LIMA WORLD LIBRARY

വെയിലോര്‍മ്മകള്‍ – ഉല്ലാസ് ശ്രീധര്‍ (Ullas Sreedhar)

ഞങ്ങളുടെ തലമുറയിലെ കുട്ടികള്‍ക്ക് മഴയോര്‍മ്മകളും വെയിലോര്‍മ്മകളും ഒരുപോലെ സന്തോഷം തരുന്നതാണ്…

ഓരോ മണല്‍ത്തരിയിലും ആനന്ദം കണ്ടെത്തിയ എന്റെ തലമുറ അവധി ദിവസങ്ങളെല്ലാം ആഘോഷമാക്കി മാറ്റിയിരുന്നു…

പകല്‍ വെളിച്ചത്തിന് ചൂട് കൂടിത്തുടങ്ങിയപ്പോള്‍ പഴയ സിനിമ കാണലും കാണിക്കലുമാണ് ഓര്‍മ്മയില്‍ ഓടി വരുന്നത്…

എന്റെ വീടിനടുത്തുള്ള ശ്രീകല തീയേറ്ററിലെ ഓപ്പറേറ്ററുടെ സഹായി മോഹനയണ്ണനാണ്…

മാറ്റിനി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ഫിലിം ചുറ്റലും ചുരുട്ടലും ഒട്ടിക്കലുമായി മോഹനയണ്ണന്‍ തീയേറ്ററില്‍ കാണും…

പള്ളിക്കൂടം ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ തീയേറ്ററില്‍ ചെന്ന് മോഹനയണ്ണനോട് കെഞ്ചിയും കൊഞ്ചിയും പൊട്ടിയ ഫിലിമുകള്‍ വാങ്ങിക്കും…

എന്നിട്ട്…,

കേടായ ഒരു ബള്‍ബ് സംഘടിപ്പിച്ച് അതിലെ ഫിലമെന്റ് ശ്രദ്ധയോടെ ഇളക്കിയെടുത്തതിന് ശേഷം കഴുകി വൃത്തിയാക്കി സൂക്ഷിക്കും…

പിറ്റേ ദിവസം വെയിലിന് വെളിച്ചം കൂടി വരുന്ന സമയം വൃത്തിയാക്കിയ ബള്‍ബില്‍ വെള്ളം നിറച്ച് വീടിന്റെ പുറകു വശത്തെ ചുമരിന് അഭിമുഖമായി കെട്ടിത്തൂക്കിയിടും.

മുഖം നോക്കുന്ന കണ്ണാടി സൂര്യപ്രകാശത്തില്‍ പിടിക്കുമ്പോള്‍ കിട്ടുന്ന തീവ്രപ്രകാശത്തെ ബള്‍ബിന് നേരെയാക്കി പിടിക്കും…

വെള്ളം നിറച്ച ബള്‍ബില്‍ കണ്ണാടിയുടെ വെട്ടം വീഴുന്നിടത്ത് സിനിമയുടെ ഫിലിം വെക്കുമ്പോള്‍ ഫിലിമിലെ രംഗം ചുമരില്‍ വലുതായി കാണാന്‍ കഴിയും…

പൊട്ടിയ ഫിലിമുകള്‍ മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നതാണ് ഞങ്ങളുടെ സിനിമാ പ്രദര്‍ശനം…

അഞ്ച് പൈസയാണ് സിനിമ ടിക്കറ്റിന്റെ ചാര്‍ജ്…

അഞ്ച് പൈസ തരുന്നവര്‍ക്ക് സിനിമയോടൊപ്പം ആഹാരവും കൊടുക്കും…

പച്ച മാങ്ങയും ഉപ്പും മുളകും ജീരകവും ചേര്‍ത്ത് ഉരലില്‍ ഇടിച്ചത് പ്ലാവിലയില്‍ വിളമ്പുന്നതാണ് ആഹാരം…

ഒരുപാട് കുട്ടികള്‍ സിനിമ കാണാനായി വരും…

സംഘാടകര്‍ ഒരേ സമയം മൂന്ന് ഗ്രൂപ്പുകളായി തിരിയും…

ഒരു കൂട്ടര്‍ തീയേറ്ററിന്റെ പണിപ്പുരയിലായിരിക്കും.
മറ്റൊരു കൂട്ടര്‍ പച്ച മാങ്ങ എറിയാനും ഉരലില്‍ ഇടിക്കാനുമായി പോകും.
മൂന്നാമത്തെ കൂട്ടര്‍ സിനിമ പ്രദര്‍ശനത്തിന്റെ പരസ്യം അറിയിക്കാനായി ഉച്ചത്തില്‍ വിളിച്ചു കൊണ്ട് ഇടവഴിയിലൂടെ,
വയല്‍വരമ്പിലൂടെ ഓടും…

ഉച്ചത്തില്‍ വിളിച്ചു കൊണ്ട് ഓടുന്നതിനിടയില്‍ തിലോത്തമ ടീച്ചറിന്റെ മുന്നില്‍ പെട്ടാല്‍ അടി പേടിച്ച് തിരിച്ചോടും…

അഞ്ച് പൈസ ഇല്ലാതെ സിനിമ കാണാനുള്ള മോഹവുമായി കടം പറയുന്നവരും പൈസക്ക് പകരം അഞ്ച് കശുവണ്ടി തരുന്നവരും ഉണ്ടായിരുന്നു…

അര മണിക്കൂര്‍ സിനിമ കഴിഞ്ഞാല്‍ കൂടുതല്‍ മുളകിട്ട് ഇടിച്ച മാങ്ങ തിന്ന് നാക്ക് നീറുന്നവര്‍ വെള്ളം കുടിക്കാന്‍ പരക്കം പായുന്നത് ഒരു ചെറു ചിരിയോടെ ഞങ്ങള്‍ നോക്കി നില്‍ക്കും…

കണ്ണാടിയിലൂടെ തെളിയുന്ന വെളിച്ചത്തില്‍,
കേടായ ബള്‍ബിലൂടെ,
പൊട്ടിയ ഫിലിമിലൂടെ
സിനിമ കണ്ടിരുന്ന കാലവും ഒരു കാലമായിരുന്നേ…

5ജി മൊബൈല്‍ ഫോണുമായി ജീവിക്കുന്ന ഈ തലമുറയ്ക്ക് എന്ത് ആഘോഷം…………………….?

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px