കടയില്‍ അന്‍പത് ബാഗ് പശ വന്നു.
ലോഡിംഗിന് സ്ഥിരമായി രണ്ട് തൊഴിലാളികളെ നിര്‍ത്തിയിട്ടുണ്ട് ഞാന്‍.
വിഷ്ണുവും ഫാസിലും.
‘വേഗം സാദനം എറക്കി വണ്ടി ഫ്രീയാക്കിത്തെരീം. ഇനിക്ക് വേറെ ട്രിപ്പ്ണ്ട്. ‘
ഡ്രൈവര്‍ വല്ലാതെ അര്‍ജന്റ് കൂട്ടി .
‘പോര്‍ട്ടര്‍മാരെ വിള്‍ച്ചാലോ..?’
വിഷ്ണു എന്നോട് ചോദിച്ചു.
‘ഏയ് ഇത് അന്‍പത് ബാഗല്ലേയുള്ളു. അവര് ചെലപ്പോ വേറെ പണീലാവും. ഇത് നിങ്ങള് വേഗം ഇറക്കിക്കോ..’
ഞാനവരോട് പറഞ്ഞു.
‘അവര് കച്ചറ ണ്ടാക്ക്വോ.?’
ഫാസില്‍.
‘ഏയ്..ഇത് കൊറച്ചല്ലേ. കൊറേ വെര്‌മ്പോ എന്തായാലും ഓലെ, വിള്‍ച്ചണം.’
ഞാന്‍ പറഞ്ഞു.
അവരത് ഇറക്കി പകുതിയായതും
ഒരു ലോഡിംഗ് തൊഴിലാളി ബൈക്കില്‍ കടയുടെ മുന്നിലൂടെ പാസ് ചെയ്തു. ഉടന്‍ അയാള്‍ തിരിച്ച് വന്നു.
‘ഇത് ഇങ്ങക്ക് എറക്കാന്‍ പറ്റൂലല്ലോ. ‘
കടുത്ത സ്വരം.
ആള്‍ നല്ല ദേഷ്യത്തിലാണ്.
‘അതാകെ
കൊറച്ചേയുള്ളു. അതാ ഞാന്‍..’
‘കൊറച്ചായാലും കൂടുദലായാലും ഇങ്ങള് എറക്കരുത്. ഇദ് ഞങ്ങളെ
പണ്യാ ണ്. ‘
അയാള്‍ എന്നെ പറയാന്‍ അനുവദിക്കാതെ തുടര്‍ന്നു. എന്നിട്ട് ഫോണെടുത്ത് ആര്‍ക്കോ വിളിച്ചു.
അഞ്ച് മിനിട്ടായപ്പോഴേക്കും അഞ്ചാറു തൊഴിലാളികള്‍ കൂടിയെത്തി.
‘എന്ത് പണിയാ നിങ്ങള് കാണിക്കുന്നേ.
ഞങ്ങള്‍ക്കിവിടെ പണി തീരെ കൊറവാ… അതിന്റെടേല് നിങ്ങളിങ്ങനെ ചെയ്താല് ..!’
അവരുടെ ലീഡറാണ്.
ഞാന്‍ അദ്ദേഹത്തോടും കാര്യം പറഞ്ഞു.
എന്റെ തൊഴിലാളികള്‍ വെറുതെ ഇരിക്കുന്നത് കൊണ്ടാണ് അവരെക്കൊണ്ട് അത് ഇറക്കിച്ചത് എന്നൊക്കെ ഞാന്‍ പറഞ്ഞ് നോക്കി.
‘ഇത് നിങ്ങള് ചെയ്യാമ്പാടില്ല.
ഇത് ഞങ്ങളുടെ ചോറാ . പ്രത്യേകിച്ച്
ഈ സാമ്പത്തിക മാന്ദ്യക്കാലത്ത്. അതും പറ്റെ പണി കൊറഞ്ഞ ഒരു കാലം . ഞങ്ങക്കിവിടെ തീരെ പണില്ല. എല്ലാ മേഖലീലും
അതിഥിത്തൊയ്‌ലാളികളാ. പണില്ലാത്തതിന്റെ ബുദ്ധിമുട്ട് ഇങ്ങക്ക് പറഞ്ഞാ മനസ്സിലാവൂല…’
‘ന്നാ ങ്ങള് എറക്കിക്കോ..’
ഞാന്‍ പറഞ്ഞു.
അവര്‍ അത് മുഴുവന്‍ ഇറക്കി.
കൂലിച്ചീട്ട് വാങ്ങുമ്പോള്‍ ലീഡര്‍ എന്നോട് പറഞ്ഞു.
‘പിന്നെയ് നാളെ പീട്യ അടക്കണം ട്ടോ..നാളെ പണിമുടക്കാ.. തൊറക്കാമ്പാടില്ല.’
‘അപ്പൊ ഇങ്ങക്ക് പണില്ലാ. കഷ്റ്റപ്പാടാണ് എന്നൊക്കെ പര്‍ഞ്ഞത്…?’
ഞാന്‍ ചോദിച്ചു.
‘അതൊന്നും പറഞ്ഞിട്ട് കാര്യല്ല.
പീട്യ അടക്കണം. ‘
അയാളുടെ സ്വരം കര്‍ക്കശമായി.
ഈ സാമ്പത്തികമാന്ദ്യക്കാലത്ത് ഒരു ദിവസം കട തുറന്നില്ലെങ്കില്‍ ആ ദിവസത്തെ കട – ഗോഡൗണ്‍ വാടകക്കും ജീവനക്കാരുടെ ശമ്പളത്തിനും ,
അന്ന് കടയുടേതായി വരുന്ന
മറ്റു ചിലവുകള്‍ക്കും
ഞാനെന്ത് ചെയ്യും എന്ന് ചോദിക്കാനാഞ്ഞെങ്കിലും
‘പണിമുടക്കു ദിവസം
കേരളം മുഴുവന്‍ സ്തംഭിപ്പിക്കും.’
എന്ന തൊഴിലാളിനേതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്‍മുന്നില്‍ തെളിഞ്ഞപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല ..!













