വിരൽത്തുമ്പിൽ
അകം പൊള്ളയായ
ഹൃദയഇമോജികൾ
വിളയാടുന്ന ഇന്നിൽ നിന്നും…
നമുക്കൊന്നു തിരിഞ്ഞു നടന്നാലോ..
ആകാശത്തോളമെത്തുന്ന
ഊഞ്ഞാലാട്ടങ്ങളിൽ
കൈപിടിയിലൊതുക്കിയ
എണ്ണിയാലൊടുങ്ങാത്ത
നക്ഷത്രകുഞ്ഞുങ്ങളെ
കൈവിട്ടതെപ്പോഴാണ്..
അവിടെ, ഇടവഴിയോരങ്ങളിൽ
മിന്നിമറഞ്ഞചുവന്നുതുടുത്ത
പട്ടുപാവാടയും മാങ്ങാകൊലുസ്സിന്റെ
ചിരികളുമുണ്ടായിരുന്നില്ലേ!
പിടിച്ചടക്കലുകളെക്കാൾ
വിട്ടുകൊടുക്കലുകളുടെ
കണ്ണീരൊപ്പിയ കൈലേസുകൾ
പറന്നകന്നത് അകലങ്ങളി
ലേക്കാണെങ്കിലും, നൂലിഴയാൽ
കോർത്ത മുല്ലമൊട്ടുപോലെ..
ഓർമ്മകൾ നവ്യസുഗന്ധ
വാഹികളായിരുന്നില്ലേ..!
പുസ്തകത്താളുകളിലെ
നാലായി മടക്കിഒളിപ്പിച്ച
പ്രണയലേഖനത്തിലെ
വരികളിൽ അടക്കിയൊതുക്കിവച്ച
പ്രണയതുടിപ്പുകൾ..
പിൽക്കാല ഇമോജികളായി
പരിണമിച്ചപ്പോൾ..
കാമമോഹങ്ങളുടെ
ഒളിയമ്പ് മാത്രമായി
പ്രണയമരങ്ങൾ പൂക്കുന്നു
മുഖപടങ്ങളിലെ വൈകൃതങ്ങളാൽ
ഇമോജികൾ വർണ്ണക്കാഴ്ചകളുടെ
കുടമാറ്റം ആഘോഷമാക്കുന്നു.
ഹൃദയം നഷ്ടമായ
അപ്പൂപ്പൻതാടിപോലെ..
വരുകാല പ്രണയത്തിലും
ഇമോജികൾ മാത്രമാവുമോ?
ഇരകളുടെ സാക്ഷിയും..
വിധിയും!
ബി. ലേഖ,
About The Author
No related posts.