LIMA WORLD LIBRARY

പറക്കും തളിക എന്ത് ?; വിശദീകരിക്കാൻ തെളിവില്ലെന്ന് യുഎസ് റിപ്പോർട്ട്

വാഷിങ്ടൻ ∙ യുഎസ് സേനാ പൈലറ്റുമാർ കണ്ടുവെന്നു പറയപ്പെടുന്ന പറക്കുന്ന അജ്ഞാത വസ്തുക്കളുടെ യഥാർഥ സ്വഭാവം വിശദീകരിക്കാൻ ആവശ്യമായ തെളിവു ലഭ്യമല്ലെന്ന് യുഎസ് കോൺഗ്രസിനു മുൻപാകെ വച്ച സർക്കാർ റിപ്പോർട്ട് വ്യക്തമാക്കി. യുഎസ് സേന തയാറാക്കിയ 9 പേജുള്ള രഹസ്യരേഖകളാണു പരസ്യപ്പെടുത്തിയത്. നിഗൂഢവും അജ്ഞാതവുമായ പറക്കും വസ്തുക്കളെ കണ്ടുവെന്ന 144 സംഭവങ്ങളാണു റിപ്പോർട്ടിലുള്ളത്. ‘തിരിച്ചറിയാനാവാത്ത ആകാശ പ്രതിഭാസം’ (യുഎപി അഥവാ അൺഐഡന്റിഫൈഡ് ഏരിയൽ ഫെനോമിനൻ) എന്നാണ് ഇവയെ യുഎസ് സ‍ർക്കാർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ‘പറക്കും തളികകൾ’ (ഫ്ലയിങ് സോസേഴ്സ്) എന്നോ യുഎഫ്ഒ (അൺഐഡിന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്ട്സ്) എന്നോ ആണു മുൻപ് വിശേഷിപ്പിച്ചിരുന്നത്.

ഒരു സംഭവം ഒരു ഭീമൻ ബലൂൺ ആയിരുന്നുവെന്നു തിരിച്ചറിഞ്ഞതൊഴികെ മറ്റു 143 എണ്ണവും വിശദീകരിക്കാനായിട്ടില്ല. ഇവ യുഎസ് സർക്കാരിന്റെയോ സ്വകാര്യ ഏജൻസികളുടെയോ ഏതെങ്കിലും രഹസ്യ പദ്ധതിയാകാം, റഷ്യയോ ചൈനയോ പോലെ ഏതെങ്കിലും വിദേശരാജ്യം വികസിപ്പിച്ചെടുത്ത നവീനമായ സാങ്കേതിക വിദ്യയാകാം എന്നീ നിഗമനങ്ങൾ ഉണ്ടെങ്കിലും തെളിവുകൾ ലഭ്യമല്ല. ബഹിരാകാശ വസ്തുവാണോ എന്നതിനും തെളിവ് ഒന്നുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും ആ സാധ്യത തള്ളിക്കളയുന്നുമില്ല. ചിലപ്പോൾ ഇത് ഏതെങ്കിലും അന്തരീഷ പ്രതിഭാസം പോലുമാകാം.

പെന്റഗൺ കഴിഞ്ഞ വർഷം രൂപം നൽകിയ, നാവികസേനയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘവും ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസിന്റെ ഓഫിസും ചേർന്നു തയാറാക്കിയ റിപ്പോർട്ടിൽ 2004 മുതലുള്ള സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്. ഇവ എന്തുതന്നെയാലും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലാണു റിപ്പോർട്ടിലുള്ളത്. യുഎസ് കോൺഗ്രസ് നിർദേശിച്ച പ്രകാരമാണ് റിപ്പോർട്ട് സഭയിൽ വച്ചത്.

1940 കൾ മുതൽ പറക്കുംതളികകൾ സംബന്ധിച്ച നിറംപിടിപ്പിച്ച കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ കേവല ഭാവനയാണെന്ന നിലപാടാണ് യുഎസ് സർക്കാർ സ്വീകരിച്ചിരുന്നത്. ഇപ്പോൾ സേനാ പൈലറ്റുമാർ തന്നെ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് പരസ്യപ്പെടുത്തിയെങ്കിലും നിഗൂഢത തുടരുന്നു.

English Summary: US report on UFO

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px