംഖ്യ പൂര്‍വ്വ സ്ഥിതിയില്‍ എത്തി, രോഗം ഭേദമായി എന്ന് അനുഭവസ്ഥര്‍ പറയാനും തുടങ്ങി.
കാര്യത്തിന്റെ നിജസ്ഥിതിയോ ശാസ്ത്രമോ അറിയാതെ വ്യക്തികളും സോഷ്യല്‍ മീഡിയയും എന്തിനേറെ പറയണം നിലവാരമുള്ള പത്രങ്ങള്‍ വരെ ആ വാര്‍ത്ത ഏറ്റെടുത്ത് പപ്പായ നീരിനെ പ്രശസ്തയാക്കി. പപ്പായയ്ക്ക് അഭിമാനിക്കാന്‍ അതില്‍പരമെന്തു വേണം. ഇവിടെയാണ് ”കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നു ‘ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത്.
രോഗാണു ശാസ്ത്രമോ പതോളജിയോ ശരീര ഫിസിയോളജിയോ ബയോകെമിസ്ടിയോ ഒന്നുമറിയാതെയാണ് ചിലര്‍ തൊണ്ട തൊടാതെ ഇത്തരം മണ്ടത്തരങ്ങള്‍ വിഴുങ്ങുന്നത് എന്നു പറഞ്ഞാല്‍ എന്നോട് ദയവായി ക്ഷോഭിയ്ക്കരുത്. ശാസ്ത്രം എന്തെന്ന് അറിയുക കൂടി ചെയ്യാതെ ആധുനിക വൈദ്യശാസ്ത്രത്തെ വെറുതെ പഴിക്കുന്ന പ്രശസ്തരെയും നമുക്ക് കാണാം. ഇവരില്‍ പലരും പുരോഗമനവാദികള്‍ ആണെന്ന് സ്വയം പ്രഖ്യാപിച്ച് എന്തിനെയും എതിര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണ്.

 

ഡെങ്കിപ്പനി വന്ന് രക്താണുക്കളുടെ സംഖ്യ കുറഞ്ഞ ഒരാള്‍ക്ക് പപ്പായയില നീര് ചികിത്സ എടുത്താല്‍ ഒന്നു രണ്ടാഴ്ചയ്ക്കകവും പ്രസ്തുത ചികിത്സയെടുക്കാതിരുന്നാല്‍
പത്ത് പതിന്നാല് ദിവസങ്ങള്‍ക്കകവും രക്താണുക്കളുടെ എണ്ണം പൂര്‍വസ്ഥിതി പ്രാപിക്കുന്നു.
അപ്പോള്‍ ഇവിടെ പപ്പായ ഇലനീര് ചികിത്സയുടെ പ്രസക്തി എന്താണ്. തികച്ചും അപ്രസക്തം. ചികിത്സയൊന്നും കൂടാതെ രക്ത കോശങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ അവകാശം പപ്പായയിലക്ക് നല്‍കുകയാണ് ഒറ്റമൂലി വിദ്വാന്‍മാര്‍ ചെയ്തത് എന്നു കണ്ടല്ലോ. അതിനെ പിന്‍താങ്ങാന്‍ ചില പത്രമാസികകളും ഗൂഗിള്‍ ചികിത്സകരും.

 

ഇവിടെ എപ്രകാരമാണ് രക്തകോശങ്ങള്‍ നഷ്ടപ്പെട്ടത് എന്നും നഷ്ടപ്പെട്ടതിന് പകരം രക്ത കോശങ്ങള്‍ മടങ്ങിയെത്തുന്നത് എങ്ങനെയെന്നും അറിയാതെയാണ് ശാസ്ത്ര വിശാരഥന്മാരായി സ്വയം പ്രഖ്യാപനം നടത്തി ചികിത്സ വിധിക്കുന്നതും പ്രചാരണം നടത്തുന്നതും. ശാസ്ത്രം അറിയാത്ത രോഗിയുടെ മനോഘടന ഗൂഗില്‍ ചികിത്സകര്‍ക്ക് ഒപ്പമാവുമ്പോള്‍ അവര്‍ പറയുന്നതെന്തും വിശ്വസിക്കാതെ വയ്യ.

 

മറ്റൊരു രസകരമായ സംഗതി കൂടി ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോഡേണ്‍ മെഡിസിനെ പഴിക്കുന്ന ഏത് അക്ഷരത്തിനും പ്രചാരണം സിദ്ധിക്കുക എന്ന കീഴടക്കം സാക്ഷര കേരളം ചുമക്കുന്നു എന്നതാണ്. അതാണ് ഇത്തരം തിരുമണ്ടത്തരങ്ങള്‍ വിദ്യാസമ്പന്നര്‍ കൂടി സ്വീകരിക്കാന്‍ കാരണം.
സമ്പൂര്‍ണ്ണ സാക്ഷരരും രാഷ്ട്രീയ ബോധമുള്ളവരും ചിന്തിക്കുന്നവരും ആയ മലയാളികള്‍ ആണ് നാം. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് ഒരു മാത്ര ചിന്തിക്കുന്നത് നന്നായിരിക്കും. നിലവാരമുള്ള പത്രങ്ങള്‍ ഇത്തരം അശാസ്ത്രീയതകള്‍ പ്രാധാന്യത്തോടെ അച്ചടിയ്ക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വിദഗ്ധരോട് അഭിപ്രായം ആരായുന്നതും ഉചിതമായിരിക്കും. അല്ലാത്ത പക്ഷം നാം തികഞ്ഞ അന്ധകാരത്തിലേക്ക് കൂപ്പു കുത്തും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. വായനക്കാരെ കിട്ടാന്‍ വേണ്ടി ഏതു മണ്ടത്തരവും അച്ചടിക്കാമെന്ന് കരുതിയാല്‍ നമ്മുടെ നാടിന്റെ ഗതി ഒന്നാലോചിച്ചു നോക്കുക.
പപ്പായ ഇല ഒരു ഉദാഹരണം മാത്രം. ഡെങ്കിപ്പനി കാലത്ത് ഇതുപോലെ അനവധി ‘ലൊട്ടു ലൊടുക്ക്’ ചികിത്സകളുമായി പലരും രംഗത്ത് വന്നു. തന്മൂലം അവരുടെ കൈവശമുള്ള പഴങ്ങളും ഫലങ്ങളും അങ്ങനെ പലതും വന്‍വിലക്ക് വിറ്റ് ലാഭം കൊയ്യാനായി. ബുദ്ധി ജീവികളും രാഷ്ട്രീയ ബോധമുള്ളവരുമായ നാം ബലിമൃഗങ്ങളുമായി. ഇതില്‍പരമെന്തു വേണം.

 

തീര്‍ന്നില്ല. നിങ്ങള്‍ ഒരുപക്ഷേ ചോദിച്ചേക്കാം. പപ്പായയില നീര് സസ്യജന്യമല്ലേ. അത് കഴിച്ചാല്‍ എന്താണ് ദോഷം.
ഒരുവട്ടം കുടിച്ചതു കൊണ്ട് വലിയ ദോഷങ്ങള്‍ ഉള്ളതായി കേട്ടിട്ടില്ല. എന്നാല്‍ ഒരാഴ്ചയോളമോ രണ്ടാഴ്ചയോളമോ തുടര്‍ച്ചയായി കഴിച്ചവരില്‍ പലരിലും കുടല്‍ വൃണങ്ങള്‍ കണ്ടു തുടങ്ങി. അവരില്‍ പലരും ആധുനിക ചികിത്സ സമ്പ്രദായത്തെ ആശ്രയിക്കുകയും ചെയ്തു. നാട്ടു വൈദ്യവും ഒറ്റമൂലി ചികിത്സയും കഴിഞ്ഞ് കുറച്ചു വൈകിയിട്ടാങ്കിലും മോഡേണ്‍ മെഡിസിനെ പ്രാപിച്ചവരാണ് ഒട്ടു മുക്കാല്‍ പേരും.
രോഗി ഡോക്ടറോട് രോഗ ചരിത്രം പറയാത്തിടത്തോളം കാലം ചികിത്സിക്കുന്ന ഡോക്ടര്‍ തന്റെ രോഗിക്ക് ഇത്തരമൊരു ആരോഗ്യ പ്രശ്‌നമുണ്ടാവാന്‍ കാരണം ‘ഒറ്റമൂലി പപ്പായ നീര്’ എന്നറിയുകയില്ലല്ലോ. തന്റെ പ്രശ്‌നം എന്തുകൊണ്ടാണെന്ന് രോഗിക്കും അറിയില്ല. അതുതന്നെ മഹാഭാഗ്യം.
വൃക്ക തകരാറ് തുടങ്ങിയ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇനിയെന്നാണാവോ ചികിത്സ തേടേണ്ടി വരിക. നമുക്കിടയിലുള്ള വൃക്ക തകരാറുകള്‍ക്ക് ഒരു കാരണം ഇത്തരം അശാസ്ത്രീയമായ ഒറ്റമൂലി ചികിത്സയാണ് എന്ന് നാം തിരിച്ചറിയുക.

 

ചിലപ്പോള്‍ ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി ചികിത്സകള്‍ കൊണ്ട് താല്‍ക്കാലിക ശമനം കണ്ടേക്കാം. ഭാവിയില്‍ ഉണ്ടാകുന്ന വന്‍ വിപത്ത് തന്‍മൂലം ആണെന്ന് രോഗിക്ക് അറിയാതെ പോകുന്നു. ഒറ്റമൂലി വിദ്യാന്മാര്‍ പേരും പ്രശസ്തിയും ധനവും സ്വന്തമാക്കി. അല്ല നാം ലഭ്യമാക്കി കൊടുത്തു എന്നു വേണം പറയാന്‍
ഇതില്‍പരം ഇനിയെന്ത് വേണം.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px