2025 ല്‍ കേരളീയര്‍ക്ക് നഷ്ടപ്പെട്ട വൈവിധ്യങ്ങളായ വ്യക്തിശ്രേഷ്ഠരില്‍ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ജനകീയ കലാകാരനായിരുന്നു ശ്രീനിവാസന്‍.
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ 45 വര്‍ഷത്തോളം പലപാട് ഇടപഴകിയ അസാമാന്യനായ ഒരു കലാകാരനായിരുന്നു നമ്മെ പിരിഞ്ഞുപോയ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്‍.
മലയാളസിനിമയുടെ ആരംഭകാലം മുതല്‍ നിലനിന്നിരുന്ന നായക സങ്കല്പത്തെ തട്ടിയുടച്ച് സമൂഹത്തിന്റെ താഴെക്കിടയിലുള്ള മനുഷ്യരുടെ മോഹങ്ങളും, മോഹനിരാസങ്ങളും വികാരവായ്പ്പോടെ ഹൃദയത്തിലേക്കേറിഞ്ഞുതന്ന അനശ്വരമായ സര്‍ഗ്ഗനിലാവ് കൂടിയായിരുന്നു അണഞ്ഞുപോയ ഈ സ്‌നേഹ’ശ്രീ’.
താന്‍ നെയ്‌തെടുക്കുന്ന കഥയിലെ ഉള്ളടക്കത്തില്‍ ചാര്‍ത്തുന്ന കുഴിബോംബിന്റെ വീര്യവും, അത് ആവിഷ്‌ക്കരിക്കുന്നതിന് കൗശലപൂര്‍വ്വം തെരഞ്ഞെടുക്കുന്ന ലാളിത്യമാര്‍ന്ന അവതരണശൈലിയും മറ്റ് സിനിമാപ്രവര്‍ത്തകരില്‍ നിന്ന് ശ്രീനിവാസനെ തികച്ചും വ്യത്യസ്തനാക്കിയിരുന്നു. അതിനുള്ള തെളിവുകളായിരുന്നു അദ്ദേഹത്തിനെ തേടി കയറിവന്ന സംസ്ഥാന-കേന്ദ്ര പുരസ്‌ക്കാരങ്ങള്‍.
പി. എ. ബക്കര്‍ജിയുടെ ‘മണിമുഴക്ക’ ത്തിലൂടെ മലയാളസിനിമാലോകത്ത് മുഖരിതമായിതുടങ്ങിയ ആ പ്രതിഭാധ്വനി 45 വര്‍ഷങ്ങളോളം കേരളീയരുടെ മനസാക്ഷിയില്‍തീര്‍ത്ത മുഴക്കങ്ങളുടെ അളവ് എത്രയെന്നുപറയാന്‍ അളവുകോലുകള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്.
എം. സുകുമാരന്റെ ചെറുകഥയെ ആസ്പതമാക്കി പി. എ. ബക്കര്‍ വളരെ മുന്‍പ് സംവിധാനം ചെയ്ത ‘സംഘഗാനം’ എന്ന സിനിമയിലാണ് ആദ്യമായി ഈ നടന്‍ എനിക്ക് അനുഭവപ്പെടുന്നത്. അറിവ്/സത്യം തേടിപ്പോകുന്ന ഒരാളുടെ വിഹ്വലതകളുടെ പരിണാമദശകളാണ് ചിന്തോദ്ദീപകമായ ആ ചലച്ചിത്രത്തിലെ വിഷയം.
1979 ല്‍ പുറത്തിറങ്ങിയ ആ ചിത്രം കാണാന്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ഞങ്ങളുടെ എസ്. എഫ്. ഐ സംഘം തൃശ്ശൂര്‍ രാഗത്തിലേക്ക് മാര്‍ച്ച് ചെയ്തത് ഇന്നലെയെന്നപോലെ ചിന്തയില്‍ മിന്നിമറയുന്നു.
ഏറെ കാലത്തിനുശേഷം ഞാനും, വിടപറഞ്ഞ മികവുറ്റ സുഹൃത്ത് സുരഷ് പട്ടാലിയും, കഥാകൃത്ത് വി. ആര്‍. സുധീഷും കൂടി സുധീഷിന്റെ ‘കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍’ എന്ന ചെറുകഥയ്ക്ക് ദൃശ്യരൂപമൊരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുമായി പാലക്കാട് ഫോര്‍ട്ട് പാലസ് ഹോട്ടലിലെ ശ്രീനിവാസന്റെ മുറിയില്‍ ചര്‍ച്ചചെയ്യാന്‍പോയ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ ഉണരുന്നു. അന്ന് ഗുരുവായൂരില്‍ ടി. വി. ചന്ദ്രന്റെ ‘പൊന്തന്‍മാട’ യുടെ ലൊക്കേഷനില്‍ നിന്ന് പി. ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുപറഞ്ഞതുകൊണ്ടാണ് തിരക്കഥാരചനയുടെ തിരക്കിലായിരുന്ന ശ്രീനിവാസന്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം ഒഴിവാക്കി തന്നത്. മറക്കാനാവാത്ത ആ നിമിഷങ്ങളിലെ ചിരിയമിട്ടുകളിലെ വര്‍ണ്ണശബളിമ ഇപ്പോളും കൊഴിഞ്ഞുതീര്‍ന്നിട്ടില്ല.
*സിനിമാ ലോകത്തെ പൂത്തിരികള്‍
കേരളീയരുടെ മനസാകെ ശ്രീനിവാസന്‍സിനിമകളിലെ സ്വയം പരിഹസിക്കുന്ന സംഭാഷണ ശകലങ്ങളും, അതിന് അനുയോജ്യമാം തരത്തിലുള്ള
രംഗനിര്‍മ്മിതിയിലെ അസാമാന്യമായ ചാരുതയും മായാതെ പതിഞ്ഞു കിടപ്പുണ്ട്. നിര്‍വ്യാജമായ മനസ്സിനെ ക്രിയാത്മകതയിലെ സൂക്ഷ്മ തലങ്ങളിലേക്ക് അര്‍പ്പിച്ചതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായിരുന്നു അവയൊക്കെ.
‘നാടോടിക്കാറ്റി’ലെ ദാസനും – വിജയനും പങ്കുവെച്ച തൊഴില്‍രഹിതന്റെ വിഷമങ്ങളും സ്വപ്നങ്ങളും മറ്റ് ഏതൊരു കലാരൂപത്തിനും ഇത്രയും സുതാര്യമായി അവതരിപ്പിക്കാനായിട്ടില്ല. ‘വടക്കുനോക്കിയന്ത്രം’ പോലുള്ള സിനിമയിലെ തളത്തില്‍ ദിനേശനിലൂടെ മനുഷ്യമനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചേറ് ചുരണ്ടെടുത്ത് പൊതുജനസമക്ഷം കൂട്ടിയിട്ട അനുഭവ ദൃശ്യങ്ങളും നമ്മള്‍ കണ്ടതാണ്.
‘സന്ദേശ’ത്തിലെ സന്ദേശങ്ങള്‍ നിലവിലെ രാഷ്ട്രീയ മണ്ഡലത്തിലും, ദൈനംദിന ജീവിതത്തിന്റെ ചുവടുവെപ്പുകളിലും കൂടുതല്‍ തെളിമയോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുപോലും കേരളീയര്‍ അനുഭവിച്ചതാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വ്യഭിചരിക്കുന്നവരുടെ യുക്തിരഹിത പ്രവര്‍ത്തനങ്ങളും, കോണ്‍ഗ്രസ് പതാകയുടെ ശുദ്ധിയെ കളങ്കപ്പെടുത്തുന്നവരുടെ ദുഷിച്ച ചിന്തകളില്‍ ആസ്വസ്ഥരായ ജനങ്ങളുടെ വിയോജിപ്പുകളായിരുന്നു ‘സന്ദേശ’ത്തിലൂടെ വെളിപ്പെടുത്തിയത്.
*സിനിമാ വഴിയിലെ ഉത്തരവാദിത്തങ്ങള്‍
കാലത്തിന് രണ്ടുമുഴം മുന്നേ മനസ്സെറിഞ്ഞ് വരുംവരായ്മകളെ തിരിച്ചറിഞ്ഞിരുന്ന ഈ ദീര്‍ഘവീക്ഷണന്റെ കലാനിപുണത സമസ്ത മേഘലകളിലും ഒഴുകി ചെന്നിരുന്നു എന്നതിന്റെ വെളിവാണ് ‘ഉദയനാണ് താരം’. സംസ്‌കൃതരെന്ന് വിളമ്പുന്ന ഓരോ മനസ്സിലും അടിഞ്ഞുകൂടിയിട്ടുള്ള സൈനഡിനേക്കാള്‍ മൂര്‍ച്ചയുള്ള വിഷവസ്തുക്കളെ തോണ്ടിയെടുത്ത് നമുക്കുമുന്നില്‍ തന്നെ വിളമ്പിതന്ന ഉന്നതശ്രേണിയില്‍ പെടുന്ന ഒരു പാവം രാജകുമാരന്‍ കൂടിയായിരുന്നു ഈ സര്‍വ്വസമ്മതന്‍. സിനിമയുടെ പൊങ്ങച്ചലോകത്തുള്ള അറിയാകഥകള്‍ സിനിമാപ്രേമികളിലേക്ക് തുറന്നുവെച്ച ഒരു കഥാകാരന്റെ ഉണര്‍വാണ് ‘ഉദയനാണ് താര’ ത്തില്‍ നാം കണ്ടത്. സെലിബ്രിറ്റികളുടെ പുടവയ്ക്ക് പിറകിലെ അപശ്രുതികളെ കുറിച്ചായിരുന്നു ഇതിവൃത്തത്തിന്റെ നൂതന മാര്‍ഗ്ഗത്തിലൂടെയുള്ള പ്രതിപാദന ശൈലി.
‘മുനിയാണ്ടി’യെ തേടി അരവിന്ദന്‍ എത്തിയത് ശ്രീനിവാസനിലായിരുന്നു. ടി. വി. ചന്ദ്രന്റെ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന ചിത്രത്തില്‍ ശ്രീനിവാസന് നിര്‍ണ്ണായകമായ പലതും ചെയ്യാനുണ്ടായിരുന്നു.
കെ. ആര്‍. മോഹനന്റെ ‘സ്വരൂപ’ത്തില്‍ ശ്രീനിവാസന്‍ ചെറുതല്ലാത്ത പ്രകാശം പൊഴിച്ചിട്ടുണ്ട്. അങ്ങനെയങ്ങനെ പലരൂപങ്ങളില്‍ ഭാവങ്ങളില്‍ ഓരോ മലയാളിയുടെ ഹൃദയസോപാനത്തിലും ഒരു ശ്രീനിവാസപ്രതിഷ്ഠ രൂപപ്പെടാനിടയായിട്ടുണ്ട്.
‘ചിദംബര’ത്തിനുശേഷം അരവിന്ദന് ശ്രീനിവാസന്‍ എന്ന പ്രതിഭയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക സാധ്യതകളില്‍ കൗതുകം ജനിക്കുകയും
‘ചിദംബര’ത്തിന്റെ ജൈത്രയാത്രകളില്‍ അരവിന്ദനോടൊപ്പം ശ്രീനിവാസനേയും സഹയാത്രികനായി പങ്കെടുപ്പിക്കുക പതിവായിരുന്നു.
ഇതിന്റെ പേരില്‍ ‘ചിദംബര’ത്തിലെ മറ്റുചില പ്രധാനികള്‍ക്ക് അരവിന്ദനോട് സ്വകാര്യമായി ചില പിണക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് ചലച്ചിത്രലോകത്തെ രഹസ്യമായ മര്‍മ്മരങ്ങള്‍.
വ്യക്തിവികാസത്തിലായാലും സമൂഹവളര്‍ച്ചയിലായാലും ഒരു കലാരൂപവും കലാകാരനും ചെയ്തുതീര്‍ക്കേണ്ടതായ ഉത്തരവാദിത്തങ്ങളില്‍ ഏറെദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ശ്രീനിവാസന്‍. തികഞ്ഞ മതേതരവാദിയും, കറപുരളാത്ത കമ്മ്യൂണിസ്റ്റ് മനസ്സിന്റെ ഉടമയുമായിരുന്ന അദ്ദേഹം അപൂര്‍വമായിമാത്രം സിനിമാലോകത്ത് കണ്ടുവരുന്ന നെറിവുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. ഇഹലോകത്തുനിന്ന് മറഞ്ഞുനിന്നാലും അദ്ദേഹത്തിന്റെ മനസ്സിന്റെ ആലയില്‍ ചുട്ടെടുത്ത അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ
വരുംതലമുറയിലെ പ്രേക്ഷകരോടൊപ്പവും നിരന്തരം സംവാദങ്ങള്‍ നടത്താന്‍ ആ സൃഷ്ടികള്‍ക്ക് ശേഷിയുണ്ട്. അത്തരം സര്‍ഗ്ഗധാരകള്‍ പരക്കുന്ന ജീവിതവീഥികളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നേറുവാന്‍ നമുക്ക് ശ്രമിക്കാം. അതാണ് ഈ ഡിസംബറിന്റെ തണുത്ത പുലരിയില്‍ വിടപറഞ്ഞ കഥാവശേഷന് നല്‍കാനുള്ള ഏറ്റവും മികച്ച ആദരം.










