ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും.ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.എന്നാല്‍ ഒരു യാത്ര തുടങ്ങി വച്ചത് പൂര്‍ത്തീകരിക്കാതെ നിര്‍ത്തുന്നത് ശരിയല്ലല്ലോ എന്ന ചിന്തയില്‍ തുടരുന്നു.
ചുരിദാറിന് പകരം കിട്ടിയ ടോപ്പും അതിന്റെ ബോട്ടവും ധരിച്ചിറങ്ങിയപ്പോള്‍ എനിക്കു തന്നെ ഒരു ധൈര്യമൊക്കെ തോന്നി. കണ്ണാടിയില്‍ നോക്കി പ്രായം അല്പം കുറഞ്ഞെന്നും. ഉടമസ്ഥ പറഞ്ഞു ഈ ഡ്രസ്സ് ആന്റിക്ക് നന്നായി ചേരുന്നു, ഇണങ്ങുന്നുണ്ടെന്നു.മകളും.
അങ്ങനെയും കൂടി കേട്ടപ്പോള്‍ പിന്നെ ചോദിക്കയും വേണ്ട. തെളിഞ്ഞമുഖത്തോടെ അവരോട് യാത്ര പറഞ്ഞു കാറില്‍ കയറി.
പഴയ മൂന്നാര്‍ പിന്നിട്ട് പുതിയ മൂന്നാറിലേക്ക് കടന്നപ്പോള്‍ ഞാന്‍ മോളോട് പറഞ്ഞു. ഇവിടെ ഒരു സി എസ് ഐ പള്ളിയുണ്ട് അവിടെ യാണ് എന്റെ ഒരു കുഞ്ഞനിയനെ അടക്കം ചെയ്തിരിക്കുന്നതെന്നു. അപ്പോള്‍ നമ്മള്‍ സി എസ് ഐ ആരുന്നോ എന്ന് കൊച്ചുമകള്‍. എന്തു പറ്റിയതാണ് എന്നു മകള്‍. ആരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കണം എന്ന് ഒരു നിമിഷം ചിന്തിച്ചു. ഏതായാലും ഒപ്പമിരുന്ന കൊച്ചു മകളുടെ ചോദ്യത്തിന് പ്രാധാന്യം കൊടുത്തു പറഞ്ഞു. ഇംഗ്ലീഷ് കാര്‍ ആണല്ലോ ഇവിടെ വന്ന് ഈ തേയിലത്തോട്ടമൊക്കെ ഉണ്ടാക്കിയതും ഇവിടെ അവര്‍ക്കായി വേണ്ട സൗകര്യങ്ങള്‍ ചെയ്തതും. അങ്ങനെ അവരുടെ പള്ളിയായിരുന്നു അത്.തമിഴരായ തോട്ടം തൊഴിലാളികളും വിവിധ ക്രിസ്തീയ വിഭാഗത്തിലുള്ള മലയാളികളായ ജോലിക്കാരും അക്കാലത്തു മൂന്നാറ്റില്‍ വന്ന് താമസിച്ചു. അവരുടെ ആരാധനയ്ക്കായി ഞായറാഴ്ചകളില്‍ ഓരോ വിഭാഗത്തിനു ഈ പള്ളി അവര്‍ വിട്ടു കൊടുത്തു. പിന്നീടാണ് ഓരോ കൂട്ടരും വെവ്വേറെ പള്ളികള്‍ വച്ചു മാറിയത്. മോന്‍ മരിച്ച സമയത്ത് ആ പള്ളിയെ ഉണ്ടായിരുന്നുള്ളു.അടുത്തത് മോളുടെ ചോദ്യത്തിന് ഉത്തരമായിരുന്നു. രണ്ടര വയസ്സ് പ്രായം.ജനിച്ച ഉടനെ ആരോ പറഞ്ഞു കുഞ്ഞിനെ പന്ത്രണ്ട് വയസ്സ് കൂടുതല്‍ കാണില്ല എന്ന്. എന്നാല്‍ ഉള്ളത് രാജയോഗമായിരിക്കുമെന്ന്.
എന്തായാലും രണ്ടര വയസ്സു വരെയേ അവന്‍ ജീവിച്ചുള്ളൂ. അത് രാജയോഗം തന്നെയായിരുന്നു. അപ്പച്ചന്‍ ഒരു ബൈക്ക് വാങ്ങി. തൊഴുത്ത് നിറയെ പശുക്കളും തോട്ടം നിറയെ കൃഷി വിളകളും. അപ്പച്ചന്റെ ശമ്പളം കൂടാതെ പാലും കാര്‍ഷിക വിളകളും വിറ്റ കാശും. ജീവിതം സുഭിക്ഷം. പക്ഷെ അവന്റ ജീവന്‍ ഒരു വിരയിലൂടെയാണ് കടന്നു വന്നത്. അതും മൂക്കിലൂടെ.അപ്പച്ചന്‍ ബൈക്കു മായി കൂമ്പാന്‍പാറ ഉള്ള സ്ഥലത്തെ കൃഷി നോക്കാന്‍ പോയിരുന്നു. മാനേജരുടെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയില്ല. അവന്‍ ജനിച്ചപ്പോഴേ അമ്മ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. പന്ത്രണ്ട് വയസെ ന്നത് മാറിക്കിട്ടിയാല്‍ അവനെ അച്ചനാക്കാമെന്നു.മരിച്ച കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയിട്ട് ആ രാത്രിയില്‍ തന്നെ സ്വന്തം പുടവ വലിച്ചു കീറി കുപ്പായം തുന്നി ധരിപ്പിച്ചാണ് പിറ്റേന്ന് അവനെ അടക്കത്തിനു കൊണ്ടുപോയതെന്ന് കൊച്ചുകുട്ടികളായ ഞങ്ങള്‍,രണ്ടു ചേച്ചിമാര്‍ പറഞ്ഞു കേട്ട അറിവ്.
മൂന്നാര്‍ ടൗണ്‍ പിന്നിട്ട് മാട്ടുപ്പെ ട്ടി റോഡിലേക്ക് കയറിയപ്പോള്‍
ഡ്രൈവിംഗ് സീറ്റിലിരുന്ന ഷാജി പറഞ്ഞു. ഈ കാണുന്നതാ ഫിലിം സ്റ്റാര്‍സ് ഒക്കെ വന്നാല്‍ താമസിക്കുന്നിടം എന്ന്. മൂന്നാര്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍ ആണല്ലോ.
മാട്ടുപ്പെട്ടിയില്‍ ആനക്കൊട്ടിലില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോള്‍
പുറത്തുനിന്നു ആനപ്പുറത്തു ആള്‍ക്കാര്‍ കഷ്ടപ്പെട്ട്
കയറുന്നതും സവാരി കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ കുട്ടയില്‍ കൈതച്ചക്കയുമായി ഒരാള്‍ അടുത്തെത്തുന്നതും കണ്ടു. ആള്‍ ഓരോന്നോരോന്നായി എടുത്തു പൊക്കി കൊടുക്കും ആനപ്പുറത്തിരിക്കുന്നവര്‍ക്ക് ആനയെ തീറ്റിക്കാന്‍. അതിന് വേറെ ചാര്‍ജാണ്. പിന്നീടാണ് ഇറക്കം. താഴെ ഇറങ്ങുന്ന രീതിയും കണ്ടു.നല്ല ബുദ്ധിമുട്ടിയാണ് ഓരോരുത്തര്‍ കയറുന്നതും ഇറങ്ങുന്നതും.ക്യു നിന്ന് ടിക്കറ്റ് എടുക്കണം.അതിന് മകള്‍ പോകുമ്പോള്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു നിങ്ങള്‍ പോയാല്‍ മതി.ഞാനില്ല.
ടിക്കറ്റ് എടുത്ത് അകത്തിരിക്കാം. ഓരോ കാപ്പിയും കുടിച്ച് ഞങ്ങളും അവരോടൊപ്പം ഇരുന്നു. ടിക്കറ്റ് നിരക്ക് കേട്ടപ്പോള്‍ എന്റെ തീരുമാനം ഉചിതമായെന്നു തോന്നി. എണ്ണൂറ് രൂപ ഒരാള്‍ക്ക്. ഷാജി പറഞ്ഞു ഒന്നര മാസം മുന്‍പ് കുറച്ചു റിലേറ്റീവ്‌സുമായി ചെന്നപ്പോള്‍ മുന്നൂറ് രൂപ ആയിരുന്നത്രെ. സംഗതി പ്രൈവറ്റ് ആണ്. തോന്നുമ്പോള്‍ തോന്നുന്നപോലെ മാറ്റം വരുത്താം. ഫോറിനേഴ്‌സിനെ കാണുമ്പോള്‍ പ്രത്യേകിച്ചും. ഒരിടത്തും എഴുതി വച്ചിട്ടില്ല.
കാത്തു കത്തിരുന്ന് അവരുടെ ഊഴം വന്നു. മോളും മകളും മദാമ്മയും. തള്ള വിരല്‍ ഉയര്‍ത്തി കാട്ടി മൂവരും അകത്തേക്ക് പോയി.
ഞങ്ങളുടെ മുന്നില്‍ക്കൂടി പോയപ്പോഴും കൈവിരല്‍ ഉയര്‍ത്തിക്കാട്ടി ചിരിച്ചുകൊണ്ടാണ് പോയത്. ഫോട്ടോ എടുത്തു കൊടുക്കാന്‍ ആള്‍ റെഡി. ഷാജിയും റെഡിയായിരുന്ന് അവര്‍ വളവു തിരിയുന്നതു വരെ വീഡിയോ പിടിച്ചു. പിന്നെ തിരിച്ചു വരവിനായി കാത്തും.
ഇറങ്ങി പുറത്തു വന്നപ്പോള്‍ മകള്‍ പറഞ്ഞു അമ്മ വരാഞ്ഞത് നന്നായി എന്ന്. അങ്ങനെ എന്റെ രണ്ടാമൂഴവും പാളി.









