LIMA WORLD LIBRARY

നോമ്പ് ചില ചിന്തകള്‍ – സാക്കിര്‍, സാക്കി നിലമ്പൂര്‍

ശരിക്കും എന്താണ് നോമ്പ്? എന്തിനാണ് നോമ്പ് .?

ദുര്‍മേദസ്സ് നിറഞ്ഞ ശരീരത്തെയും ദുര്‍വിചാരങ്ങള്‍ നിറഞ്ഞ മനസ്സിനെയും
ഒരുപോലെ സംസ്‌കരിച്ച് ശുദ്ധീകരിച്ച് ആത്മീയതയിലേക്കടുക്കുവാന്‍. ദൈവത്തിലേക്കടുക്കുവാന്‍. മനസ്സില്‍ സഹജീവികളോട് കാരുണ്യം തോന്നാന്‍. കഷ്ടപ്പെടുന്നവരോട് ഐക്യദാര്‍ഢ്യപ്പെടാന്‍.

ശരിക്കും ഒരു ശുദ്ധീകരണ പ്രക്രിയ തന്നെയാണ് നോമ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതില്‍ പ്രധാനം
ആത്മീയമായ സംസ്‌കരണം തന്നെ.
തന്റെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന സൃഷ്ടാവിലേക്കടുക്കുവാന്‍ സൃഷ്ടികള്‍ക്ക് കൈവരുന്ന സുവര്‍ണാവസരമാണ് നോമ്പ്.
നിങ്ങള്‍ എന്നിലേക്ക്
ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ നിങ്ങളിലേക്ക് ഒരു മുഴം അടുക്കും എന്നാണ് അല്ലാഹു പറഞ്ഞത്. എത്രത്തോളം സര്‍വ്വേശ്വരനിലേക്ക് അടുക്കുന്നുവോ അത്രയും ഇരട്ടി അവന്‍ സൃഷ്ടികളിലേക്കടുക്കും.

സൃഷ്ടാവിലേക്കടുക്കുക എന്നാല്‍ അവനിഷ്ടമുള്ള കാര്യങ്ങള്‍ അധികരിപ്പിക്കുക എന്നത് തന്നെ.
കരുണ, ദയ, സ്‌നേഹം, ദീനാനുകമ്പ, ആര്‍ദ്രത, എന്നിവ ഹൃദയത്തില്‍ നിറച്ച് പാപചിന്തകള്‍ വെടിഞ്ഞ് നല്ലത് മാത്രം ചിന്തിച്ച് നന്‍മ മാത്രം പ്രവര്‍ത്തിക്കുക.
ചെയ്ത തെറ്റുകള്‍ക്ക് പശ്ചാതാപ വിവശനായി സര്‍വ്വേശ്വരനോട് ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുക.
സഹജീവികളോട് കരുണ കാണിക്കുക.
രാത്രികളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കുക.
ലോകത്ത് പട്ടിണി കിടക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ,
പട്ടിണിയെന്തന്നറിഞ്ഞ്,
അപരന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ്, അവരെ
കൈയയച്ച് സഹായിച്ച്,
ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ച്, സമ്പത്തിനെയും ശരീരത്തിനെയും മനസ്സിനെയും ഒരു പോലെ ശുദ്ധീകരിക്കുക.
ഇതാണ് നോമ്പ് കൊണ്ടുദ്ദേശിക്കുന്നത്.

തെറ്റുകള്‍ ചെയ്യാന്‍ ഒരുപാട് അവസരങ്ങളുള്ള ലോകത്ത് തെറ്റിലേക്ക് ഏതു നിമിഷവും ചാഞ്ഞു പോകാന്‍ ഇടയുള്ള ഈ ലോകത്ത് നന്‍മയുള്ള മനുഷ്യനായി ജീവിക്കാന്‍ ഒരല്‍പ്പം പ്രയാസം തന്നെയാണ്. അത്തരം കുത്തഴിഞ്ഞ ജീവിതങ്ങള്‍ക്ക് ഒരോര്‍മ്മപ്പെടുത്തലാണ് നോമ്പ്.

ചിലരുടെ മനസ്സിലെങ്കിലും നോമ്പ് വലിയ ആഘോഷമാണ്. ഭക്ഷണവൈവിധ്യങ്ങളുടെ ആഘോഷം.
ഭക്ഷണപരീക്ഷണങ്ങളുടെ ആഘോഷം . ഭക്ഷണധൂര്‍ത്തിന്റെ ആഘോഷം.
എന്നാല്‍ വളരെ കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് അത്താഴം കഴിച്ച് വളരെ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് നോമ്പ് തുറക്കുന്നതിനെയാണ് മതം പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍ ഇന്ന് നടക്കുന്നത് ഇതിന് തീര്‍ത്തും വിരുദ്ധം തന്നെ. പകല്‍ പട്ടിണി കിടന്നതിന്റെ പ്രതികാരം നോമ്പ് തുറക്കുമ്പോള്‍ തീര്‍ക്കുകയാണ് മനുഷ്യര്‍.
നോമ്പ് തീറ്റക്കും കുടിക്കുമായി മാത്രം ഉപയോഗിക്കുന്നവര്‍ . പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുന്നവര്‍. തങ്ങളുടെ സമ്പത്തും പ്രൗഢിയും മറ്റുള്ളവരെക്കാണിക്കാന്‍ വിഭവസമൃദ്ധമായ മെഗാ നോമ്പ് തുറകള്‍ സംഘടിപ്പിക്കുന്നവര്‍,നോമ്പിന്റെ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളെ തകര്‍ക്കുകയാണവര്‍.

നോമ്പിനെ പല വിധത്തില്‍ സമീപിക്കുന്നവരുണ്ട്.
നോമ്പൊന്ന് വന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍.
ങാ..നോമ്പാണല്ലോ.. നോറ്റ്കളയാം.
എല്ലാരും നോമ്പെടുക്കുമ്പോള്‍ ഞാന്‍ മാത്രം നോല്‍ക്കാതിരിക്കുന്നത് മോശമല്ലേ .
മറ്റുള്ളവരെന്ത് വിചാരിക്കും എന്ന് കരുതുന്നവര്‍.
ഇനി വേറൊരു കൂട്ടര്‍.
നോമ്പ് അവരെ ബാധിക്കുന്നതേയില്ല.
നോമ്പ് വരുന്നു. വന്നൂ .പോയി .
ഇത്രേയുള്ളൂ അവര്‍ക്ക് .

ആത്മീയമായ മനസ്സോടെ
ആത്മാര്‍ത്ഥമായ വിചാരത്തോടെ
നന്‍മ മാത്രം ഉദ്ദേശിച്ച് വേറെ ആരെയും ബോധ്യപ്പെടുത്താനല്ലാതെ ,
ഇതെനിക്ക് എല്ലാം ഒരുക്കിതരുന്ന എന്റെ നാഥന് വേണ്ടി അവന്റെയടുക്കല്‍ നിന്ന് മാത്രം പ്രതിഫലം ഉദ്ദേശിച്ച് ഞാന്‍ ചെയ്യുന്നതാണ് എന്ന വിചാരത്തോടെയാണ് യഥാര്‍ത്ഥ വിശ്വാസി നോമ്പെടുക്കേണ്ടത്.
അല്ലാത്ത വിചാരത്തില്‍, ആരെങ്കിലും നോമ്പനുഷ്ടിക്കുകയാണെങ്കില്‍ ആ നോമ്പ് എനിക്കാവശ്യമില്ല. അവന്‍ പ്രതിഫലമാഗ്രഹിച്ച് നോമ്പെടുക്കുന്നവനല്ല.വെറും പട്ടിണിക്കാരന്‍ മാത്രമാണ് എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടുണ്ട്.

നോമ്പു കൊണ്ടുള്ള ശാരീരിക
ഗുണങ്ങള്‍ ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിനൊന്ന് മാസത്തെ വഴിവിട്ടഭക്ഷണശീലം കൊണ്ടുണ്ടായ ആന്തരികമായ പരിക്കുകള്‍ മാറാന്‍ നോമ്പ് തീര്‍ച്ചയായും നല്ലത് തന്നെ.
മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നോമ്പിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയും മറ്റുമതങ്ങളിലെ സഹോദരന്‍മാരും നോമ്പനുഷ്ഠിക്കാറുണ്ട്.

മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്ന പ്രാര്‍ത്ഥനക്കാലമാണ് നോമ്പ്.
എല്ലാവരും പ്രാര്‍ത്ഥിക്കുക. തനിക്ക് വേണ്ടി.
കുടുംബത്തിന് വേണ്ടി.
നാടിന് വേണ്ടി.
ലോകത്തിനൊന്നാകെ വേണ്ടി.
എല്ലാവര്‍ക്കും നല്ലത് വരുത്താന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുക…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px