LIMA WORLD LIBRARY

പ്രണയത്തിന്റെ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ – വി. അഷ്റഫ്

ലോകം പ്രണയാര്‍ദ്രമാവാന്‍ കുറിച്ചിട്ട ചില വരികള്‍ …

‘നിങ്ങളാരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി നിങ്ങളുടെതായിരിക്കും. ഇല്ലെങ്കില്‍, അവര്‍ ഒരിക്കലും നിങ്ങളുടെതായിരുന്നില്ല’

‘വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല’

‘മറക്കാതിരിക്കുക, നിങ്ങളുടെ നഗ്‌ന പാദങ്ങള്‍ അനുഭവിക്കാന്‍ ഭൂമിയും മുടികളില്‍ തലോടാന്‍ കാറ്റും ആഗ്രഹിക്കുന്നുണ്ടെന്ന്’

‘മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകള്‍ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍ ഒരുമിച്ച് നീങ്ങുന്ന രണ്ട് കൈകള്‍ പോലെയാണ് മനുഷ്യര്‍’

”നിന്നിലുണ്ടായിട്ടും നീ അറിയാതെ പോയ ഒന്ന്’……എന്റെ പ്രണയം”

‘എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക
പുല്‍ക്കൊടികളും മുന്തിരിയിലകളും
അത് കണ്ട് അസൂയപ്പെടട്ടെ’…

‘ആരോടും പറയാതെ യാത്ര ചെയ്യുക, ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക, സന്തോഷത്തോടെ ജീവിക്കുക, ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യന്‍ നശിപ്പിച്ചു കളയും.’

‘എന്റെ ഹൃദയമേ നീ നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക ലോകത്തിനു മുന്നില്‍ അത് ഒളിച്ചു വെക്കുക നിനക്ക് നല്ല ഭാവി ഉണ്ടാകും രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഢിയായി കരുതുന്നു പ്രണയത്തിനു ഏറ്റവും നല്ലത് നിശബ്ദതയും നിഗൂഡതയുമാണു ‘…

”ഒരു ദിവസം നിങ്ങള്‍ എന്നോട് ചോദിക്കും ഏതാണ് കൂടുതല്‍ പ്രധാനമെന്ന്? എന്റെ ജീവിതമോ നിങ്ങളുടെ ജീവിതമോ? ഞാന്‍ എന്റേത് എന്ന് പറയും നീ എന്റെ ജീവനാണെന്ന് അറിയാതെ നടന്നുനീങ്ങും”..

”പരസ്പരം സ്‌നേഹിക്കുക ; എന്നാല്‍ സ്നേഹബന്ധം ഉണ്ടാക്കരുത്. അത് നിങ്ങളുടെ ആത്മാക്കളുടെ തീരങ്ങള്‍ക്കിടയില്‍ ചലിക്കുന്ന കടലായിരിക്കട്ടെ”..

”ഒരു പകലിലും കാണാനാകാത്ത വെളിച്ചം നിന്റെ കണ്ണുകളിലുണ്ടല്ലോ. നീ എന്നെ അമര്‍ത്തി ചുംബിക്കുമ്പോഴെല്ലാം ഞാന്‍ കാറ്റേറ്റ പൂമരം പോലെ തളിര്‍ക്കുന്നു; തളിര്‍ക്കുമ്പോള്‍ ഞാനെന്നെ മറക്കുന്നു”..

”ഈ രാവിന് പകലിനോടും പുഴയോടും എന്തൊക്കെയാണ് പറയാനുള്ളത്. ഓരോ രാവും പ്രഭാതം വിരുന്നിനെത്തും വരെ സ്വപ്നങ്ങള്‍ നെയ്തെടുക്കാറുണ്ട്. ഒരിക്കല്‍, ഒരിക്കല്‍ മാത്രം മധുരമായൊരു സ്വപ്നം രാവെനിക്കു
സമ്മാനിച്ചു. ലില്ലിപൂക്കളാല്‍ അലങ്കരിച്ച ആ രാവിനെ ഞാനെന്റെ കാമുകിയായി ഹൃദയത്തിലേക്ക് എടുത്തുവച്ചു. അവളിപ്പോഴുമെന്‍ ഹൃദയത്തിലിരുന്നു പാടുന്നുണ്ട്. ആ പാട്ടുകളെല്ലാം ഈ രാവ് പെയ്തിറങ്ങും മുന്‍പ് നിനക്കു കൊരുത്തു തരാം. നീയെനിക്കു
സമ്മാനിച്ചതാണല്ലോ ഈ രാവുകള്‍. ‘

‘ഇനി നീ എന്നാണ് കിനാവില്‍ വരിക?
ഇനി നീ എന്നാണ് വാക്കുകളുടെ നീലത്തടാകങ്ങള്‍
ഈ ദേവാങ്കണത്തില്‍ ഒരുക്കുക?
എന്റെ കാത്തിരിപ്പിനു ശലഭഭംഗിയുണ്ടെന്ന്
നീ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല.’

‘ഫലങ്ങള്‍ക്ക് വേരുകളോട് പറയാനാവില്ല എന്നെ പ്പോലെ പഴുത്ത് പാകമാവണമെന്നും ഉള്ളത് മുഴുവനും നല്കികൊണ്ടിരിക്കുകയും ചെയ്യണമെന്ന്. ഫലത്തിന്റെ ധര്‍മം പ്രദാനം ചെയ്യുക എന്ന പോലെ വേരിന്റെ ധര്‍മം സ്വീകരിക്കുക എന്നതത്രെ. കൂട്ടമായ പരിശ്രമത്തിലൂടെ മികച്ച അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കാമെന്നും ഇരുണ്ട നിലങ്ങളില്‍ നന്മയുടെ നിറവിളക്കുകള്‍ കത്തിക്കാമെന്നും ഉള്ള പ്രത്യാശ ‘

”സാഗരത്തിന്റെ ഉപരിതലത്തില്‍ ഒഴുകി നടക്കുന്ന വെറുമൊരു നുരയാണ് മനുഷ്യന്‍.ഒരു കാറ്റടിക്കുമ്പോഴേക്കും അവന്‍ അപ്രത്യക്ഷനാവും അതേ വരെ നിലനിന്നിട്ടേയില്ല എന്ന പോലെ”..

മതത്തെ സ്വകീയ താല്‍പര്യങ്ങളുടെ സംരംക്ഷണത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെ ജിബ്രാനെന്നും സമരമുഖത്തുണ്ടായിരുന്നു. അങ്ങനെയാണ് ഭ്രാന്തന്‍ ജോണ്‍ മുതല്‍ മനുഷ്യപുത്രനായ യേശു വരെയുള്ള കൃതികള്‍ വിരചിതമാവുന്നത്.

യേശുവിനെ സ്നേഹിച്ചവരും വെറുത്തവരുമായ എഴുപതെട്ടു കഥാപാത്രങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതം അടയാളപ്പെടുത്തുന്നതും, ജിബ്രാന്റെ ഏറ്റവും ദീര്‍ഘമേറിയതുമായ മനുഷ്യപുത്രനായ യേശു ഏകദേശം രണ്ടു പതിറ്റാണ്ടുകളുടെ തയ്യാറെടുപ്പോടെ രചിക്കപ്പെട്ടതാണ്.
അധികാര മോഹികളായ പുരോഹിത വര്‍ഗം രൂപപ്പെടുത്തിയ സങ്കല്പങ്ങളില്‍ നിന്നും യേശുവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് ‘ഭ്രാന്തന്‍ ജോണി’ല്‍ നിറഞ്ഞുനില്‍ക്കുന്നത്.തണുത്ത മണ്‍ കുടിലുകള്‍ക്ക് നടുവില്‍ കൂറ്റന്‍ പള്ളികള്‍ നിര്‍മിക്കുന്നതിലെ അപഹാസ്യതയെ അദ്ദേഹം വെറുക്കുകയും പരിഹസിക്കുകയും ചെയുന്നു.

ഭരണകൂടത്തിന്റെ വികലമായ നയങ്ങളോട് എപ്പോഴും കലഹമായിരുന്നു ജിബ്രാന്‍
‘പ്രവാചകന്റെ ഉദ്യാന’ത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു

‘ഞാനെന്റെ ഏകാന്തതയിലിരുന്ന് ചെയ്യുന്നത് നാളെ ആയിരമായി പ്രതിധ്വനിക്കും. ഞാനിന്ന് ഏകഹൃദയത്തോടെ മന്ത്രിക്കുന്നത് നാളെ ആയിരം ഹൃദയങ്ങളേറ്റു പാടും’.

‘വിശ്വാസങ്ങള്‍ നിറഞ്ഞതും മതത്താല്‍ പൊള്ളയായതുമായ രാഷ്ട്രത്തോടു സഹതപിക്കുക

‘സ്വന്തമായി നെയ്യാത്ത വസ്ത്രം അണിയുകയും
സ്വന്തമായി കൊയ്യാത്ത അപ്പം തിന്നുകയും സ്വന്തം മുന്തിരി ചക്കുകളില്‍ നിന്നൊഴുകാത്ത വീഞ്ഞ് പാനം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രത്തോടു നിങ്ങള്‍ സഹതപിക്കുക’!

‘ചട്ടമ്പിയെ നായകനായും
മിന്നിത്തിളങ്ങുന്ന യുദ്ധ ജേതാവിനെ ഔദാര്യവാനായും
കരുതുന്ന രാഷ്ട്രത്തോടു നിങ്ങള്‍ സഹതപിക്കുക’

‘സ്വപ്നത്തില്‍ തീക്ഷ്ണവികാരത്തെ പുശ്ചിച്ചു തള്ളുകയും ഉണര്‍ച്ചയില്‍ തൃഷ്ണയ്ക്ക് കീഴ്‌പ്പെട്ടുപോകുകയും ചെയ്യുന്നതിനോട് നിങ്ങള്‍ സഹതപിക്കുക ‘

‘ശവഘോഷയാത്രയില്‍ നടന്നു നീങ്ങുമ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുകയും സ്വന്തം ജീര്‍ണ്ണതകളില്‍ മാത്രം വീമ്പിളക്കുകയും വാളിനും കട്ടയ്ക്കുമിടയില്‍ കഴുത്ത് വച്ചിരിക്കുമ്പോള്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രാഷ്ട്രത്തോടു നിങ്ങള്‍ സഹതപിക്കുക’

‘രാജ്യ തന്ത്രജ്ഞന്‍ കുറുക്കനായിരിക്കുകയും
തത്വജ്ഞാനി അമ്മാനമാട്ടക്കാരനായിരിക്കുകയും ,
കല അനുകരണവും ഒട്ടിച്ചുചേര്‍ക്ക പ്പെടലുമായിരിക്കുന്ന
ഒരു രാഷ്ട്രത്തോടു നിങ്ങള്‍ സഹതപിക്കുക ‘

Courtesy :FB Post

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px