ഉണ്ണിമാവ് – സിന്ധുമോൾ തോമസ് (ഗൾഫ് )

Facebook
Twitter
WhatsApp
Email

പാണലും കൂവയും മണക്കുന്ന പറമ്പിന്റെ അരികിൽ കാളപ്പുല്ലു നിറഞ്ഞ ഒരിടത്തായിരുന്നു ആ മാവ് നിന്നിരുന്നത്.
മാവിന്റെ പകുതിയോളം ചില്ലകൾ പൊതുവഴിയിൽ തണലേകി നിന്നു. പറമ്പിന്റെ മറ്റേ അതിരിൽ ചുവന്ന കിരീടം ചൂടി നിൽക്കുന്ന പെരുകില ചെടികളും കൂമുള്ളിൻ കൂട്ടവും ധാരാളമായി വളർന്നു നിന്നു. അതൊരു റബര് തോട്ടമായിരുന്നു. വളർന്നു മുറ്റിയ റബ്ബർ മരങ്ങൾ  കാലാകാലങ്ങളിൽ വീശിയ കിഴക്കൻ കാറ്റിൻ്റെ പരമാധികാരം അംഗീകരിച്ചു കൊടുത്തുകൊണ്ട് പടിഞ്ഞാട്ടേക്കു ചാഞ്ഞു നിന്നു. നട്ടുച്ചക്ക് പോലും കുളിരു തൂവുന്ന ഇലച്ചാർത്തിന്റെ മേൽക്കൂട്‌. അങ്ങനെ മരച്ചില്ല കൊണ്ടുള്ള  ഒരു വിതാനം, കടുത്ത വേനലിൽ പോലും, ആ പറമ്പിലേക്ക് സൂര്യപ്രകാശം കടന്നു വരുന്നത് അസാധ്യമാക്കി തീർത്തു.

മീനം മേടം മാസങ്ങളായാൽ സ്വതവേ ശാന്തമായ ആ പുരയിടം ശബ്ദായമാനമാകും. ചുറ്റുപാടുമുള്ള കുട്ടികളും ഇടക്കിടക്ക് മുതിർന്നവരും മാവിന്റെ ചോട്ടിൽ ഒത്തു കൂടും. ഉച്ചകഴിഞ്ഞുള്ള വിശ്രമനേരം മാഞ്ചുവട്ടിൽ വീഴാനിടയുള്ള നല്ല തേൻമധുരമുള്ള മാമ്പഴങ്ങൾക്കായി മിക്കവാറും എല്ലാവരും മാറ്റിവെക്കും. കടുത്ത വേനലിൽ മഴ പെയ്യും മുമ്പേയാണ് മാമ്പഴത്തിന്റെ ഏറ്റവും ഉദാത്തമായ സമയം. അപ്പോഴുള്ള മാമ്പഴത്തിന്റെ മധുരവും ഗന്ധവും പറഞ്ഞറിയിക്കുക വയ്യ. ഒരിക്കൽ കഴിച്ചിട്ടുള്ളവർ ആ വഴി പോയാൽ മാമ്പഴക്കാലമല്ലെങ്കിൽ കൂടി വെറുതെയൊന്നു തലചെരിച്ചു ദൃഷ്ടിയുയർത്തി നോക്കും. എങ്ങാനും വല്ല മാമ്പഴവും ഉണ്ടെങ്കിലോ…

ഉണ്ണിമാവ് എന്ന പേര് വീണത് മാവിന്റെ ചെറുപ്പം കൊണ്ടോ വലിപ്പക്കുറവ് കൊണ്ടോ ആയിരുന്നില്ല. പറമ്പിൽ നിന്ന് വഴിയിലേക്കു കൂടി ചില്ല വീശി നിന്നിരുന്ന ഒരു പടുകൂറ്റൻ വൃക്ഷം ആയിരുന്നു ആ മാവ്.  രണ്ടാൾ പിടിച്ചാൽ വട്ടമെത്താത്ത കടവണ്ണം. പതിറ്റാണ്ടുകൾക്ക് മുമ്പ് വല്യപ്പൂപ്പന്മാർ ആരോ നട്ടു വളർത്തിയതാണ്. നാലോ അഞ്ചോ ആൾ പൊക്കത്തിൽ ഒറ്റത്തടി. അതിനു മുകളിലേക്ക് നാല് പാടും പടർന്ന ചില്ലകൾ. പക്ഷേ അതിലുണ്ടാവുന്ന മാങ്ങകൾക്ക് ഒരു കൊച്ചു കിടാവിന്റെ കൈയിൽ ഒതുങ്ങാവുന്ന വലിപ്പമേയുള്ളു. ഒരു ചെറു നാരങ്ങയെക്കാൾ അല്പം കൂടി വലുത്. അങ്ങനെ  കുഞ്ഞു മാങ്ങകൾ നിറയെ കായ്ച്ചു നിന്നതു കൊണ്ട് അത് ഉണ്ണി മാവായി. കണ്മുന്നിൽ വീഴുന്ന മാങ്ങകൾ വെറുതെയൊന്നൂതി  ഞെടുപ്പ് കടിച്ചു കളഞ്ഞു അങ്ങനെതന്നെ വായിലേക്ക് .. അതാണ് അതിന്റെ യൊരു രീതി.. അതിന്റെ തൊലിക്ക് പോലും അത്ര കടുപ്പമോ കമർപ്പോ ഇല്ല.
തറവാട്ട് വീട്ടിൽ നിന്നു അടുക്കളപ്പുറം വഴി ആ പറമ്പിലേക്ക്  കയ്യാല കയറി ഒരു കുറുക്കുണ്ട്. വർഷം മുഴുവൻ കള മൂടി മറഞ്ഞു കിടക്കുന്ന ആ വഴി വേനൽ കാലത്തു ചെത്തി മിനുക്കിയ പോലെ തെളിഞ്ഞു വരും. കുട്ടികളുടെ ഝടുതിയിലുള്ള മാഞ്ചുവട് സന്ദർശനങ്ങൾ എല്ലാം അതിലെയാണല്ലോ.
സമൃദ്ധമായ ചുരുണ്ട മുടി ചായ്ച്ചു കെട്ടി കച്ചമുറുക്കി വെള്ളിപിടിയുള്ള  വയനാടൻ കത്തി അരയിൽ തിരുകി കുതിരപ്പുറത്തു വരുന്ന വടക്കൻ പാട്ടിലെ ചന്തുവിനെപോലെ പുഴയും പാടവും  കടന്നു വരുന്ന  ഒരു കാറ്റുണ്ട്. അവൻ ആരുമറിയാതെ ഉണ്ണിമാവിനെ ഒന്നുലച്ചു കടന്നു പോകുമ്പോൾ തുടുമധുരങ്ങൾ തുരു തുരാ വീഴും. വല്യമ്മാവൻ അടക്കമുള്ളവർ  സമയമുണ്ടാക്കി ആ മാവിൻ ചുവട്ടിൽ വരുകയും ഗാംഭീര്യമുള്ള കാറ്റിനെ കാത്തിരിക്കുകയും ചെയ്യും.
ഉണ്ണിമാവിൻ ചുവട്ടിൽ പല പ്രധാനപ്പെട്ട വേനൽക്കാല യോഗങ്ങളും പതിവാണ്. അവധിക്കാല കളികൾ പലതും ചാർട്ട്  ചെയ്യുന്നതും കൂടിയ കുരുത്തക്കേടുകൾക്കുള്ള ഐഡിയ മുളക്കുന്നതും അവിടെ വെച്ച് തന്നെ. മുതിർന്നവർ കൂടിയുള്ളപ്പോൾ കടം കഥകൾക്കും പഴം കഥകൾക്കുമുള്ള വേദികൂടിയാവും മാഞ്ചുവട്. എല്ലാവർക്കും സൗകര്യപ്രദമായി ഇരിക്കാൻ കാളപ്പുല്ലിന്റെ പരവതാനിയും റബര് മരങ്ങളുടെ ചാരുതലവും ധാരാളം. മാമ്പഴം വീഴുമ്പോൾ കൈക്കലാക്കാൻ വേണ്ടി ഓട്ടവും ഉരുണ്ടു വീഴലും  ഉന്തും അടിപിടിയും ഒക്കെ പതിവാണ്. ഒരിക്കൽ കുഞ്ഞിപ്പൈലോയും ജോമോനും കൂടി ഒരു മാമ്പഴത്തിനുവേണ്ടി ഒരുമിച്ചു ഡൈവ് ചെയ്യുകയും രണ്ടുപേരുടെയും ഉണ്ണിത്തലകൾ തമ്മിൽ കൂട്ടിയിടിച്ചു കുഞ്ഞിപ്പൈലോയുടെ നെറ്റിയിൽ ഉണ്ണിമാങ്ങയെക്കാൾ വലുപ്പത്തിൽ മുഴച്ചു വന്നതും വര്ഷം തോറും പറയാറുള്ള കഥ ആണ്. അത് കുഞ്ഞിപ്പൈലോയുടെ കല്യാണം കഴിഞ്ഞിട്ടും തുടരുന്നു. അങ്ങനെ  ഉണ്ണിമാവിന്റെയും ഉണ്ണിമാങ്ങയുടെയും കീർത്തി നാൾ തോറും നാടു  തോറും പെരുകി വരവെയാണ് തറവാട്ടിലെ ഉണ്ണിപെങ്ങൾക്ക്  കല്യാണം ഉറച്ചത്.
തറവാട്ടിലെ അവസാന കല്യാണം. അതു പൊടി പൊടിക്കാൻ തന്നെ വല്യമ്മാവൻ തീരുമാനിച്ചു. തുക ലേശം കുറവ്. രണ്ടാം കൃഷി നെല്ല് അത്രകണ്ടു ശോഭിച്ചില്ല. ഒടുവിൽ മൂന്നാലു പേര് ഉണ്ണിമാവിനെ പലകുറി വലം വെച്ച് സിഗരറ്റും ബീഡിയും പുകച്ചു അഭിപ്രായങ്ങൾ തട്ടിമൂളിച്ചു നിന്നപ്പോഴാണ് ഉണ്ണിമാവിന് വില പറയാൻ വന്ന കച്ചവടക്കാരായിരുന്നു അവരെന്ന് വല്യമ്മായിക്ക് പോലും മനസ്സിലായത്.  വായു വലിച്ചു കിടന്ന കാട്ടുകുടിയിലെ വല്യമ്മ പോലും അത് കേട്ട് മൂക്കത്തു വിരൽ വെച്ചു ” ഈശോയേ ഉണ്ണിമാവ് വെട്ടാൻ പോണോ? ഇതൊന്നും കാണാൻ  ഇടവരുത്താതെ അങ്ങോട്ട് വിളിച്ചേക്കണേ” പള്ളീലച്ചൻ വരെ വന്നു വിലക്കിയിട്ടും വല്യമ്മാവൻ തീരുമാനത്തിൽ ഉറച്ചു നിന്നു.
അങ്ങനെ ഉണ്ണിമാവ് വെട്ടുന്ന ദിവസമെത്തി. പുലർച്ചെ നാട്ടുകാരും വീട്ടുകാരും കുട്ടി സൈന്യവുമെല്ലാം നോക്കി നിൽക്കെ മരം വെട്ടുകാരൻ ചാത്തുണ്ണി  കാച്ചിയും രാകിയും മൂർച്ച കൂട്ടിയ കോടാലി പാങ്ങു നോക്കി വീശി…

About The Author

Leave a Reply

Your email address will not be published. Required fields are marked *