മലയെ ബലാത്സംഗം ചെയ്ത് മതിയാവാത്തവരോട്
സന്ധിയില്ലാ സമരം ചെയ്‌തൊരാള്‍.
ഭൂമിയുടെ മേലാപ്പ് തുളച്ചവരോട് ശോഷിച്ച കൈകള്‍ കൊണ്ട് പടവെട്ടിയൊരാള്‍.
പച്ചപ്പിന്റെ കബന്ധങ്ങള്‍ അരിഞ്ഞു വീഴ്ത്തിയവരെ
നിയമം കൊണ്ട് മുട്ടുകുത്തിച്ചൊരാള്‍.
ദുര്‍ബലയായ ഭൂമീദേവിയുടെ മാറില്‍ യന്ത്രക്കൈകള്‍ മാന്തിപ്പറിച്ചപ്പോള്‍
ചെറിയ ശരീരം കൊണ്ട് ചെറുത്തു നിന്നൊരാള്‍.
പോയി .
ഇനിയില്ല
ആ ശാന്തമായ ശബ്ദവും കാരുണ്യം തുളുമ്പുന്ന കണ്ണുകളും.
മുഖത്ത് കൃത്രിമ സങ്കടം ഒട്ടിച്ചുവെച്ച ജാഡരാഷ്ട്രീയക്കാരന്റെ റീത്തുകള്‍ നെഞ്ചത്ത് ചുമക്കാതെ ,
ശവപ്പെട്ടിക്കരികിലും സ്വകാര്യതയുടെ തുണി പൊക്കി നോക്കുന്ന വ്‌ലോഗര്‍മാരുടെ ചെറ്റത്തരമില്ലാതെ.
ആദരവിന്റെ
ആചാരവെടിയില്‍ അന്തരീക്ഷത്തില്‍ പടരുന്ന പുകയിലെ മലിനീകരണത്തെപ്പോലും പേടിച്ച് ,
ഭൂമിയെ ,
പ്രകൃതിയെ
പ്രപഞ്ചത്തെ സ്‌നേഹിച്ചും കരുതിയും പരിഗണിച്ചും
കൊതി തീരാതെ….
ജനസഞ്ചയത്തിന്റെ അകമ്പടിയില്ലാതെ..
ശാന്തമായി
പ്രിയപ്പെട്ട മാധവ് ഗാഡ്ഗില്‍ യാത്രയായി .
ശ്വാസംമുട്ടിക്കുന്ന വിഷവാതകങ്ങളില്ലാത്ത സുന്ദരമായ ലോകത്തിലേക്ക്.
യാത്രാമംഗളങ്ങള്‍..









