സ്‌കൂള്‍ വേനലവധിക്കാലത്ത് നാട്ടിന്‍പുറത്തുള്ള കുട്ടികളുടെ ഒരു വിനോദമാണ് കശുമാങ്ങ കുലയോടെ എറിഞ്ഞിടുക. അങ്ങനെ ശേഖരിക്കുന്ന കശുവണ്ടി വിറ്റ് സിനിമ കാണുന്നവരും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നവരും എന്തിനേറെ പറയുന്നു ചുട്ടു തല്ലി പൊട്ടിച്ചു തിന്നുന്നവരും ഉണ്ട്.
നാട്ടില്‍ മസൂരി ദിനം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ കശുവണ്ടി ചുടാന്‍ അനുവാദം ഉണ്ടാവില്ല. കശുവണ്ടി ചുടുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം മസൂരി ദേവതയെ ചൊടിപ്പിക്കുമത്രേ. ഇന്നും നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരം വിശ്വാസം നിലവിലുണ്ട്. ഇത് തികച്ചും അജ്ഞതയാണെങ്കിലും ഇവിടെ ഭാവനയുടെ കാമ്പുണ്ട്.
ഞാന്‍ ഇതിവിടെ പറയുമ്പോള്‍ ഇത് വായിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കശുവണ്ടിയുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ടാവും.
അതവിടെ നില്‍ക്കട്ടെ. ഏറെ വിദേശ നാണയം നേടിത്തരുന്ന ഒരു കയറ്റുമതി ഉല്‍പ്പന്നമാണ് കശുവണ്ടി. കമ്പോളത്തില്‍ വലിയ വിലയുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ്. അതിനുള്ള കാരണം ഇതിന്റെ രുചിയും പോഷക ഗുണവും ആണ്.
ഇതില്‍ ജീവകങ്ങള്‍ കൂടാതെ കോപ്പര്‍, മെഗ്‌നീഷ്യം, മാംഗനീസ്, തുടങ്ങിയ ഖനിജങ്ങള്‍ വേണ്ടത്രയുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത ഇതില്‍ ധാരാളമായി കാണുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ( omega-3 fatty acid) ആണ്. കൂടാതെ മാംസ്യവും നാരുഘടകങ്ങളും വേണ്ടത്രയുണ്ട്.
കശുവണ്ടി അസ്ഥി, മസ്തിഷ്‌ക കോശങ്ങള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണങ്ങളിള്‍ ഏര്‍പ്പെടുന്നവര്‍ക്കും നല്‍കുന്നത് വളരെ നന്നാണ്. ഇത് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ഉപകരിക്കുന്നു.
ഈസ്‌ട്രോജന്‍ നില ക്രമീകരിക്കുന്നതിനാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ കശുവണ്ടി കഴിക്കുന്നത് നന്നായിരിക്കും.
മാറിടത്തിലെ കാന്‍സര്‍ രോഗികളുടെ സംഖ്യ വര്‍ദ്ധിച്ചുവരികയാണ്. കശുവണ്ടി സ്ത്രീകളിലെ മാറിടത്തിലെ ക്യാന്‍സര്‍ തടയുന്നു.
കശുവണ്ടി കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചു കാണും എന്ന് ഒരു ആക്ഷേപമുണ്ട്. ആ ധാരണ തെറ്റാണ്. കശുവണ്ടി നല്ല കൊളസ്‌ട്രോള്‍(HDL) വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോള്‍(LDL) കുറയ്ക്കുകയും ചെയ്യുന്നു.
ഇതിലൊക്കെ ഉപരി ഇത് വ്യക്തികളുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 25 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മടികൂടാതെ കഴിക്കാവുന്നതാണ്.
ഇത്രയൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്ന് വച്ച് കശുവണ്ടി ഒരുപാട് കഴിക്കരുത്. മുതിര്‍ന്ന ഒരാള്‍ക്ക് ഏതാണ്ട് പത്ത് എണ്ണം കശുവണ്ടി ആകാവുന്നതാണ്. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഒരാള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കശുവണ്ടിയുടെ എണ്ണത്തില്‍ മാറ്റം വരുത്താം.
കശുവണ്ടി. എപ്പോഴും ഏതു പ്രായത്തിലും കഴിക്കാവുന്നതാണ്. ഇത് ഒരു nsack ആണ്.
പച്ച കശുവണ്ടിയില്‍ അവിയല്‍ തുടങ്ങിയ കറികള്‍ ഉണ്ടാക്കാവുന്നതാണ്. കശുവണ്ടി ഉപയോഗിച്ചുള്ള ധാരാളം ബേക്കറി ഉത്പന്നങ്ങള്‍ ലഭ്യമാണ്.
. സദ്യകളിലെ ഒരു പ്രധാന ഐറ്റമാണ് പ്രഥമന്‍. മധുരരസ പ്രധാനിയായ ഒരുതരം പായസമാണ് ഇത്. പ്രഥമന്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെ വായില്‍ വെള്ളമൂറും. സദ്യ ഉണ്ണാന്‍ പോകുന്നത് തന്നെ പ്രധാനമായും പ്രഥമനകളുടെ രുചി നുണക്കാനായിട്ടാണ്. പ്രഥമന്‍ എന്ന പേര് തന്നെ ഒന്നാമന്‍ എന്ന അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു.
അട പ്രഥമന്‍ , കടല പ്രഥമന്‍, എന്നിങ്ങനെ പലതരം പ്രഥമനുകള്‍ ഉണ്ടാക്കുന്നു. നെയ്യില്‍ വറുത്ത കശുവണ്ടി ഇതില്‍ ചേര്‍ക്കുന്നു. കശുവണ്ടി ചേര്‍ക്കാത്ത പ്രഥമന്‍ പ്രഥമനേ അല്ല.
കശുവണ്ടിക്ക് നമ്മുടെ സംസ്‌കാരവുമായി ബന്ധമുണ്ട് എന്നതിന് ഇതില്‍പരം തെളിവ് എന്തു വേണം?
ബ്രസീലാണ് ജന്മദേശം. പോര്‍ച്ചുഗീസുകാര്‍ (പറങ്കികള്‍) ലോകമെങ്ങും കോളനി സ്ഥാപിക്കാന്‍ ഓടി നടന്ന കൂട്ടത്തില്‍ കശുവണ്ടിയും പ്രചരിപ്പിച്ചു. അങ്ങനെ അത് നമ്മുടെ നാട്ടിലും എത്തി. പറങ്കികള്‍ കൊണ്ടുവന്നതിനാല്‍ ഇത് പറങ്കിമാവുമായി. അങ്ങനെ പറങ്കിയണ്ടിയും പറങ്കി മാങ്ങയും ഉണ്ടായി. പറങ്കി മാങ്ങയെ കുറിച്ച് വിശദമായി അടുത്ത ചാപ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാം.
Cashew nut എന്നാണ് ഇതിന്റെ ഇംഗ്ലീഷിലെ പേര്. അനാകാര്‍ഡിയം ഓക്‌സിഡന്റെല്‍ (Anacardium occidentale) എന്നാണ് ശാസ്ത്രനാമം. കുടുംബം അനാകാര്‍ഡിയേസീ (Anacardiaceae). കശുമാവ് ഒരു ഉഷ്ണമേഖല നിത്യഹരിത മരമാണ്.









