‘തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി
സര്‍പ്പംപാട്ടിനു പാടാന്‍പോയ്
കുടവും കിണ്ണവും വീണയും കൊണ്ടേ
കൂടെ പുള്ളോനും പാടാന്‍ പോയ്..’
സര്‍പ്പംപാട്ടുകളും കാവുകളും ഐതിഹ്യങ്ങളുടെ കഥകള്‍ മൂളുന്ന കാറ്റാണ് ചുറ്റും! ശിവക്ഷേത്രത്തിനു തൊട്ടുകിടക്കുന്ന ഞങ്ങടെ വാര്യത്തിന്റെ പിന്നില്‍ പാമ്പിന്‍കാവാണ്! ചിത്രോടക്കല്ലുകളില്‍നിന്നു വിട്ടുമാറി ഒരു വമ്പന്‍ നാട്ടുമാവും. മദ്ധ്യവേനലവധിക്കാലത്ത്, ആ മാഞ്ചോട്ടിലാണ് ഞങ്ങള്‍ കുട്ട്യോളുടെ ഒളിച്ചുകളിയും സാറ്റ് കളിയും, തലമപ്പന്തുകളിയുമൊക്കെ! വിശപ്പും ദാഹവുമറിയാതിരിക്കാന്‍ വിശ്വാമിത്രന്‍, രാമലക്ഷ്മണന്മാര്‍ക്ക് ബല, അതിബല എന്നീ മന്ത്രങ്ങള്‍ ഉപദേശിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ വയസ്സന്‍മാവിന്നുമുണ്ടൊരു മന്ത്രം! ഉച്ചക്കാറ്റുമന്തിക്കാറ്റും മൂളുമ്പോഴൊക്കെയും നല്ലോണം മൊട്ടിക്കുടിയ്ക്കാന്‍ പറ്റണ നാട്ടുമാങ്ങ തുരുതുരാ പൊഴിയും. കുട്ട്യോള്‍ടെ വിശപ്പാറ്റാന്‍ ആ കാറ്റിന് വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ രാജമുല്ലയുടെയും, ആന മുല്ലയുടെയും മണമുണ്ടാകും!
വാസുകിയും നാഗയക്ഷിയുമൊക്കെ ശ്രീ പരമേശ്വരന്റെ സേവകരല്ലേ? തൃപ്രങ്ങോട്ടപ്പന്റെ സാന്നിദ്ധ്യമുള്ള ആ സ്ഥലത്തുനിന്നാര്‍ക്കും ഇതുവരെ സര്‍പ്പദംശമേറ്റതായി അറിവില്ല. പന്തെടുക്കാന്‍ കുട്ടികള്‍ എത്രയോ തവണ കാവിനുള്ളില്‍ പ്രവേശിച്ചിരുന്നു. ചിത്രോടക്കല്ലുകളുടെ പിന്നില്‍ വീണ മാമ്പഴംപോലും തപ്പിയെടുത്ത് ചുന ഉടുപ്പിനറ്റത്തു തുടച്ചു കഴിച്ചിരുന്നു. കഴുകിത്തിന്നണം എന്ന ബോധമൊക്കെ അങ്ങാടീലാണന്ന്. ഈ തുടയ്ക്കുന്നത് ചുന കളയാന്‍മാത്രം. എന്നിട്ടും വേനലവധി കഴിയുമ്പോഴേക്കും ചുണ്ടിനും മൂക്കിന് താഴെയുമൊക്കെ പൊള്ളിപ്പടര്‍ന്ന ചുനപ്പാടുണ്ടാകാം!
തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഭജനമിരുന്ന പാമ്പുമേയ്ക്കാട്ടെ തിരുമേനിക്ക് വാസുകി,ദര്‍ശനം നല്‍കിയതും, നാഗമാണിക്യം സമ്മാനിച്ചതുമായ കഥയൊക്കെ അമ്മയാണ് പറഞ്ഞുതന്നിരുന്നത്!
അപ്പോള്‍ അച്ഛന്‍ വഴക്കുപറയും.
‘തങ്കം, നീ എന്തിനാ കുട്ട്യോളെ പേടിപ്പിക്കണേ? പാമ്പൊന്നും വരില്ല്യാ ട്ടോ’
അച്ഛന്‍ മഹാഭാരതം, രാമായണം കഥകളാണ് പറഞ്ഞു തന്നിരുന്നത്. അമ്മയ്ക്കാകട്ടെ ഐതിഹ്യങ്ങള്‍ പറയാനാണ് ഇഷ്ടം! വരരുചിയേയും,ആലത്തൂര്‍നമ്പിയെയും, കാളിദാസനേയും, പാമ്പുമേയ്ക്കാട്ട് തിരുമേനിയെയും പരിചയപ്പെടുത്തിയത് അമ്മയാണ്.
മാണിക്യക്കല്ലിന്റെ കഥ കേട്ടതിന്റെ പിറ്റേന്ന്, പാമ്പിന്‍ കാവില്‍ എത്തിയപ്പോള്‍, സൂര്യവെളിച്ചം തട്ടുന്ന ഇലഞ്ഞിത്തളിരിനുപോലും മാണിക്യത്തിളക്കം
കഥകള്‍ വറ്റാതിരിക്കട്ടെ!
കുഞ്ഞു മനസ്സില്‍ അവയുറവയെടുക്കട്ടേ
വാര്‍ദ്ധക്യദിനങ്ങളെ ആര്‍ദ്രമാക്കാന്‍!










