പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ. ഈശോ മത്തായി നമ്മോട് വിട പറഞ്ഞിട്ട് 44 വര്‍ഷങ്ങള്‍ ആയി. മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തും ആയിരുന്ന പാറപ്പുറത്ത് ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്‌നങ്ങളും പച്ചയായി വരച്ചുകാട്ടിയ കഥാകാരനായിരുന്നു.
മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14-ന് കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എല്‍.പി. സ്‌കൂള്‍, ഗവണ്മെന്റ് മിഡില്‍ സ്‌കൂള്‍, ചെട്ടികുളങ്ങര ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പിതാവ് ചെറുപ്പത്തിലെ മരിച്ചതോടെ കുടുംബഭാരമേറ്റെടുക്കേണ്ടി വന്നു. രണ്ടാം മഹാലോകയുദ്ധം തുടങ്ങിയ സമയം. 1944 ല്‍ തന്റെ 19 മത്തെ വയസ്സില്‍ മത്തായി പട്ടാളത്തില്‍ ഹവീല്‍ദാര്‍ ക്ലര്‍ക്കായി ചേര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ 21 വര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്തു. അക്കാലത്തെ അനുഭവങ്ങളാണ് മത്തായിയിലെ സാഹിത്യകാരനെ ഉണര്‍ത്തിയത്. പട്ടാള ക്യാമ്പില്‍ അവതരിപ്പിക്കാന്‍ ഒരു നാടകമെഴുതിക്കൊണ്ടാണ് എഴുത്ത് ജീവിതം തുടങ്ങിയത്. പട്ടാള ക്യാമ്പിലെ കലാപരിപാടികളില്‍ അവതരിപ്പിക്കുവാന്‍ നാടകങ്ങള്‍ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങള്‍ നേടാനായി.
ജന്മനാടായ കുന്നവും സമീപപ്രദേശങ്ങളായ പൈനുംമൂട്, കൊല്ലകടവ്, മാവേലിക്കര നാട്ടിലൂടെയൊഴുകുന്ന അച്ചന്‍കോവിലാറ് എന്നിവയും അദ്ദേഹം നോവലുകള്‍ക്കു പശ്ചാത്തലമൊരുക്കി. ചുറ്റിലും കണ്ട ജീവിതത്തെപ്പറ്റി അതിശയോക്തിയില്ലാതെ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മധ്യതിരുവിതാംകൂറിന്റെ ക്രിസ്ത്യന്‍ പശ്ചാത്തലം മിക്ക കൃതികളിലും അന്തര്‍ലീനമായി.
‘പുത്രിയുടെ വ്യാപാരം’ എന്ന ആദ്യ കഥ 1948 ലാണ് പ്രസിദ്ധീകരിച്ചത്. വിഭജനകാലത്ത് ഇന്ത്യയില്‍ വന്ന ഒരു അഭയാര്‍ത്ഥിയായ പഞ്ചാബി പെണ്‍കുട്ടി ജീവിക്കാനായി മത്തായി ജോലി ചെയ്യുന്ന പട്ടാള ക്യാമ്പിനടുത്ത് കപ്പലണ്ടി വിറ്റിരുന്നു. ആ പെണ്‍കുട്ടിയെ പറ്റി രുഗ്മിണി എന്ന പേരില്‍ കഥയെഴുതി ഒരു മാസികക്ക് അയച്ചു. ഒരു മാസം കഴിഞ്ഞ് മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകവാണി മാസിക മത്തായിയെ തേടിയെത്തി. ഡോ. കെ.എം. ജോര്‍ജായിരുന്നു മാസികയുടെ പത്രാധിപര്‍. അതില്‍ ‘പുത്രിയുടെ വ്യാപാരം’ എന്നൊരു കഥയുണ്ടായിരുന്നു. തലക്കെട്ടിന് താഴെ അച്ചടിച്ചിരുന്നു, കഥാകൃത്ത് കെ.ഇ.മത്തായി. തന്റെ ആദ്യ കഥ അച്ചടിച്ച് കണ്ട മത്തായിയുടെ സന്തോഷം വര്‍ണ്ണനാതീതമായിരുന്നു. 1948 ല്‍ പ്രസിദ്ധീകരിച്ച ആദ്യകഥക്ക് കിട്ടിയ അന്നത്തെ 15 രൂപ പ്രതിഫലവും വളരെ വലുതായിരുന്നു.
മീററ്റില്‍ ജോലി ചെയ്യുമ്പോഴാണ് മറ്റൊരു കഥാകാരനായ കോവിലനെ പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരമായി സമ്മേളിച്ചു സാഹിത്യ ചര്‍ച്ചകള്‍ നടത്തിയത് മത്തായിയുടെ സാഹിത്യ വികസനത്തിന് ഗുണം ചെയ്തു. കോവിലന്‍ അന്നേ പേരെടുത്ത കഥാകാരനായിക്കഴിഞ്ഞിരുന്നു.
മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം മാസിക പല പ്രസിദ്ധരായ മലയാളി എഴുത്തുകാരും എഴുതിത്തുടങ്ങിയ മികച്ച പ്രസിദ്ധീകരണമായിരുന്നു. ജയകേരളത്തില്‍ ‘മണ്ണടിഞ്ഞ അഭിലാഷങ്ങള്‍’ എന്ന കഥ വന്നതോടെ മത്തായിയെ വായനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കഥാകൃത്തായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘സ്നേഹമില്ലാത്ത അമ്മ’ വന്നതോടെ യുവ കഥാകൃത്തായി മത്തായി മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി. മത്തായി പുതിയ ഒരു കഥയെഴുതി. ‘ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍’. ആ കഥ അയച്ചത് പാറപ്പുറത്ത് എന്ന പേരിലായിരുന്നു. അതോടെ മലയാള സാഹിത്യലോകത്ത് ഇ ജെ. മത്തായി അപ്രതൃക്ഷനായി പകരം പാറപ്പുറത്ത് എന്ന നാമധേയം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.
1952 ല്‍ താന്‍ എഴുതിയ ചില കഥകള്‍ ചേര്‍ത്ത് സ്വന്തമായി ഒരു കഥാസമാഹാരം പാറപ്പുറത്ത് അച്ചടിച്ചു പുറത്തിറക്കി. 500 കോപ്പികള്‍ അച്ചടിച്ച ‘പ്രകാശധാര’ എന്ന പാറപ്പുറത്തിന്റെ ആദ്യ കൃതിക്ക് പട്ടാള ക്യാമ്പുകളില്‍ തന്നെ നല്ല സ്വീകരണം ലഭിച്ചു.
ചെറുകഥകളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്ത പ്രമേയങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടി വന്നപ്പോഴാണ് പാറപ്പുറത്ത് നോവല്‍ സാഹിത്യത്തിലേക്ക് കടന്നത്. പാറപ്പുറം നൈനിറ്റാളില്‍ ജോലി ചെയ്യുമ്പോള്‍ ജയകേരളത്തിന്റെ പത്രാധിപരുടെ ഒരു കത്ത് ലഭിച്ചു. ജയകേരളത്തില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വി.ടി. നന്ദകുമാറിന്റെ നോവല്‍ ഉടനെ തീരും. ഒരു നോവല്‍ എഴുതിക്കൂടെ? അങ്ങനെ എഴുതിയതാണ് ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’. പാറപ്പുറത്തിന്റെ ജീവിതാനുഭവങ്ങള്‍ ഈ നോവലിലൂടെ ആവിഷ്‌ക്കരിക്കുന്നുണ്ട്. സ്വന്തം കുടുംബപശ്ചാത്തലം കുറെക്കൂടി വര്‍ണ്ണം കലര്‍ത്തിയാണ് അവതരിപ്പിച്ചത്. അതില്‍ നായകന് തന്റെ പേര് തന്നെ നല്‍കി.
നിണമണിഞ്ഞ കാല്‍പാടുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പാറപ്പുറത്ത് മലയാള സാഹിത്യലോകത്ത് സ്ഥാനം പിടിച്ചത്. 1955 ല്‍ മദ്രാസിലെ ജനതാ പബ്ലിഷിംഗ് കമ്പനി ‘നിണമണിഞ്ഞ കാല്‍പാടുകള്‍’ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. 1963 ല്‍ ഈ നോവല്‍ എന്‍.എന്‍ പിഷാരടി ചലച്ചിത്രമാക്കി. പാറപ്പുറം തന്നെയാണ് തിരക്കഥയെഴുതിയത്.
‘നിണമണിഞ്ഞ കാല്പാടുകള്‍’ തുടങ്ങി 20 നോവലുകളും ‘പ്രകാശധാര’ മുതല്‍ 14 കഥാസമാഹാരങ്ങളും ‘വെളിച്ചം കുറഞ്ഞ വഴികള്‍’ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍’ എന്ന സ്മരണയും പാറപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാറപ്പുറത്തിന്റെ ഏഴു നോവലുകള്‍ ചലച്ചിത്രങ്ങളായി. അവസാന നോവലായ കാണാപ്പൊന്നിന്റെ അവസാന അദ്ധ്യായം മരണത്തിനു തലേദിവസം പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് കെ. സുരേന്ദ്രനാണ് അതു പൂര്‍ത്തീകരിച്ചത്.
ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പാറപ്പുറത്തിന്റെ അരനാഴികനേരം, ആകാശത്തിലെ പറവകള്‍, പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ , അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ നോവലുകള്‍ ചലച്ചിത്രങ്ങളായി വെള്ളിത്തിരയിലെത്തി.
തിരക്കഥാരചനയിലും അദ്ദേഹം സജീവമായിരുന്നു.
നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, അക്കരപ്പച്ച, പണിതീരാത്ത വീട്, സമയമായില്ല പോലും തുടങ്ങി ഏകദേശം ഇരുപതോളം സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി.
1972ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന്റെ ‘പണി തീരാത്ത വീട്’ എന്ന സിനിമയുടെ തിരക്കഥയ്ക്കായിരുന്നു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് പട്ടാള ജീവിതമാരംഭിച്ച പാറപ്പുറം പട്ടാളക്കഥകളല്ല എഴുതിയിട്ടുള്ളത്. പട്ടാളക്കാരന്റെ കഥകളാണ്. ക്യാമ്പുകളില്‍ കഴിയുന്ന പട്ടാളക്കാരെ കുറിച്ച് മറ്റു കഥാകാരന്മാര്‍ എഴുതിയപ്പോള്‍ പാറപ്പുറത്ത് തന്റെ കഥകളില്‍ നാട്ടില്‍ കഴിയുന്ന പട്ടാളക്കാരുടെ ഭാര്യയേയും കാമുകിയേയും അമ്മയേയും സഹോദരികളേയും കഥാപാത്രങ്ങളാക്കി എഴുതി.
‘ആള്‍കൂട്ടത്തിലായാരിക്കുമ്പോഴും ഒറ്റപ്പെട്ടവനായിരിക്കുക എന്ന വിരോധാഭാസമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്. എനിക്ക് വിഹരിക്കാനും എന്റെ കഴിവു പ്രകടിപ്പിക്കുവാനും കഴിയുന്ന ഒരേ ഒരു മണ്ഡലം സാഹിത്യമാണെന്ന് ബോധ്യമായപ്പോള്‍ സദാ ആള്‍ക്കൂട്ടത്തില്‍ കഴിയേണ്ട ജീവിത സാഹചര്യത്തില്‍ പെട്ടുപോയ ഞാന്‍ ആത്മാവു കൊണ്ട് അവരില്‍ നിന്നെല്ലാം അകലാന്‍ നിര്‍ബന്ധിതനായി. എഴെട്ടു പേരൊത്ത് ഒരു ടെന്റില്‍ കഴിയുമ്പോഴും ബാരക്കില്‍ ഒന്നിച്ച് കഴിയുന്ന പത്ത് നാല്‍പ്പതു പേരില്‍ ഒരാളായിരിക്കുമ്പോഴും ഞാന്‍ ഒറ്റപ്പെട്ടവനായിരുന്നു. അങ്ങനെ ഒറ്റപ്പെട്ട , എനിക്ക് വിശ്രമിക്കാന്‍ വേണ്ടി ഞാന്‍ പണി തീര്‍ത്ത പര്‍ണ്ണശാലകളാണ് എന്റെ കഥകളെല്ലാം’ എന്ന് പറഞ്ഞ അദ്ദേഹം 1981 ഡിസംബര്‍ 30 ന് തന്റെ 57 മത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു.
കടപ്പാട്: ശ്രീകുമാരി.









