LIMA WORLD LIBRARY

ഗാന്ധിയെ തകര്‍ക്കാന്‍ വാളെടുക്കുന്നവര്‍ – ജയരാജ് പുതുമഠം (Jayaraj Puthumadom)

നിങ്ങള്‍ക്കാവില്ല ഗാന്ധിജിയെ പരിക്കേല്‍പ്പിക്കുവാന്‍. കാരണം, അദ്ദേഹം പരിക്കുകള്‍ ഏല്‍പ്പിക്കാനാകാത്തവിധം ഉയരങ്ങളില്‍ ധര്‍മ്മരഥത്തിന്റെ തേരാളിയായി വാണുകൊണ്ടിരിക്കുന്ന തേജസ്സാണ് ഇപ്പോഴും.

നിങ്ങള്‍ക്കാകില്ല ഗാന്ധിജിയെ തേജോവധം ചെയ്യുവാന്‍. കാരണം, അദ്ദേഹം ഭാരതഹൃദയങ്ങളില്‍, ലോകധാര്‍മികപഥങ്ങളില്‍
പാകിയ സ്‌നേഹപതാക പാറിപ്പറന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.
അദ്ദേഹത്തെ പരിഹസിക്കാനും, അപചയപ്പെടുത്താനും വേണ്ടി ചികഞ്ഞുനോക്കിയാല്‍ ചില വാടിയ ഇലകള്‍ അധര്‍മ്മവ്യാപരികള്‍ക്ക് കണ്ടെടുക്കുവാന്‍ കഴിഞ്ഞേക്കുമെങ്കിലും ഗാന്ധിജി എന്നും വാടാത്ത മഹാത്മാവുതന്നെ.
പയ്യന്നൂരിലെ രാമന്തളിയില്‍ സംഭവിച്ച ഗാന്ധിസ്തൂപഹിംസ പ്രബുദ്ധരെന്ന് വീമ്പിളക്കുന്ന കേരള ജനതയില്‍നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.

*കവിയുടെ കാലാതീത കാഴ്ചകള്‍

‘വിഗ്രഹ ഭഞ്ചകരേ
അരുതേ അരുതേ
വിലപ്പെട്ട മനുഷ്യരെ
കൊല്ലരുതേ കൊല്ലരുതേ…

പുരുഷാന്തരങ്ങള്‍
മുഖഛായ നല്‍കും
ഒരു മണല്‍ ബിംബവും ഉടയ്ക്കരുതേ
അവയുടെ ധൂസര ധൂളികള്‍ വീണ്ടുമൊരവതാര
പുരുഷനായ് സ്വയമുണരും
ചുവന്ന മനസ്സുകള്‍ ചുരന്നെടുക്കാനല്ല
ചുറ്റികയും പടവാളും

യുഗസംക്രമങ്ങള്‍
മരുഭൂവില്‍ വളര്‍ത്തും
ഒരു തണല്‍ വൃക്ഷവും മുറിക്കരുതേ
അവയുടെ പൂവിടുമസ്ഥികള്‍
പിന്നെയും
ഒരു ബോധിവൃക്ഷമായ്
സ്വയം വളരും
ചുടുന്ന ഞരമ്പുകള്‍ അരിഞ്ഞെറിയാനല്ല
ചുറ്റികയും പടവാളും’

എന്നൊരു ചലച്ചിത്രഗാനം മലയാളത്തില്‍ ഉണ്ടായിട്ടുള്ളത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.
എഴുതിയ ആള്‍ ചില്ലറക്കാരനൊന്നുമല്ല, സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മതന്നെ. ‘തനിനിറം’ എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം ഈ വരികള്‍ എഴുതിയതെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിന്റെ വികാരപ്രകടനങ്ങള്‍ അതിരുകടക്കുന്ന ആഘാതങ്ങളായി ഉറഞ്ഞുതുള്ളുന്ന ഈ നിമിഷങ്ങളില്‍ വയലാറിന്റെ വരികളുടെ പ്രസക്തി ഏറുകയാണെന്ന് തോന്നിപ്പോകുന്നു.

തെരഞ്ഞെടുപ്പും ജയപരാജയങ്ങളും സാമൂഹ്യജീവിതത്തിന്റെ അവാച്യമായ സ്വരവിന്യാസങ്ങളാണ്. ഇത്തരം പ്രകൃതി വിന്യാസങ്ങളില്‍ വികാരങ്ങള്‍ക്ക് അടിപ്പെടാത്ത വിചാരംകൊണ്ട് സമചിത്തത കൈവരിച്ച് വിവേകപൂര്‍വം പ്രതികരണങ്ങള്‍ സമര്‍പ്പിക്കേണ്ടത് ജനാധിപത്യ സംഹിതയില്‍ അഭിരമിക്കുന്ന ജനങ്ങളുടെ ഏറ്റവും മികച്ച ഒരു പെരുമാറ്റരീതിയായി
തെളിമ പരത്തേണ്ടതാണ്. അതിനുപകരം സംസ്‌കാരം ലവലേശം തീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ പ്രവര്‍ത്തകരെന്ന് നടിച്ച് നാടാകെ കലാപങ്ങള്‍ പാകുന്ന ഒരുപറ്റം അസന്മാര്‍ഗ്ഗികള്‍ ഗാന്ധിജിയെ വധിച്ചവരുടെ പാദമുദ്രകള്‍ ശിരസ്സിലേറ്റുന്നത് മഹാ അപരാധം തന്നെയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം തന്നെ ബലിയര്‍പ്പിച്ച രാഷ്ട്രപിതാവിന്റെ മനസ്സും വചസ്സും തിരിച്ചറിയാനാകാതെ അന്ധകാരപ്പുരകളില്‍ അന്തിയുറങ്ങുന്ന ഈ സംഘങ്ങളെ പരിഷ്‌ക്കരിക്കപ്പെടേണ്ടത് രാഷ്ട്രീയപ്രബുദ്ധരായ നേതൃനിരയുടെ ഉത്തരവാദിത്തമാണ്.

സ്വതന്ത്ര ഇന്ത്യയില്‍ സാധാരണക്കാരന്റെ വിയര്‍പ്പിന് അല്പമെങ്കിലും സുഗന്ധമണിയാന്‍ ത്യാഗങ്ങള്‍ സഹിച്ച സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സംഘടനാകെട്ടുറപ്പുകൊണ്ടും, പ്രവര്‍ത്തകരെ ഉദ്ബുദ്ധരാക്കുന്ന മൂര്‍ച്ചയേറിയ അവകാശസംരക്ഷണ പഠനരീതികളെകൊണ്ടും, പ്രവര്‍ത്തകരുടെ മാതൃകാപരമായ കര്‍മ്മവീര്യംകൊണ്ടും ചരിത്രമെഴുതിയ സംഭങ്ങളാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. എന്നാല്‍ ‘ആട് എന്ത് അങ്ങാടിയറിയുന്നു’ എന്നരീതിയിലാണ് പുതുമുറക്കാരുടെ സമീപനങ്ങള്‍.

ആദര്‍ശധീരന്മാരുടെ വിട്ടുവീഴ്ചയില്ലാത്ത ധാര്‍ഷ്ട്യത്തിന്റെ സ്വാതന്ത്ര്യസമര ഗീതങ്ങള്‍ തിങ്ങിനിന്നിരുന്ന സഹ്യതീരങ്ങളില്‍ സ്ത്രീപീഡനങ്ങളുടെ ശീവേലി മുഴക്കങ്ങളാണ് ഇപ്പോള്‍ നിറയെ.

* ‘അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയേണ്ട’

ഒരുകാലത്ത് കേരളത്തിന്റെ സമസ്തമേഖലയിലും
മുഴങ്ങികേട്ടിരുന്ന
യൂത്ത് കോണ്‍ഗ്രസ് മുദ്രാവാക്യമായിരുന്നു ഇത്. ഊര്‍ജ്ജം പകര്‍ന്ന ഈ മുദ്രാവാക്യവുമായി തെരുവിലേക്കിറങ്ങിയ ആദര്‍ശത്തിന്റെ മാലേയമണിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പുണ്യഭൂമികൂടിയായിരുന്നു നമ്മുടെ ഹരിതകേരളം. ഇന്ന് കഥയാകെ മാറിമറഞ്ഞിരിക്കുന്നു. സദാചാരക്കേടിനുള്ള പുരസ്‌ക്കാരം നേടാനുള്ള മത്സരത്തിലാണ് ഇരുമുന്നണികളിലേയും നേതൃനിര.
‘… പിമ്പേ ഗമിക്കുന്ന ബഹുഗോക്കളില്‍ അപരാനുകമ്പയുടെ അംശങ്ങള്‍ വിരളവും.

ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഹൃദയസമര്‍പ്പണത്തോടെ നടത്തണമെന്ന് ആശിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെയുള്ള അധികാര കസേരകള്‍ മാത്രമല്ല ആശ്രയം. കാരുണ്യപ്രവര്‍ത്തനങ്ങളുടെ സാമ്രാജ്യം അതിവിപുലമാണ് കേരളത്തില്‍.

”When actions are free from desire and filled with devotion, every deed turns into prayer.’

എന്ന കവിവാക്യം പോലെ
നിര്‍മലമാണ് പ്രവര്‍ത്തനങ്ങളെങ്കില്‍ കയ്യയച്ച് സഹായിക്കുന്ന മനസ്സുമായി കാത്തുനില്‍ക്കുന്നവര്‍ അനവധിയുണ്ടിവിടെ. അശരണരായ രോഗികള്‍, ആശ്രയമില്ലാത്ത കുടുംബങ്ങള്‍, വിദ്യാഭ്യാസത്തിന് വിതുമ്പുന്ന വിദ്യാര്‍ത്ഥികള്‍…
അവിടങ്ങളില്‍ സേവനത്വരയോടെ ഇറങ്ങിവരാന്‍ പരാജയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികളും തയ്യാറാകണം
എന്നൊരു എളിയ നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വെക്കട്ടെ.

സാങ്കേതികയുടെ വികാസവിളക്കുകള്‍ ഉമ്മറപ്പടിയില്‍ വിസ്മയം ചാര്‍ത്തി എത്തിനില്‍ക്കുന്ന ആധുനിക പുലരികളില്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഗാന്ധിജിയെ ഉള്‍ക്കൊണ്ടുള്ള മുന്നേറ്റങ്ങള്‍ കൂടുതല്‍ മിഴിവോടെ കര്‍മ്മമേഖലകളില്‍ പ്രയോഗികമാക്കാന്‍ കഴിയട്ടെ എന്നുമാത്രം ആശിക്കുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px