ജന്തുക്കള്‍ ഭക്ഷണത്തിനും അതിജീവനത്തിനും പ്രജനനത്തിനുമായി യാത്ര ചെയ്യുന്നു. സസ്യങ്ങള്‍ (മരങ്ങള്‍) മുളക്കുന്നിടത്ത് തന്നെ നിലനില്‍ക്കുകയും തന്റെ ജൈവീക ആവശ്യങ്ങള്‍ അവിടെ തന്നെ നിറവേറ്റി അതിജീവനം സാധ്യമാക്കുകയും ചെയ്യുന്നു. സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്. സ്‌കൂള്‍ ക്ലാസ് മുതല്‍ പഠിച്ചതും അപ്രകാരം തന്നെ.
എന്നാല്‍ നമ്മുടെ ഈ ധാരണയ്ക്ക് കടക വിരുദ്ധമായി ഇക്വഡോറിലെ സൊക്രട്ടെയ അക്‌സൊറൈസ (Socratea exorrhiza) എന്നയിനം വൃക്ഷങ്ങള്‍ യാത്ര ചെയ്യുന്നു.
എവ്വിധമാണ് മരങ്ങള്‍ യാത്ര ചെയ്യുന്നത്, അഥവ നടക്കുന്നത് ? അതിലേക്ക് അവയ്ക്ക് കാലുകള്‍ ഉണ്ടോ? ഇങ്ങനെയുള്ള അനവധി ചോദ്യങ്ങള്‍ ചോദിച്ചേക്കാം? മരങ്ങള്‍ നടക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ യുക്തി ബോധമുള്ള ഏതൊരു മനുഷ്യനും ഇപ്രകാരം ചോദിക്കുന്നത് സ്വാഭാവികം.
ഒരിടത്ത് ഒരുപാട് മരങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണെങ്കില്‍ അവിടെ ഏവര്‍ക്കും സൂര്യ വെളിച്ചം നന്നായി ലഭിക്കണമെന്നില്ല. അപ്പോള്‍ സസ്യങ്ങള്‍ സൂര്യ വെളിച്ചം കൂടുതല്‍ ലഭ്യമാവുന്നിടത്തേക്ക് വളഞ്ഞ് വളരുന്നത് കാണാം. അതാണ് ഫോട്ടോട്രോപ്പിസം (phototropism).
സൗരോര്‍ജ്ജം തന്മാത്രകളില്‍ പൂട്ടി ഭക്ഷണമുല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ സസ്യങ്ങള്‍ ആണല്ലോ. അപ്പണിയാണ് ഫോട്ടോസിന്തസിസ് (photosynthesis).
സസ്യേത്രയിലേക്ക് വരാം. ഫോട്ടോട്രോപ്പിസം എന്ന ഊര്‍ജ്ജതന്ത്ര പാഠം ചേര്‍ത്ത് വായിച്ച് ആ വഴി ചിന്തിച്ചാല്‍ നമുക്ക് സസ്യങ്ങളുടെ യാത്രയുടെ ശാസ്ത്രീയത ബോധ്യമാകും.
കൈതച്ചെടി (pandanus) കണ്ടിട്ടുണ്ടാവുമല്ലോ. കൈതച്ചെടിക്കുള്ളത് പോലെ സ്റ്റില്‍ട്ട് റൂട്ടുകള്‍ (stilt root) കള്‍ ഇവയ്ക്കുമുണ്ട്. താങ്ങു വേരുകള്‍ എന്ന് അവയെ മലയാളത്തില്‍ വിളിച്ചാലോ. തൊഴിലും അപ്പടി തന്നെ. എന്റെ അടുത്ത കൂട്ടുകാരില്‍ പലരും മലയാളം പണ്ഡിതരാകയാല്‍ പദപ്രയോഗം ശ്രദ്ധിച്ചാവണം. ഇത്തരം വേരുകള്‍ സസ്യങ്ങളില്‍ അതിജീവനാര്‍ത്ഥം രൂപ പരിണാമം സംഭവിച്ച് ഉണ്ടാവുന്നവയാണ്. സങ്കേതികമായി ആ വിദ്യക്ക് റൂട്ട് മോഡിഫിക്കേഷന്‍ (root modification) എന്ന് ബയോളജി പണ്ഡിതര്‍ പറയും.
നമ്മുടെ കഥാപാത്രം ഇക്വിഡോറുകാരിയാണ്. അവളുടെ താങ്ങു വേരുകളില്‍ പഴയ വേരുകള്‍ നശിക്കുകയും പകരം പുതിയ വേരുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. സൂര്യ പ്രകാശം നന്നായി ലഭ്യമാകുന്ന ദിശയിലേക്കാവും പുതിയ താങ്ങുവേരുകളുടെ വളര്‍ച്ച. അങ്ങനെ താങ്ങ് വേരുകള്‍ വരുന്ന ദിശയിലേക്ക് സസ്യം നീങ്ങുന്നത് സ്വാഭാവികം. ഇക്‌സോറുകാരിയുടെ കഥയും തഥൈവ.
ഒരേ ദിശയിലേക്കാണ് മരത്തിന്റെ വേരുകള്‍ ഉണ്ടാവുന്നതെന്നതെങ്കില്‍ മരം പ്രതിവര്‍ഷം 20 മീറ്ററോളം സ്ഥാനചലനത്തിന് വിധേയമാകുന്നതായി കാണാം. ഒരു വര്‍ഷത്തിനു ശേഷമാണ് പ്രസ്തുത മരത്തെ ഒരാള്‍ കാണുന്നതെങ്കില്‍ തീര്‍ച്ചയായും അവയുടെ സ്ഥാന മാറ്റം വ്യക്തമായും മനസ്സിലാക്കാവുന്നതാണ്. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ആ മാറ്റം പെട്ടെന്ന് ബോധ്യമാവണമെന്നില്ല.
മരം ഒരു തുറന്ന പ്രദേശത്ത് ഒറ്റപ്പെട്ടു നില്‍ക്കുകയാണെങ്കില്‍ വേരുകളുടെ വളര്‍ച്ച ഒരേ ദിശയിലേക്ക് ആവണമെന്നില്ല. അതിനാല്‍ അവയുടെ സ്ഥാന ചലനവും വ്യക്തമാവില്ല.
ഇത് ഒരു പ്രതിഭാസമോ അത്ഭുതമോ അല്ല. നിലനില്‍പിനുള്ള കൊതി മൂത്ത് പറ്റി പോവുന്നതാണ്. സസ്യവും ഒരു ജീവിയാണെന്ന കാര്യം മറക്കേണ്ട. നിങ്ങളുടെ സൗഹൃദത്തിലുള്ള ചെടികളെ നിരന്തരം സശ്രദ്ധം വീക്ഷിക്കുകയാണെങ്കില്‍ അവയുടെ വ്യത്യസ്ത സ്വഭാവ വിശേഷങ്ങള്‍ പഠിക്കാവുന്നതാണ്.
നിങ്ങളുടെ വീട്ടിലോ അടുപ്പത്തിലോ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോ ഉണ്ടെങ്കില്‍ അവരുടെ ബയോളജി പാഠ പുസ്തകത്തില്‍ വേരുകളെയും അവയുടെ രൂപ പരിണാമങ്ങളെയും കുറിച്ച് പറഞ്ഞിട്ടുള്ള പാഠഭാഗം ശ്രദ്ധിക്കുമല്ലോ.











