പച്ചപിടിച്ച നെല്‍പ്പാടങ്ങളും
തേയിലത്തോട്ടങ്ങളും പര്‍വ്വതനിരകളും,
നീലിമയാര്‍ന്ന നീര്‍ത്തടാകങ്ങളും നീര്‍ച്ചോലകളും,
കടഞ്ഞെടുത്ത കടലോരങ്ങളും,
കുണുങ്ങിയൊടുന്ന കാട്ടാറുകളും കൈത്തോടുകളും ,
പുളകം കൊള്ളുന്ന പുഴയോരങ്ങളും
മാനംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും,
പാലൂറുന്ന റബര്‍മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന, പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമായ സ്വര്‍ഗ്ഗഭൂമിയായ കേരളം. ഇതിനിടയില്‍ അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതെ വീടിനടുത്തുള്ള തൊടിയിലും പറമ്പിലും ഒതുങ്ങിക്കഴിയുന്ന കാന്താരി.
രാവിലെ പച്ചക്കറിത്തോട്ടത്തിലേക്ക് എന്നെ ആകര്‍ഷിച്ചത് നല്ല മൂത്തുപഴുത്ത ചുവപ്പുനിറമുള്ള
കാന്താരിമുളകാണ്. കാന്താരിച്ചെടി
ചീനിമുളകുചെടിയെന്നും അറിയപ്പെടുന്നു. പറമ്പിലും തൊടിയിലും തനിയെ വളരുന്ന, വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവില്‍ ഒന്നാമനും ഔഷധഗുണത്തില്‍ രാജകീയ പദവിയിലുമെത്തി നില്‍ക്കുന്ന കാന്താരി ലോകപ്രശസ്തി നേടിയിരിക്കുന്നു.
കായ്കള്‍ പച്ചനിറത്തില്‍ത്തുടങ്ങി ചുവപ്പ് നിറത്തിലെത്തി പാകമായെന്ന് വിളിച്ചറിയിക്കുന്നു. കാന്താരിമുളകിന്റെ രുചിയറിയാത്ത കേരളീയരുണ്ടെന്നു തോന്നുന്നില്ല. ഗുണങ്ങളില്‍ ശ്രേഷ്ഠന്‍ ‘കാന്താരി’ തന്നെ എന്നൊരു ചൊല്ലുണ്ട്. കൂടാതെ, ദാ ‘കാന്താരി’ വരുന്നുണ്ട് എന്ന് പഴമക്കാര്‍ ചിലരെ നോക്കി പറയുന്നത് കേള്‍ക്കുമ്പോള്‍ അല്പം സൂക്ഷിക്കണമെന്ന ഓര്‍മ്മപ്പടുത്തല്‍കൂടിയാണ്.
തീര്‍ന്നില്ല, കാന്താരിയെക്കുറിച്ച് ഇനിയുമുണ്ട് പഴമൊഴികള്‍.
‘ ആള് നോക്കണ്ട മൂപ്പരെ, കോളു നോക്കിക്കോളൂ’. ‘ ആയിരം അയലക്ക് അരക്കാന്താരി’. ‘ ഇച്ചിരിക്കുഞ്ഞന്‍ കുട്ടിയെ കരയിച്ചു’. ‘കാന്താരി കടിച്ചാല്‍ എരിവറിയും’.എന്നിങ്ങനെ പോകുന്നു കാന്താരിമൊഴികള്‍…..
കാന്താരിയുടെ എരിവ് ജീവിതത്തില്‍ ഒരു പ്രാവശ്യം അനുഭവിച്ചിട്ടുള്ളവര്‍ വളരെ സൂക്ഷിച്ചുമാത്രമേ രാണ്ടാമതുപയോഗിക്കുകയുള്ളൂ. പാകമായി പച്ചക്കുപ്പായമിട്ടണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാന്താരിയെ
ആരുമൊന്നു മോഹിച്ചുപോകും ! താരുണ്യത്തികവില്‍ പഴുത്ത്തുടുത്ത് ചെമപ്പ്‌ചേലയില്‍ ചീനിമുളകചെടീയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കാന്താരിയെ ആകര്‍ഷിക്കാത്തവരായി ആരാണുള്ളത്. നഞ്ചെന്തിന് നാനാഴി എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിച്ചുകൊണ്ട് കാന്താരിമുളകെന്തിനധികമെന്നൊരു പഴഞ്ചൊല്ലുകൂടി നിലവിലുണ്ട്. കാന്താരിയുടെ കാന്തവലയത്തില്‍പെട്ട് ആഹാരനീഹാരവിഹാരവ്യവസ്ഥയില്‍ എരിഞ്ഞുതീരന്നവരും ധാരാളം.
അനുഗ്രഹീത സാഹിത്യകാരനും, സംവിധായകനും, കഥാകൃത്തുമായ ശ്രീ രാജു സമഞ്ജസ വയനാട്ദുരന്തത്തിന് വര്‍ഷങ്ങള്‍ ക്ക് മുമ്പെഴുതിയ
പ്രസിദ്ധ കഥ
‘ മെഴുകുതിരി അത്താഴങ്ങള്‍ ‘ ആരംഭിക്കുന്നതുതന്നെ കാന്താരിയിലാണ്.
‘ ചോറിന് കാന്താരിച്ചമ്മന്തിയും കുപ്പിക്കടിയിലെ ഇത്തിരി കടുമാങ്ങ അച്ചാറും നാലുകഷണം ഉണക്കമുള്ളനും മാത്രമാണുണ്ടായിരുന്നത്. അതില്‍ അവിടെയാര്‍ക്കും പരാതിയൊന്നുമില്ല. വല്ലപ്പോഴും കൊണ്ടുവരുന്ന ഇത്തിരി മീനോ പന്നിയിറച്ചിയോ ഒക്കെയാണവിടുത്തെ ഏറ്റവും വലിയ മെഴുകുതിരി അത്താഴങ്ങള്‍……’
ഈ കഥയില്‍ കഥാകൃത്ത് കാന്താരിയെ
കാന്താരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.
കാന്താരീമാഹാത്മ്യം അതിന്റെ പൂര്‍ണ്ണതയില്‍
രുചിച്ചറിയണമെങ്കില്‍ കേരളത്തിന്റെ മാത്രം സ്വന്തമായ, വിനോദസഞ്ചാരികള്‍ക്ക് അതിവിശിഷ്ടമായ, കാന്താരിക്കടവിലൊരു വിശ്രമം കൂടിയേ തീരൂ.
കോട്ടയം ജില്ലയില്‍, കേരളത്തിലെ നാല് തളിക്ഷേത്രങ്ങളില്‍ പ്രശസ്തമായ
കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തില്‍നിന്ന് നാല് കിലോ മീറ്റര്‍ അകലെയായി ഏഴു കിലോ മീറ്റര്‍ നീളം വരുന്ന ആപ്പാഞ്ചിറ – എഴുമാന്തുരത്ത്‌തോടിന് മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു കടവാണ് കാന്താരിക്കടവ്. പുഴകളും, നെല്‍പ്പാടങ്ങളും, ദേശാടനക്കിളികളും , വൈവിദ്ധ്യമാര്‍ന്ന മത്സ്യത്തരങ്ങളും, തെങ്ങിന്‍തോപ്പുകളും ചേര്‍ന്നൊരുക്കുന്ന നയനമനോഹരമായൊരു പ്രകൃതിസദ്യയാണ് അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ പച്ചവിരിപ്പില്‍ വിശ്രമിച്ചും സായാഹ്നങ്ങളില്‍ ചെമ്മാനവും കണ്ടു മടങ്ങുന്ന സഞ്ചരികളുടെ മനസ്സില്‍ ഈ കൊച്ചു ‘കാന്താരി’ക്കടവ് എന്നുമൊരു വിസ്മയം തന്നെ. ഒരു അക്വാ ടൂറിസം വില്ലേജുകൂടിയായ ഈ കൊച്ചുകാന്താരിക്കടവില്‍ വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന
പകല്‍പ്പച്ചയുടെ നേര്‍ക്കാഴ്ചകള്‍ നേരിട്ടനുഭവിനച്ചറിയാം.
കടുത്തുരുത്തി-ആയാംകുടി-ആപ്പുഴ- ആപ്പാഞ്ചിറ വഴിയില്‍ക്കൂടി സഞ്ചരിച്ചാല്‍ കാന്താരിക്കടവിലെത്തിച്ചേരാം.
കടവില്‍ കാന്താരിയെങ്കിലും മികവില്‍ പ്രധമന്‍ തന്നെ.
കാഴ്ചയില്‍ കുഞ്ഞെങ്കിലും
കാന്താരിയെന്നും
കാന്താരിതന്നെ.











