കഴിഞ്ഞു പോയ 364 ദിനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഗീതാത്മകവും സന്തോഷ – സമാധാന – സംതൃപ്തവുമായിരുന്നോ ? ഈ 365-ാം ദിനത്തിന്റെ അന്ത്യ ചിന്ത ഇതായിരിക്കണം. 2025 ന്റെ സമാപന ചവിട്ടുപടിയില്‍ പാദമൂന്നി നില്ക്കുകയാണ് നമ്മള്‍. നിരവധി കാര്യങ്ങളും വ്യക്തികളും നമുക്ക് ഉത്തേജനം നല്കിയിട്ടുണ്ടാകാം. ഒരു പക്ഷേ,അതിലേറെ കാര്യങ്ങളും വ്യക്തികളും നമുക്ക് അസംതൃപ്തിയും നല്കിയിട്ടുണ്ടാകാം. എങ്കിലും 2025 എന്ന മാരത്തണ്‍ ഓട്ടം നമുക്ക് പൂര്‍ത്തിയാക്കാനായില്ലേ ? നമുക്കൊപ്പം ഓട്ടമാരംഭിച്ച എത്ര പേര്‍ ഇന്ന് നമുക്കൊപ്പം ജീവിത ട്രാക്കിലുണ്ട് ?
ഈ ഒരു തിരനോട്ടത്തില്‍ നാം ഭാഗ്യവാന്‍മാരും ഭാഗ്യവതികളുമല്ലേ ? ഓട്ടം പൂര്‍ത്തിയാക്കി പുതിയൊരു മല്‍സര വര്‍ഷത്തിന്റെ പടിവാതില്ക്കല്‍ എത്തി നില്ക്കുന്നു ! സംഗീതം പെയ്യുന്ന പകലുകളിലൂടെയും രാവുകളിലൂടെയും നമുക്ക് യാത്ര തുടരാം . വര്‍ഷാന്ത്യ മുനമ്പില്‍ നിന്ന് ലൂയി ഹാസ്‌ക്കിന്‍സിനെപ്പോലെ നമുക്കും ഉദീരണം ചെയ്യാം:’അജ്ഞാതമായ വഴിയില്‍ കൂടെ സുരക്ഷിതമായി മുന്നോട്ടു പോകുന്നതിന് ഞങ്ങള്‍ക്കു വിളക്കു തന്നാലും.’
വര്‍ഷാന്ത്യ ആശംസകളോടെ 2025 ന്റെ അന്ത്യ പുലര്‍ വന്ദനം നേരുന്നു.









