വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഊട്ടി പോലെ മറ്റൊരിടമില്ല.
ഊട്ടി ഒന്നു സന്ദര്‍ശിയ്ക്കാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ വിരളം. ഊട്ടി കണ്ടവരുടെ മനസ്സില്‍ എപ്പോഴുമുണ്ടാവും ഊട്ടിയുടെ കുളിര്.
ഊട്ടി തരുന്ന പതു പതുത്ത തണുപ്പ് നുകരാന്‍ പിന്നെയും പിന്നെയും അവിടേക്ക് യാത്ര ആഗ്രഹിക്കുന്നവരാണ് മിക്കവരും.
മനസ്സില്‍ പ്രണയവും ആര്‍ദ്രതയും കവിതകളും വിരിയാന്‍ വശ്യമായ സൗന്ദര്യത്തിന്റെ ഭാഗമാവാന്‍ ആരാണ് ആഗ്രഹിയ്ക്കാത്തത്.
ഊട്ടി എന്ന ശബ്ദം പോലും മനസ്സില്‍ കുളിരു കോരുന്നു. ഊട്ടി തണുപ്പിന്റെ പര്യായമാണ്. പ്രകൃതി സൗന്ദര്യത്തിന്റെ ആകൃതിയാണ്.
കോച്ചുന്ന തണുപ്പില്‍ മദ്യപിച്ച് പുതപ്പിനുള്ളില്‍ അമരാന്‍ മോഹവുമായി ഊട്ടിയില്‍ എത്തുന്നവര്‍ അനവധി. അതു കൊണ്ടായില്ല. കാഴ്ചയുടെ കുലപതി ആവാനാകണം.
വിനോദത്തിലുപരി വിജ്ഞാനം. അതാണ് ഊട്ടി. ഊട്ടിയെ കുറിച്ച് അറിയണമെങ്കില്‍ ഒരുവട്ടമെങ്കിലും അവിടം സന്ദര്‍ശിയ്ക്കണം. വെറുതെ സന്ദര്‍ശിച്ചാല്‍ മാത്രം പോര. ഊട്ടിയെ മനസ്സില്‍ പേറാന്‍ കൂടിയാവണം.
മാനത്തോളമുയര്‍ന്ന ഗിരി ശൃംഗങ്ങള്‍, മഞ്ഞു പുതച്ചുറങ്ങുന്ന താഴ് വാരങ്ങള്‍, വൈവിധ്യമാര്‍ന്ന സസ്യ ജാലങ്ങള്‍, അങ്ങനെ അനവധി ഘടകങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരിടം. അതാണ് ഊട്ടി.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, സയന്‍സ് മ്യൂസിയം, ത്രെഡ് ഗാര്‍ഡന്‍, ഫേണ്‍ ഹൗസ്, തടാകങ്ങള്‍, മാനത്തോളമുയര്‍ന്ന ദൊഡ്ഡബെട്ട ഗിരിശൃംഗം, ചോക്ലേറ്റ് ഫാക്ടറികള്‍, തേയിലത്തോട്ടങ്ങള്‍, മേട്ടുപാളയം മുതല്‍ ഊട്ടി വരെ നീളുന്ന റെയില്‍ പാളം. അങ്ങനെ എത്രയെത്ര ചാരുതയാര്‍ന്ന വിജ്ഞാനപ്രദമായ ദൃശ്യ വിഭവങ്ങളാണ് ഊട്ടി നമുക്ക് സമ്മാനിക്കുന്നത്.
ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ഊട്ടിയെ അറിയാനാവില്ല. ഊട്ടി സമ്മാനിച്ച അനുഭവങ്ങള്‍ കന്‍മദം മണക്കുന്ന സുഗന്ധമായി എന്നും നമ്മുടെ ഹൃദയത്തില്‍ ഉണ്ടാവും.









