നൊമ്പരങ്ങള്‍ എന്‍റെ കൂടെപിറപ്പാണ്. ഹൃദയം തകരുന്നപോലുള്ള അനുഭവങ്ങള്‍! ചെറിയകുട്ടിയായിരുന്നപ്പോള്‍ അതിന്‍റെ തീവ്രത എനിയ്ക്കറിയുമായിരുന്നില്ല. സ്നേഹമയിയായൊരു മുത്തശ്ശി!! എന്തിനും ഏതിനും എനിയ്ക്ക് കൂട്ടായിരുന്ന അരുണേട്ടനും അജിതേട്ടത്തിയും. പക്ഷേ, ഞാന്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവരെ ഇരുവരേയും, ഡല്‍ഹിയില്‍ നിന്നുവന്ന അങ്കിളും ആന്‍റിയും കൊണ്ടുപോയി. പിന്നെ ഞാനും, മുത്തശ്ശിയും, വീട്ടുപണിക്കാരിയായി അമ്മുച്ചിറ്റയും മാത്രമായി. അങ്ങകലെ എവിടെയോ എന്‍റെ ഡാഡിയും മമ്മിയുമുണ്ടെന്ന് അമ്മുച്ചിറ്റ ഉറപ്പിച്ചു പറയുമായിരുന്നു. അവരുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ എന്ന് പറയുമ്പോള്‍, കണ്‍തടങ്ങള്‍ നിറച്ച്, അമ്മുച്ചിറ്റ കഥകള്‍ പറഞ്ഞുതരും. കാട്ടില്‍ മരം ചാടിനടക്കുന്ന ‘മോഗ്ലിയെ’ റ്റി.വി. സ്ക്രീനില്‍ കാണിച്ചുതന്ന് എന്‍റെ വിഷമമകറ്റും. പിന്നെ പിന്നെ ഞാനൊരു ‘സ്ത്രീശക്തി’ യായിവളര്‍ന്നു. എന്തിനേയും ഏതിനേയും നേരിടണമെന്നൊരു ചിന്ത എന്നെ കൂടുതല്‍ സ്വാധീനിച്ചു. പഠനത്തില്‍ മുന്‍പന്തിയിലെത്തുന്നതിനാല്‍ പഠിച്ച് ഐ.എ.എസ് നേടണമെന്ന ആഗ്രഹം എന്നില്‍ വളര്‍ത്തിയത് സുജാത ടീച്ചര്‍ ആയിരുന്നു. വേണ്ടത്ര അറിവുകള്‍ ധാരാളമായി പകര്‍ന്നു തരാന്‍ ആധുനീകഉപകരണങ്ങള്‍ സംഘടിപ്പിച്ചുതന്നതും ടീച്ചര്‍ തന്നെയായിരുന്നു. അവരെ ആരെയും നിരാശരാക്കാന്‍ ഞാനും ആഗ്രഹിച്ചില്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം എന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു. ഇതൊന്നും കാണാന്‍ മുത്തശിയും ഇല്ലാതെ പോയി. അജിതേട്ടത്തിയും അരുണേട്ടനും ഇന്ന് ഡല്‍ഹിയ്ക്ക് തിരിച്ചുപോകുന്നു. ആദ്യനിയമനം കാത്തിരിക്കുന്ന എന്നെ കൂടെ കൊണ്ടുപോകാന്‍ അവര്‍ക്കും പറ്റില്ലല്ലൊ. അരുണേട്ടനാണെങ്കില്‍ അവിടെ പ്രശസ്ത ഹോസ്പിറ്റലില്‍ ഡോക്ടറാണ്. അജിതേട്ടത്തി കുട്ടികളെ അവിടെനിര്‍ത്തിയാണ് വന്നിരിയ്ക്കുന്നത്. എന്‍റെ വിരലിലെണ്ണാവുന്ന ബന്ധുക്കളില്‍ എനിയ്ക്കറിയാവുന്നവര്‍ ഇവര്‍മാത്രമാണ്. പിന്നെ, എന്തിനും ഏതിനും എനിയ്ക്ക് കൂട്ടായ കുറെ സുഹൃത്തുക്കളും!
സ്നേഹനൊമ്പരങ്ങള്‍ക്കിടയിലാണ് ഈ ഞാന്‍! മാതാപിതാക്കള്‍ ഒരേ ദിവസം മണിക്കൂറുകള്‍ക്കകലത്തില്‍ നഷ്ടപ്പെട്ട എനിയ്ക്ക് ഇത്രയൊക്കെയേ ഈ ലോകത്തില്‍ പ്രതീക്ഷിയ്ക്കാനുള്ളൂ എന്ന യാഥാര്‍ത്ഥ്യം അറിയാത്തവളല്ലല്ലൊ ഞാന്‍! എല്ലാഅസ്വസ്ഥതകളും തട്ടിമാറ്റി അരുണേട്ടനെന്നവന്‍മതില്‍ ചാരിനില്ക്കാനൊരു കരുത്തുപകരുന്നു, എന്നത് വലിയൊരാശ്വാസമാണ്. കൂടെപ്പഠിച്ച കൂട്ടുകാര്‍ ഓരോരുത്തരായിവിവാഹിതരായിപ്പോകുമ്പോള്‍ ഞാനും ആ തരത്തിലുള്ള സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ട്. അവസാന യാത്ര പറയുമ്പോള്‍ അരുണേട്ടന്‍ അതൊരു കൂടെ അരകിട്ടുറപ്പിച്ചു.
‘എന്നെയും, നമ്മുടെ മക്കളെയും പരിപാലിച്ചു ജീവിയ്ക്കുന്ന ഒരു വീട്ടമ്മയെയാണ്ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ ബുദ്ധിമതിയായ നീ, ഈ ഉയരങ്ങള്‍ ഒക്കെ നേടിനില്ക്കുമ്പോള്‍….!! ഞാനിനി എന്ത് പറയാന്‍?! താടി പിടിച്ചുയര്‍ത്തി, നെറ്റിയിലൊരു ചുടുചുംബനം നല്‍കി അരുണേട്ടനത് പറഞ്ഞപ്പോള്‍ ഞാന്‍ കോപം നടിച്ചു. ‘ഊംമനസ്സിലിരിപ്പ് മനസ്സിലായിട്ടോ… ഒരടുക്കളക്കാരി മതിയെങ്കില്‍ അമ്മുച്ചിറ്റയുടെ മോളുണ്ട്… ശാലിനി! അവള്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് വിവാഹം അന്വേഷിച്ച് വീട്ടിലുണ്ട്. ഒന്നും ഇതുവരെ ഒത്തിട്ടില്ലെന്നാണറിഞ്ഞത്!
‘എടി…. എടി…..’ അരുണേട്ടന്‍ കയ്യോങ്ങിവന്നു.
‘ആ പൂതിയങ്ങ് പോക്കറ്റിലിട്ടോ…. ഒരു ജില്ലാ കളക്ടരുടെ നേരെയാണ് കയ്യോങ്ങുന്നത്….ഓര്‍ത്തോ…!!’ ഉറക്കെചിരിച്ചുകൊണ്ട്, എയര്‍പോര്‍ട്ടില്‍ പോകാനുള്ളകാറില്‍ കയറുമ്പോള്‍ അരുണേട്ടന്‍ കൈവീശി. അതൊരവസാന കൂടിക്കാഴ്ചയാണെന്ന് ആരറിയാന്‍?!! ഏതോ യന്ത്രത്തകരാറുമൂലം കടലിന്‍റെ ആഴങ്ങളില്‍ പതിച്ച ആ വിമാനത്തില്‍ പൊലിഞ്ഞുപോയ അനേകരില്‍ ഒരാള്‍മാത്രമായിരുന്നു അരുണേട്ടന്‍!!
ഞാന്‍ സ്നേഹിയ്ക്കുന്നവരേയും എന്നെ സ്നേഹിച്ചവരേയും ഒന്നൊന്നായിതട്ടിയെടുക്കുന്ന ‘വിധി’ യെന്ന ശത്രു എപ്പോഴും എന്‍റെ പിന്നാലെത്തന്നെയുണ്ടെന്ന് ഞാനിപ്പോള്‍ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ആദ്യം മാതാപിതാക്കളെ, പിന്നെ മുത്തശ്ശിയെ, ഇതി ഇപ്പോള്‍ അരുണേട്ടനെ! ഇനി…..ഇനി….. ?!!
പുതിയജോലി, ഭാരമേറിയതായിരുന്നു. എന്നാലും ഒരു ‘ത്രില്‍’ കൂടെയുണ്ട്. സഹായിയ്ക്കാന്‍, സഹയാത്രികരായി ഉണ്ടായിരുന്നവരെ ഞാന്‍ കൂടെപിറപ്പുകളെപ്പോലെ കരുതി. ആ സ്നേഹം അവരെനിയ്ക്കും തിരിച്ചുതരുന്നുണ്ടായിരുന്നു. അതിന്‍റെ വ്യക്തതയാണ് ഇന്ന് ഈ കാണുന്നത്. കൂടെ പഠിച്ച അനീറ്റ, അവളുടെ മൂത്ത സഹോദരനുമൊത്ത് കഴിഞ്ഞ ആഴ്ചവീട്ടില്‍ വന്നിരുന്നു. ഉദ്ദേശം വ്യക്തമാക്കാതെ ഒരു സൗഹൃദസന്ദര്‍ശ്ശനം!! അജിതേട്ടന്‍റെ മരണം എന്നിലേല്പിച്ച ആഘാതം ഇന്നും ഒരു മൗനനൊമ്പരമായി എന്‍റെ കൂടെത്തന്നെയുണ്ടല്ലൊ. പുതിയ സാഹചര്യത്തില്‍ ഔദ്യോഗികജീവിതത്തിന്‍റെ നാന്ദികുറിച്ച് ട്രെയ്നിങ്ങും, തുടര്‍ന്നുള്ള മറ്റുചിട്ടവട്ടങ്ങളുമൊക്കെ എനിയ്ക്കേകിയത് സാന്ത്വനം മാത്രമാണ്. പുതിയ കൂട്ടുകാര്‍, പുതിയ അന്തരീക്ഷം, പുതിയ പുതിയ ആവശ്യങ്ങള്‍ക്ക് പ്രതിവിധിതേടിയെത്തുന്നപൊതു ജനം, ആഘോഷങ്ങള്‍, ആരവങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടിയുടം പ്രകോപനങ്ങള്‍ അങ്ങിനെ അങ്ങിനെ എത്രയെത്ര വേദികള്‍! ഒന്നിനൊന്ന് ബന്ധമില്ലാത്ത നൂലാമാലകളുടെ കുരുക്കുകളഴിയ്ക്കാന്‍ പാടുപെടുമ്പോഴും തീരാദുഃഖത്തില്‍ നിന്നൊരു മോചനംമാത്രമാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്.
എന്നിട്ടും, എന്നിട്ടും ഇന്ന് ഞാന്‍ എന്‍റെ ആത്മസുഹൃത്തുക്കള്‍ക്ക് മധ്യത്തില്‍, ഒരു വധൂവേഷമണിഞ്ഞൊരുങ്ങുകയാണ്. അനീറ്റയുടെ നിരന്തര സാമീപ്യവും സഹകരണവുമെന്നെ വീണ്ടും വധുവിന്‍റെ വേഷമണിയിച്ചിരിയ്ക്കയാണ്. അവളുടെ സഹോദരന്‍റെ ഭാര്യയായിമാറാന്‍ എനിയ്ക്കേറെ സാഹസപ്പെടേണ്ടിവന്നു. മനസ്സ് ശാന്തമാക്കി ഒരു കുടുംബിനിയാവാന്‍, എന്‍റെ സതീര്‍ത്ഥ്യരുടെ കൂട്ടായ ശ്രമത്തിന് സാധിച്ചിരിയ്ക്കുന്നു. ഒരിയ്ക്കല്‍ മാത്രം കണ്ട ഒരു വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് പ്രവേശിയ്ക്കാന്‍ അനീറ്റയുടെ നിര്‍ബ്ബന്ധബുദ്ധിയാണ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത് വിധി! എന്ന ഒറ്റവാക്കില്‍ ഇത് ഉള്‍പ്പെടുത്താന്‍ കഴിയില്ല. എന്നും സാന്ത്വനവും വാത്സല്യവും വാരിക്കോരിത്തന്ന ഈ കൂട്ടുകാര്‍ക്ക് എന്‍റെ ജീവിതം ഞാനെന്നേ സമര്‍പ്പിച്ചതാണ് അവര്‍ എത്രയോ സമസ്യകള്‍ക്ക് ഉത്തരമേകിയവരാണ്. അവരില്ലാത്തൊരു ജീവിതം എനിയ്ക്കുണ്ടായിട്ടില്ല. പിന്നെ ഞാനെങ്ങിനെ അവരൊരുക്കുന്ന നന്മകള്‍ക്ക് നേരെ മുഖം തിരിയ്ക്കും? രാവിലെ മുതല്‍ അവരില്‍ ചിലര്‍ എന്‍റെ ചുറ്റുമുണ്ട്. അണിയിച്ചൊരുക്കി അവരെന്നെ ഒരുകിന്നര കന്യയാക്കിമാറ്റിയിരിക്കുന്നു.
കതിര്‍ മണ്ഡപമൊരുങ്ങി, വധുവൊരുങ്ങി, വാദ്യഘോഷങ്ങളുമായി വരന്‍റെ വരവെതിരേല്ക്കാന്‍ കൂട്ടുകാരും നാട്ടുകാരുമെത്തി. മുഹൂര്‍ത്തത്തിനിനിവളരെക്കുറച്ചു സമയമേയുള്ളു. അപശ്ശകുനമാണവളെന്ന, മുന്‍വിധിയോടെ അരുണേട്ടന്‍റെ മാതാപിതാക്കള്‍ എന്നെ ഉപേക്ഷിച്ചിരിയ്ക്കയാണല്ലോ. അവരെ ആരേയും പ്രതീക്ഷിച്ചിരിന്നു. ബാല്യം മുതല്‍ എനിയ്ക്ക് സ്വന്തമെന്നുപറയാനിരുന്നവരൊക്കെ മാറ്റിക്കളഞ്ഞതും വിധിതന്നെയല്ലെ! വിധാതാവിന്‍റെ തീരുമാനങ്ങള്‍ നമ്മള്‍ അംഗീകരിച്ച് നന്ദിമാത്രം പറയണമെന്നാണു മുത്തശ്ശി പഠിപ്പിച്ചത്. ആ വാക്കുകള്‍ക്ക് സ്ഥാനം നല്‍കി മാത്രം ജീവിച്ചഞാനാണ് അനാഥത്വം ഏറ്റുവാങ്ങി, ഇന്ന് വീണ്ടും സനാഥയാവാനൊരുങ്ങുന്നത്.
കാര്‍മേഘപാളികള്‍ മാറ്റിയകറ്റിക്കൊരുകുളിര്‍ കാറ്റ് വീശി. ആകാശമാകെവെണ്‍മേഘപാളികളാല്‍ നിറഞ്ഞു. മുറ്റത്ത് പൂത്തുനിന്ന മുല്ലവള്ളികള്‍ പുതുമണം വീശി. വാദ്യമേളങ്ങളോടെ വരന്‍റെ പാര്‍ട്ടിവീട്ടുമുറ്റത്തെത്തിയതിഞ്ഞതാവാം, പൂജാമുറിയിലെനിലവിളക്ക് തെളിഞ്ഞുകത്തി. മുത്തശ്ശിയുടെ കാച്ചിയെണ്ണയുടെ സുഗന്ധം അവിടമാകെ വീശിപ്പരന്നു.
‘പുതുമണവാട്ടീ’
അനീറ്റഅവളെവാരിപ്പുണര്‍ന്നു. മണവാട്ടിയ്ക്കൊരുങ്ങാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും പൂക്കൂടകളുമൊക്കെയായി ഒരു പറ്റം പെണ്‍കുട്ടികള്‍ കളകളാരവത്തോടെ കടന്നുവന്നു. കൂടെ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരികളും. നിമിഷങ്ങള്‍ക്കകം അതൊരു കല്യാണവീടായി. നാദസ്വരത്തില്‍ സംഗീതമാധുരിപരന്നൊഴുകി. അയല്‍വാസികള്‍ പലരുമെത്തി. കൂടെ ട്രൈയ്നിങ്ങിനെത്തിയിരുന്ന ഒരു പറ്റം ഐ.എ.എസ്സ്. ഓഫീസര്‍മാരുടെ കാറുകള്‍ നിരനിരയായെത്തി. നാടും, നാട്ടുകാരുമൊരുങ്ങി. റോഡിന്‍റെ മറുകരയിലെ മുരുകന്‍റെ ക്ഷേത്രനടയില്‍ നിന്ന് പ്രാര്‍ത്ഥനാ ജപങ്ങളുണര്‍ന്നു. സാമ്പ്രാണിത്തിരിയുടെ സുഗന്ധം തോലിലേറ്റി ഒരു മന്ദമാരുതന്‍ പരിസരമാകെ പരതിനടന്നു. പൂക്കടകളും ആഭരണപ്പെട്ടിയും പട്ടുവസ്ത്രങ്ങളുമായി കൂട്ടുകാരികള്‍ അവള്‍ക്കുചുറ്റും കൂടി. സുഗന്ധ ദ്രവ്യങ്ങളും വാസനപ്പൂക്കളും നറുമണം ചൊരിഞ്ഞു മനസ്സിലെക്കോണില്‍ അടിഞ്ഞുകൂടിയിരുന്ന നൊമ്പരപ്പൂക്കള്‍ വാടിക്കൊഴിഞ്ഞു. സന്തോഷാശ്രുക്കള്‍ അവളുടെ കവിളിണകളില്‍ ചാലിട്ടൊഴുകി. തന്നെ ഇന്നും സ്നേഹിയ്ക്കുന്നവര്‍ക്കായി.
About The Author
No related posts.