തനിച്ചിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു – എം ടി

Facebook
Twitter
WhatsApp
Email

ഒരു കാലത്ത്
എൻ്റെയീ തറവാട്ടിൽ ഒറ്റയായിരിക്കാൻ എനിക്ക് പേടിയായിരുന്നു…
കാവും വലിയ മുറ്റവും നടവഴിയും എല്ലാം കാണുമ്പോൾ പഴയ
ഗുരു കാരണവൻമാർ ഇറങ്ങി നടക്കുന്ന പോലെ തോന്നും…

നട്ടുച്ചക്ക്
പഴുത്തു കിടക്കുന്ന മുറ്റവും നടവഴിയും കാണുമ്പോൾ അമ്മ പറയാറുള്ള ഭഗവതിയുടെ
എതിർ പോക്കിനെ
ഓർമ്മ വരും…

ഇപ്പോൾ ഈ ഏകാന്തവാസത്തിൽ
നേരം വെളുത്താൽ കാവിനുള്ളിൽ കയറിയിരിക്കും….
പഴയൊരോർമ്മയാണ്….
ഇപ്പോഴും പ്രഭാതം കാണാൻ എനിക്കിഷ്ടം ഈ കാവിനുള്ളിലൂടെയാണ്…

ഇളം വെയിൽ വരുമ്പോൾ ഇലകളിൽ മഞ്ഞ പടർന്ന് ഇളം പച്ച കലർന്ന്
കടും പച്ചകളായി മുറ്റത്തിറങ്ങുന്ന വെളിച്ചങ്ങൾ…

കാവിലെ കരിയിലകൾക്ക് വല്ലാത്തൊരു മർമ്മരമാണ്…

ഇടയ്ക്ക് കടും വേദന തരുന്ന കറുത്ത ഉറുമ്പുകൾ കയറി വന്ന് കാലിൽ കടിച്ച് വലിയ വിങ്ങലുകളുണ്ടാക്കും…
നടക്കാനറിയാത്ത
ചിതല പക്ഷികൾ
ചാടി നടന്ന് ശബ്ദമുണ്ടാക്കും…

ചാഞ്ഞു കിടക്കുന്ന കാഞ്ഞിരമരത്തിൽ
ഒറ്റ ശ്വാസം കൊണ്ട്
വാലു പൊക്കി കുറുഞ്ഞിപ്പൂച്ച
ഒരു കയറ്റമാണ്…
വള്ളിപ്പടർപ്പുകളിൽ കുരുങ്ങിക്കിടന്ന് വെറുതെ ശബ്ദമുണ്ടാക്കുന്ന ചെമ്പോത്തും…
ശ്രുതിയിട്ടാൽ
എന്നെ പാടാൻ സമ്മതിക്കാത്ത
കുയിൽ , ഏറ്റവും വലിയ വൃക്ഷത്തിൻ്റെ ഏറ്റവും മുകളിലിരുന്ന് നാടു മുഴുക്കെ കേൾക്കാൻ പാകത്തിൽ പാടുന്നതും…

ഇവരൊക്കെ എനിക്ക് ഗ്രാമീണത തന്നവരാണ്…

തനിച്ചാണെന്നു പറയുമ്പോഴും
കൂട്ടിന് ഇവരൊക്കെയുണ്ട്…..

രാവിലെ എഴുന്നേറ്റ് മുറ്റമടിക്കുമ്പോൾ
നീണ്ടു കിടക്കുന്ന മുറ്റത്തെ അടിച്ചു വൃത്തിയാക്കുമ്പോൾ ഇടയ്ക്ക് വയ്യാതെ വിശ്രമിക്കുമ്പോൾ
ഞാൻ ഓർത്തു…..
അച്ഛൻ അമ്മയെ വിവാഹം ചെയ്തതു മുതൽ ഇതുവരെ ഒരു മണ്ണെണ്ണ വെളിച്ചത്തിൽ അമ്മ
ഈ മുറ്റമൊക്കെ വൃത്തിയാക്കിയതെങ്ങിനെയാണെന്ന്…!

ഓരോന്നും അറിയാൻ ചിലപ്പോൾ ചില മഹാമാരികൾ വേണ്ടിവരും…

ജനനവും മരണവും വിവാഹവും ഉത്സവങ്ങളും ഇനി ആഘോഷങ്ങളാവില്ല…
പണമുള്ളവൻ പണം ചിലവാക്കാനാവാതെ ഇല്ലാത്തവനോടൊപ്പം ഏകാന്തവാസത്തിലിരിക്കേണ്ടി വരും…

പാടാനറിയുന്നവൻ
എത്ര വലിയ പാട്ടുകാരനായാലും കേൾക്കാനാളില്ലാതെ സ്വന്തം ആത്മാവിനു വേണ്ടി പാടേണ്ടി വരും
വിദ്യാലയങ്ങൾ
കുട്ടികളുടെ മണമില്ലാതെ ദ്രവിച്ചുകൊണ്ടേയിരിക്കും….
തമ്മിൽ കാണുമ്പോൾ ചിരിയാണോ കരച്ചിലാണോയെന്ന് കണ്ണുകളിൽ നോക്കിയറിയാൻ കഴിയാതെ പരസ്പരം
വഴി മാറിപ്പോവേണ്ടി വരും..

മരിച്ചവനു മുന്നിൽ അലമുറയിടാൻ കൂടെ കിടന്നൊരാൾ മാത്രമാവും……

ഇതെല്ലാം അനുഭവിക്കുമ്പോൾ വീണ്ടും നമ്മൾ മനുഷ്യരാവും…….

പിന്നെയും നമ്മൾ മാറിയാൽ വീണ്ടുമൊരു മഹാമാരിക്ക് കയറിയിരിക്കാൻ ഒരിടം കൊടുക്കേണ്ടി വരും നമ്മൾ……..
……………..എം.ടി M. T. Vasudevan Nair
⏺️

About The Author

One thought on “തനിച്ചിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു – എം ടി”
  1. ഇത് എം.ടി.എ ഴു തിയത് തന്നെയാണോ? ചില സുഹ്യത്തുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *