LIMA WORLD LIBRARY

കൃഷിഭൂമി മരുഭൂമിയാക്കുന്ന മദ്യനയത്തിന് തിരിച്ചടി – അഡ്വ. ചാര്‍ളി പോള്‍ (Adv. Charley Paul)

പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍, സ്വകാര്യ കമ്പനിയായ ഒയേസിസ് കൊമേഴ്‌സലിന് എഥനോള്‍ – ബ്ലൂവറി പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാര്‍ പരിഗണിച്ച പല വസ്തുതകളും പൂര്‍ണതോതില്‍ ശരിയല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം 24 ഏക്കറില്‍ പ്ലാന്റ് വരുന്നതായി സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിസഭാ കുറുപ്പിലും പറയുന്നു ,എന്നാല്‍ യൂണിറ്റ് വരുന്നത് 5 കിലോമീറ്റര്‍ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ്.അനുമതി ബ്രൂവറിക്ക് അല്ല എഥനോള്‍ യൂണിറ്റിന് ആണെന്ന ജല അതോറിറ്റിയുടെ വാദം ‘കൈയൊഴില്‍ ‘മാത്രമാണെന്ന് കോടതി വിലയിരുത്തി. അപേക്ഷ നല്‍കിയ 2023 ജൂണ്‍ 16 ന് തന്നെ കമ്പനിക്ക് അനുമതി നല്കി. ഓഡിറ്റ് പോലും നടത്തിയിട്ടില്ല. കൂടുതല്‍ പറയുന്നില്ലെന്ന് കോടതി പറഞ്ഞു.
ഇ-20 സ്‌ക്രീമിന്റെ ടെന്‍ഡറില്‍ കമ്പനിയെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് പോലും സര്‍ക്കാര്‍ കണക്കാക്കിയത് ‘പ്രവര്‍ത്തിപരിചയം’ എന്ന നിലയ്ക്കാണ്. കോടതി കണ്ടെത്തിയ പ്രധാന പൊരുത്തക്കേടുകളാണിവ.

600 കോടി നിക്ഷേപത്തില്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടിഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ബോട് ലിങ്ങ് പ്ലാന്റ്, ബ്രൂവറി , മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ് , ബ്രാണ്ടി /വൈനറി പ്ലാന്റ് എന്നിവ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാഥമിക അനുമതിയാണ് കോടതി റദ്ദാക്കിയത്.

പുതിയ വ്യവസായ സംരംഭം തുടങ്ങാനുള്ള മാനദണ്ഡങ്ങളില്‍ 47 നിയമങ്ങള്‍ ലഘുവാക്കി കമ്പനിക്ക് അനുകൂല അന്തരീക്ഷം ഒരുക്കി നല്‍കാനുള്ള സമീപനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്.പരിസ്ഥിതി അനുമതിയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല . ഡി പി ആര്‍ ആര്‍ക്കും നല്‍കിയുമില്ല.
കേരള വാട്ടര്‍ അതോറിറ്റിയുടെ സമ്മതപത്രം തന്നെ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള ‘ലഭ്യതയുടെ സൂചന ‘മാത്രമായിരുന്നുവെന്നും ജലം നല്‍കാമെന്ന് ഔദ്യോഗിക ഉറപ്പൊന്നും നല്കിയിട്ടില്ല എന്നുമാണ് കേരള വാട്ടര്‍ അതോരിറ്റി കോടതിയില്‍ വ്യക്തമാക്കിയത് .

പദ്ധതികളുടെ കൃത്യമായ സ്ഥാനം, ജലലഭ്യത സംബന്ധിച്ച അനുമതി തുടങ്ങിയവ പൂര്‍ണമായും വസ്തുതാപരമായി തെറ്റാണെന്ന് കോടതി വിലയിരുത്തിയാണ്പ്രാഥമിക അനുമതി റദ്ദാക്കിയത്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ശാസ്ത്രീയ പഠനം അനിവാര്യമാണെന്നും കോടതി പറഞ്ഞു.

പ്രാദേശികമായി ഒരു പദ്ധതി കൊണ്ടുവരുമ്പോള്‍ അത് ആ പ്രദേശത്തെ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സാമൂഹിക- പാരിസ്ഥിതിക പഠനം നടത്തണം.ജനം അത് അറിഞ്ഞിരിക്കണം. അത് ജനങ്ങളുടെ അവകാശമാണ്. ആ നീതിയാണ് ഹൈക്കോടതി ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നത്. പദ്ധതി വന്നാല്‍ എലപ്പുള്ളി പഞ്ചായത്ത് മരുഭൂമിയായി മാറുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

പരമ്പരാഗത കാര്‍ഷിക ഗ്രാമമാണ് എലപ്പുള്ളി. പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ കൃഷിയെയും ക്ഷീരോല്‍പാദനത്തെയും ആശ്രയിച്ചുള്ളതാണ് .
2000 ഹെക്ടറില്‍ അധികം സ്ഥലത്ത് കൃഷിയുണ്ട്. അതില്‍ 1036 ഹെക്ടര്‍ നെല്‍കൃഷിക്കായി മാറ്റി വച്ചിരിക്കുന്നു. നിര്‍ദ്ദേശിഷ്ട പദ്ധതിക്കായി വാങ്ങിയ 23.59 ഏക്കര്‍ ഭൂമിയില്‍ 5.89 ഏക്കല്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ് .അതില്‍മദ്യ കമ്പനി ,വരുന്നതോടെ ജല ലഭ്യതയ്ക്ക് പ്രശ്‌നമുണ്ടാകും. പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉടലെടുക്കും. മദ്യ കമ്പിനി പ്രതിദിനം 5000 കെ.എല്‍ വെള്ളം ഉപയോഗിക്കുമെന്നാണ് പറയുന്നത്. ഇത്രയും വെള്ളം ഉപയോഗിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രസക്തി ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജല ചൂഷണത്തിന്റെ ചരിത്ര പാഠങ്ങളാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയും പുതുശ്ശേരിയിലെ പെപ്‌സികോ കമ്പനിയും നമുക്ക് കാണിച്ചു തന്നിട്ടുള്ളത്.5000 കിലോ ലിറ്റര്‍ വെള്ളം പ്രതിദിനം ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്ന മള്‍ട്ടി പ്ലാന്റ് സംരംഭം പ്രദേശത്തെ പരിസ്ഥിതിക്ക് താങ്ങാന്‍ കഴിയില്ല.
2014 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം മഴയുടെ ലഭ്യതയില്‍ ആ പ്രദേശത്ത് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട് .2018 ല്‍ 2042.85 മില്ലി മീറ്റര്‍ ഉയര്‍ന്ന മഴയും 2016 ല്‍798.49 മി.മി. കുറഞ്ഞ മഴയുമാണ് പ്രദേശത്ത് ലഭിച്ചത്.98.8% ഭൂഗര്‍ഭ ജല ചൂഷണം നടക്കുന്ന ചിറ്റൂര്‍ ബ്ലോക്കിലാണ്
എലപ്പുള്ളി പഞ്ചായത്ത്.

മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള ജലം കാര്‍ഷിക -ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തന്നെ കൊടുംവേനലില്‍ അപര്യാപ്തമാണ്. 120 ദിവസത്തെ വെള്ളത്തിന്റെ ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുമ്പോള്‍ 90 ദിവസമായി അത് പരിമിതപ്പെടുത്തിയിരിക്കുന്നു. ഡാമിന്റെ സംഭരണശേഷിയില്‍ വന്ന കുറവും, കാറ്റും ചൂടും നല്‍കുന്ന ബാഷ്പീകരണത്തിന്റെ വര്‍ദ്ധനയും ഡാമില്‍ നിന്നുള്ള ജലലഭ്യതയെ ബാധിക്കാന്‍ ഇടയുണ്ട്.

നിര്‍ദിഷ്ട ബ്രൂവറി കഞ്ചിക്കോട് വ്യവസായിക മേഖലയാല്‍ മലിനമായ കോരയാറിന്റെ തീരത്താണ്. ഉയര്‍ന്ന ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റും അമ്‌ളതയും ലവണതയും ഇവിടത്തെ ജലജീവികളെ ബാധിച്ചു കഴിഞ്ഞു .മദ്യ നിര്‍മ്മാണശാലയിലെ ഖര – ദ്രാവക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് എങ്ങനെ എന്നും പ്രദേശത്തെ ജനങ്ങളെ ഇത് എങ്ങനെ ബാധിക്കും എന്നും പഠനവിധേയമാക്കേ ണ്ടതുണ്ട്.

സര്‍ക്കാരിന്റെ ഈ മദ്യനയമാറ്റം നാടിന് അനര്‍ഥകരമാണ്. വികസനത്തിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മ്മാണശാലയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വൈരുദ്ധ്യമുണ്ട്. മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതിപ്രശ്നങ്ങള്‍, കുടിവെള്ളത്തിന്റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മദ്യനിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതേ പ്രശ്നങ്ങള്‍ കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കൊകോള പ്ലാന്റ് ഉല്‍പാദനം തുടങ്ങിയ ശേഷം പൂട്ടിച്ചത്. അതും വ്യവസായമായിരുന്നു. പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത വി.എസ്.അച്ചുതാനന്ദന്‍, എം.പി.വീരേന്ദ്രകുമാര്‍ എന്നിവരോടൊപ്പം ഇന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.ബി.രാജേഷും ഉണ്ടായിരുന്നു. കോളകമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് ജലമൂറ്റാന്‍ മറ്റൊരു കമ്പനിയെ കൊണ്ടുവന്നതിലെ യുക്തി എന്താണ്. കൊക്കൊകോളയേക്കാള്‍ വലുതല്ലല്ലോ ബ്രുവറി. തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണല്ലോ മദ്യക്കമ്പനിക്ക് അനുമതി നല്കിയത്.

സംസ്ഥാനത്തെ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്. അഞ്ചുവര്‍ഷത്തിനിടെ ഈ ജില്ലയില്‍ പതിനായിരത്തിലേറെ കിണറുകള്‍ വറ്റിപ്പോയി. ഇത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോയി. അനിയന്ത്രിതമായ ജലചൂഷണം തുടരുമ്പോള്‍ 60 ശതമാനം ജലാശയങ്ങള്‍ പരിപാലനമില്ലാതെ നശിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 1000 കുഴല്‍കിണറുകള്‍ പൂര്‍ണമായി വറ്റി. 3000 കുഴല്‍ കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ല. ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിതകേരള മിഷന്‍ നല്കിയ കണക്കാണിത്.

മദ്യകമ്പനി തുടങ്ങാന്‍ ഉദ്ദേശിച്ച എലപ്പുള്ളി പഞ്ചായത്തിലും ജലവിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും വേനല്‍ എത്തുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മഴ കുറവുള്ള പ്രദേശം, ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞ പ്രദേശം ഇതൊന്നും പരിഗണിക്കാതെ യായിരുന്നു സര്‍ക്കാര്‍ നടപടികള്‍.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. ഒട്ടേറെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തിന് മാതൃകയായ പഞ്ചായത്താണ് എലപ്പുള്ളി . പാലക്കാട്ടെ കൃഷിക്കുവേണ്ടിയാണ് മലമ്പുഴ ഡാം. ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നു. വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കാരണം. പാലക്കാട്ടെ ഭൂഗര്‍ഭ ജലത്തിന്റെ അളവും കുത്തനെ കുറയുന്നതായി പഠനങ്ങളുണ്ട്. അമിതമായി ആ വെള്ളം ചൂഷണം ചെയ്യുന്നതിന്റെ ഫലം കൊടും വരള്‍ച്ചയായിരിക്കും. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്താല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കില്ല. ഭക്ഷ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. കൃഷിക്ക് വേണ്ടിയുള്ള വെള്ളം ഒരിക്കലും മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതാണോ മദ്യനിര്‍മ്മാണം.? പാലക്കാട്ടെ നെല്‍വയലുകളില്‍ നിന്ന് നെല്ലാണോ മദ്യമാണോ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

സ്വകാര്യകമ്പനിയായ ഒയേസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കാനിരുന്ന മദ്യനിര്‍മ്മാണശാലക്ക് വെറും 8 കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാരിന്റെ മലബാര്‍ ഡിസ്റ്റലറീസ്. മലബാര്‍ ഡിസ്റ്റലറീസിന്റെ മേനോന്‍പാറയിലെ ഭൂമിയില്‍ മദ്യനിര്‍മ്മാണ കമ്പനിക്കായി 2022 ജൂണില്‍ മദ്യനിര്‍മ്മാണം തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. പക്ഷെ ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല. വിലകുറഞ്ഞ മദ്യത്തിന്റെ ദൗര്‍ബല്യം പരിഹരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം കൂട്ടാനുമാണ് മലബാര്‍ ഡിസ്റ്റലറീസിന്റെ മദ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 5 ബോട്ലിങ് ലൈന്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശനിര്‍മ്മാണം, ബ്ലെന്‍ഡിംഗ്-ബോട്ലിംഗ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനാണ് അനുമതി നല്കിയത്. ഇവര്‍ക്ക് ജലം നല്കാന്‍ 4 വര്‍ഷമായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചിറ്റൂര്‍ പുഴയിലെ കുന്നക്കാട്ടുപതി പദ്ധതിയില്‍ നിന്ന് വെള്ളം പൈപ്പ് ലൈനിലൂടെ പ്ലാന്റില്‍ എത്തിക്കാനായിരുന്നു നീക്കം. അതിനായി 1.87 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പൈപ്പ് ഇറക്കിയത് കാടുപിടിച്ച് കിടപ്പാണ്. ശുദ്ധജലത്തിനായി ജലഅതോറിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കിയ ഈ പദ്ധതി എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 113 ഏക്കറുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ എക്സൈസ് മന്ത്രി പറയുന്ന മഴവെള്ള സംഭരണം സ്ഥാപിച്ച് ആരംഭിക്കാവുന്നതേയുള്ളൂ. ലാഭം മുഴുവന്‍ സര്‍ക്കാരിന് ലഭിക്കുമല്ലോ.

എലപ്പുള്ളിയില്‍ കോളേജ് അനുവദിക്കുമെന്ന് പറഞ്ഞാണ് ഒയേസിസ് കമ്പനി സ്ഥലം വാങ്ങിയത്. പിന്നീട് എഥനോള്‍ ഉല്പാദന പ്ലാന്റിന്റെ ആവശ്യത്തിന് മാത്രം എന്ന് പറഞ്ഞ് ജലഅതോറിറ്റിയില്‍ നിന്ന് വെള്ളത്തിനായി അപേക്ഷ നല്കി. നിര്‍ദ്ദിഷ്ട മദ്യകമ്പനിക്ക് വ്യവസായവകുപ്പില്‍ നിന്ന് വെള്ളം കണ്ടെത്താമെന്നും കുടിവെള്ള പദ്ധതികളില്‍ വെള്ളം നല്‍കാനാവില്ലെന്നുമാണ് ജലഅതോറിറ്റി അന്ന് പറഞ്ഞത്. ഡിസ്റ്റലറി, ബ്രുവറി, വൈനറി യൂണിറ്റുകളുടെ കാര്യം കമ്പനി അപേക്ഷയില്‍ പറഞ്ഞിരുന്നില്ല. കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്ന് വെള്ളം കണ്ടെത്തണം. കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴയില്‍നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി 4 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കിന്‍ഫ്രക്ക് തന്നെ അവര്‍ ചോദിച്ച വെള്ളം നല്കാന്‍ കഴിയില്ലെന്ന് ജല അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യകമ്പനി നിലവില്‍ വന്നാല്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാനാണ് സാധ്യത.

പരിസ്ഥിതി മലിനീകരണത്തിന് പഞ്ചാബില്‍ ഉള്‍പ്പെടെ കമ്പനിക്കെതിരെ കേസുണ്ട്. കുഴല്‍കിണറുകളിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവും കമ്പനിക്കെതിരെയുണ്ട്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിയും മദ്യത്തിന്റെ ലഭ്യതയും സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലമാണ് ഇന്നുള്ളത്. മദ്യം വലിയ സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന്റെ പ്രകടനപത്രികയുടെ അന്ത:സത്തക്ക് നിരക്കുന്നതല്ല ഇത്തരം നീക്കങ്ങള്‍. ഒരുനയം നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍ അത് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഇനിയെങ്കിലും പിന്തിരിയണം. കുടിവെള്ളത്തിലും കൃഷിക്കും പ്രഥമപരിഗണന നല്‍കി വേണം വ്യവസായിക ആവശ്യത്തെ പരിഗണിക്കാന്‍.സ്വകാര്യ കമ്പനിയുടെ ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ ജനഹിതത്തെ അവഗണിക്കരുത് .

(മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ലേഖകന്‍, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി, സംസ്ഥാന വക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px