LIMA WORLD LIBRARY

വാക്കുകളും പ്രവൃത്തികളും മുറിവേല്‍പ്പിക്കരുത് – മിനി സുരേഷ് (Mini Suresh)

അടുത്തിടെ ഒരു കല്യാണത്തില്‍ സംബന്ധിക്കുവാന്‍ പോയി. ഉറ്റ ബന്ധുവിന്റെ
അളിയന്റെ മകന്റെ വിവാഹമാണ്. ഞങ്ങള്‍ മൂന്നു
പേര്‍ സംസാരിച്ചു നില്‍ക്കുകയാണ്. ബന്ധു വന്ന്
അതില്‍ ഒരാളോട് മാത്രം കാര്യമായി ചിരിച്ച് സംസാരിച്ചിട്ട് പോയി. മറ്റു രണ്ടു പേരെയും മൈന്‍ഡ് ചെയ്തതു പോലുമില്ല. തലേ ദിവസം
തന്നെ തിരുവനന്തപുരത്തെത്തി വിവാഹത്തില്‍
സംബന്ധിച്ചത് അദ്ദേഹവുമായുള്ള ബന്ധം ഓര്‍ത്താണ്. എന്നിട്ട് ഇങ്ങനെയൊരു സമീപനം
വന്നപ്പോള്‍ അറിയാതെ ഒരു നിമിഷം ‘അയ്യേ , എന്നൊരു ചിന്ത മനസ്സില്‍ കയറിയെങ്കിലും ശുഭചിന്തകള്‍ നിറച്ച് ആ നെഗറ്റീവിനെ ചവറ്റുകുട്ടയിലേക്കെറിഞ്ഞു.

പൊതുയിടങ്ങളില്‍ ഇടപഴകുമ്പോള്‍ വലിപ്പചെറുപ്പമില്ലാതെ മറ്റുള്ളവരോട് പെരുമാറുമാന്‍ ശീലിക്കേണ്ടത് കേവലം മാനവിക
ജീവിതത്തിന്റെ അടിസ്ഥാന തത്വമാണ്. വെള്ളിനാണയത്തിലേക്ക് ഈ വിഷയം തെരഞ്ഞെടുക്കുവാനും കാരണമുണ്ട്. സമാനമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. അതൊക്കെ മുറിവായോ
പകയായോ ഒക്കെ മനസ്സില്‍ നാം സൂക്ഷിച്ചു
വച്ചാല്‍ കേടു വരുന്നത് നമുക്ക് തന്നെ ആയിരിക്കും.

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെ
ബാധിക്കുന്നു എന്ന ബോധം അനിവാര്യമാണ്. പലപ്പോളും നാം ശരിയെന്ന് കരുതുന്ന വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാറുണ്ട്.

ഓരോ മനുഷ്യരുടെയും മനസ്സില്‍ പുറമേ പ്രകടിപ്പിക്കാത്ത വേദനകളും അനുഭവങ്ങളും
ഒളിഞ്ഞു കിടപ്പുണ്ട്. ചിരിച്ചു കൊണ്ട് നടക്കുന്ന
പലരും ഉള്ളില്‍ വിഷാദം പേറുന്നവരായിരിക്കും. മൗനം പാലിക്കുന്ന പലരെയും അഹങ്കാരികളായും
ചിത്രീകരിക്കാറുണ്ട്. ജീവിതക്ലേശങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ കൊണ്ട് തളര്‍ന്നവരെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ
സ്വയം കെട്ടിപ്പൊക്കുന്ന കമ്പിവേലിക്കെട്ടുകള്‍ക്കിടയിലിട്ട് തളക്കുന്നത്
ശരിക്കും ക്രൂരതയാണ്. സ്വന്തം കുറവുകള്‍
തിരിച്ചറിയാതെ മറ്റുള്ളവര്‍ക്ക് നേരെ ബോഡി ഷെയിമിംഗ് നടത്തുന്നവരുമുണ്ട്. സഹാനുഭൂതി ഉള്ളവര്‍ മറ്റുള്ളവരുടെ
വികാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. എനിക്ക് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊരു ചിന്ത ഭരിച്ചാല്‍ അവിടെ പെരുമാറ്റം
മൃദുലമാകും. വാക്കുകള്‍ക്ക് കാരുണ്യമേറും.
സോഷ്യല്‍ മീഡിയയിലൂടെ ഉള്ള വിമര്‍ശനങ്ങള്‍
കൊടുമ്പിരി കൊള്ളുന്ന കാലമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളത് മറ്റൊരാളിന്റെ മനസമാധാനം
തകര്‍ക്കുവാന്‍ വേണ്ടിയാകരുത്. സത്യം പറയുമ്പോളും അതെങ്ങനെ അവതരിപ്പിക്കണം
എന്നൊരു ബോധം ഉള്ളിലുണ്ടാകണം. ഊഹാപോഹങ്ങള്‍ വച്ച് കാണാത്തതും അറിയാത്തതുമായ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടി
പറത്തി വിടുന്നത് തെറ്റാണ്.
കുടുംബത്തിലും സൗഹൃദങ്ങളിലും സമൂഹത്തിലും ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്
പരസ്പര ബഹുമാനത്തിലാണ്. സ്‌നേഹത്തോടെ
പറയുന്ന വാക്കുകളും ഉപദേശങ്ങളും ഒരാളുടെ
ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. എന്നാല്‍
ചിന്തയില്ലാതെ പറയുന്ന വാക്കുകള്‍ മറ്റൊരാള്‍ക്ക് ജീവിതകാലം മുഴുവനും ഉണങ്ങാത്ത മുറിവായി മാറാനും കഴിയും.
മറ്റുള്ളവരുടെ മനസ്സിനെ നോവിക്കാതിരിക്കാന്‍
മാത്രമല്ല അവരുടെ വികാരങ്ങളെ ആദരിക്കുവാനും പഠിക്കണം. കൂടെയുള്ളവരെ ചേര്‍ത്തു പിടിക്കുന്ന വാക്കുകളാണ് മനുഷ്യനെ
മനുഷ്യനാക്കുന്നത്.
ഈ ലോകത്ത് നമ്മള്‍ ഓര്‍ക്കപ്പെടുന്നത് കണ്ണുനീര്‍ തുടച്ച കൈകളിലൂടെയാണ്. കണ്ണുനീര്‍
വരുത്തിയ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമല്ല. സത്ചിന്തകളും സത്പ്രവൃത്തികളുമാണ് നല്ല സമൂഹത്തിന്റെ
അടിത്തറ പാകുന്നത്.

 

  • Comment (2)
  • ഇവിടെ ആർക്കും ആരോടും കടപ്പാടില്ലാത്ത കാലഘട്ടമാണിത .ബന്ധങ്ങൾ ശാശ്വാതമല്ല..എല്ലായിടത്തും സ്നേഹത്തിന്റെ പൊയ്മുഖങ്ങൾ’…………..– ആശംസകൾ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px