നമ്മുടെ പുരോഗതിയുടെ ശത്രുക്കളാണ് ഭയവും സംശയവും. സ്വയം സഹതപിക്കാന്‍ സൃഷ്ടിക്കുന്ന അന്ധകാരത്തില്‍ നിന്നാണ് ഭയവും സംശയവും ഉരുത്തിരിയുന്നത്. നമ്മില്‍ തന്നെ നാം വേരൂന്നുന്ന ചിന്തകള്‍ പിഴുതെടുക്കാതെ സാഹചര്യങ്ങളെ അതിജീവിച്ചു മുന്നേറാന്‍ കഴിയുകയില്ല. സാഹചര്യങ്ങളോട് പ്രതിഷേധിക്കാതെ നമ്മുടെ പുരോഗതിക്കു വേണ്ടി അവയെ ഉപയോഗിക്കാന്‍ ഒരുങ്ങുമ്പോള്‍ മാത്രമേ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണരുകയുള്ളൂ.
ഇപ്രകാരം തങ്ങളിലെ അദൃശ്യ ശക്തികളെ തട്ടിയുണര്‍ത്തിയവരാണ് ഹെലന്‍ കെല്ലറും റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണും ഫാദര്‍ ഡാമിയനുമൊക്കെ. ഇങ്ങനെ സ്വയം ദു:ഖിച്ചിരിക്കാതെ മറ്റുള്ളവരുടെ നന്മയിലേക്കു മുഖം തിരിച്ച ശ്രേഷ്ഠ വ്യക്തികളെ നാം മാതൃകകളാക്കണം. അതായത് നാം നമ്മില്‍ തന്നെ അഭിരമിച്ചിരിക്കാതെ അപരനന്മയിലേക്കു കൂടെ നമ്മുടെ മുഖം തിരിക്കണം.









