LIMA WORLD LIBRARY

ബ്ലൂ ബേര്‍ഡ് –  പ്രശാന്ത് പഴയിടം (Prasanth Pazhayidom)

അസ്തമയ സൂര്യന്റെ സ്വര്‍ണ്ണകിരണങ്ങള്‍ ഞങ്ങളുടെ ക്ലാസ്സ് മുറിയിയെ സ്വര്‍ണ്ണമയമാക്കി . പന്ത്രണ്ടാം
ക്ലാസ്സില്‍ പഠിക്കുന്ന കാലം നെറ്റിയില്‍ ഒരു കളഭക്കുറി ചാര്‍ത്തി പിന്‍ബഞ്ചിന്റെ ഒരു മൂലയിലാണ് എന്റെ സ്ഥാനം.

ഒരിക്കല്‍ ബഞ്ചിന്റെ അടിയില്‍ നിന്ന് ഒരു ബുക്ക് കിട്ടി. അതിന്റെ ആത്യതാളില്‍ ഒരു നീല പക്ഷിയുടെ ചിത്രവും അതിന്റെ അടിയില്‍ എഴുതിയിരുന്നു ബ്ലൂ ബേര്‍ഡ്. ഏറെ കൗതുകത്തോടെ ഞാന്‍ ചോദിച്ചു ഇത് ആരുടേതാണ്. അപ്പോള്‍ ആരോ പറഞ്ഞു അടുത്ത ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുടേതാണ് (”മനസ്സില്‍ ലഡ്ഡു പൊട്ടി”). ഓഫീസില്‍ കൊടുത്താല്‍ മതി.

പക്ഷേ ആ ചിത്രവും അതിലെ പേരും എന്നെ അത് കൈയ്യില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അന്ന് എന്റെ കണ്ണുകളില്‍ സൂര്യകിരണങ്ങള്‍ക്ക് നീല നിറമായിരുന്നു. കണ്ണടക്കുമ്പോള്‍ ഒരു നീല പക്ഷി പാറി പറന്നു.

ക്ലാസ് കഴിഞ്ഞു അന്ന് സായാഹ്നത്തില്‍
വിരിഞ്ഞ മറ്റൊരു കുസൃതി, തൊട്ടടുത്ത ക്ലാസ് മുറിയുടെ ബോര്‍ഡില്‍ മനസ്സില്‍ വിരിഞ്ഞ നീല പക്ഷിയെ പകര്‍ത്തി. അടിയില്‍ ഐ ലവ് യു ബ്ലൂ ബേര്‍ഡ് എന്ന് എഴുതാനും മറന്നില്ല.

അടുത്ത ദിവസവും ക്ലാസ് മുറിയിലെ സൂര്യകിരണങ്ങള്‍ക്ക് എന്റെ കണ്ണില്‍ വീണ്ടും നീല നിറമായിരുന്നു. മാത്രമല്ല അടുത്ത ക്ലാസ് മുറിയില്‍ നിന്ന് എന്റെ നീല പക്ഷി ഉറക്കെ ചിലക്കുന്ന ശബ്ദവും. ”ആരാണ് ഇത് ചെയ്തത്?” ആ ചോദ്യം എന്റെ കുസൃതി ചെറുക്കനെ വീണ്ടും ഉണര്‍ത്തി. അന്ന് സായാഹ്നത്തില്‍ അവള്‍ ഇരിക്കുന്ന ബഞ്ചിലായിരുന്നു എന്റെ നീല പക്ഷിയുടെ ചിത്രം വിരിഞ്ഞത്.

പക്ഷേ സാവധാനം കുസൃതി കാര്യമായി നേരില്‍ കാണാത്ത ബ്ലൂ ബേര്‍ഡ് എന്റെ മനസ്സില്‍ കൂടുകൂട്ടി.

അടുത്ത ദിവസവും എന്റെ ക്ലാസ് മുറിയിലെ കിരണങ്ങള്‍ക്ക് വീണ്ടും നീല വെളിച്ചം.
വീണ്ടും നീലക്കിളി ചിലച്ചു. ”ആരാണ് ഇത് ചെയ്തത്?” എന്നെ ഞെട്ടിച്ച സംഭവം. എന്റെ കുറ്റം മറ്റൊരു വേടന്‍ ഏറ്റെടുത്തു. പക്ഷേ ബുദ്ധിമതിയായ എന്റെ നീല പക്ഷി അവന് ചിത്രം വരയ്ക്കാന്‍ അറിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു.

ഒടുവില്‍ ക്ലാസ് മുറികളെ വിഭജിച്ചിരുന്ന താത്കാലിക ഒടിഞ്ഞ പലക മാറ്റി ഞാന്‍ നോക്കി. നിശബ്ദയായി ബുക്കില്‍ എന്തോ കുത്തിക്കുറിക്കുന്ന ഒരു കൊച്ചു സുന്ദരി. അവള്‍ക്ക് ആ പേര് ചേരും – ബ്ലൂ ബേര്‍ഡ്.

പിന്നീട് ക്ലാസ് മുറിയില്‍ മാത്രമല്ല എല്ലായിടത്തും സൂര്യകിരണങ്ങള്‍ക്ക് നീല നിറം. അന്ന് വരെ ഞാന്‍ നോക്കാത്ത നീലപ്പൊന്മാന്റെ മീന്‍പിടുത്തം ഏറെനേരം നോക്കി നിന്നിട്ടുണ്ട്. പിന്നീട് എന്റെ കുസൃതി മാറി വികൃതിയായി. അവള്‍ വരുന്ന വഴിയിലും, എന്തിന് അവള്‍ വരുന്ന ബസ്സിലെ കണ്ടക്ടറിനെ സോപ്പിട്ട്, ബസ് ടിക്കറ്റില്‍ വരെ എന്റെ നീല പക്ഷി വിരിഞ്ഞു.

അവസാനം ഞാന്‍ അവളുടെ മുന്‍പില്‍ നേരിട്ട് അവതരിക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ യുവജനോത്സവ ദിവസം . അവളുടെ നൃത്തം സ്റ്റേജില്‍ നടക്കുന്നു, ദൂരെ വലിയ പേപ്പറില്‍ അതുവരെ വരച്ചതില്‍ ഏറ്റവും മനോഹരമായ നീല പക്ഷിയുടെ ചിത്രവുമായി ഞാന്‍ എഴുന്നേറ്റ് നിന്നു.

അവളുടെ ചുവടുകള്‍ തെറ്റി, മുഖത്തെ ഭാവങ്ങള്‍ മാറി, എന്റെ മനസ്സും ഇടറി. അവളുടെ നൃത്തത്തിലെ ലക്ഷ്മീദേവി മാറി, രൗദ്ര ഭാവത്തോടെ ഭദ്രകാളിയാവുകയാണോ?

സ്വയം കീഴടങ്ങിയ എനിക്ക് മറുപടി ഒന്നും കിട്ടിയില്ല. എന്റെ നീല പക്ഷിയെ വരയ്ക്കുന്ന കുസൃതിയും നിന്നു. ഞാനാകെ നിരാശനായി ദിവസങ്ങള്‍ കഴിഞ്ഞുപോയി.

ഒരിക്കല്‍ ഞാനിരിക്കുന്ന ബഞ്ചില്‍ ഒരു എഴുത്ത് –
‘എന്താ ചിത്രകാരാ, നിന്റെ നിറങ്ങളില്‍ നീല തീര്‍ന്നുപോയോ? എന്നാല്‍ എന്റെ മനസ്സില്‍ നീ വരച്ച നീല പക്ഷി എപ്പോഴേ കൂടുകൂട്ടി കഴിഞ്ഞു.”

പെട്ടെന്ന് ഒരു മിന്നല്‍ പോലെ എന്റെ ക്ലാസ് മുറിയിലെ സൂര്യവെളിച്ചം വീണ്ടും നീല നിറം പ്രഭചൊരിഞ്ഞു.
അങ്ങനെ ആ നില പക്ഷി ചിത്രകാരനുമായി പ്രണയത്തിലായ്,
വീണ്ടും അവള്‍ക്കായ് ഞാന്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ടേയിരുന്നു ചിത്രങ്ങള്‍ മാത്രമല്ല വാചകങ്ങളും, എന്റെ ഭാവനയില്‍ ആ നിലപക്ഷിയുടെ ചിത്രങ്ങളും വാചകങ്ങളും പ്രണയലേഖനത്തില്‍ നിറഞ്ഞു.

പിന്നീട് അങ്ങോട്ട് ഒരു സാഹിത്യ ഗവേഷണമായിരുന്നു അവള്‍ക്കായ് വാചകങ്ങള്‍ തേടി ഞാന്‍ അലഞ്ഞു എന്തിന് നഗരത്തിലെ പരസ്യബോര്‍ഡില്‍ കണ്ട പരസ്യ വാചകം വരെ ഞാന്‍ പേപ്പറില്‍ കുറിച്ചു. പക്ഷേ ഒറ്റുകാരി കൂടപ്പിറപ്പിന്റെ രുപത്തില്‍ ആയിരുന്നു അവള്‍ മോഷ്ടിച്ച എന്റെ പ്രണയ ലേഖനം അമ്മയുടെ മുന്‍പില്‍ സമര്‍പ്പിച്ചു. അമ്മ അതിനെ നിരൂപണം നടത്തുകയും, കേരവൃക്ഷത്തിന്റെ പട്ടയുടെ മുദ്ര എന്റെ തുടയില്‍ പതിപ്പിക്കുകയും ചെയ്തു .തുടര്‍ന്ന് എന്റെ നീലപക്ഷിയുടെ വീട്ടില്‍ വിളിച്ച് അവളുടെ അച്ഛനോട് കാര്യം അവതരിപ്പിച്ചു. എന്റെ ഹൃദയം മുറിച്ച് അവര്‍ അവളെ സ്‌കൂളില്‍ നിന്ന് മാറ്റി. പക്ഷേ എന്റെ മനസ്സിലെ നീലപക്ഷിയെ അകറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വീണ്ടും ഞാന്‍ അവളേ പിന്തുടര്‍ന്നു. പക്ഷേ അവള്‍ എന്നോട് മിണ്ടാതെയായി .ഒടുവില്‍ അവള്‍ക്ക് ശല്യമാക്കാതെ അവള്‍ അറിയാതെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടിരിന്നു ദിവസങ്ങള്‍ കടന്നുപോയി. സ്‌കൂള്‍ പഠനവും കഴിഞ്ഞു .തുടര്‍പ്പഠനത്തിനായി എറണാകുളത്തെ വ്യോമായാന പരിശീലന കേന്ദ്രത്തില്‍ ഞാന്‍ ചേര്‍ന്നു. അപ്രദീക്ഷിതമായി അവിടെ അവളും ചേര്‍ന്നു.

വീണ്ടും എന്റെ കണ്ണുകളില്‍ നീലവെളിച്ചം മിന്നിമാഞ്ഞു, ഞാന്‍ വീണ്ടും അവള്‍ക്കായ് ചിത്രങ്ങള്‍ വരച്ചുതുടങ്ങി. പക്ഷെ അവള്‍ എന്നില്‍ നിന്ന് അകന്നു നിന്നു. വര്‍ഷങ്ങള്‍ കടന്നുപോയി .എനിക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയപ്പോഴും , ഞാന്‍ അവളേ വിളിച്ചു .പക്ഷേ അവള്‍ അതിനും എതിര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് അപ്പുറം ഞാനും കുടുബവും യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയില്‍ തലയില്‍ ഒരു നീലത്തൊപ്പിയും നീലവേഷവും നീലനിറമുള്ള വീമാനത്തില്‍ എയര്‍ഹോസ്റ്റസ്സ് ആയി അവള്‍. ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു ,അതാണ് ഞാന്‍ പറയാറുള്ള നീലപക്ഷി. ഞാന്‍ ഭാര്യയുടെ കയ്യില്‍ ഒരു നീലപക്ഷിയുടെ ചിത്രം വരച്ചുനല്‍കി, അത് അവള്‍ക്ക് കൊടുക്കുവാന്‍ ഏല്പിച്ചു ഞാന്‍ അവിടെനിന്ന് മാറി. പക്ഷേ അല്‍പ്പനേരത്തിന് ശേഷം ഒരു അനൗണ്‍സ് മെന്റ് കേട്ടു. ഈ മനോഹര ചിത്രം വരച്ച ചിത്രകാരന്‍, എന്റെ കൂട്ടുകാരന്‍ ഇവിടെ ഉണ്ട് ഒന്ന് മുന്‍പോട്ട് വരു .അവള്‍ ഒരു ചിരിയോടെ സഹയാത്രികര്‍ക്ക് ബ്ലു ബേര്‍ഡ് നെ സ്‌നേഹിച്ച ചിത്രകാരന്റെ കഥപറഞ്ഞു.

മേഘങ്ങള്‍ക്കിടയില്‍, പഴയ ഓര്‍മ്മകള്‍ ചിറകു വിരിച്ചപ്പോള്‍ അവന്‍ അവളോട് പറഞ്ഞു:
ബ്ലു ബേര്‍ഡ് … നീ നിന്റെ പേര് പോലെ തന്നെ പറന്നു, സ്വപ്നങ്ങളെ സ്വന്തമാക്കി.നിനക്കെന്നും അനന്ത വിഹായസ്സില്‍ പറന്നുയരുവാന്‍ കഴിയുമാറാകട്ടെ…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px