LIMA WORLD LIBRARY

പണ്ട് പണ്ട് അമ്മൂട്ടി വയസ്സറിയിച്ചു – ലാലിമ

നേരം പുലര്‍ന്ന് ഏഴ് മണിയോളമായി. അമ്മൂട്ടി കണ്ണ് തുറന്ന് പുതപ്പിനുള്ളില്‍ നിന്നും തല വെളിയിലേയ്ക്കിട്ടെത്തിച്ചു നോക്കി. മുന്‍വശത്തെ വാതിലിലൂടെ സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്നിട്ടുണ്ട്. കോഴിക്കൂട്ടില്‍ ശങ്കുപ്പൂവന്‍ പിടകളോട് ഏതോ കിന്നാരം പറയുന്നുണ്ട്. കൂട്ടിനുള്ളില്‍ ഒരു പൂവനും നാലു പിടയുമാണ്. അവനോട് ലോഹ്യം കാണിക്കാന്‍ പെണ്ണുങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് തോന്നും ചിലപ്പോ ള്‍. ഒരു മൂന്ന് പൂവന്‍മാരെക്കൂടി അമ്മക്ക് കൂട്ടിലിട്ടൂടെ? ഇടയ്ക്കവളോര്‍ക്കാറുണ്ട് .

പരിസരമാകെ ഒന്ന് വീക്ഷിച്ചിട്ട് അമ്മൂട്ടി വീണ്ടും തല പുതപ്പിനുള്ളിലേയ്ക്ക് കുടഞ്ഞിട്ടു.

അപ്പോഴാണ്..

‘അമ്മൂട്ടി ഇതുവരേം എണീറ്റില്ലേ’?.. എന്ന വീട്ടിയമ്മയുടെ ( അമ്മയുടെ അമ്മ) ശബ്ദം അവള്‍ കേള്‍ക്കുന്നത്. തല വെളിയിലേക്കിട്ട് ഒന്നുകൂടി അവള്‍ നോക്കി, വീണ്ടും ചിതറിയ ചിന്തയെ പുതപ്പിനുള്ളില്‍ കയറ്റി.
വടിയും കുത്തിപ്പിടിച്ച്, അടുക്കള ഭാഗത്തേക്ക് നോക്കിക്കൊണ്ട് വീട്ടിയമ്മ മുറിയിലേക്ക് കടക്കുന്നു.

മൂടിപ്പുതച്ച് മുറിയില്‍ കിടക്കുന്ന അമ്മൂട്ടിയെ കണ്ടിട്ട്, അവര്‍
തുടര്‍ന്നു..,

‘ വയസ്സറിയിക്കാറായി പെണ്ണ്… എന്നിട്ടും സൂര്യനുച്ചീലെത്തിയാലും കിടക്കേന്നെണീക്കിണില്ലല്ലോ..’? എന്ന് കുറ്റപ്പെടുത്തി കൊണ്ട് ‘ദേവകിയേ’
എന്ന് വിളിച്ചു.

‘ ഇന്ന് അവധിയല്ലേ അമ്മേ.. അതുകൊണ്ടാ ഞാനും വിളിക്കാതിരുന്നേ’..

ഇതൊക്കെ കേട്ടെങ്കിലും വീണ്ടും കണ്ണുമടച്ച് പുതപ്പിനുള്ളില്‍ തന്നെ ചുരുണ്ടു കൂടി അമ്മൂട്ടി.

‘ അമ്മ എന്തിനാ വടിയും കുത്തിപ്പിടിച്ച് രാവിലെ തന്നെ നടന്നു വന്നത്? ‘

ദേവകി, ലക്ഷ്മി അമ്മയെ കുറ്റപ്പെടുത്തി.പാടത്തിനപ്പുറമാണ് ലക്ഷ്മിയമ്മ താമസിക്കുന്നത്.

‘ ആ ജനത ബസ് പത്ത് മണിക്ക് വരുമ്പോ അതില്‍ കയറി പോരാരുന്നില്ലേ?

‘ ബസ് കയറുന്നിടം വരെ നടക്കുന്ന നേരം പാടം മുറിച്ച് കടന്ന് വേഗത്തിലിങ്ങടെത്താലോ.. ഇന്ന് രാവിലെ കണ്ണ് തുറന്നപ്പോ മൊതല്, എനിക്ക് അമ്മൂനെ കാണാനൊരു കൊതി.

ആലുമ്മൂട്ടിലെ ശാരദേടെ കൊച്ച് മോള് വയസ്സറിയിച്ചൂന്ന് ഇന്നലെ അവള് പറഞ്ഞപ്പോ മൊതല് എനിക്ക് അമ്മൂട്ടീനെ കാണണം ന്ന് ഒരേ തോന്നല്‍. നേരം വെളിച്ചായപ്പ തന്നെ ഞാനിങ്ങു പോന്നു.’

‘ അമ്മൂട്ടിയേ ‘.. ലക്ഷ്മിയമ്മേടെ വിളി കേട്ടപ്പോള്‍ ദേവകി പറഞ്ഞു

‘കുറച്ചു കൂടി ഉറങ്ങിക്കോട്ടെ അമ്മേ? ഇന്ന് ഒഴിവല്ലേ? ഇന്നലെ ഞാന്‍ കുറച്ച് വഴക്കും പറഞ്ഞു.’

എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളില്‍ കിടന്നെങ്കിലും അമ്മൂട്ടി അനങ്ങിയില്ല. എന്തേലും രഹസ്യങ്ങള്‍ വീണു കിട്ടിയാലോ.? അമ്മയും അമ്മൂമ്മയും കൂടുന്ന ചില ദിവസങ്ങളില്‍ രാത്രി അവര്‍ പറയുന്ന രഹസ്യങ്ങള്‍ കേള്‍ക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

‘ തെങ്ങിന് വളമിടാന്‍ വരുന്ന കുഞ്ഞന്‍ പണിക്കനും ബോംബെക്കാരി പ്രഭച്ചേച്ചിയും ഭര്‍ത്താവില്ലാത്തപ്പോള്‍ തമ്മില്‍ കാണുന്നതും, ലൈന്‍മാന്‍ ഗോവിന്ദന്‍ വെളുപ്പിന് പാടത്ത് പണിക്കുപോയ ശാരദയുടെ നേരെ തുണിയഴിച്ചു കാണിച്ചതും, നേഴ്‌സ് ശാന്തയുടെ കെട്ടിയോന്‍ അവളെ ഉപേക്ഷിച്ചു പോയത് അവരുടെ ഇളയ മോന്റെച്ഛന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആയതുകൊണ്ട് ആണെന്നുമൊക്കെയുള്ള രഹസ്യ അറിവുകള്‍ അമ്മൂട്ടിക്ക് പകര്‍ന്നു കിട്ടിയത് രാത്രിയിലെ ആ കുശു കുശുപ്പുകളില്‍ നിന്നുമാണ്.

പക്ഷേ തനിക്ക് പറ്റിയ ഒരു അക്കിടി ഓര്‍ത്ത് അമ്മൂട്ടി പല രാത്രികളിലും ഞെട്ടി ഉണരാറുണ്ട്.

ശാന്തയുടെ അനിയത്തിയുടെ മോള്
അമ്മൂട്ടിയുടെ കൂടെ പഠിക്കുന്ന പ്രസന്നയോട് ഒരു സംശയം തീര്‍ക്കാനായി, അവള്‍ കേട്ടറിഞ്ഞ കാര്യം ഒന്ന് ചോദിച്ചു. അതുകൊണ്ടുണ്ടായ പുകിലൊന്നും പിന്നെ പറയേണ്ട.

നഴ്‌സിന്റെ അമ്മ വീട്ടുമുറ്റത്ത് വന്നു നിന്ന് ഉറഞ്ഞുതുള്ളി. അവരെ കണ്ടപ്പോള്‍, പലപ്പോഴും അവളെ പേടിപ്പെടുത്തിയിട്ടുള്ള, കുംഭ ഭരണിക്ക്,തമ്പുരാന്‍ നടയില് വാളും ചിലമ്പുമണിഞ്ഞ് തുള്ളുന്ന ശങ്കരനെയാണ് അവള്‍ക്ക് ഓര്‍മ്മ വന്നത്.

ദേവകിയുടെ കയ്യിന്ന് അമ്മൂട്ടി അന്ന് നല്ലോണം വാങ്ങിച്ചു കെട്ടി. പക്ഷേ അതുകൊണ്ടൊരു ഗുണമുണ്ടായി, എന്ത് രഹസ്യം കേട്ടാലും( പരദൂഷണം ആണേ..) കേട്ട് രസിക്കുമെന്നല്ലാതെ ഒറ്റയാളോടു പോലും പറയില്ലെന്ന് അമ്മൂട്ടി പ്രതിജ്ഞയെ ടുത്തു .സംശയങ്ങള്‍ പലതുമങ്ങിനെ അവളുടെ മനസ്സില്‍ പലിശയില്ലാത്ത നിക്ഷേപങ്ങളായി കുമിഞ്ഞു കൂടിയിരുന്നു.

‘ എടീ ദേവു…ഇവള് വയസ്സറിയിക്കാറായില്ലേ?. അന്ന് കൊടുതി ഉത്സവത്തിന് കണ്ടപ്പോ, കുറച്ചു നീളോം വച്ച് ചന്തം കൂടിയ പോലെ ണ്ടാരുന്നു എന്റെ കുട്ടി.. ‘

‘ ആയിണ്ടാവും അമ്മേ… പ ന്ത്രണ്ട് തെകയാറായീലോ? ‘

അമ്മൂട്ടിയുടെ ഓര്‍മ്മ രണ്ട് ദിവസം മുന്‍പ് കാവില് വിളക്ക് വയ്ക്കാന്‍ പോകാന്നേരം അമ്മ പറഞ്ഞ വാക്കുകളില്‍ ഉടക്കി നിന്നു.

സര്‍പ്പക്കാവില് വിളക്ക് വയ്ക്കാന്‍ അവളും അമ്മയും കൂടി വൈകുന്നേരം പോകാനിരുന്നതായിരുന്നു. പെട്ടെന്ന് അമ്മ പറഞ്ഞു
‘അമ്മൂട്ടിയെ, ഇന്ന് വിളക്ക് വയ്ക്കാന്‍ പറ്റൂല.. എനിക്ക് തൊട്ടൂടാതായി.’എന്ന്.

പല ദിവസങ്ങളിലും അമ്മൂട്ടിയുടെ ചിന്തകളില്‍ ഈ ‘തൊട്ടുകൂടാതെ ആകുന്നത് വിറകുപെരേല് ഇരുന്ന കുട്ടി സര്‍പ്പത്തിന്റെ പത്തി പോലെ അവളെ അലോസരപ്പെടുത്തുമായിരുന്നെങ്കിലും സംശയം ചോദിക്കാന്‍ ഭയമായിരുന്നു. എന്നിട്ടും ഇന്നലെ രണ്ടും കല്‍പ്പിച്ചവള്‍ കാണുമ്പോള്‍ പാവം പോലെ തോന്നിച്ചിരുന്ന രാധമ്മായിയോട് പോയി ആ സംശയം ചോദിച്ചു.

‘ ഈ തൊട്ടൂടാതാവുന്നത് എങ്ങിനാ അമ്മായി അറിയണത്..?

ഏതോ തെറി കേട്ട പോലെ അമ്മായി അവളെ രൂക്ഷമായി ഒന്ന് നോക്കി.. എന്നിട്ട്

‘അമ്മൂട്ടീ.. എന്തായി ചോദിച്ചേ? കുട്ട്യോള് ചോദിക്കേണ്ട ചോദ്യാണോ ഇത്.. ‘?

അമ്മായിയെ പാവം പോലെ തോന്നിച്ചത് തെറ്റായിപ്പോയി എന്നവള്‍ക്ക് പിന്നീടാണ് മനസ്സിലായത്. രാധമ്മായി അമ്മയുടെ കാതില്‍ ഓതിക്കൊടുത്ത കുനു കുനു പ്പില്‍ രൗദ്രഭാവം പൂണ്ട ദേവകി ,

‘നിനക്ക് എന്തൊക്കെ അറിയണോടീ.. വലുതാവുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ ഇപ്പോഴേ അറിയണം ല്ലേ..?എന്നും പറഞ്ഞായിരുന്നു ബഹളം.

ഇന്നലത്തെ ദിവസത്തെ അമ്മയുടെ കലിതുള്ളല്‍ കണ്ട് പേടിച്ച് പനിക്കുമെന്ന് പോലും അമ്മൂട്ടി വിഷമിച്ചിരുന്നു.

‘ഇന്നിപ്പോ വീട്ടിയമ്മ വന്നല്ലോ? ഇനി വഴക്കൊന്നും പറയില്ലായിരിക്കും.. എന്നെല്ലാം ചിന്തയിലിട്ട് അലക്കി വെളുപ്പിച്ച ചിരിയുമായി, അപ്പോ കണ്ണുതുറന്നതുപോലെ അവളെണീറ്റ് വന്നു.

‘ആ.. വീട്ടിയമ്മ’.. എന്നും പറഞ്ഞുകൊണ്ട് അമ്മൂട്ടി ലക്ഷ്മി അമ്മയെ കെട്ടിപ്പിടിച്ചു.

‘ അമ്മൂട്ടീ.. ‘ എന്നും പറഞ്ഞ് അവര്‍ അവളെയും ചേര്‍ത്തുപിടിച്ചു.

‘പോയി പല്ലു തേച്ചിട്ട് വാടി.’. ശാസന രൂപേണ ദേവകി അതും പറഞ്ഞു, കോഴിക്കൂട് തുറന്നുവിട്ട്, പിടകളുടെ ഇടയില്‍ നിന്നും ശങ്കുവിനെ രക്ഷിക്കാനായി തെക്ക് പുറത്തേക്കു പോയി.

ബാത്‌റൂമിലേക്ക് നടക്കുമ്പോള്‍ അമ്മയും വീട്ടിയമ്മയും പറഞ്ഞത് അമ്മൂട്ടി ഓര്‍ക്കുന്നുണ്ടായിരുന്നു.

‘ അമ്മൂട്ടി വയസ്സ് അറിയിക്കാറായില്ലേ?
‘ വലുതാവുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍.. ‘

ഇതിനു രണ്ടിനും ‘തൊട്ടുകൂടാതായി’ എന്ന വാക്കിനോട് നിഗൂഢമായ എന്തോ ഒരു ബന്ധമുണ്ടെന്നവള്‍ക്ക് തോന്നി.

കണ്ണാടിയില്‍ നോക്കിയ അവള്‍ക്കും അവളുടെ മുഖത്തിന് ഒരു പ്രത്യേക ചന്തമുണ്ടായത് പോലെ ഒരു തോന്നല്‍..

‘കത്തിച്ചു വച്ച വിളക്ക് ‘എന്നൊക്കെ പറയും പോലെ..
കുറച്ചുദിവസമായി നെഞ്ചില്‍ പ്രത്യക്ഷമായി കാണുന്ന നെല്ലിക്ക വലിപ്പങ്ങളും.. നാണം വന്നു അമ്മൂട്ടിക്ക്.

അടിവസ്ത്രത്തിലെ ചുവന്ന പൊട്ടുകള്‍ പിന്നീടാണവള്‍ കണ്ടത്. അത്ഭുതത്തോടെ അത് നോക്കി കാണുമ്പോഴും, അക്കാര്യം അമ്മയോട് പറയാന്‍ ജാള്യതപ്പെടുമ്പോഴും ‘അമ്മൂട്ടി വലുതായി… അമ്മൂട്ടി വയസ്സറിയിച്ചു… അമ്മൂട്ടിക്ക് തൊട്ടൂടാതായി എന്നൊക്കെ ‘അവള്‍ തിരിച്ചറിയുകയായിരുന്നു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px