എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ അത്താണി എന്നസ്ഥലത്തുവെച്ച് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളസിനിമയിലെ പ്രശസ്തയായ അഭിനേത്രിയെ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന ഒരാള്‍ അതിക്രമിച്ചു കാറില്‍കയറി ശാരീരികപീഡനങ്ങള്‍ നടത്തുകയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ദിലീപ് മുഖ്യനായകനായി അരങ്ങേറിയ അതിസാഹസികവും സംഘട്ടനങ്ങളേറെ മലയാളിമനസ്സില്‍ തീര്‍ക്കുകയും ചെയ്ത മലയാള ചിത്രത്തിലെ കഥാസാരം.
പള്‍സര്‍ സുനിയെ ഉടനെതന്നെ പിടികൂടുകയും നടന്‍ ദിലീപിനെ ഗൂഡാലോചനക്കുറ്റംച്ചുമത്തി അറസ്റ്റ് ചെയ്യുകയും 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2018 മാര്‍ച്ച് 8 നാണ് വിചാരണ നടപടി ആരംഭിച്ചത്. ശേഷം സ്‌ക്രീനില്‍ എന്ന പഴയ ശൈലിപോലെ കാത്തിരിക്കുകയായിരുന്നു പൊതുജനം ഇതുവരെ. വര്‍ഷം 8 കഴിഞ്ഞപ്പോള്‍ സ്‌ക്രീന്‍ തുറന്ന് വിധിവന്നു. ഒരുകൂട്ടം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും, ഒരു കൂട്ടം കുറ്റക്കാരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെവന്നവര്‍ രക്ഷിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
ക്രിമിനല്‍സ്വഭാവമുള്ള ഒരു പറ്റം പോലീസുകാരുടെ അകമ്പടിയോടെ മറ്റൊരു ഉന്നത പോലീസ് ഉദ്യോഗസ്ഥ നടത്തിയ ഗൂഢമായ ആലോചനയായിരുന്നു തനിക്കെതിരെ ഉന്നയിച്ച ആരോപണമെന്ന് നടന്‍ ദിലീപും വിധിക്കുശേഷം പ്രതികരിച്ചുകഴിഞ്ഞിട്ടുണ്ട്.
സാധാരണക്കാരായ ജനങ്ങളുടെമുന്നില്‍ ദുരൂഹത ഇപ്പോഴും തളംകെട്ടി നില്‍ക്കുകയാണ്. കോടതിവിധികളിലെ ന്യായയുക്തികളുടെ സൂക്ഷ്മഭാവങ്ങളെക്കുറിച്ച് വേണ്ടത്ര ജ്ഞാനം ഇല്ലാത്തതുകൊണ്ടാകാം ഇങ്ങനെയൊരു അങ്കലാപ്പ്.
*ചോദ്യങ്ങളും ആശങ്കകളും
സിനിമ കണ്ട് ഇറങ്ങിയവരുടെ മനസ്സില്‍ സ്വാഭാവികമായും അടിഞ്ഞുകൂടുന്ന ചില സംശയങ്ങള്‍ പതിവാണ്.
അതിലൊന്ന് ശിക്ഷക്കപ്പെട്ട പള്‍സര്‍ സുനിയും മറ്റ് അഞ്ച് പേരും എന്തിനുവേണ്ടി ഈ അപരാധം ചെയ്തു എന്നതാണ്. ഈ ക്വട്ടേഷന്‍ സംഘത്തിന്റെ മൂലതാല്‍പ്പര്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നും കൂട്ടത്തില്‍ ചിലരൊക്കെ പിറുപിറുക്കുന്നതും അന്തരീക്ഷത്തില്‍ മങ്ങിയും തെളിഞ്ഞും വീശിക്കൊണ്ടിരിക്കുന്നുണ്ട്.
മധുരതരങ്ങളായ വിഭവങ്ങള്‍ നല്‍കി കഥയുടെ അന്ത്യവിജയം ഇനിയും അകലെയാണെന്നറിയാതെ ആഘോഷിക്കുന്ന ദിലീപ് ഫാന്‍സ് അസോസിയേഷന്റെ പ്രതിനിധികളും നാട്ടില്‍ സുലഭം.
261 സാക്ഷികള്‍ വിസ്തരിക്കപ്പെട്ടിട്ടും, 833 രേഖകള്‍ പ്രിസിക്യൂഷന്‍ ഹാജരാക്കിയിട്ടും ആ കടലാസ്സിനൊന്നും യാതൊരു വിലയുമില്ലാതെ കാറ്റില്‍ പറന്നുപോയി എന്നതും 28 പേര്‍ കൂറുമാറി മൗനസന്യാസികളായിപ്പോയെന്നതും നമ്മുടെ നാടിന്റെ ദുരവസ്ഥയെ കൃത്യമായി ചൂണ്ടികാണിക്കുന്നുണ്ട്.
കോടതികള്‍ക്ക് ഇനിയും ഉയര്‍ന്ന തല്‍പ്പങ്ങള്‍ ഉണ്ടല്ലോ എന്നാശ്വസിക്കുന്ന ജനങ്ങളാണ് കൂടുതലും എന്നറിയുന്നു. പ്രത്യേകിച്ച് വനിതകള്‍. അതിജീവിതയുടെ ഹൃദയനൊമ്പരങ്ങളുടെ ഇഴകള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് അവര്‍ക്കാണല്ലോ. അതിജീവിതയുടെ ഭാഗത്തേക്ക് നീതി ഒഴുകിയില്ല എന്ന മതത്തിലാണ് സര്‍ക്കാര്‍ പോലും. അതുകൊണ്ട് നീതിതേടിയുള്ള യാത്രകള്‍ ഇനിയും തുടരുമെന്നറിയുന്നതില്‍ ആശ്വാസിക്കുന്നവരും ഏറെയുണ്ട്.
ഒരു കാര്യം ഓര്‍ക്കുക, പഴയ നാട്ടുരാജാക്കന്മാരുടെ അധികാരദണ്ഡിനുകീഴില്‍ ഭീതിയോടെ അടങ്ങി കഴിഞ്ഞിരുന്ന സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുകയും, മാനവ സംസ്‌കാരത്തെ അഴുക്കുചാലില്‍ ഒഴുക്കികളയാനുള്ള ചില ഗൂഢസംഘങ്ങളുടെ തീവ്രമായ ഉത്സാഹങ്ങളും അനുവദിച്ചുകൊടുക്കുവാന്‍ ഒരുകാരണവശാലും നാം കേരളമക്കള്‍ മൌനാനുവാദം നല്‍കികൂടാ. പുതിയ പുതിയ ചിന്തകളുടെ ഉണര്‍വ്വുകള്‍ തുടിക്കേണ്ട സമയമായി.










