LIMA WORLD LIBRARY

വിശ്വസ്‌നേഹദിനം – ജോസ്‌കുമാര്‍ ചോലങ്കേരി

പുറത്ത് ചന്നംപിന്നം ചാറ്റല്‍മഴ.
മഴയുടെ സംഗീതമാസ്വദിക്കുന്ന പ്രകൃതി.
മഴത്തുള്ളികള്‍ മണ്ണില്‍ ലയിച്ചുചേരുമ്പോള്‍ ഭൂമിക്കുണ്ടാവുന്ന
ഒരാനന്ദലഹരി !
ആ ആനന്ദലഹരിയില്‍
മണ്ണും മനുഷ്യനും മനസ്സും പ്രകൃതിയും ഒന്നായിത്തീരുന്ന അവസ്ഥയില്‍ ഭാവന ചിറകുവിടര്‍ത്തി ആകാശച്ചില്ലകളില്‍ ചേക്കേറുന്നതില്‍ എന്തത്ഭുതം ?
എന്റെ ചിന്തകള്‍ മഴയിയില്‍നിന്നും
മഴമേഘങ്ങളിലേക്കും,
ഇടിയില്‍ നിന്ന് മിന്നലിലേക്കും,
തണുപ്പില്‍നിന്ന് ചൂടിലേക്കും,
ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്കും,
പ്രകാശത്തിനുമപ്പുറം സ്ഥിതിചെയ്യുന്ന സൂര്യചന്ദ്രതാരാഗണങ്ങള്‍ താലോലമാടുന്ന
താരാപഥങ്ങളും കഴിഞ്ഞ് ആദിപരാശക്തിയില്‍ എത്തിച്ചേരുന്നു .
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ആ മഹാ ശക്തിയെ ഈശ്വരനെന്നും ദൈവമെന്നു അല്ലാഹുവെന്നും പേരുചൊല്ലി
മനുഷ്യര്‍ വിളിച്ചു തുടങ്ങി.

ഭാരതീയ ദര്‍ശനമനുസരിച്ച് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യധാരയാണ് ബ്രഹ്‌മം .
ഛാന്ദോഗ്യോപനിഷത്തിലെ
‘തത്ത്വമസ്സി’
(അത്/ബ്രഹ്‌മം നീ തന്നെ)യും ,
ബ്രിഹദാരണ്യോപനിഷത്തിലെ
‘അഹം ബ്രഹ്‌മാസമി’യും
(ഞാന്‍ ബ്രഹ്‌മമാകുന്നു),
ഐതരേയോപനിഷത്തിലെ
‘പ്രജ്ഞാനം ബ്രഹ്‌മം’
(ബോധമാണ്
ബ്രഹ്‌മം)വും
മാണ്ഡൂക്യോപനിഷത്തിലെ ‘അയമാത്മാ ബ്രഹ്‌മം’ (ഈ ജിവാത്മാവ് തന്നെ ബ്രഹ്‌മം) വും
കൂട്ടിവായിക്കുമ്പോള്‍ ഉള്ളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ ബ്രഹ്‌മസ്വരത്തെ ഈ+സ്വരമാക്കി മാറ്റി ഈശ്വരന്‍ എന്നു നാമകരണം ചെയ്യുകയുണ്ടായി.
എന്നാല്‍ കാലക്രമേണ ഈശ്വരോപാസന നടത്തുവാനുദ്ദേശിച്ച് നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ക്ക് ഇതിഹാസരചയിതാക്കളായ ആദികവിയെന്നറിയപ്പെടുന്ന വാല്‍മീകി മഹര്‍ഷിയുടേയും
വ്യാസമുനിയുടേയും തൂലികത്തുമ്പില്‍നിന്നടര്‍ന്നുവീണ വ്യക്തിപ്രഭാവങ്ങളുടെ പേരുകള്‍ നല്‍കി ആചാരങ്ങള്‍ക്ക് വിചാരങ്ങളേക്കാള്‍ പ്രാധാന്യം കല്പിച്ചുകൊടുക്കുകയാണുണ്ടായത്.

കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍
ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യധാരയായ ബ്രഹ്‌മത്തെ ദൈവം എന്നു വിശേഷിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ആരാധനാലയങ്ങളിലും പ്രഭാത-സന്ധ്യാപ്രാര്‍ത്ഥനകളിലും ഈശ്വരന്‍ എന്ന വാക്കിനേക്കള്‍ ഇഷ്ടപ്പെടുന്നത് ദൈവം എന്നു സംബോധന ചെയ്യുവാനാണ്.
‘ ദിവ് ‘ എന്ന സംസ്‌കൃതധാതുവില്‍നിന്നുത്ഭവിക്കുന്ന ‘ ദിവം’ എന്ന വാക്കിന് പ്രകാശിപ്പിക്കുന്ന, പ്രകാശം നല്‍കുന്ന ,
പ്രകാശം പരത്തുന്ന
അഥവാ പ്രകാശം എന്നീ അര്‍ത്ഥങ്ങളാണുള്ളത്. ഇതില്‍നിന്നുതന്നെയാണ് ദിവസം , ദീപം ,
ദേവന്‍, ദേവി, ദിവംഗതനായി
പോലുള്ള മലയാളവാക്കുകളുടെ ഉത്ഭവം.
അപ്പോള്‍ ദൈവം എന്നാല്‍ പ്രകാശിപ്പിക്കുന്നവന്‍ അഥവാ പ്രകാശം തന്നെ എന്നര്‍ത്ഥം.
ഈ വാക്ക് ബൈബിളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.
ക്രിസ്തുദേവന്‍
അദ്ദേഹത്തിന്റെ പരസ്യജീവിതകാലത്ത് സ്വയം പരിചയപ്പെടുത്തിയത് ഇപ്രകാരം:
‘ ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല.
ഒപ്പം തന്നെ നിങ്ങളും ലോകത്തിന്റെ പ്രകാശമായി മാറുന്നു’.
അന്ധകാരത്തില്‍ നടക്കാത്തവന്‍
സ്വയം വെളിച്ചമായി,
പ്രകാശമായി മാറുകയാണ്.
എന്നാല്‍
വിചിത്രമെന്ന്
പറയട്ടെ,
വൈരുദ്ധ്യാത്മകമായി ക്രൈസ്തവരുടെയിടയില്‍ പ്രഭാകരന്‍, ദിവാകരന്‍ മുതലായ പേരുകള്‍ വളരെ ചുരുക്കമായി മാത്രമേ കേള്‍ക്കാറള്ളു.
അവ ഹൈന്ദവനാമങ്ങളായി പൊതുവെ കരുതപ്പെടുന്നു.
ദൈവത്തെ ,
ആ പരമശക്തനെ, ആ നിത്യപ്രകാശത്തെ ,
ആ നിത്യസ്വരൂപത്തെ
ഉപാസിക്കുവാന്‍ നിര്‍മ്മിച്ച ദേവാലയങ്ങളും
പല വിശുദ്ധരുടേയും പേരുകളില്‍ അറിയപ്പെട്ടു തുടങ്ങി. കാലക്രമേണ ആചാരങ്ങള്‍ക്ക്
വിചാരങ്ങള്‍
വഴിമാറിക്കൊടുക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടു.

പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന
ചൈതന്യധാര,
സര്‍വ്വശക്തനായ ഈശ്വരനെ അഥവാ ദൈവത്തെ കുറിക്കുവാന്‍
ഉപയോഗിക്കുന്ന അറബിപദമാണ് അല്ലാഹു .
അല്ലാഹു എന്നാല്‍ ആരാധ്യനായ ദൈവം.
‘ ലാ ഇലാഹ് ഇല്ലല്ലാഹ് ‘. അല്ലാഹുവല്ലാതെ, ഈശ്വരനല്ലാതെ,
ദൈവമല്ലാതെ
ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല.
ആരാധ്യനായ അല്ലാഹുവിനോടുള്ള ഉപാസനയിലും
കാലക്രമേണ
വിചാരങ്ങള്‍
ആചാരങ്ങള്‍ക്ക് വഴി മാറിക്കൊടുക്കേണ്ടി വന്നു.
‘അസ്സലാമു അലൈക്കും’
എന്നാല്‍ നിങ്ങള്‍ക്ക് സമാധാനം എന്നാണല്ലോ
മലയാളത്തിലര്‍ത്ഥം.
ഈ അഭിവാദനത്തിന്
മറുപടിയായി പറയുന്ന ‘ വ അലൈക്കുമുസ്സലാം ‘ എന്നാല്‍ നിങ്ങള്‍ക്കും സമാധാനം എന്ന്
മലയാള പരിഭാഷ.
ആരെങ്കിലും അറബിഭാഷയില്‍ ‘ ഇന്‍ശാ അല്ലാഹ് ‘ എന്നാശംസിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം
‘ എല്ലാം ഈശ്വരനിശ്ചയം പോലെ സംഭവിക്കട്ടെ’
എന്നാണന്നു തിരിച്ചറിയുമ്പോള്‍ വിവിധ വിശ്വാസങ്ങളുടെ
ഇടുങ്ങിയ വേലിക്കെട്ടുകള്‍
താനേ ഇടിഞ്ഞുവീഴും.
മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും ജര്‍മ്മനും ഫ്രഞ്ചും അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന നമുക്ക് അല്പം അറബികൂടി ആയാല്‍ ഒരു സംസ്‌കാരത്തെക്കൂടി അടുത്തറിയുവാനുള്ള അവസരം
ലഭിക്കുകയാണ് എന്ന വിചാരം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.

ആചാരങ്ങളും
വിചാരങ്ങളും
കെട്ടുപിണഞ്ഞുകിടക്കുന്ന
ഈ വിശ്വാസങ്ങളുടെയെല്ലാം അന്തഃസത്ത ഒന്നുതന്നെയെന്ന നിഗമനത്തിലെത്തുവാന്‍ മനസ്സാകുമെങ്കില്‍ മനുഷ്യനു
കഴിയും. കഴിയണം .
ശ്രീ നാരയണഗുരുവിന്റെ ആദര്‍ശങ്ങള്‍ ഈ കാലഘട്ടത്തില്‍
മറ്റേതൊരു കാലഘട്ടത്തേക്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
നമ്മുടെ ഈ ഭൂമിയെ
‘ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമാക്കി ‘ മാറ്റിയെടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts