LIMA WORLD LIBRARY

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അവശേഷിക്കുന്നത് – സുധാകരന്‍ ചന്തവിള

കഴിഞ്ഞ നാല് വര്‍ഷമായി കേരള നിയമസഭാ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാമത് എഡിഷന്‍ ഇക്കഴിഞ്ഞ 13 ന് സമാപിച്ചു. 150 പരം പ്രസാധകര്‍ മൂന്നൂറോളം സ്റ്റാളുകളിലായി അണിനിരന്ന ഗംഭീരമായ പുസ്തകോത്സവം. ഏഴു ദിവസമായി വിവിധ വേദികളില്‍ അരങ്ങേറിയ കലാസാഹിത്യ പരിപാടികള്‍ ഉള്‍പ്പെടെ തലസ്ഥാനനഗരിയെ ലഹരി പിടിപ്പിച്ചു. ഓരോ ദിവസവും അവിടെ വന്നെത്തിക്കൊണ്ടിരുന്ന പതിനായിരക്കണക്കിന് കാഴ്ചക്കാരും ആസ്വാദകരും അതിഥികളും ഉള്‍പ്പെടെ വലിയ ഉത്സവം തന്നെയായിരുന്നു. ഈ അന്താരാഷ്ട്ര പുസ്തകോത്സവം നാലാമത് എഡിഷന്‍ കഴിയുമ്പോള്‍ അവശേഷിപ്പിക്കുന്ന ചില സത്യങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്

കേരളം വായനയുടെയും പുസ്തക പ്രസാധനത്തിന്റെയും സവിശേഷമായ ശ്രദ്ധ നേടിയ സംസ്ഥാനമാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന എഴുത്തുകാരും പ്രസാധകരും പുസ്തകോത്സവങ്ങളും അതിന് തെളിവാണ്. പക്ഷേ പുസ്തകങ്ങള്‍ വേണ്ട രിതിയില്‍ വായിക്കപ്പെടുന്നുണ്ടോ, വായിച്ചവ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ എന്ന ചോദ്യം കൂടി ഈ സന്ദര്‍ഭത്തില്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.

പുസ്തക വായന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെങ്കില്‍ പുസ്തക പ്രസാധനം സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പം നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഉപാധി കൂടിയാണ്. ഒരെഴുത്തുകാരന്റെ / എഴുത്തുകാരിയുടെ ഒരു പുസ്തകത്തിന്റെ 100 കോപ്പികള്‍ വിറ്റഴിഞ്ഞാല്‍ ഇക്കാലത്ത് വലിയ വിജയമാണ് എന്ന് പറയാം . പലരും അഞ്ചും പത്തും പതിപ്പുകളില്‍ എത്തിയെന്ന് അഭിമാനപൂര്‍വ്വം പറയുന്ന പുസ്തകങ്ങള്‍ എത്ര കോപ്പികള്‍ വീതം ഓരോ പതിപ്പിലും പ്രസിദ്ധീകരിച്ചു എന്നതിന്റെ കണക്ക് പുറത്തുവിടുവാന്‍ തയ്യാറാവുമോ. ബിസിനസിന്റെയും പ്രശസ്തിയുടെയും ഭാഗമായി മേനി നടിക്കുന്നു എന്നല്ലാതെ ഗണ്യമായ തരത്തില്‍ പുസ്തകങ്ങള്‍ വിറ്റഴിയുന്നില്ല എന്നതാണ് വാസ്തവം. ആളുകള്‍ ധാരാളമായി കാഴ്ചകള്‍ കാണാന്‍ വരുന്നു എന്നതിനപ്പുറത്ത് പുസ്തകങ്ങള്‍ വാങ്ങുകയോ വായിക്കുകയോ ചെയ്യുന്നില്ല. അധ്യാപകര്‍ പോലും പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് മറ്റൊരു പുസ്തകവും വാങ്ങാനും വായിക്കാനും തയ്യാറാകാത്ത കാലം കൂടിയാണ്. ഇത്തരം സന്ദര്‍ഭത്തിലാണ് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിയമസഭാ മന്ദിരത്തിന് ചുറ്റും നാലുവര്‍ഷമായി അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചുവരുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി സംഘാടനം ഒരേ രീതിയില്‍ മുന്നോട്ടു പോകുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു തനിയാവര്‍ത്തനം. പുസ്തക സ്റ്റാളുകള്‍ നിര്‍മ്മിക്കുന്നതിലും കലാപരിപാടികളുടെ സ്റ്റേജുകള്‍ ഒരുക്കുന്നതിലും അതിഥികളായി എത്തിക്കപ്പെടുന്നതിലും തനിയാവര്‍ത്തനം തന്നെയാണ്. ധാരാളം എഴുത്തുകാരും കലാകാരരും നിറഞ്ഞ സമൂഹമാണ് നമ്മുടേത്. ഓരോ വര്‍ഷവും അതാത് മേഖലയില്‍ പെട്ട വ്യത്യസ്തരായ ആളുകളെ പങ്കെടുപ്പിച്ച് വ്യത്യസ്തമാക്കണമെന്ന ആലോചന സംഘാടകരില്‍ ഇല്ലാതെ പോയെന്ന് പലരും പറയുന്നതായി കേട്ടു. അത് ഏറെക്കുറെ ശരിയാണെന്ന് എനിക്കും ബോധ്യമായി. ഏഴു ദിവസവും അവിടെ പുസ്തക വിപണനവുമായി ബന്ധപ്പെട്ട് ഒരുമ പബ്ലിക്കേഷന്‍സിന്റെ സ്റ്റാളില്‍ പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തു. ഓരോരോ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ പലരും ശ്രദ്ധേയരാണ്. പക്ഷേ അതുപോലെയുള്ള എത്രയോ പേര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കാതെ പുറത്തു നില്‍ക്കുന്നുണ്ട് എന്നുകൂടി സംഘാടകര്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്തു മാനദണ്ഡമാണ് ഇത്തരക്കാരെ ആവര്‍ത്തിച്ച് അവിടെ പങ്കെടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ആരുടെയും വ്യക്തിപരമായ പണം കൊണ്ടല്ലല്ലോ ഇത്തരം പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരിയില്‍ തന്നെ എത്രയോ വയോധികരായ എഴുത്തുകാര്‍ ജീവിച്ചിരിക്കുന്നുണ്ട്. ആരുടെയും പേര് പറയുന്നില്ല. അത്തരക്കാരെ ഇതുവരെയും ഇത്തരം ഉത്സവങ്ങളില്‍ പങ്കെടുപ്പിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ആ സന്ദര്‍ഭത്തിലാണ് ചില എഴുത്തുകാരെ മാത്രം വിദൂരതയില്‍ നിന്ന് ധാരാളം കാശ് ചെലവഴിച്ച് ആവര്‍ത്തിച്ച് പങ്കെടുപ്പിച്ചു കൊണ്ടിരിക്കുന്നത്.

പ്രസാധകരില്‍ നിന്ന് ജി എസ് ടി ഉള്‍പ്പെടെ വലിയ തുകയാണ് സ്റ്റാള്‍ വാടകയായി ഈടാക്കുന്നത്. സ്റ്റാള്‍ വാടകയുടെ തുക പോലും പുസ്തക വില്പനയായി ലഭിക്കാത്ത നിരവധി പ്രസാധകര്‍ ഉണ്ടെന്നുള്ള സത്യം ആരറിയുന്നു. എം എല്‍ എ ഫണ്ടില്‍ നിന്ന് പുസ്തകം വാങ്ങുന്ന വകയില്‍ വര്‍ഷങ്ങളുടെ കുടിശിക പ്രസാധകര്‍ക്ക് കിട്ടാനുമുണ്ട്. അക്കാരണത്താല്‍ ധാരാളം പ്രസാധകര്‍ എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട ലൈബ്രറികള്‍ക്ക് ഈ വര്‍ഷം പുസ്തകങ്ങള്‍ നല്‍കിയില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടു. അത്തരം ലൈബ്രറി പ്രവര്‍ത്തകര്‍ ഓരോ സ്റ്റാളുകളിലും കയറിയിറങ്ങി പുസ്തകം തരുമോ എന്ന് ചോദിച്ചു നടക്കുന്നതും കാണാനിടയായി. എങ്കിലും ഞാന്‍ ഉള്‍പ്പെടെയുള്ള കുറെയേറെ പ്രസാധകര്‍ ഇപ്പോഴും അത്തരം ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വീണ്ടും വിപണനം ചെയ്തു. കാശ് ഏതുകാലത്ത് കിട്ടുമെന്ന് ഉറപ്പില്ല.

ഒരു വലിയ സാംസ്‌കാരിക ഉത്സവമായി സംഘടിപ്പിക്കുന്ന ഈ പുസ്തകോത്സവത്തില്‍ എത്തിച്ചേരുന്നവരെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. അത്തരം മനുഷ്യരോട്, നിങ്ങള്‍ ഒരു പുസ്തകമെങ്കിലും വാങ്ങി മടങ്ങിപ്പോകു എന്ന ഒരു സന്ദേശം സംഘാടകരുടെ ഭാഗത്തുനിന്ന് കൊടുത്തതായി കാണുന്നില്ല. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളകളില്‍ , എല്ലാ പ്രസാധകരുടെ സ്റ്റാളുകളിലും കയറി പുസ്തകങ്ങള്‍ വാങ്ങണം എന്ന അനൗണ്‍സ്‌മെന്റ് ഇടയ്ക്കിടെ നല്‍കാറുണ്ട്. ഫലം മറിച്ച് ആണെങ്കില്‍ കൂടി അവര്‍ അങ്ങനെയെങ്കിലും വിളിച്ചുപറയുന്നുണ്ട്. ഇവിടെ അങ്ങനെയും സംഭവിച്ചിട്ടില്ല. ആളുകള്‍, കാഴ്ചകള്‍ കണ്ടു കടല കൊറിച്ച്, ചായ കുടിച്ച്, ഐസ്‌ക്രീം നുണഞ്ഞ്
പോകുന്ന കാഴ്ച കാണാന്‍ വിധിക്കപ്പെട്ട കുറേ പ്രസാധകര്‍ (അവരില്‍ ചെറുകിടക്കാരാണ് അധികവും). ആരറിയുന്നു ഈ സത്യങ്ങള്‍. സംഘാടകര്‍ പതിവുപോലെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രസാധകര്‍ പതിവുപോലെ പങ്കെടുത്തു കൊണ്ടിരിക്കുന്നു. കഷ്ടവും നഷ്ടവും പങ്കുവെച്ച് പ്രസാധകര്‍ മടങ്ങിപ്പോകുന്നു. പുസ്തകോത്സവങ്ങള്‍ അവസാനിക്കുമ്പോള്‍ ഇങ്ങനെ പലതുകൂടി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന പുസ്തകോത്സവങ്ങളും സാഹിത്യോത്സവങ്ങളും കൊണ്ട് എന്ത് സാംസ്‌കാരിക മുന്നേറ്റമാണ് നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത് എന്ന അന്വേഷണം നടത്തേണ്ടതല്ലേ. മലയാളി വായിച്ചു വളരുന്നുണ്ടോ എന്ന ചോദ്യം നാം നിരന്തരം ചോദിക്കേണ്ടിയിരിക്കുന്നു. ഒക്കെയും കാഴ്ചകളായി തീരുന്ന ഇക്കാലത്താണ് ഇത്തരം പുസ്തകോത്സവങ്ങള്‍ അരങ്ങേറുന്നത്. അതിനാല്‍ കച്ചവടമായിത്തീരുന്ന സംസ്‌കാരവും സാഹിത്യവും ആശയപരമായും അവബോധപരമായും മുന്നേറുന്നുണ്ടോ എന്ന് നാം ചിന്തിക്കുന്നുണ്ടോ.

സര്‍ക്കാര്‍ അധീനതയില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിലെങ്കിലും കക്ഷിഭേദമെന്യേ എഴുത്തുകാര്‍ക്കും കലാകാരര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നിരന്തരമായ ബാന്ധവങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്കു മാത്രം സാധ്യമാകുന്നതാണ് അത്തരം പങ്കാളിത്തങ്ങള്‍ എന്ന് മനസ്സിലാക്കേണ്ടി വരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ ഇത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമോ..? ഓരോരോ മേഖലകളില്‍ പെട്ട നിരവധിപേര്‍ നമ്മുടെ സംസ്ഥാനത്തുള്ളതിനാല്‍ ഓരോ വര്‍ഷവും അത്തരക്കാര്‍ക്ക് മാറിമാറി അവസരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിനും സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഗുണകരമാകും. ഇല്ലെങ്കില്‍ ആവര്‍ത്തനവിരസത കൊണ്ട് നാലാം വര്‍ഷത്തില്‍ എത്തിച്ചേര്‍ന്ന മടുപ്പ് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യത. തുടക്കത്തില്‍ ഉണ്ടായിരുന്ന ശ്രദ്ധയും താല്പര്യവും നാലാം വര്‍ഷത്തില്‍ എത്തിയ
പുസ്തകോത്സവത്തിന് ഇല്ലാതെ പോയതിലുള്ള അനുഭവം പങ്കുവെച്ച പല പ്രേക്ഷകരുടെയും അഭിപ്രായങ്ങള്‍ കൂടി ഇങ്ങനെ ഒരു കുറിപ്പ് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px