ഒതളങ്ങാ തുരുത്തില്‍ പതിവുപോലെ ഇത്തവണയും പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞു.
ജയിച്ചവര്‍ ആനന്ദ നൃത്തമാടി, തോറ്റവര്‍ കൂടും കുടുക്കയുമായി
ഒരുമാസടൂര്‍ എന്ന വ്യജേനെ നാടുവിട്ടു.
നാട്ടിലെ ഒരേ ഒരു വായനശാല, ആര്‍ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്, ജയിച്ചവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ തീരുമാനിച്ചു. പഴുതാരയും ചിലന്തിയും കൂടുകൂട്ടിത്തുടങ്ങിയ ഗ്രന്ഥശാല വീണു കിട്ടിയ സുവര്‍ണ്ണാവസരം മുതലാക്കാന്‍ തീരുമാനിച്ചു. ടോള്‍സ്റ്റോയിയും , മാര്‍ക്വിസും, ഷെല്ലിയും, മുട്ടത്ത് വര്‍ക്കിയും ഷെല്‍ഫില്‍ കലഹിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായ് , ഫാത്തിമാ തുരുത്തിലേയ്ക്,ഖസാക്കി ലേയ്ക്ക് ഒരു യാത്ര പ്രതീക്ഷിച്ച് ov യും കുരീപ്പുഴയും പുസ്ത റാക്കില്‍ കാത്തിരുന്ന് മാറാല പിടിച്ചു., നാഷണല്‍ അവാര്‍ഡ് വാങ്ങിയ ധര്‍മ്മന്‍ റാക്കില്‍ ഇരുന്ന് മുഷിഞ്ഞ് പതിവുപോലെ
ആനന്ദിയുടെ കൈ പിടിച്ച്
ചെന്നെ,തെരുവിലൂടെ അലയാന്‍ കൊതിക്കുന്നു. സുരേഷ് കുമാര്‍ യൂദതെരുവിലെമുത്തയുടെ കൂടുവിട്ട് കൂടുമാറുന്നതിന്റെ കണ്ണുനീരും പരിഭവവും പങ്ക് വച്ച് ഹൃദയം പൊടിക്കുന്നു.എല്ലാവര്‍ക്കും കൂട്ട് ലൈബ്രേറിയന്‍മാത്രം .അവരുടെ വഴക്കും പരിഭവവും പങ്ക് വയ്ക്കാനും മന:സിലാക്കാനും ലൈബ്രേറിയന്‍ മാത്രമേയുള്ളു. ഈ ആഘോഷ രാവിലും രജിസ്റ്ററില്‍ ഇവരെ ഒക്കെ കുത്തി നിറയ്ക്കുന്നതിരക്കിലാണ്
ലൈബ്രറേറിയന്‍ സുകു MA ,വായനശാല നിലനില്‍ക്കാനും. തുടര്‍ന്നും ഇതു പോലെ തുടര്‍ന്ന് പോകാനും, വര്‍ഷാവര്‍ഷമുള്ള കണക്കെടുപ്പിന്, താന്‍ മാത്രമേയുള്ളു. എന്ന അഹങ്കാരം.
‘ഉത്ഘാടനത്തിന് ഒരു അരാഷ്ട്രീയന്‍ വേണമല്ലോ
നാട്ടിലെ കവി,കഥാകാരന്‍ എന്ന നിലയില്‍ ഭഗീരഥന്‍ പിള്ളയെ വിളിക്കാന്‍ തീരുമാനിച്ചു. മുഖ്യാഥിതിയും മറ്റു ഉപ പ്രാസംഗീകരും മാത്രം പോരല്ലോ. നാലാള് കേള്‍ക്കനും വേണ്ടേ.
ശേഷം പ്രോഗ്രാം നോട്ടീസില്‍ വലിയ അക്ഷരത്തില്‍ യോഗശേഷം, ഗ്രന്ഥശാല കുട്ടികളുടെ ന്യത്ത ന്യത്യങ്ങള്‍, കസ്തൂര്‍ബകുടുംബശ്രീ അംഗങ്ങളുടെ കൈ കൊട്ടിക്കളി, നാട്ടിലെ മികച്ച കലാകാരന്‍ കൂടിയായ വാര്‍ഡ് മെമ്പറുടെ , വെറുതെ ഈ ‘മോഹങ്ങള്‍ എന്ന ഏകാങ്ക നാടകം ‘
12 മണിമുതല്‍ ആകാശ ദീപക്കാഴ്ച. ശുഭം.
നോട്ടീസ് നാട് മുഴുവന്‍ വിതരണം ചെയ്തു. രുക്കുമണിയേ ,രുക്കുമണിയേ പാട്ടിന്റെ അകമ്പടിയില്‍ , അനൗണ്‍സ്‌മെന്റ് വാഹനം നാടു മുഴുവന്‍ പറന്നു നടന്നു. വള്ളി നിക്കറിട്ട പിള്ളേര്‍ വാഹനത്തിന് പിന്നാലെ ഓടി നോട്ടീസ് കൈക്കലാക്കി സായൂജ്യമടഞ്ഞു.
യോഗദിനം വന്നെത്തി ക്ഷണിതാക്കള്‍ എല്ലാം നേരത്തേ വന്നു. നല്ല മിടുക്കുള്ളവര്‍ ഒന്നാം വരികരസ്ഥമാക്കി.
നാട്ടിലെ സ്വയം പ്രഖ്യാപിത കലാകാരന്‍ മൈക്കിന് മുന്നില്‍ ഹലോ ചെക്ക് ഹല്ലോ ചെക്ക് എന്ന് അലറി കൊണ്ടിരുന്നു. സഹികെട്ട ഉച്ചഭാഷിണി ഹൗളിങ്ങിലൂടെ നിലവിളിച്ച് പ്രതിക്ഷേധമറിയിച്ചു.
വേദിക്ക് മുന്നില്‍ പ്രദേശവാസികള്‍ ഉപവിഷ്ടരായി.
യോഗ നടപടികള്‍ തുടങ്ങി.
വിശിഷ്ടാഥിതികള്‍ മുന്നേ കരുതിയിരുന്ന ചെമ്മരിയാടിന്റെ മുഖം മൂടി വച്ച് ബേ …… ബേ . ശബ്ദത്തില്‍ പ്രസംഗിച്ച് സസ്യഭുക്കുകള്‍ ആയി. കയ്യടിനേടി. അവസാനം കവി ശ്രേഷ്ടന്‍ ഭഗീരഥന്‍ പിള്ളയുടെ ഊഴമെത്തി,
പിള്ള വേദിക്ക് പിന്നിലേയ്ക്ക് പോയി കയ്യില്‍ ബാക്കിയുണ്ടായിരുന്ന കൊട്ടുവടി റം വായിലേയ്ക്ക് കമഴ്ത്തി. ശേഷം നീട്ടി തുപ്പി നരച്ച താടി അരുമയോടെ തടവി കൊണ്ട് മൈക്കിന് മുന്നിലേയ്ക്ക് വന്നു. കൊട്ടുവടി ഉള്ളില്‍ ഉള്ളത് കൊണ്ട് ഭഗീരഥന്‍ പിള്ള ആടിന്റെ മുഖം മൂടി വച്ചില്ല. മാനവികതയെ കുറിച്ചും മതേതരത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചു. വാതോരാതെ പ്രസംഗിച്ചു. പ്രസംഗത്തിനിടയില്‍ അദ്ധ്യക്ഷന്‍ വക തുണ്ട് പേപ്പര്‍ മേശപ്പുറത്ത് എത്തി. പ്രസംഗത്തിനിടയില്‍ മൈക്ക് ഓഫ് ചെയ്യുന്നത് നാണക്കേടാണ് എന്ന തിരിച്ചറിവില്‍ ഒരു കവിതയും ചൊല്ലി പിന്‍വലിഞ്ഞു . ഈ സമയം ന്യത്ത ന്യത്യങ്ങള്‍ക്ക് വേഷമൊരുങ്ങി വന്ന കുട്ടികള്‍ കസേരയില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുകയായിരുന്നു. കുടുംബശ്രീയിലെ ചിലര്‍ പെകയില എരിവില്‍ മുറുക്കാന്‍ ആസ്വദിച്ചു മറ്റു ചിലര്‍ കൊച്ചു വര്‍ത്തമാനത്തില്‍ മുഴുകി.
യോഗനടപടികള്‍ അവസാനിച്ചു എന്ന അറിയിപ്പ് വന്നപ്പോള്‍ പ്രേക്ഷകരുടെ ഞരമ്പ് ഒന്ന് അയഞ്ഞു, ദീര്‍ഘശ്വാസം വിട്ടു മന:സമാധാനപെട്ടു.
പ്രാസംഗികര്‍ താല്ക്കാലികമായി ധരിച്ച ചെമ്മരിയാടിന്റെ മുഖമൂടി ഊരി തറയില്‍ വച്ച് അവര്‍ കുറുക്കനായി കൗശലത്തോടെ വേദി വിട്ടു.
കലാപരിപാടികള്‍ തുടങ്ങി വാര്‍ഡ് മെമ്പറുടെ ഏകാങ്ക നാടകം പേരുപോലെ വെറുതെ മോഹം മാത്രമായി.
വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. കുട്ടികളെക്കാള്‍ മികച്ച കലാകാരികളാണ് എന്ന് വേദിക്ക് വെളിയില്‍ നിന്ന് ആഗ്യ വിക്ഷേപത്തിലൂടെ അമ്മമാര്‍ തെളിയിച്ചു.
പന്ത്രണ്ട് മണിക്ക് മുന്‍പ് വീട് എത്തിയില്ലെങ്കില്‍ അത്താഴപഷ്ണി എന്ന പ്രിയ തമയുടെ ഭീക്ഷണി , മന:സില്‍ വെള്ളിടിയായി.
വീട്ടിലേയ്ക്ക് വച്ചുപിടിച്ചു.
ഉച്ച ഭാക്ഷിണിയിലെ കൈകൊട്ടിക്കളി അകന്നകന്ന് നേര്‍ത്തതായി .
അവസാനം ഞാനും എന്റെ ഹെര്‍ക്കുലീസ് സൈക്കിളും, ചീവീടിന്റെ ശബ്ദവും മാത്രമായി.
അപ്പോഴും ലൈബ്രേറിയന്‍ സുകു MA. ടാഗോറിന്റെയും ദുര്‍ഗ്ഗാപ്രസാദ് ഘാത്രിയുടെയും , നന്ദിതയുടെയും പിറകെ ഓടിക്കൊണ്ടിരുന്നു.












