‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’
എന്നു തുടങ്ങുന്ന
ചങ്ങമ്പുഴയുടെ
‘എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും
അവിടെല്ലാം
പൂത്ത മരങ്ങള്‍ മാത്രം’ എന്ന ഗാനശകലം പോലെ ഈ കഴിഞ്ഞ ആഴ്ചകളില്‍
എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും
ലോകം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു. ഡിസംബര്‍ 25 ന് ക്രിസ്മസ്സാഘോഷം….
ഡിസംബര്‍ 31നും
ജനുവരി
1 നുമായി പുതുവത്സരാഘോഷം….
എന്നാല്‍
ലോകമലയാളികള്‍
വീണ്ടുമെരാഘോഷത്തിന്റെ പെരുമ്പറ മുഴങ്ങിക്കേട്ടു.
കേട്ടത് പെരുമ്പറയല്ലെന്നു മാത്രം.
താളലയമേളങ്ങളോടു കൂടിയ ശ്രുതിമധുരമായ
ശുദ്ധസംഗീതത്തിന്റെ മാസ്മരശബ്ദം
മായാനദിപോലെ
എവിടെനിന്നോ
ഒഴുകയെത്തുന്നു…….
മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും കേള്‍ക്കുവാനിഷ്ടപ്പെടുന്നതുമായ
ഗന്ധര്‍വ്വനാദം……
ജനുവരി പത്ത്.
മലയാളകള്‍ക്ക് മറക്കാനാവാത്ത ഒരായിരം പാട്ടുകളുമായി ഓരോ വര്‍ഷവും ജനുവരി പത്ത് മുന്നിലെത്തും.
ഗാനഗന്ധര്‍വ്വന്‍, യേശുദാസ് എന്നീ ചുരുക്കപ്പരില്‍ മലയാളികള്‍ സ്‌നേഹത്തിന്റെ
ഹൃദയഭാഷയില്‍
വിളിക്കുന്ന,
പത്മശ്രീ, പത്മഭൂഷണ്‍,
പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം
ആദരിക്കുന്ന
കാട്ടാശേരി ജോസഫ് യേശുദാസിന്റെ ജന്മദിനം. ജനുവരി പത്ത്.
ആയിരത്തിതൊള്ളായിരത്തിനാല്പത് ജനുവരി
പത്തിന് ഗാനരചയിതാവും
സംഗീതജ്ഞനും
നാടകനടനുമായിരുന്ന
ശ്രീ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റേയും ഏഴു മക്കളില്‍ രണ്ടാമനായി ഫോര്‍ട്ടു കൊച്ചിയില്‍ ജനിച്ച യേശുദാസ് ആയിരത്തിതൊള്ളായിരത്തിനാല്‍പ്പത്തിയൊമ്പതില്‍ ഒമ്പതാം വയസ്സില്‍ എറണാകുളം
സെന്റ് ആല്‍ബര്‍ട്ട്‌സ്
സ്‌കൂള്‍ ഗ്രൗണ്ടില്‍
ആദ്യത്തെ കച്ചേരി
അവതരിപ്പിച്ച് നാട്ടുകാരായ ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി
സംഗീതത്തിന്റെ
പടവുകള്‍
സ്വയം ചവിട്ടിക്കയറി
ഗാനഗന്ധര്‍വ്വപദവിയില്‍ എത്തിച്ചേരുകയായിരുന്നു.
ഈ യാത്രവേളയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പല അഭിമുഖങ്ങളിലായി ശ്രോതാക്കളോട് പങ്കുവച്ചിട്ടുണ്ട്.
ചെറുപ്പത്തില്‍
ചുള്ളിക്കലിലെ ഒരമ്പലത്തിലെ ഉത്സവത്തിന് കച്ചേരി പാടിയതിനേക്കുറിച്ച് യേശുദാസ് മനോരമക്കു നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.
അന്നുമുതല്‍ നാട്ടുകാര്‍ ദാസപ്പന്‍ ഭാഗവതര്‍ എന്നും
കാട്ടാശേരി കൊച്ചുഭാഗവതര്‍ എന്നും പേരു നല്‍കി ആ കൊച്ചുബാലന്റെ സംഗീതവാസനയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അന്നു തുടങ്ങിയ
പ്രോത്സാഹനം
ഇന്നും മലയാളികള്‍ മാത്രമല്ല, ഭാരതീയരും
സംഗീതപ്രേമികളായ ലോകജനത
മുഴവനും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഈ അംഗീകരമാണ്
അദ്ദേഹത്തെ
‘ഗാനഗന്ധര്‍വ്വന്‍’
എന്ന പദവിക്ക് അര്‍ഹനാക്കിത്തീര്‍ത്തത്.
സംഗീത ഗവേഷകരുടെ കണക്കനുസരിച്ച്
വിവിധ ഭാഷകളിലായി
50,000ലേറെ ഗാനങ്ങള്‍ ആലപിച്ച ഗാനഗന്ധര്‍വ്വന്
ലഭിച്ച
പുരസ്‌കാരങ്ങളും
അംഗീകാരങ്ങളും
നിരവധി.
മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം
8 തവണ.
മികച്ച പിന്നണിഗായകനുള്ള കേരളസര്‍ക്കാര്‍ പുരസ്‌കാരം
25 തവണ.
മികച്ച ചലച്ചിത്രഗായകനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം
8 തവണ.
മികച്ച ചലച്ചിത്ര
പിന്നണിഗായകനുള്ള ആന്ധ്രാപ്രദേശ്
സര്‍ക്കാര്‍ പുരസ്‌കാരം
6 തവണ.
മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്‌കാരം
5 തവണ.
മികച്ച ചലച്ചിത്ര
പിന്നണി ഗായകനുള്ള
പശ്ചിമബംഗാള്‍
സര്‍ക്കാര്‍
പുരസകാരം
ഒരു തവണ.
(പിന്നെയുമുണ്ട് പുരസ്‌കാരങ്ങളുടെ ഒരു നീണ്ട പട്ടിക…….)
വിലമതിക്കാനാവാത്ത സമ്മാനപ്പെരുമഴയുടെ കോരിച്ചൊരിച്ചിലാണ് ഏവരുടെയും ജന്മിനത്തില്‍ അനുഭവിച്ചറിയുക. അതുതന്നെയായിരിക്കാം ഗാനഗന്ധര്‍വ്വനായ ഡോക്ടര്‍ യേശുദാസും
അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നന്മയുടെ, നന്ദിയുടെ, സ്‌നേഹത്തിന്റെ, ഓര്‍മ്മകളുടെ ഒരൊത്തുചേരല്‍! അതാണ് ജന്മദിനം !
ജന്മം തന്ന മാതാപിതാക്കളോട് നന്ദി. ഓരോവ്യക്തിയുടേയും ജന്മദിനത്തില്‍ എത്രയോപേര്‍ സന്തോഷിച്ചുട്ടുണ്ടാവാം !
ഒരു കുഞ്ഞിന്റെ
ജന്മദിനത്തില്‍ ഏതോ ഒരു നഴ്‌സ് സന്തോഷിച്ചിരിക്കാം.
ഒരു ഡോക്ടര്‍ സന്തോഷിച്ചിരിക്കാം.
ഒരു ഹോസ്പിറ്റല്‍ മുഴുവന്‍ സന്തോഷിച്ചിരിക്കാം.
വീടും നാടും ലോകം മുഴുവന്‍തന്നെ സന്തോഷിക്കുന്നില്ലന്നാരു കണ്ടു ?
ജര്‍മ്മനിപോലുളള രാജ്യത്ത് സര്‍ക്കാര്‍ കിന്റര്‍ ഗെല്‍ഡ് (ശിശുപരിപാലന പാരിതോഷികം) നല്‍കി മാതാപിതാക്കള്‍ക്കൊപ്പം ശിശുവിന്റെ ജനനത്തില്‍ സന്തോഷിക്കുന്നു.
നമ്മുടെ ജന്മത്തില്‍ ഭൂമിയിലെ ഓരോ പുല്‍ക്കൊടിയും, സകലജീവജാലങ്ങളും, ആകാശത്തിലെ പറവകളും സൂര്യചന്ദ്രന്മാരുള്‍പ്പടെ കോടാനുകോടി നക്ഷത്രങ്ങളും സന്തോഷിക്കുന്നണ്ടാവാം.
കാരണം ഈ ചരാചരചാലകശക്തി പൂര്‍ണ്ണമാകണമെങ്കില്‍ ഈയൊരുജന്മം അനിവാര്യമായിരുന്നിരിക്കണം. ഈ തിരിച്ചറിവാണ് ഓരോ പിറന്നാള്‍ദിനവും
നമുക്ക് നല്‍കുന്നത്.
യേശുദാസിന്റെ
പിറന്നാള്‍ ദിനവും
നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇതുതന്നെയാണ്.
ഈ ചാലകശക്തി ക്രിയാത്മകമായി ഉപയോഗപ്പെടാതെപോകുമ്പോഴാണ് ലോകസന്തുലിതാവസ്ഥയില്‍ കോളിളക്കങ്ങള്‍ സ്രഷ്ടിക്കപ്പെടുന്നത്.
മനുഷ്യര്‍ പരസ്പരപൂരകങ്ങളായി നിലകൊള്ളുമ്പോള്‍മാത്രമെ മാനവരാശിയുടെ നിലനില്‍പ്പ് സാധ്യമാവുകയുള്ളു !
സുരഭിലസുന്ദരമായ ഈ ഭൂമിയില്‍ ഒരു ജന്മം! എത്ര സ്തുതിച്ചാലും മതിവരുമൊ ഈ ജന്മത്തിനൊരുനന്ദിയേകുവാന്‍ ! നന്ദിചൊല്ലിത്തീര്‍ക്കുവാനീജീവിതം പോരായെന്ന ഗാനരചയിതാവിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?
ശ്രീ നാരായണ ഗുരുവിന്റെ നാലുവരി ശ്ലോകം
(‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ
സര്‍വ്വരും
സോദരത്വേന
വാഴുന്ന
മാതൃകാ സ്ഥാനമാണിത്’)
ചൊല്ലി ‘കാല്‍പ്പാടുകള്‍’
എന്ന സിനിമയ്ക്കുവേണ്ടി പിന്നണിഗാനാലാപനത്തിന് ഹരിശ്രീ കുറിച്ച യുവഗായകന്
പിന്നീടൊരിക്കലും
തിരിഞ്ഞുനോക്കണ്ടി വന്നിട്ടില്ല. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു.
യേശുവിന്റെ ജനനസമയത്ത് ആകാശശക്തികള്‍മുഴുവന്‍ ഉണര്‍ന്നെണീറ്റു ! നക്ഷത്രങ്ങള്‍ തലചായ്ച്ച് ഭൂമിയിലേക്കിറങ്ങി വന്നു. അദര്‍ശ്യശക്തികളായ മാലാഖമാര്‍ ആട്ടിടയന്മാരുമായി സന്തോഷം പങ്കുവച്ചു. പൂര്‍വ്വദേശത്തെ ജ്ഞാനികള്‍-രാജാക്കന്മാര്‍ സമ്മാനങ്ങളുമായി യാത്രയാരംഭിച്ചു !
ഈ ഭൂമിയിലെ ഓരോ ജന്മവും വിലപ്പെട്ടതാണ്. ജന്മമൊരുപുണ്യം. ജന്മഭൂമിയെന്നുമൊരുപുണ്യഭൂമിയും.
എന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നത് മലയാളസിനിമയിലെ ഒരപൂര്‍വ്വസുന്ദരമഹാസഖ്യമായിരുന്ന വയലാര്‍-ദേവരാജന്‍-യേശുദാസ് ത്രയമാണ്.
പാട്ടിന്റെ വരമൊഴിപ്പെരുമയും സംഗീതസിദ്ധിയും ഒത്തുചേര്‍ന്നൊരപൂര്‍വ്വജന്മം-വയലാര്‍ രാമവര്‍മ്മ.
കവിയും ഗാനരചയിതാവും
മാനവമൈത്രിയുടെ വക്താവുമായ
വയലാര്‍ രാമവര്‍മ്മ.
ആത്മാവിനെ തൊട്ടറിഞ്ഞ ദേവരാഗങ്ങള്‍ സംഗീതപ്രമികള്‍ക്ക് ആവോളം ആസ്വദിക്കുവാന്‍
അവസരം സൃഷ്ടിച്ച
പാട്ടിന്റെ രാജശില്പി , ദേവരാജന്‍ മാസ്റ്റര്‍.
സ്വരലയതാളങ്ങള്‍ ശബ്ദസൗന്ദര്യലഹരിയില്‍ സമന്വയിപ്പിച്ച
ഗാനഗന്ധര്‍വ്വന്‍
ഡോക്ടര്‍ കെ.ജെ.യേശുദാസ്. ആരും കൊതിക്കുന്ന പാട്ടുകളെഴുതി,
ആരും കൊതിക്കുന്ന
ഈണം പകര്‍ന്ന്
ആരും കൊതിക്കുന്ന
ശബ്ദസൗന്ദര്യമായ് മാറിയ എത്രയെത്ര ഗാനങ്ങള്‍ !
‘ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ‘ എന്ന മനോഹര ഗാനം
മറക്കുവാന്‍ മലയാളികള്‍ക്ക്
കഴിയുമോ?
വയലാര്‍ വരികളെഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം
പകര്‍ന്ന്
ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഈ മനോഹരഗാനം
നമുക്കൊന്നു കേട്ടാലോ?
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍
തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്തുതരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മംകൂടി..
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ?
ഗന്ധര്‍വ്വഗീതമുണ്ടോ ?
വസുന്ധരേ ! വസുന്ധരേ….
കൊതിതീരുംവരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ…….
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ ?
സ്വപനങ്ങളുണ്ടോ? പുഷ്പ്പങ്ങളുണ്ടോ ?
സ്വര്‍ണ്ണമരാളങ്ങളുണ്ടോ ?
വസുന്ധരേ !
വസുന്ധരേ……
മതിയാകുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ? ‘
ഇത്ര മനോഹരമായൊരു വര്‍ണ്ണന ആസ്വദിക്കുമ്പോള്‍ ആരാണ് ഈ മനോഹരതീരത്ത് ഒരു ജന്മം കൂടി ആഗ്രഹിക്കാത്തത്. ഇവിടെയീഭൂമിയില്‍ ജനിക്കട്ടെ
ഇനിയുമൊരായിരം
പണ്യാത്മാക്കള്‍ !









