LIMA WORLD LIBRARY

കളിത്തോഴി – ഷീബ എസ്. ജെയിംസ് (Sheeba S James)

കൃഷ്ണാ…. ഞാനങ്ങയെ എന്തു വിളിക്കണം? പണ്ട് കാളിന്ദീ നദിയുടെ തീരത്ത് കാലി മേച്ചു നടന്നപ്പോള്‍ നിന്റെ കളിത്തോഴി ആയിരുന്ന രാധ തന്നെയാണ് ചോദിക്കുന്നത്. ഈ കാത്തിരിപ്പ് വ്യര്‍ത്ഥമാണെങ്കിലും ഈ ഇടയപ്പെണ്ണ് നിന്നെ ‘വഞ്ചകന്‍’ ‘എന്ന് വിളിക്കില്ല. വൃന്ദാവനത്തില്‍ നടമാടിയ നിന്റെ ലീലകള്‍…..നിന്റെ പാല്‍ പുഞ്ചിരിയില്‍ മയങ്ങിയ ഗോകുലവാസികള്‍ നിനക്ക് വേണ്ടി എന്തെല്ലാം സഹിച്ചു? കുസൃതിയായ നിനക്ക് വേണ്ടി യെശോദയമ്മ പുത്തന്‍ വെണ്ണ എപ്പോഴും തയ്യാറാക്കിയിരുന്നു. ദ്വാരകയില്‍ രാജാവായി വാഴുന്ന അങ്ങ് ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ? ഒരു ധാത്രിയോടെന്ന പോലെ എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയിരുന്ന നീ ഇത്രയും വളര്‍ന്നതായി എനിക്കിന്നും തോന്നിയിട്ടില്ല. കുട്ടിത്തം നിറഞ്ഞ നിന്റെ വാക്കുകള്‍ക്ക് അന്നും പക്വത ഉണ്ടായിരുന്നു. അന്ന് നിന്റെ ശ്യാമ വര്‍ണ്ണത്തിന് പ്രഭ കൂട്ടിയത് ഈ രാധ ആയിരുന്നല്ലോ.

പക്ഷെ അടുത്ത പ്രഭാതത്തില്‍ ഗോപകവാടത്തില്‍ വച്ച് എന്നത്തേയും പോലെ കപട പുഞ്ചിരിയുമായി നീ നില്‍ക്കുന്നുണ്ടായിരുന്നു. ഈ രാധ നിന്നെ പൂര്‍ണ്ണമായി അവകാശപ്പെടാമെന്ന് തെറ്റിദ്ധരിച്ചു. നിന്റെ നിമിഷനേരത്തെ അസാന്നിധ്യം പോലും എന്നില്‍ ആശങ്ക ഉണര്‍ത്തി. ഇതിനിടെ ഗോകുലത്തില്‍ കിംവദന്തികള്‍ ഉയരുകയായിരുന്നു. എന്നെ പോലെ പല രാധമാരുടെയും പേരില്‍. പക്ഷെ കഥാ നായകന്‍ ഒന്നായിരുന്നു എന്റെ മനസ്സ് കവര്‍ന്ന കണ്ണന്‍ തന്നെ.

എത്ര പെട്ടെന്നാണ് നീ ആക്രൂരനോടൊപ്പം മധുരയിലേക്ക് പോയത്. അവിടെ നീ അതി സുന്ദരിയായ രുഗ്മിണിയോടൊപ്പം സുഖമായി നാട് വാഴുകയാണെന്ന് ഇവിടെ ആളുകള്‍ പറഞ്ഞ് ഞാനറിഞ്ഞു. എന്നിട്ടും നീല കടമ്പുകള്‍ പൂക്കുന്ന യമുനയുടെ തീരത്ത്… നദിയിലെ ചെറിയ ഓളങ്ങളില്‍ കണ്ണ് നട്ട് ഞാനിന്നും കാത്തിരിക്കുന്നു.

നിന്റെ പഴയ കളിത്തോഴി രാധ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px