കാഴ്ചകള്‍ക്ക് പഞ്ഞമില്ലാത്ത ഒരിടമാണ് ഊട്ടി. തണുപ്പും പ്രകൃതി ദൃശ്യങ്ങളും മാത്രമല്ല ശാസ്ത്രവും ഊട്ടിക്കാഴ്ചകള്‍ക്കിണങ്ങും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫേണ്‍ ഗാര്‍ഡന്‍, തുടങ്ങി ഊട്ടിയുടെ ഹൃദയ കാഴ്ചകള്‍ കണ്ട് ഊട്ടി തടാകത്തിലേക്കുള്ള യാത്രാ മധ്യേയാണ് തണ്ടര്‍ വേള്‍ഡ് (thunder world) എന്ന ടൈറ്റിലില്‍ തെളിയുന്ന ശാസ്ത്ര ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
ഊട്ടിയിലെ പ്രമുഖ തീം അമ്യൂസ്മെന്റ് പാര്‍ക്കാണ് തണ്ടര്‍ വേള്‍ഡ്’. തണ്ടര്‍ വേള്‍ഡ് സന്ദര്‍ശിക്കാതെ പോയാല്‍ അത് വലിയൊരു നഷ്ടം തന്നെയാണ്. അവിടെ വിവിധ തരം വീഡിയോകള്‍, ഡൈനോസര്‍ പാര്‍ക്ക്, ജുറാസിക് ജംഗിള്‍, സ്‌നോ വേള്‍ഡ്, വാക്‌സ് പ്ലാനറ്റ്, വോര്‍ടെക്‌സ്, ഹോണ്ടഡ് ഹൗസ്, ക്യാമറ മ്യൂസിയം, മഴക്കാട്, തുടങ്ങി അനവധി വൈവിധ്യങ്ങളായ കാഴ്ചകള്‍ കാണാം.
ഇവിടുത്തെ ഏറെ ശ്രദ്ധേയമായ കാഴ്ചയാണ് ഡൈനസോര്‍ പാര്‍ക്കും ജുറാസിക് ജംഗിളും. മറ്റേതു കാഴ്ച കണ്ടിട്ടില്ലായെങ്കിലും ഇവിടം കാണാന്‍ മറക്കരുത്. നിങ്ങള്‍ ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയോ ശാസ്ത്ര കുതുകിയോ ആണെങ്കില്‍ തീര്‍ച്ചയായും അതിനുള്ളില്‍ കടക്കുക തന്നെ വേണം. ജുറാസിക് യുഗത്തിന്റെ അത്ഭുതങ്ങള്‍ കാണാം. ഈ മാസ്മരിക ലോകം കാണാതെ പോയാല്‍ വലിയ നഷ്ടമാവും.
തണ്ടര്‍ വേള്‍ഡിലെ മറ്റൊരു പ്രധാന കാഴ്ചയാണ് ക്യാമറകളുടെ വീട്. വിവിധ തരം ക്യാമറകളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടുണ്ട്. ഏറ്റവും പഴയ വലിപ്പമേറിയ ക്യാമറ മുതല്‍ ആധുനിക ഡിജിറ്റല്‍ ക്യാമറ വരെ നമുക്ക് പരിചയപ്പെടാം. ക്യാമറകളുടെ ഒരു പരിണാമ വഴി ഇവിടെ തിരി തെളിയുന്നു.
കാട് കണ്ടിട്ടില്ലാത്തവര്‍ക്കും കാടിനെ അറിയാത്തവര്‍ക്കും അവിടുത്തെ മഴക്കാട് ഒരനുഭവമാണ്. കാടിന്റെ മിനിയേച്ചറിനുള്ളില്‍ ഒരു ഘോര വനത്തിന്റെ വന്യത തൊട്ടറിയാം. കൊടും കാടിനുള്ളിലെ ഇരുളും വീശിയടിക്കുന്ന കാറ്റും കാറ്റില്‍ ഇളകുന്ന മരങ്ങളുടെ ഭീതിപ്പെടുത്തുന്ന ശബ്ദവും വന്യമൃഗങ്ങളും അവയുടെ അലര്‍ച്ചയും കാണികളുടെ ഹൃദയമിടിപ്പും ശ്വസനവും വര്‍ധിപ്പിക്കും. അവിടെ നിന്നും പുറത്തിറങ്ങുവോളം മകള്‍ താത്രിക്കുട്ടി എന്നെ ചുററിപ്പിടിച്ചാണ് ഒപ്പം നടന്നത്. ശ്വസന വൈഷമ്യമുള്ളവരോ ഹൃദ്രോഗികളോ ഈ മാസ്മരിക ലോകത്ത് നേരം ചെലവിടുന്നതിലേക്ക് മുന്‍കരുതലുകള്‍ എടുക്കുക.
സന്ദര്‍ശകര്‍ക്ക് മഞ്ഞു മൂടിയ അന്തരീക്ഷം അനുഭവിക്കാന്‍ കഴിയുന്ന ഒരു പ്രദേശമാണ് സ്‌നോ
വേല്‍ഡ് (nsow world). ഹിമാലയ സാനുക്കളിലോ പാശ്ചാത്യ നാടുകളിലോ പോയി മഞ്ഞില്‍ കുളിയ്ക്കാനാവാത്തവര്‍ക്ക് ഇവിടുത്തെ സ്‌നോ വേള്‍ഡിലെ മഞ്ഞില്‍ തുള്ളി മറിയാം.
ഇവിടുത്തെ 5D തിയേറ്റര്‍ ഏറെ ശ്രദ്ധേയമാണ്. തിയറ്ററിലെ ആഴത്തിലുള്ള സിനിമാനുഭവം വളരെ ആകര്‍ഷണീയമാണ്. ഇരിപ്പിടങ്ങളില്‍ അനുഭവപ്പെടുന്ന
ശക്തിയേറിയ കുലുക്കവും വിറയലും മറ്റു ചില ഇഫക്റ്റുകള്‍ക്കുമൊപ്പമാണ് സ്‌ക്രീനില്‍ മിന്നി മറയുന്ന 5 D സിനിമാ ദൃശ്യങ്ങള്‍ ആസ്വദിയ്ക്കുന്നത്. ഏതാണ്ട് എല്ലാ കുട്ടികളും ഷോ ആസ്വദിക്കുന്നതായാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഷോ കഴിഞ്ഞിറങ്ങിയ കുട്ടികളില്‍ ചിലര്‍ വേദന സംഹാരികള്‍ അന്വേഷിക്കുന്നത് കണ്ടു. നട്ടെല്ലിന് വേദനയുള്ളവരും തടിയുള്ളവരും പ്രായമായവരും ഈ സാഹസത്തിന് ഒരുമ്പെടാതിരിക്കുക. അനാരോഗ്യകരമായ ഇത്തരം വിനോദങ്ങള്‍ പ്രോത്സാഹജനകമല്ല. നിരോധിയ്‌ക്കേണ്ടതാണ്. അതിലേയ്ക്ക് ഒരു ശ്രദ്ധ അധികൃതരുടെ ഭാഗത്ത് വേണം. വിനോദ സഞ്ചാരികള്‍ക്ക് വിനോദത്തിനൊപ്പം വേദനയും കൂടി സമ്മാനിക്കുന്നതാവരുത് വിനോദ കേന്ദ്രങ്ങള്‍.
ഊട്ടി കൊളോണിയല്‍ മാളികയില്‍ സ്ഥിതി ചെയ്യുന്ന വാക്‌സ് മ്യൂസിയം കൂടാതെ ഇവിടെയുമുണ്ട് മറ്റൊരു വാക്‌സ് മ്യൂസിയം. അതാണ് ഊട്ടി വാക്‌സ് പ്ലാനറ്റ് (ooty wax planet). ഇവിടെയും ശ്രദ്ധേയമായ ധാരാളം വാക്‌സ് പ്രതിമകള്‍ ഉണ്ട്. പ്രശസ്തരായ സിനിമാതാരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ നിരവധി വ്യക്തികളുടെ ജീവന്‍ തുളുമ്പുന്ന പ്രതിമകള്‍ കാണാം
അങ്ങനെ മനസ്സുകളില്‍ കൗതുകവും ആനന്ദവും പേറുന്ന എന്തെന്ത് കാഴ്ചകളാണ് നമുക്ക് മുന്നില്‍ മിഴി തുറക്കുന്നത്.
നഗര ജീവിതത്തിന്റെ പൊലിമയില്‍ മണ്ണറിയാതെ വളര്‍ന്നവര്‍ക്ക് സ്വയം തിരിച്ചറിയാന്‍ ഒരു വാതില്‍ കൂടിയാണ് ഊട്ടിയും അവിടുത്തെ കാഴ്ചകളും. മഞ്ഞു കൊള്ളാനും ഉന്മാദം വിരിയിക്കാനും മാത്രമുള്ളതല്ല ഊട്ടി, അത് വിജ്ഞാനവും കൂടിയാണ്. സയന്‍സ് ദൃശ്യങ്ങള്‍ക്കൊപ്പം ഊട്ടിയുടെ പ്രത്യേക പരിസ്ഥിതിയും അതിലുള്‍പ്പെടുന്ന കാടും മേടും മഞ്ഞും ജലാശയങ്ങളും സസ്യ ജന്തു ജാലവും നമുക്ക് നേരെ തുറക്കുന്നത് വിജ്ഞാനത്തിന്റെ വാതിലാണ്.









