വായിച്ചു തീരാത്ത
പുസ്തകങ്ങൾ വന്ന്
വാതിലിൽ മെല്ലെ മുഖം
താഴ്ത്തിനിൽക്കുന്നു
വായനക്കായി മറന്നിട്ട
ജീവൻ്റെ പ്രാരബ്ദ-
പുസ്തകം മുന്നിൽ
ജ്വലിക്കുന്നു.
പാണൻ്റെ പാട്ടുകൾ
പാഴ്മുളം തണ്ടിലെ
ഓടക്കുഴൽ സ്വരം
നീർമാതളപ്പൂക്കൾ
വായിച്ചുവെങ്കിലും
തീരാതെ തീരാതെ
ഭൂമി, പ്രപഞ്ചം,
പ്രകാശയാത്രാവഴി
ലോകസഞ്ചാരം
നടത്തുന്ന പുസ്തക-
ത്താളിലേയ്ക്കിറ്റിറ്റു
വീഴും നിലാവൊലി.
വായിക്കുവാനായി
സൂക്ഷിച്ച പുസ്തകം
വായനക്കായി
തപസ്സ് ചെയ്തീടുന്നു
വായിക്കുവാനായ്
തിരഞ്ഞോരു പുസ്തകം
കാലത്തിനുള്ളിൽ
മറഞ്ഞങ്ങരിക്കുന്നു
വായിച്ചുപേക്ഷിച്ച
പുസ്തകങ്ങൾ വന-
വാസത്തിലേയ്ക്ക്
നടന്ന് നീങ്ങീടുന്നു.
വായിച്ചുവെങ്കിലും
ഇന്നും അപൂർണ്ണമാം
താളുകൾക്കുള്ളിൽ
പ്രപഞ്ചം അചഞ്ചലം
ഓരോ ഋതുക്കളും
വന്നുപോകുമ്പോഴും
ഓർമ്മപ്പെടുത്തുന്ന
പുസ്തകത്താളുകൾ
നിൽക്കുക ഭൂമി
ഒരല്പനേരം ജന്മ-
പുസ്തകം വായിച്ചു
തീർക്കേണ്ടതുണ്ടിനി.
ചുറ്റിലും പുസ്തക-
ത്തോപ്പുകൾ, വാഴ്വിൻ്റെ
അക്ഷരം തേടുന്ന
പ്രാണൻ്റെ പക്ഷികൾ.
About The Author
No related posts.