ചീന്തിയെറിഞ്ഞ
നോവുകടലാസ്സുകള്‍
ഒരൊറ്റത്തുരുത്താകുന്നു
ഭൂപടത്തിലില്ലാത്ത
തുരുത്തിനു ചുറ്റും
ചിന്തകള്‍ കാടുനെയ്യുന്നു
ഉള്‍വനങ്ങളില്‍
പേരു കൊത്തിവെച്ചവന്‍
പിന്നെയും നടക്കുന്നു
ആ തുരുത്തിലേ
മഴയ്ക്കവന്റെ പേര്
കാട്ടുതീയ്ക്കവന്റെ പേര്
മഞ്ഞിനു പൂവിനു
മരത്തിനു കിളിക്കു
എല്ലാമൊരേ പേരുകള്‍
മദത്തിന്റെ ചൂരടിക്കും
ഭൂമിക്കുമപ്പുറം
അലിവില്ലാത്ത
കാലത്തിനപ്പുറം
ചോരമണക്കാത്ത
ഒരു തുരുത്ത്
പ്രതീക്ഷയുടെ
ആശയുടെ ചിന്തയുടെ
നൂല്‍ വരമ്പ്
അതിനു ഞാന്‍
എന്റെ പേരിടും
ചീന്തിയെറിയുന്ന
ഓരോ നോവിലും
ഓരോ തുരുത്തുകള്‍
മുളയ്ക്കുന്നു
കൊത്തിവെച്ച
പേരുകള്‍ നോക്കി
ആരൊക്കെയോ.











