LIMA WORLD LIBRARY

സഖാവ് വി.എസ്സ് : വിപ്ലവത്തിന്റെ ഇതിഹാസം – അഡ്വ. പാവുമ്പ സഹദേവന്‍ (Adv. Pavumba Sahadevan)

(‘മാനവികത’ മാസിക – 2025 ഡിസംബര്‍ ലക്കം – പ്രസിദ്ധീകരിച്ച  ലേഖനം)

നമ്മുടെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും നാടുനീങ്ങി.
കെ. വേണുവിനെപ്പോലുള്ള അപൂര്‍വ്വം ചില ത്യാഗസമ്പന്നരായ കമ്മ്യൂണിസ്റ്റുകാരാണ് ഈ ജനുസില്‍പ്പെട്ടതില്‍ ഇനി അവശേഷിക്കുന്നത്.
കേരളത്തെ ഒരു ഭൂതം പിടികൂടുകയായിരുന്നു.
അച്ച്യുതാനന്ദന്‍ എന്നകമ്മ്യൂണിസ്റ്റ് ഭൂതം.
കോര്‍പ്പറേറ്റുകള്‍ക്കും അഴിമതിക്കാര്‍ക്കും കപടകമ്മ്യൂണിസ്റ്റുകള്‍ക്കും വി. എസ്സ്
എന്ന് കേട്ടാല്‍ ഭയമായിരുന്നു.
കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ശംഖനാദമായിരുന്നു വി.എസ്സ്.
ഭൂമിയുടെ ഗര്‍ഭഗൃഹത്തില്‍ നിന്നാണ്
അച്ച്യുതാനന്ദന്‍ പിറവിയെടുത്തത്.
കമ്മ്യൂണിസത്തെപ്പറ്റി ഒരുപാട് മതികെട്ടാന്‍ മലകള്‍ ആ മഹാമനീഷി സ്വപ്നം കണ്ടു.
വി. എസ്സ് എന്നാല്‍ നിരന്തരമായ സമരപോരാട്ടം എന്നാണ് അര്‍ത്ഥം.
വി.എസ്സ് എന്നാല്‍ ത്യാഗസമ്പന്നവും ആദര്‍ശസുരഭിലവുമായ ജീവിതം എന്നാണര്‍ത്ഥം.
വി.എസ്സ് വിപ്ലവത്തിന്റെ പര്യായപദമാണ്.
മൂന്നാറിലും പ്ലാച്ചിമടയിലും അദ്ദേഹം ഇടതുപക്ഷത്തിന്റെ
ഹരിതരാഷ്ട്രീയ സ്വപ്നങ്ങള്‍ വിരിയിച്ചു.
സ്ത്രീ പീഢനത്തിനെതിരായകേരളത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു വി.എസ്സ്. അദ്ദേഹം
കേരളത്തിന്റെ പൊതുസ്വത്തായിരുന്നു.
കമ്മ്യൂണിസത്തിന്റെ തുളുനാടന്‍ കളരിയില്‍ നിന്നാണ് അദ്ദേഹം വിപ്ലവത്തിന്റെ കലയും ശാസ്ത്രവും അഭ്യസിച്ചത്.
ചവിട്ടി പുറംതള്ളാന്‍ പലരും ശ്രമിച്ചുവെങ്കിലും
മലനിരകളെ ഇടിച്ചുപൊന്തി അദ്ദേഹം മുകളിലോട്ട് കുതിച്ച് ഉയരുകയായിരുന്നു.
ചുവന്ന ചട്ടകളിട്ട പുസ്തകത്തില്‍ നിന്നല്ല അദ്ദേഹം വിപ്ലവത്തിന്റെ വരിഷ്ഠ പാഠങ്ങള്‍ പഠിച്ചത്.
ജനങ്ങളുടെയും പ്രകൃതിയുടെയും പുസ്തകത്തില്‍ നിന്നാണ് വി. എസ്സ് വിപ്ലവത്തിന്റെ വിയര്‍പ്പൊഴുകുന്ന പാഠങ്ങള്‍ പഠിച്ചത്.
‘എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാവാം’ എന്ന പുസ്തകം വി.എസ്സ് വായിച്ചിട്ടുണ്ടാവില്ല.
എന്നാല്‍ എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാവാം എന്ന് അദ്ദേഹം ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു.
പഴയ വിപ്ലവപാരമ്പര്യത്തില്‍പ്പെട്ട കമ്മ്യൂണിസ്റ്റായിരുന്നതിനാല്‍,
ഇപ്പോഴത്തെ സ്വര്‍ണ്ണ കമ്മ്യൂണിസം എന്താണെന്ന് വി.എസ്സിന് അറിയില്ലായിരുന്നു.
അദ്ദേഹംനിഷ്‌കളങ്കനായ കമ്മ്യൂണിസ്റ്റായിരുന്നു.
ജനാധിപത്യസമരങ്ങള്‍ അദ്ദേഹത്തിന് ചവിട്ടുനാടകളും കോപ്രായ-പ്രഹസനങ്ങളുമായിരുന്നില്ല; അഴിമതിക്കെതിരെ സുപ്രീംകോടതിവരെ അദ്ദേഹം ആത്മാര്‍ത്ഥമായ നിയമ യുദ്ധങ്ങള്‍നടത്തി.
വിപ്ലവത്തിന്റെ മാര്‍ക്‌സിസ്റ്റ് പദാവലികള്‍ ഹൃദിസ്ഥമാക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു താല്പര്യവുമില്ലായിരുന്നു;
പകരം ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു തീവ്രമായ താല്പര്യം. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പാഠങ്ങള്‍
അറിയാത്ത കമ്മ്യൂണിസത്തിന്റെ വിജയമാന്ത്രികനായിരുന്നു വി. എസ്സ്.
വിപ്ലവത്തിന്റെ ബൊഹീമിയന്‍ ജീവിതവും അരാജകജീവിതവും വി.എസ്സിന്റെ നിഘണ്ടുവിലില്ലായിരുന്നു.
യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ സ്വര്‍ഗ്ഗീയസ്വരം കേട്ടവനായിരുന്നു വി.എസ്സ്.
പല വ്യാജകമ്മ്യൂണിസ്റ്റുകളുടെയും ഐഡന്റിറ്റിക്കാര്‍ഡ്, സ്വര്‍ഗ്ഗത്തിലെ ദ്വാരപാലകന്മാര്‍ വലിച്ച് കീറി നരകത്തിലേക്ക് എറിയുമ്പോള്‍, മഹാപ്രസ്ഥാനം കഴിഞ്ഞ് ചെല്ലുന്ന V S നെ അവര്‍ കലവറയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടും.
ചെകുത്താന്മാര്‍ കമ്മ്യൂണിസ്റ്റ് വേദമോതുന്ന ഈ നശിച്ച കാലഘട്ടത്തില്‍, കോര്‍പ്പറ്റേറ്റ് മാഫിയ മാര്‍ക്‌സിസത്തിനെതിരെ പടവെട്ടാന്‍, ഒരു പക്ഷെ വി. എസ്സ്. അച്ച്യുതാനന്ദന്‍ ഇനിയും ജന്മമെടുത്തേക്കുമെന്നാണ് കലിയുഗത്തിന്റെ മുന്നറിയിപ്പ്.

ഈ സന്ദര്‍ഭത്തില്‍, പ്രൊഫ: എം. എന്‍. വിജയന്‍ – എസ്സ്. സുധീഷിന്റെ പാഠം മാസികയും അവരുടെ സാമ്പത്തിക സാംസ്‌കാരിക അധിനിവേശത്തിനെതിരായ പോരാട്ടവും കൂടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ നടത്തിയ ഉള്‍പ്പാര്‍ട്ടി സമരവും കലാപവും, അച്ച്യുതാനന്ദന്റെ പ്രായോഗിക രാഷ്ട്രീയ സമരരൂപങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ ഇന്ധനമായി മാറിയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എം. എന്‍. വിജയനും പാഠം സുധീഷും തൊടുത്തു വിട്ട അധിനിവേശ മുതലാളിത്ത വിരുദ്ധ ആശയ സമരങ്ങളും പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങളും അച്യുതാനന്ദന്റെ സമര പോരാട്ടങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയുണ്ടായി എന്നത് അനിഷേധ്യമായ വസ്തുതയാണ്. എം.എന്‍ വിജയനും സുധീഷും ഉഴുതുമറിച്ചിട്ട മണ്ണില്‍ അച്ച്യുതാനന്ദന്‍ പാകിയ വിത്തുകള്‍ കരുത്തോടെ മുളച്ചുവരുന്നതാണ് പിന്നീട് കേരളം കണ്ടത്. പാഠം മാസിക തുടങ്ങുന്നതിന് മുമ്പ് തന്നെ അച്ച്യുതാനന്ദന്‍ കേരളത്തിലെ കരുത്തുറ്റ പ്രതിപക്ഷ നേതാവായി മാറുകയുണ്ടായി എന്ന കാര്യം വിസ്മരിച്ചു കൊണ്ടല്ല ഇത് എഴുതുന്നത്. എന്നാല്‍ പാഠം മാസികയും എം. എന്‍. വിജയന്‍ – എസ്സ് സുധീഷ് ആഗോള സാമ്പത്തിക സാംസ്‌കാരിക അധിനിവേശവിരുദ്ധ പോരാട്ടവും കൂടി, കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തി കള്‍ക്കും സി.പി.എം മാഫിയ അധോലോകശക്തികള്‍ക്കുമെതിരായി നടത്തിയ ചെറുത്തു നില്പ് പോരാട്ടങ്ങള്‍, പിന്നീടുണ്ടായ അച്ച്യുതാനന്ദന്റെ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു എന്ന രാഷ്ട്രീയവസ്തുത അസന്ദിഗ്ദ്ധമാണ്. എം.എന്‍ വിജയന്‍ – എസ്സ്. സുധീഷ് – പാഠം രാഷ്ട്രീയ കൂട്ടുകെട്ടിലെ ആത്മീയമായ ആശയ പ്രതിരോധ സമരങ്ങള്‍, അച്ച്യുതാനന്ദനില്‍ അതിന്റെ ഭൗതികമായ രാഷ്ട്രീയ സമരായുധരൂപത്തില്‍ പ്രായോഗികമായി മൂര്‍ത്തീകരിച്ച് സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. പാഠം മാസിക തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അച്ച്യുതാനന്ദന്‍ ഭൂമാഫിയകള്‍ക്കും കയ്യേറ്റക്കാര്‍ക്കും പരിസ്ഥിതി നാശകര്‍ക്കും സ്ത്രീപീഢകര്‍ക്കും എതിരെ നടത്തിയ പൊരിഞ്ഞ പോരാട്ടങ്ങള്‍ പാഠം മാസികയുടെ ഉദയത്തിന് കാരണമായി എന്നതും തികച്ചും യാദൃശ്ചകമല്ലായിരുന്നു. കേരളത്തിന്റെ സമരഭൂമികയില്‍ അച്ച്യുതാനന്ദന്റെ പ്രായോഗിക രാഷ്ട്രീയ സമരങ്ങളും എം.എന്‍. വിജയന്‍ – പാഠം സുധീഷിന്റെ ആഗോള സാമ്പത്തിക അധിനിവേശവിരുദ്ധ പോരാട്ടങ്ങളും അഴിച്ചുവിട്ട , ആഗോളവല്‍ക്കരണ സാമ്പത്തികവിരുദ്ധ, കോര്‍പ്പറേറ്റ് മുതാലാളിത്തവിരുദ്ധ ആശയ കൊടുങ്കാറ്റും ചരിത്രത്തെ പരസ്പരം പൂരിപ്പിക്കുന്നുണ്ടായിരുന്നു. ഹെഗലിയന്‍ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരായ പുത്തന്‍ ആഗോളവല്‍ക്കരണ വിരുദ്ധ, കോര്‍പ്പറേറ്റ് മുതലാളിത്ത വിരുദ്ധ ആശയങ്ങളുടെ ചരിത്രോപകരണമായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു വി.എസ്സ്. അച്യുതാനന്ദന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വലതുപക്ഷവല്‍ക്കരണത്തിനെതിരായ, ശക്തമായ ഒരു ഇടതുപക്ഷചരിത്രപാരമ്പര്യവും ഈടുവെയ്പുമുള്ള കേരളത്തില്‍, എം.എന്‍ വിജയന്‍ – പാഠം സുധീഷ് – അച്ച്യുതാനന്ദന്‍ അച്ചുതണ്ടിന്റെ ജനാധിപത്യസമര പോരാട്ടങ്ങള്‍ ശക്തിപ്പെടുക സ്വാഭാവികം മാത്രമായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വലതുപക്ഷശക്തികള്‍ ആഗോള വല്‍ക്കരണത്തിന് അനുകൂലമായി തിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍, അതിനെതിരായി ചരിത്രത്തില്‍ സ്വാഭാവികമായി രൂപംകൊണ്ട ഇടതുപക്ഷജൈവരാഷ്ട്രീയത്തിന്റെ പ്രതിരോധശക്തിയായിരുന്നു എം. എന്‍. വിജയന്‍ – പാഠം സുധീഷ് – അച്ച്യുതാനന്ദന്‍ ആശയ പ്രയോഗം. ആഗോളവല്‍ക്കരണ – കോര്‍പ്പറേറ്റ് മുതലാളിത്ത ചൂഷണ രാഷ്ട്രീയത്തിനെതിരെ ചരിത്രം അച്ച്യുതാനന്ദനിലൂടെ അതിന്റെ പ്രകൃതിദത്തമായ ഡിഫന്‍സ് മെക്കാനിസം ഉയര്‍ത്തുകയായിരുന്നു.

എം. എന്‍. വിജയന്‍ പാഠം സുധീഷ് എന്നിവരുടെ നൈതിക രാഷ്ട്രീയത്തിന്റെ മൂര്‍ത്തീകരണവും പ്രയോഗവുമായിരുന്നു വി.എസ്സ് അച്ച്യുതാനന്ദന്‍. എം. എന്‍ വിജയന്റെ നിരീക്ഷണത്തില്‍: – ”ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റേതായ പ്രത്യയശാസ്ത്രപരമായ ജൈവഘടനയുണ്ട്. പ്രസ്ഥാനത്തിന് പരിണാമഭേദങ്ങളുണ്ടാവുമ്പോഴും അതിന്റെ ജൈവഘടന നിലനിന്ന് കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. ഒരു ഇടതുപക്ഷ പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീരണമെന്ന് ആ പ്രസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായാല്‍ നഷ്ടം സംഭവിക്കുക കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല മാനവരാശിക്കാകെത്തന്നെയാണ്………. പ്രത്യയശാസ്ത്ര നിഷ്ഠയും ആദര്‍ശനിഷ്ഠയും കൈവിടാതെ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി ഇവിടെ ഉണ്ടാവണമെന്ന് സാധാരണക്കാരന്‍ ആഗ്രഹിക്കുകയും അങ്ങനെ ആയിരിക്കണമെന്ന് അവന്‍ പ്രസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു”. അങ്ങനെ സാധാരണക്കാരായ ജനങ്ങളുടെ നേതാവായാണ് അച്ച്യുതാനന്ദാന്‍ ജനകീയ ഐക്കണായ വി. എസ്സ്. ആയി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ അതികായകനായി ഉയര്‍ന്നുവരുന്നത്. ”പാര്‍ട്ടി നിലനില്‍ക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ല; ജനങ്ങള്‍ക്കുവേണ്ടിയാണ്. പാര്‍ട്ടിയെ രക്ഷിക്കലല്ല ജനങ്ങളെ നിലനിര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ കടമ ” എന്ന എം.എന്‍ വിജയന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട്, അച്ച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ സമരങ്ങള്‍ വഴി, കമ്മ്യൂണിസ്റ്റ് സങ്കല്പങ്ങള്‍ക്ക് കൂടുതല്‍ അടിവരയിടുകയായിരുന്നു. എം.എന്‍ വിജയനും എസ്സ്. സുധീഷും പാഠം മാസികയിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടത്തിയ ഗംഭീരമായ രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. സോഷ്യലിസ്റ്റ് സാമ്പത്തിക വികസനവും മുതലാളിത്ത സാമ്പത്തിക വികസനവും വിരുദ്ധ രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍, സോഷ്യലിസ്റ്റ് വികസനവാദിയായ അച്യുതാനന്ദനെ ‘വികസനവിരുദ്ധന്‍’ എന്ന മുദ്ര ചാര്‍ത്തിക്കൊടുക്കുകയായിരുന്നു പാര്‍ട്ടിക്കുള്ളിലെ വലതുപക്ഷശക്തികള്‍. സോഷ്യലിസ്റ്റ് ആസൂത്രിത സമ്പദ് വ്യവസ്ഥയ്‌ക്കെതിരെ വാളോങ്ങിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വലതുപക്ഷശക്തികളാണെന്നുള്ളതാണ് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ ദുരന്തം. ” ഭാവി ആസൂത്രണം ചെയ്യാനാവാത്തതാണ് എന്നതാണ് മുതലാളിത്തത്തിന്റെ സിദ്ധാന്തം” തന്നെ. സ്വതന്ത്ര ഭാരതവും കേരളവും ഇന്നേവരെ നേടിയ എല്ലാ സാമ്പത്തിക പുരോഗതിയും പരിമിതമെങ്കിലുമായ സാമ്പത്തിക സ്വാശ്രയത്വത്തിലും പബ്ലിക് സെക്ടറിലും ഊന്നിയായിരുന്നു എന്ന കാര്യം അനിഷേധ്യമായ വസ്തുതയാണ്. പബ്ലിക് – കം – പ്രെവറ്റ് സെക്ടറിന്റെ ബാലന്‍സിനെ അട്ടിമറിക്കാത്ത ഒരു സാമ്പത്തിക പരിപ്രേഷ്യത്തിലൂടെ ഉയര്‍ത്തിയെടുത്ത രാഷ്ട്രീയ വ്യവസ്ഥയെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലച്ചു കൊണ്ടിരിക്കുന്നത്.

എം.എന്‍. വിജയന്റെ കൊടുങ്കാറ്റടിച്ച ചിന്തകള്‍, വി. എസ്സിലൂടെ രാഷ്ട്രീയ കര്‍മ്മപഥത്തിന്റെ പോരാട്ട കൊടുമുടികള്‍ കയറുകയായിരുന്നു. ‘സമരം തന്നെ ജീവിതം’ എന്ന അത്മകഥയിലൂടെ ‘സമരത്തിന് ഇടവേളകളില്ല’ എന്ന് വി. എസ്സ്. ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. ”രാഷ്ട്രീയ ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിച്ചുള്ള വി. എസ്സിന്റെ ഉള്‍പ്പാര്‍ട്ടി സമരത്തെ അധികാരത്തിനായുള്ള വിഭാഗീയ സമരമായി വ്യാഖ്യാനിച്ചവരും വിമര്‍ശിച്ചവരും ഉണ്ട് ”. വികസനത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഭൂമികയ്യേറാന്‍ അവസരമൊരുക്കുന്നതിനെതിരെ ശക്തമായ പ്രതിരോധനിരകളാണ് വി. എസ്സ്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉയര്‍ത്തിയത്. എന്നാല്‍ വി. എസ്സ്. മുഖ്യമന്ത്രിയായപ്പോള്‍, പിണറായിയുടെ നേതൃത്വത്തിലുള്ള മാര്‍ക്‌സിസ്റ്റ് മാഫിയ കൊള്ളത്തലവന്മാര്‍ അദ്ദേഹത്തെ ചങ്ങലക്കിട്ട് വരിഞ്ഞു മുറുക്കുകയാണുണ്ടായത്. ”ഉജ്ജ്വലമായ സമരപരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും ” പ്രതീകമായ വി. എസ്സ്. ചുവപ്പിന്റെ വികസന വിപ്ലവരാഷ്ട്രീയത്തെ ഹരിതരാഷ്ട്രീയവുമായി വിദഗ്ദ്ധമായി കൂട്ടിയിണക്കി.

 

കര്‍ഷക തൊഴിലാളികളുടെയും ചെത്ത് തൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും മത്സ്യതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും അവകാശ സമരപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വി. എസ്സ്. പരിസ്ഥിതി – മുഷ്യാവകാശ – സ്ത്രീ സുരക്ഷാ- ഭൂമികയ്യേറ്റ – ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതോടെ കേരള രാഷ്ട്രീയത്തിലെ ഐക്കണും ക്രൗഡ് പുള്ളറുമായ ജനകീയനേതാവായി മാറുകയായിരുന്നു. ”ജനങ്ങളുടെ വെളിച്ചപ്പാട് ” എന്ന് വി. എസ്സിനെ പ്രൊഫ: എം. എന്‍. വിജയന്‍ വിശേഷിപ്പിച്ചത് അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. 2000 മുതലുളള വി. എസ്സിന്റെ ഇടിമുഴക്കം സൃഷ്ടിച്ച പ്രസംഗങ്ങള്‍ കേട്ട് കേരളക്കരയിലെ ജനസാഗരം ഇളകി മറിയുകയായിരുന്നു. കേരളത്തിന്റെയെന്നല്ല, ലോകത്തിന്റെതന്നെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക പുരുഷനായിരുന്നു വി.എസ്സ്. അച്ച്യുതാനന്ദന്‍. അന്യാദൃശ്യമായ നിര്‍ഭയത്വവും, കരുത്തുറ്റ സ്വാതന്ത്ര്യബോധവും അനന്യമായ സാഹസികബോധവും അസാമാന്യമായ പ്രാപഞ്ചിക ധൈര്യവുമായിരുന്നു വി.എസ്സിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ മുഖമുദ്ര. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് മിച്ചഭൂമിസമരത്തിനും കുടികിടപ്പവകാശ സമരത്തിനും നേതൃത്വം കൊടുത്ത വി. എസ്സ്. വനം കൊള്ളയ്ക്കും പെണ്‍വാണിഭത്തിനും ഭരണതലത്തിലെ അഴിമതിക്കുമെതിരെ സന്ധിയില്ലാത്ത തീപാറുന്ന പോരാട്ടങ്ങളാണ് കാഴ്ച്ചവെച്ചത്. മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറയില്‍നിന്നുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ വേണം പാര്‍ലമെന്ററി ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍, എന്നതിന്റെ ഉജ്ജ്വലമായ മതൃകയായിരുന്നു വി.എസ്സ്.

 

അച്ച്യുതാനന്ദന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ ജീവിതത്തിന് അനന്തമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വി.എസ്സ് തന്റെ വിശ്രമരഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുത്തു. ഒരു ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥയില്‍, ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് തന്റെ സാമൂഹ്യ സമത്വത്തിനായിട്ടുള്ള പോരാട്ടത്തിന് അതിവിപുലമായ സാധ്യതകളും ഭൂമികകളുമുണ്ടെന്ന് വി.എസ്സ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടിരിക്കുന്നു. പാര്‍ട്ടിയുടെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെയും അച്ചടക്ക നിയമത്തിന്റെയും മറവില്‍, രാഷ്ട്രീയ നേതൃത്വം അനുവര്‍ത്തിച്ച നവലിബറല്‍ സാമ്പത്തിക അഴിമതി നയങ്ങള്‍ക്കെതിരെയും പാര്‍ട്ടി കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരെയും, ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വി.എസ്സ് ഉയര്‍ത്തിയ വെല്ലുവിളിയുടെ കലാപക്കൊടികള്‍, ജനങ്ങള്‍ക്ക് പുത്തനവേശവും ഇടതുപക്ഷ ദിശാബോധവും പകര്‍ന്നു നല്‍കുകയുണ്ടായി. ശക്തമായ നീതിബോധത്തിന്റെ ഉടമയായ വി. എസ്സ്. പൊതുജന താല്പര്യത്തിന്റെ സംരക്ഷണത്തിനായി ജുഡീഷ്യറിയെ പോരാട്ടത്തിന്റെ ആയുധമാക്കിക്കൊണ്ട് ഇടമലയാര്‍, ലോട്ടറികേസ്സുകളെ വിജയ പഥത്തിലെത്തിച്ചത് കേരളരാഷ്ട്രീയത്തിലെ അവിസ്മരണീയമായ അദ്ധ്യായങ്ങളാണ്. അസാമാന്യയുക്തിയും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിച്ച ഈ നവകേരളശില്പി, പാര്‍ട്ടിയുടെ അച്ചടക്ക ചട്ടക്കൂട് ലംഘിക്കാന്‍ ശേഷിയുള്ള നട്ടെല്ലും ചങ്കൂറ്റവുമുള്ള നേതാവാണെന്ന് തെളിയിച്ചു. മണ്ണിനെയും മനുഷ്യനെയും തണ്ണീര്‍ത്തടങ്ങളേയും നെല്‍പ്പാടങ്ങളേയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമതുലിത വികസന വര്‍ഗ്ഗരാഷ്ട്രീയ പരിപ്രേഷ്യത്തിനാണ് വി. എസ്സ് എന്ന കരുത്തുറ്റ രാഷ്ട്രീയപ്പോരാളി നിലകൊണ്ടത്.

 

ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമുറിച്ച് കടത്തിയ മതികെട്ടാന്‍ മലയിലേക്കും സര്‍ക്കാര്‍ ഭൂമി കയ്യേറിയ മൂന്നാറിലേക്കും പൂയം കുട്ടിയിലേക്കും പ്ലാച്ചിമടയലേക്കും വി.എസ്സ് അച്ച്യുതാനന്ദന്‍ തന്റെ 80-ാം വയസ്സില്‍ നടത്തിയ പടയോട്ടങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലുകളാണ്. ടാറ്റാ, ഹാരിസണ്‍മാര്‍ ഈ ജൈവ കമ്മൂണിസ്റ്റായ സര്‍ഗ്ഗാത്മക രാഷ്ട്രീയ വന്‍മരത്തെ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് നേതാക്കളെപ്പോലെ ബൂര്‍ഷ്വാ ആഡംബര സുഖജീവിതത്തില്‍ മുഴുകിയവനോ, രാഷ്ട്രീയാധികാരമുപയോഗിച്ച് അവിഹിതമായ മര്‍ഗ്ഗങ്ങളിലൂടെ കോടികള്‍ സമ്പാദിച്ചിട്ടള്ളവനോ ആയിരുന്നില്ല വി.എസ്സ്. അച്ച്യുതാനന്ദന്‍. 2006 – ല്‍ മലമ്പുഴയില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍, വി. എസ്സ് സ്ഥാനാര്‍ത്ഥിയായതും തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയായതും ജനകീയ സമ്മര്‍ദ്ദം മൂലമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കേരള ചരിത്രത്തിലെ തുറന്ന പുസ്തകമാണ് ; അല്ലാതെ സി.പി.എം അല്ല അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയത്. അദ്ധ്വാനിക്കുന്നവരും കഷ്ടപ്പെടുന്നവരുമായ ജനങ്ങള്‍ക്കുവേണ്ടി ആത്മബലിയര്‍പ്പിക്കപ്പെട്ട ത്യാഗസമ്പന്നവും ആദര്‍ശസുരഭിലവുമായ മഹത്തായ ഒരു ജനാധിപത്യവിപ്ലവ ജീവിതമായിരുന്നു വി. എസ്സ് അച്ച്യുതാനന്ദന്റേത്.

 

മതേതര ജനാധിപത്യത്തിന്റെ റിപ്പബ്ലിക്കന്‍ സ്പിരിറ്റ് നെഞ്ചേറ്റിയ കേരളം കണ്ട ഒന്നാം കിടക്കാരനായ ഒരു ക്ലാസ്സിക്കല്‍ പൊളിറ്റീഷ്യന്‍ ആയിരുന്നു വി. എസ്സ്. ഒരുപക്ഷെ, പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ മാത്രം കാണാവുന്ന മഹത്തായ ആത്മത്യാഗത്തിന്റെതും കരുത്തുറ്റ നീതിബോധത്തിന്റെയും അനന്തമായ സാമൂഹ്യപ്രതിജ്ഞാബദ്ധതയുടെയും അത്യുജ്ജ്വല പ്രതിരൂപമായിരുന്നു വി. എസ്സ്. സി. പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്ച്യുതാനന്ദന്‍ എന്ന വി.എസ്സ്. അച്ച്യുതാനന്ദന്‍.

 

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px