LIMA WORLD LIBRARY

മസ്തിഷ്കം എന്ന മഹാത്ഭുതം – ആന്റെണി പുത്തൻപുരയ്ക്കൽ (ഓസ്ട്രിയ)

എല്ലാ ജീവശാസ്ത്ര സംവിധാനങ്ങളും അതീവ സങ്കീർണ്ണമാണ്. ലോകത്തെ ഏറ്റവും വൈഷമ്യമേറിയ ശൃംഖല മനുഷ്യ മസ്തിഷ്കമാണെന്നതിൽ തർക്കവുമില്ല. നമ്മുടെ, നമുക്കറിയാവുന്ന, അവയവം. എന്നാൽ ഇതൊരു പ്രഹേളിക കൂടിയാണ്. ഇതിന്റെ വിപുലമായ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചോദ്യവും വളരെ പ്രസക്തമാണ്. നാം കൂടുതൽ അടുത്തറിയേണ്ട ധാരാളം ഘടകങ്ങൾ ഇതിനുണ്ട്. ഇതുകൂടാതെ, കോശങ്ങൾക്കുളളിലും അവയ്ക്കിടയിലും ധാരാളം രാസ, വൈദ്യുത, വൈദ്യുത-രാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇനിയുമുണ്ട് നമ്മെ വിഷമിപ്പിക്കുന്ന അനേകം നിഗൂഢതകൾ: നമ്മുടെ നാഢീകോശങ്ങളുടെയും (neurons) മനസ്-മസ്തിഷ്ക ബന്ധത്തിന്റെ ഗൂഢാർത്ഥം. ഈ കോശങ്ങളുടെ ഉയർന്ന നിലയിലുള്ള ഏകോപനം വഴി ശ്വസനം, ഹൃദയമിടിപ്പ്, രക്തചംക്രമണം എന്നിങ്ങനെയുള്ള അനവധി ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്ന സംവിധാനം. നമ്മുടെ തലച്ചോറിലെ കോശങ്ങൾ മനുഷ്യരിലെ ഗ്രഹണശക്തി, ചിന്ത, സംസാരം, എഴുത്ത്, വികാരങ്ങൾ, സങ്കീർണ്ണമായ പെരുമാറ്റരീതികൾ ഉൾപ്പെടെയുള്ള മറ്റ് അനേകം പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നതിനു പിന്നിലെ രഹസ്യം.

ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുകയും സമ്പൂർണ്ണമായി നിയന്ത്രിക്കുകയും ചെയ്യുന്ന അവയവം മസ്തിഷ്കമാണ്. നമ്മുടെ ഇന്ദ്രിയജന്യമായ എല്ലാ സംവേദനങ്ങളെയും – കാഴ്ച, ഗന്ധം, സ്പർശനം, രുചി, കേൾവി – ഇവയെയെല്ലാം വ്യാഖ്യാനിക്കുകയും ശരീരത്തിൻ്റെ സുസ്ഥിതിക്കും നിലനില്പിനും വേണ്ടി തീരുമാനം എടുക്കുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതു തലച്ചോറാണ്. ബുദ്ധി, സർഗ്ഗാത്മകത, വികാരം, ഓർമ്മശക്തി എന്നിവയുടെയെല്ലാം ഇരിപ്പിടവും നമ്മുടെ മസ്തിഷ്കമാണ്. ഇത് നമ്മുടെ ചിന്തകൾ, സംസാരം, കൈകാലുകളുടെ ചലനം, ശരീരത്തിനുള്ളിലെ മറ്റു നിരവധി അവയവങ്ങളുടെ പ്രവർത്തനം എന്നിവയെ നിയന്ത്രിക്കുന്നു.

 

മസ്തിഷ്കത്തിന് പ്രധാനമായും മൂന്നു ഭാഗങ്ങൾ ഉണ്ട്. മഹാ മസ്തിഷ്കം (cerebrum), അനുമസ്തിഷ്കം (cerebellum), മസ്തിഷ്ക കാണ്ഡം (brainstem). കേന്ദ്ര നാഡീവ്യൂഹം (central nervous system) തലച്ചോറും സുഷുമ്‌നാ നാഡിയും ചേർന്നതാണ്. പരിപ്രാന്തീയനാഡിവ്യൂഹം (peripheral nervous system) സുഷുമ്നയും (spinal cord) തലച്ചോറിലേക്കുളള സുഷുമ്‌നാനാഡിയും (spinal nerves) ചേർന്നതാണ്. സുഷുമ്‌നാകാണ്ഡത്തിൽ നിന്നുള്ള നാഡിവ്യൂഹമാണ് സുഷുമ്നാ നാഡികൾ (spinal nerves). കപാലതന്ത്രികൾ (cranial nerves) മസ്തിഷ്കത്തിൽ നിന്നുമുള്ള നാഡീശാഖകളാണ്.

മഹാ മസ്തിഷ്കമാണ് തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം. രണ്ട് അർദ്ധഗോളങ്ങൾ – ഇടതും വലതും – ഇതിനുണ്ട്. ഓരോ അർദ്ധഗോളത്തിലും നാലു ഭാഗങ്ങളുണ്ട്: അഗ്രമസ്തിഷ്കപാളി (frontal lobe), ശംഖാമസ്തിഷ്കപാളി (temporal lobe), പാർശ്വമസ്തിഷ്കപാളി (parietal lobe), അനുകപാല ദളം (occipital lobe). ഓരോ പാളികളെയും നിർ‌ദ്ദിഷ്‌ട പ്രവർ‌ത്തനങ്ങൾ‌ നൽ‌കുന്ന മേഖലകളാണ്.

ഓരോ ശംഖാമസ്തിഷ്കപാളികളും വീണ്ടും നിർ‌ദ്ദിഷ്‌ട പ്രവർ‌ത്തനങ്ങൾ‌ നൽ‌കുന്ന മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ഓരോ ഭാഗവും ഒറ്റയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല. തലച്ചോറിന്റെ ഓരോ ഭാഗങ്ങളും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധങ്ങളുണ്ട്. അഗ്രമസ്തിഷ്കപാളി ഒരു വ്യക്തിയുടെ വ്യക്തിത്വം, പെരുമാറ്റം, വികാരങ്ങൾ, തീരുമാനം ആസൂത്രണം, പ്രശ്‌നപരിഹാരം, സംസാരം എഴുത്ത്, ശരീരചലനം ബുദ്ധി, ഏകാഗ്രത, സ്വയം അവബോധം എന്നിവയെ നിയന്ത്രിക്കുന്നു. പാർശ്വമസ്തിഷ്കപാളി നിയന്ത്രിക്കുന്ന ഘടകങ്ങൾ: ഭാഷ, വാക്കുകളുടെ വ്യാഖ്യാനം സ്പർശനം വേദന, താപനില, കാഴ്ച, കേൾവി, സംവഹന പ്രവർ‌ത്തനം സംവേദക ജ്ഞാനം, ഓർമ്മ, സ്ഥലസംബന്ധിയായ കഴിവ് (spatial ability), ദൃശ്യജ്ഞാനം. അനുകപാല ദളം കാഴ്ചയുടെ ഘടകങ്ങളായ നിറം, വെളിച്ചം, ചലനം എന്നിവയെ വ്യാഖ്യാനിക്കുന്നു. ശംഖാമസ്തിഷ്കപാളി ഭാഷ ഗ്രഹണം, ഓർമ്മ, കേൾവി, അനുക്രമം, വ്യവസ്ഥപ്പെടുത്തൽ എന്നിവയെ നിയന്ത്രിക്കുന്നു.

മഹാസംയോജക പിണ്ഡം (Corpus callosum) എന്നറിയപ്പെടുന്ന തന്തുക്കൾ വഴി മസ്തിഷ്കത്തിലെ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് സന്ദേശങ്ങൾ കൈമാറുന്നു. സ്പർശനം, കാഴ്ച, കേൾവി എന്നിവ വ്യാഖ്യാനിക്കൽ, സംസാരം, യുക്തിവിചാരം, വികാരങ്ങൾ, പഠനം, ധാരണാശക്തി, ഗണിതം, സർഗ്ഗാത്മകത, ചലനത്തിന്റെ മികച്ച നിയന്ത്രണം, കലാവാസനകൾ, സംഗീത നിപുണത എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഇത് നിർവ്വഹിക്കുന്നു.

മഹാ മസ്തിഷ്കത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന അവയവമാണ് അനുമസ്തിഷ്കം (cerebellum). പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുക, ശരീരഭാങ്ങളുടെ സംസ്ഥിതി നിലനിർത്തുക, സന്തുലിതാവസ്ഥ നിയന്ത്രിക്കുക എന്നിവയാണ് ഇതിന്റെ പ്രവർത്തനം.

മസ്തിഷ്ക കാണ്ഡമാണ് മസ്തിഷ്കത്തിന്റെ മൂന്നാമത്തെ ഭാഗം. മഹാ മസ്തിഷ്കം, അനുമസ്തിഷ്കം എന്നിവയെ സുഷുമ്‌നാ നാഡിയുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമാണിത്. ശ്വസനം, ഹൃദയമിടിപ്പ്, ശരീരതാപനില, ഉറക്കം, ഉറക്കം തെളിയൽ, ദഹനം, തുമ്മൽ, ചുമ, ഛർദ്ദി, വിഴുങ്ങൽ തുടങ്ങി നിരവധി സ്വയംപ്രേരിത പ്രവർത്തനങ്ങൾ ഇത് നിർവ്വഹിക്കുന്നു.

നമ്മുടെ മസ്തിഷ്കം കോശങ്ങളാൽ നിർമ്മിതമാണ്. ഏതാണ്ട് നൂറു ബില്യൺ നാഡീകോശങ്ങൾ (neurons) നമ്മുടെ തലച്ചോറിൽ ഉണ്ട്. ചാര നിറമുള്ള ഈ കോശങ്ങൾ നമ്മുടെ ശരീരത്തിലെ മറ്റിതര കോശങ്ങളിൽ നിന്നും വ്യത്യസ്തമായ ആകൃതിയുള്ള അദ്വിതീയ കോശങ്ങളാണ്. നൂറ്റി അൻപതു ബില്യൺ ഗ്ലിയൽ കോശങ്ങൾ (glia cells) നാഡീകോശങ്ങളുടെ കവചമായിട്ടുണ്ട്. ഗ്ലിയൽ സെല്ലുകളുടെ ജോലി നാഡീകോശങ്ങൾക്ക് പോഷകങ്ങളും പ്രാണവായുവും എത്തിക്കുക എന്നതാണ്. ഇതിനുപുറമേ, മരിച്ച കോശങ്ങളെ നീക്കം ചെയ്യുന്നതും ഈ കോശങ്ങളാണ്. നാഡീകോശങ്ങളേക്കാൾ ഈ കോശങ്ങൾ താരതമ്യേന ചെറുതാണ്. നാഢികോശസന്ധികൾ (synapses) എന്നറിയപ്പെടുന്ന സംയോജകങ്ങൾ വഴിയാണ് നാഡീകോശങ്ങൾ തമ്മിൽ തമ്മിൽ ആശയവിനിമയം നടത്തുന്നത്. ഒരു ദ്രുമാശ്മ (dendrite) ശാഖയുടെ അഗ്രവും മറ്റൊരു തന്ത്രിക അക്ഷാഗ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലിയാണ് നാഢീകോശസന്ധികൾ ചെയ്യുന്നത്. ഇതുകൂടാതെ, തനുസ്തരം (membrane), ഗ്രാഹകം (receptor), കോശികാംഗം (organnelle), ജൈവതന്മാത്രകൾ എന്നിങ്ങനെ അനവധി കോശസംബന്ധിയായ ഘടകങ്ങൾ നമ്മുടെ മസ്തിഷ്കത്തിലുണ്ട്.

ഓരോ നാഢീകോശത്തിനും മൂന്ന് ഘടനകങ്ങളുണ്ട്. ഒന്നാമത്തേത്, കോശകേന്ദ്രം (nucleus) ആണ്. രണ്ടാമത്തേത്, ദ്രുമാശ്മാണ് (dendrite). തന്ത്രിക അക്ഷം ( axon) ആണ് മൂന്നാമത്തെ ഘടകം. ഓരോ കോശത്തിൻ്റയും ഗുണസൂത്രഘടകം (gene) കോശകേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. നാഢീകോശങ്ങളിലേക്ക് വൈദ്യുത സിഗ്നലുകൾ വഹിക്കുന്ന നേർത്ത ശാഖകളാണ് തന്ത്രിക അക്ഷം . നാഢീകോശങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കുന്ന നാരുശാഖകളാണ് ദ്രുമാശ്മം. നാഢീകോശങ്ങൾ തമ്മിലുള്ള പ്രക്ഷേപണ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കവചത്തെ മെയ്ലിൻ പാളി (myelin sheath) എന്നു വിളിക്കുന്നു.

നമ്മുടെ തലച്ചോറിലെ ഓരോ നാഡീകോശത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന അതിലോലമായ നീണ്ട കേബിളിനെയാണ് നാം തന്ത്രിക അക്ഷമെന്നു (axon) വിളിക്കുന്നത്. ഒരു നാഡീകോശത്തിൽ നിന്നും മറ്റൊരു നാഡീകോശത്തിലേക്കുള്ള അകലമനുസരിച്ച് തന്ത്രിക അക്ഷത്തിൻ്റെ നീളവും വ്യത്യാസപ്പെട്ടിരിക്കും. മസ്തിഷ്കത്തിനുളളിൽ പലതിനും ഒരു മില്ലിമീറ്ററോ അതിൽ കൂടുതലോ നീളമുണ്ടായിരിക്കും. എന്നാൽ തലച്ചോറിൽ നിന്നും സുഷുമ്‌നാ നാഡിക്ക് താഴേക്ക് പോകുന്ന തന്ത്രിക അക്ഷങ്ങൾക്ക് ഒരു മീറ്ററിൽ കൂടുതൽ ദൈർഘ്യമുണ്ടായിരിക്കും.

അനേകം തന്ത്രിക അക്ഷങ്ങൾ ഒന്നുചേർന്നു തന്ത്രിക അക്ഷ ഉപശാഖ സമൂഹങ്ങൾക്കു രൂപം കൊടുക്കുന്നു. ഈ ഉപശാഖകൾ നാഡീകോശങ്ങളിലേക്ക് വിവരങ്ങൾ സദാ കൈമാറ്റം ചെയ്യുന്നു. ഈ പാർശ്വസ്ഥ നാഡീ അഗ്രീയ സമൂഹങ്ങൾ (axon collaterals) വീണ്ടും വിപുലീകരണങ്ങളായി വിഭജിക്കപ്പെടുന്നു. തന്ത്രിക അക്ഷങ്ങളുടെ ഓരോ നുറുങ്ങിലും ഒരോ നാഡീസന്ധി അഗ്രവും (synaptic terminal) ഉണ്ട്.

നാഡീകോശങ്ങൾ തമ്മിൽ തമ്മിൽ നാഡീകോശസന്ധികൾ വഴിയാണ് ആശയവിനിമയം നടത്തുന്നത്. ഒരു വശത്ത് തന്ത്രിക അക്ഷാഗ്രവും മറുവശത്ത് ദ്രുമാശ്മ കോശത്തിലെ സമ്പർക്ക ബിന്ദുവും സ്ഥിതിചെയ്യുന്നു. ഇവിടെ, 20 മുതൽ 40 വരെ നാനോമീറ്റർ വീതിയുള്ള വിടവിൽ, തന്ത്രിക അക്ഷം വഴി വരുന്ന വൈദ്യുത സിഗ്നലുകൾ നാഡീയപ്രേഷിതങ്ങളുടെ (neurotransmitters) പ്രകാശനത്തിലൂടെ രാസ സിഗ്നലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. തുടർന്ന് വിവരങ്ങൾ ഒരു നാഡീകോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ ഉടൻ തന്നെ വൈദ്യുതി തരംഗങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു.

തന്ത്രിക അക്ഷങ്ങൾ മയ്ലിൻ (myelin) എന്ന കൊഴുപ്പ് പദാർത്ഥത്താൽ, കവചിതമാണ്. ഇതാണ് നമ്മുടെ തലച്ചോറിന് വെളുത്ത നിറം പകരുന്നത്. മയ്ലിൻ തന്ത്രിക അക്ഷങ്ങൾക്ക് ഒരു വൈദ്യുതീരോധന കവചമായി പ്രവർത്തിക്കുന്നു. ഈ കവചം തന്ത്രിക അക്ഷങ്ങൾ വഴി വരുന്ന വൈദ്യുത സിഗ്നലുകൾ ദീർഘ ദൂരത്തേക്ക് അയയ്ക്കാൻ സഹായിക്കുന്നു. മയ്ലിൻ കൂടുതലായി കാണപ്പെടുന്നത് മസ്തിഷ്കത്തിലെ ദൂരെ മേഖലകളെ ബന്ധിപ്പിക്കുന്ന നാഡികോശസന്ധികളിലാണ്. തന്ത്രിക അക്ഷത്തിന്റെ തകരാറിലാകുകയോ തകരുകയോ ചെയ്യുന്നതുകൊണ്ടാണ് നാഡീഅവശോഷണ (neurodegenerative) രോഗങ്ങളായ മോട്ടോർ ന്യൂറോൺ രോഗം (MND), മറവിരോഗം, പാർക്കിൻസൺസ് രോഗം എന്നിവ ഉണ്ടാകുന്നത്.

തന്ത്രിക അക്ഷങ്ങൾ നാഡീകോശവ്യതിയാനത്തിൽ (neuroplasticity) അതിപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നാം നമ്മുടെ മനസ്സിൽ ഒരു നിശ്ചിത ചിന്തയോ പെരുമാറ്റമോ ആവർത്തിക്കുമ്പോൾ, അത് നമ്മുടെ തലച്ചോറിൽ ഒരു മാറ്റത്തിന് കാരണമാകും എന്നതാണ് നാഡീകോശവ്യതിയാനം കൊണ്ട് വിവക്ഷിക്കുന്നത്. മസ്തിഷ്കത്തിലെ ഈ മറ്റത്തിനുളള സന്ദേശങ്ങൾ കൈമാറ്റം നടത്തുന്നത് തന്ത്രിക അക്ഷങ്ങളാണ്. ഇക്കാരണത്താൽ നാഡീകോശത്തിൻ്റെ പ്രധാന കേന്ദ്രമായി തന്ത്രിക അക്ഷത്തെ കണക്കാക്കാം.

ഗ്ലിയൽ കോശങ്ങളെ അനാഡീയകോശം (neuroglia) എന്നും വിളിക്കുന്നു. ‘ഗ്ലിയ’ എന്ന വാക്കിന്റെ അർത്ഥം ‘ന്യൂറൽ പശ’ എന്നാണ്. ഇവ നാഡീയകോശങ്ങളെ
സംരക്ഷിക്കുന്നതിനാൽ തലച്ചോറിന്റെയും മുഴുവൻ നാഡീവ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണ്. ഗ്ലിയൽ കോശങ്ങൾ നാഡീകോശങ്ങൾക്ക് താപരോധിപാളിയായും, പ്രാണവായു, പോഷകങ്ങൾ എന്നിവ നൽകുന്ന ഘടകമായും പ്രവർത്തിക്കുന്നു. ഇതോടൊപ്പം നിർജ്ജീവ കോശങ്ങളെയും ദോഷകരമായ രോഗകാരികളെയും
ഇല്ലാതാക്കുന്നതും ഈ കോശങ്ങളാണ്. നമ്മുടെ കേന്ദ്ര നാഡീവ്യവസ്ഥയുടെ പതിനഞ്ചു ശതമാനം
ഈ കോശങ്ങളാണ്. കൂടാതെ, അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലും
സുഷുമ്‌നാ നാഡീകളിലും കാണപ്പെടുന്നു. ഈ കോശങ്ങൾ തലച്ചോറിനും ശരീരത്തിലുടനീളം
പ്രവർത്തിക്കുന്ന ഞരമ്പുകൾക്കും വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന കോശമാണ് ഷ്വാൻ (Schwann) കോശം. ഇവ ‘ന്യൂറോലെമ്മോസൈറ്റുകൾ’ എന്നും അറിയപ്പെടുന്നു. ഈ കോശങ്ങൾ മറ്റ് കോശങ്ങളെയും, പ്രത്യേകിച്ച് നാഡീകോശങ്ങളെയും പൊതിഞ്ഞ് മയ്ലിൻ കവചം (myelin sheath) ഉണ്ടാക്കുന്നു. നാഡികളുടെ വികസനം, നന്നാക്കൽ, പുനരുജ്ജീവിപ്പിക്കൽ എന്നിവയുടെ പ്രധാന ഭാഗമാണ് ഈ കോശങ്ങൾ. നാഡീവ്യതിയാനത്തിന്റെ കാര്യത്തിൽ, കേന്ദ്ര, പരിധീയ നാഡീവ്യവസ്ഥകളുടെ ഉത്തേജിപ്പിക്കുന്നതിനുള്ള ശേഷി ഷ്വാൻ കോശങ്ങൾക്ക് ഉണ്ട്.

മസ്തിഷ്കത്തിലെ മറ്റൊരു കോശമാണ് ‘ആസ്ട്രോസൈറ്റ്സ്’ (Astrocytes). ഈ കോശങ്ങൾ സാധാരണയായി തലച്ചോറിലും സുഷുമ്‌നാ നാഡികളിലും കാണപ്പെടുന്നു. സുഷുമ്‌നാ നാഡികോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിച്ചു നൽകുന്ന ജോലിയാണ് ഇവ ചെയ്യുന്നത്. കോശേതരകോശങ്ങളിലെ (extracellular cells) ഇരുമ്പിന്റെ അളവ് നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണ്. ഇതിനുപുറമേ, സുഷുമ്‌നാ നാഡിയിലെയും തലച്ചോറിലെയും നിർജ്ജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അന്തർകലാസംബന്ധി കോശങ്ങളുടെ (endothelial cells) പ്രവർത്തനങ്ങളെ സജീവമാക്കുന്നതും ഈ കോശങ്ങളാണ്.

അടുത്തത് അല്പദ്രുമാണു കോശങ്ങളാണ് (oligodendrocyte). ഈ കോശങ്ങൾ തന്ത്രിക അക്ഷങ്ങളുടെയും നാഡികളുടെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇവർ തന്ത്രിക അക്ഷങ്ങളുടെ ചുറ്റും മയ്ലിൻ കവചം നിർമ്മിക്കുന്നു. ഈ മയ്ലിൻ‌ കവചങ്ങൾ നാഡീവ്യതിയാന സമയത്ത് നാഡീ പ്രേരണകളുടെ ചാലകത്തെ സാരമായി വർദ്ധിപ്പിക്കും. നാഡീ പ്രേരണകൾ സുഗമമായി നാഡീവ്യൂഹത്തിലൂടെ പ്രവഹിക്കുന്നതിന് പിന്തുണയും സംരക്ഷണവും നൽകുന്നത് ഈ കോശങ്ങളാണ്.

സുഷ്മനാ ആന്തരികസ്തര (Ependymal) കോശങ്ങൾ മസ്തിഷ്കമേരു ദ്രവത്തിൻ്റെ (cerebral spinal fluid) (CSF) ഒഴുക്ക് സുഗമമാക്കുന്ന കോശങ്ങളാണ്. ഈ ദ്രാവകം പോഷകങ്ങളെ മസ്തിഷ്ക കോശങ്ങളിലേക്ക് കൊണ്ടുപോകുകയും ഏതെങ്കിലും വിഷ ഉപാപചയ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ മേഖലയുടെ മധ്യത്തിലുള്ള മൂലകോശങ്ങളിൽ നിന്നാണ് നമ്മുടെ ഓർമ്മകളെ നിലനിർത്തുന്ന പുതിയ നാഡീകോശങ്ങൾ രൂപപ്പെടുന്നത്. ഈ പുതിയ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ആവശ്യമാണ്. പുതിയ കോശങ്ങൾ വളരുമ്പോൾ അവ ശക്തമാവുകയും തലച്ചോറിലെ മറ്റ് കോശങ്ങളുമായി ആശയവിനിമയം ആരംഭിക്കുകയും ചെയ്യും.

നാഡീകോശങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നു കോശങ്ങളാണ് മൈക്രോഗ്ലിയ (Microglia) കോശങ്ങൾ. ഏതെങ്കിലും വിധത്തിൽ കോശകണങ്ങൾക്ക് ദോഷം വരുത്തുന്ന എല്ലാ വൈദേശിക ആക്രമണത്തിൽ നിന്നും നാഡീകോശങ്ങളെ സംരക്ഷിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് ഈ കോശങ്ങൾ. നാഡീവ്യതിയാനത്തിന് കാര്യമായ സംഭാവന ഈ കോശങ്ങൾ നല്കുന്നുണ്ട്. മസ്തിഷ്കാഘാതത്തിൽ നിന്നും നമ്മുടെ തലച്ചോറിനെ വീണ്ടെടുക്കുന്നതിനും പൂർവ്വാധികം പ്രവർത്തനക്ഷമതയും സമഗ്രതയെയും കൈവരിക്കുന്നതിനും ചാരനിറത്തിലുള്ള ഈ ദ്രവ്യത്തിന്റെ പങ്ക് അതിപ്രധാനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഭാഷയും സംസാരവും നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടത് അർദ്ധഗോളമാണ്. ഇതിനെ ‘ആധിപത്യ’ അർദ്ധഗോളമെന്ന് വിളിക്കുന്നു. ദൃശ്യ, സ്ഥലീയ വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നതും വ്യാഖ്യാനിക്കുന്നതും പ്രധാനമായും വലത് അർദ്ധഗോളമാണ്. എന്നാൽ ഇടത് കൈയ്യൻമാരിൽ മൂന്നിലൊന്ന് ആളുകളിൽ സംഭാഷണ പ്രവർത്തനം തലച്ചോറിന്റെ വലതുവശത്തായിരിക്കാം. മസ്തിഷ്ക ക്ഷതം മൂലം സംസാര, മനസ്സിലാക്കൽ, വായന അല്ലെങ്കിൽ എഴുത്ത് എന്നിവയെ ബാധിക്കും.

ബ്രോക്കയുടെ പ്രദേശം (Broca’s area): ഇടത് അഗ്രമസ്തിഷ്കപാളി പ്രദേശം തകരാറിലാണെങ്കിൽ, സംസാരത്തിൽ ശബ്‌ദം പുറപ്പെടുവിക്കാൻ ഒരാൾക്ക് നാവോ മുഖത്തെ പേശികളോ ചലിപ്പിക്കാൻ പ്രയാസമുണ്ടാകാം. അതേസമയം ആ വ്യക്തിക്ക് ഇപ്പോഴും സംസാര ഭാഷ വായിക്കാനും മനസിലാക്കാനും കഴിയും. പക്ഷേ, സംസാരിക്കാനും എഴുതാനും പ്രയാസമുണ്ടാകും.

വെർണിക്കിയുടെ പ്രദേശം (Wernicke’s area): ഇടത് ശംഖാമസ്തിഷ്കപാളിക്ക് കേടു സംഭവിക്കുന്ന വ്യക്തിക്ക് അർത്ഥമില്ലാത്ത നീണ്ട വാചകങ്ങൾ, അനാവശ്യമായ വാക്കുകൾ ചേർത്ത്, പുതിയ വാക്കുകൾ സൃഷ്ടിക്കുക പോലും ചെയ്യത് സംഭാഷണത്തിൽ ശബ്‌ദം സൃഷ്ടിക്കാൻ കഴിയും. അവർക്ക് അവരുടെ തന്നെ സംഭാഷണം മനസിലാക്കാൻ പ്രയാസമുണ്ട്.

മഹാ മസ്തികത്തിന്റെ (cerebrum) ഉപരിതലത്തെ ആവൃതി (cortex) എന്ന് വിളിക്കുന്നു. കുന്നുകളും താഴ്‌വരകളും പോലെയുള്ള ഒരു മടക്ക രൂപമാണിതിന്. ഒരു മടക്കിനെ മസ്തികമടക്ക (gyrus) എന്നും അതിനിടയിലുള്ള താഴ്വരത്തെ ഒരു സൾക്കസ് (sulcus) എന്നും വിളിക്കുന്നു. ആവൃതിയിൾ പതിനാറു ബില്ല്യൺ നാഡീകോശങ്ങൾ അടങ്ങിയിരിക്കുന്നു. മടക്കുരൂപമായതുകൊണ്ട് കൂടുതൽ നാഡീകോശങ്ങളെ ഉൾക്കൊള്ളാൻ ഉയർന്ന പ്രവർത്തനങ്ങൾക്ക് തലച്ചോറിനെ പ്രാപ്തമാക്കാനും സാധിക്കുന്നു.

സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ (autonomic nerves system) നിയന്ത്രണമാണ് അധഃതലാമികം (hypothalamus) നിയന്ത്രിക്കുന്നത്. വിശപ്പ്, ദാഹം, ഉറക്കം, ലൈംഗിക പ്രതികരണം തുടങ്ങിയ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നതിൽ ഇത് ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് ശരീര താപനില, രക്തസമ്മർദ്ദം, വികാരങ്ങൾ, ഹോർമോണുകളുടെ സ്രവണം എന്നിവയും നിയന്ത്രിക്കുന്നു.

മനുഷ്യ മസ്തിഷ്കം നമ്മെ അമ്പരപ്പിക്കുന്ന സങ്കീർണ്ണതയുടെ ഒരു അവയവമായി ഇന്നും തുടരുന്നു. വൈദ്യുത പ്രവർത്തനം എങ്ങനെയാണ് അനുഭവമായി മാറുന്നതെന്ന് ഇന്നുവരെ ആർക്കും കൃത്യമായി അറിയില്ല. എന്നിരുന്നാലും, ഇന്ദ്രീയബോധത്തിലൂടെ നമുക്ക് ലഭിക്കുന്ന എല്ലാ വിവരങ്ങളും വ്യക്തിനിഷ്ഠമായ അനുഭവത്തിന്റെ വിവിധ ഘടകങ്ങളായ ചിന്തകൾ‌ അല്ലെങ്കിൽ‌ വികാരങ്ങൾ‌ എന്നിവയിലേക്ക് മാറ്റുന്ന മസ്തിഷ്ക പ്രക്രിയകളെക്കുറിച്ച് ഇപ്പോൾ‌ ശാസ്ത്ര ലോകത്തിന് വളരെയധികം അറിയാം. ഓരോ ഇന്ദ്രിയങ്ങളും വ്യത്യസ്ത തരം ഉത്തേജനത്തെ നേരിടാൻ സജ്ജമാണ്. ഉദാഹരണത്തിന്, കണ്ണുകൾ പ്രകാശത്തോടും ചെവികൾ ശബ്ദതരംഗങ്ങളോടും സംവേദനക്ഷമാണ്. ഇന്ദ്രിയങ്ങൾ എല്ലാ ഉത്തേജകങ്ങളെയും വൈദ്യുത തരംഗങ്ങളായി മാറ്റി തുടർന്നുളള പ്രക്രിയക്കായി തലച്ചോറിലേക്ക് അയയ്ക്കുന്നു. ആദ്യ തരംഗങ്ങൾ വൈദ്യുതമാണെങ്കിലും, കോശങ്ങൾക്കിടയിലുള്ള പ്രക്ഷേപണ രീതി രാസവസ്തുവയാണ്. മസ്തിഷ്കത്തിന് ലഭിക്കുന്ന വിവരങ്ങളുടെ ഏതാണ്ട് പത്തു ശതമാനത്തോളം മാത്രമേ നമ്മുടെ ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നുള്ളൂ.

 

തലച്ചോറിന്റെ അടിസ്ഥാന പ്രാഥമികരേഖരൂപം നിർണ്ണയിക്കുന്നത് നമ്മുടെ ജീനുകളാണ്. മറ്റേതൊരു അവയവും പോലെ മസ്തികവും ഒരു അടിസ്ഥാനപരമായി ശരീരിക അവയവം മാത്രമാണ്. എന്നാൽ, ഓരോ വ്യക്തിയുടെയും മസ്തികം വ്യഥ്യസ്തവും സവിശേഷതയാർന്നതുമാണ്. സമാനമായ ഇരട്ടകൾക്കുപോലും വ്യത്യസ്തമായ തലച്ചോറുകളുണ്ട്. ഇതിനു കാരണം മസ്തിഷ്കം അതിന്റെ പരിസ്ഥിതിയോട് വളരെ സൂഷ്മസംവേദനക്ഷമാണ്. വ്യക്തിഗത തലച്ചോറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് ഓരോ വ്യക്തിക്കും സവിശേഷമായ വ്യക്തിത്വമുണ്ടാക്കുന്നത്.

മസ്തിഷ് കോശങ്ങളെ (brain tissue) എത്രത്തോളം വ്യായാമത്തിന് വിധേയമാക്കുന്നുവോ അത്രത്തോളം അതിനു ശക്തിപ്പെടുത്താനും മറ്റു പേശികളെപ്പോലെ പ്രവർത്തനക്ഷമത കൈവരിക്കാനും കഴിയും. അതിനാൽ, ഒരു വ്യക്തി ഒരു കാര്യത്തിൽ വൈദഗ്ദ്ധ്യം നേടുകയും കൂടുതൽ പരിശീലിക്കുകയും ചെയ്താൽ, ആ മേഖലയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം വികസിക്കും. ഇതുകൊണ്ട് കൂടുതൽ കാര്യക്ഷമതയൊടെ ഓരോ കാര്യങ്ങളും നിർവ്വഹിക്കാൻ ഒരു വ്യക്തി പ്രാപ്തനാകുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px