LIMA WORLD LIBRARY

ഒരു റേഷൻ കാർഡിന്റെ കഥ (മിനി സുരേഷ്)

റേഷൻ കാർഡിൽ പഞ്ചിംഗ് നിർബന്ധമാക്കുന്നതിനു മുൻപുള്ള കാലം.
തങ്ങളൊക്കെ വലിയ കു:ടുംബക്കാരാണെന്നും,റേഷൻ
കടയിലൊക്കെ പോകുന്നത് കുറച്ചിലാണെന്നും കരുതുന്ന ചില മനുഷ്യർഉണ്ടായിരുന്നു.തകർന്നു പോയ ജന്മിത്വത്തിന്റെയും
പൊള്ളയായ ജാഢകളുടെയും,പൊങ്ങച്ചത്തിന്റെയും
മുഖം മൂടിയണിഞ്ഞ് മേലാളന്മാരെന്ന് സ്വയം അഭിമാനിക്കുന്ന കൂട്ടർ.
അത്തരത്തിലൊരു കു:ടുംബത്തിലെ കണ്ണിയായിരുന്നു നമ്മുടെ ചന്ദ്രികയും.
” ഏതേലും ആപ്പീസു കാര്യത്തിനു ചെല്ലുമ്പോൾ
മേൽവിലാസം അറിയാനൊരു തെളിവു വേണമെന്നു പിള്ളേരുടെ അച്ഛൻ പറയുന്നതു കൊണ്ടാണ് ഈ റേഷൻ കാർഡ് സൂക്ഷിച്ചു വച്ചിരിക്കുന്നത്.റേഷൻ കടയിലെ പുഴു പിടിച്ച അരി മേടിക്കേണ്ട ഗതികേടൊന്നും ഏതായാലും ഇവിടില്ല.
ആവശ്യത്തിലും ,അതിൽകൂടുതലും നെല്ല് ഇവിടെ പത്തായത്തിലുണ്ട്.റേഷൻ കടയിൽ നിന്നും
കിട്ടുന്ന സാധനങ്ങളൊക്കെ പണിക്കാരി രാജമ്മ
വാങ്ങിക്കുവാണ്. പിന്നെ വല്ലപ്പോഴും ഇത്തിരി മണ്ണെണ്ണ വല്ലോം വാങ്ങിച്ചെങ്കിലായി.കരിയില കൂട്ടിയിട്ട്കത്തിക്കുമ്പം ..തീ പെട്ടെന്ന് പിടിക്കുവാൻ നല്ലതാ”. അത്രേയുള്ളൂ അതു കൊണ്ടിവിടെ പ്രയോജനം.
അടുക്കളത്തളത്തിൽ ഉച്ചയൂണും കഴിഞ്ഞ് പതിവായി കൂടാറുള്ള പരദൂഷണ സദസ്സുകളിൽ
ഒരിക്കൽ അമ്മൂമ്മ കൂട്ടുകാരികളായ അമ്മൂമ്മാസിന്റെ മുൻപിൽ പൊങ്ങച്ച സഞ്ചി അഴിച്ചിടുന്നതു കേട്ടതു മുതലാണെന്നു തോന്നുന്നു
ചന്ദ്രികയുടെ മനസ്സിലും റേഷൻ കട എന്നു കേൾക്കുമ്പോൾ ഒരു ..ഒരു വിമ്മിഷ്ടം തോന്നിതുടങ്ങിയത്.
കാരണമൊന്നുമില്ല പറയാൻ.വിശപ്പിന്റെ വിളി
അറിഞ്ഞിട്ടില്ല അത്ര തന്നെ.ഫെബ്രുവരി മാസമാകുമ്പോൾ അച്ഛൻ വയലിലേക്ക്
കൊയ്ത്തിനായി പോകുമെന്നും ,ആ ഒരാഴ്ച ക്കാലം
ആരേയും പേടിക്കാതെയും .പഠിക്കാതെയും കളിച്ചു
തിമിർത്തു നടക്കാമെന്നുള്ളതു കൊണ്ടും കൊയ്ത്തുകാലമെന്നു കേൾക്കുമ്പോൾ അവളുടെ
മനസ്സിൽ സന്തോഷമായിരുന്നു.
ഇതിനിടയിൽ “ബ്ലോക്കിൽ നിന്നും വളം സംഘടിപ്പിക്കാൻപോകണം” എന്നൊക്കെ
അച്ഛൻ അമ്മയോട് പറയുന്നതൊക്കെ കേൾക്കാറുണ്ടെങ്കിലും, കൃഷിയുടെ ഗൗരവമോ,എത്രയോ തൊഴിലാളികളുടെ എല്ലു മുറിയെയുള്ള അദ്ധ്വാനവുമാണ്
തങ്ങളുടെ പത്തായം നിറക്കുന്നതെന്നും
മറ്റുമുള്ള ചിന്തയൊന്നും അവളെ ഗ്രസിച്ചിരുന്നേയില്ല.കോലായിൽ അട്ടിയായി അടുക്കി വയ്ക്കുന്ന നെല്ലിൻ ചാക്കുകളിൽ ചാടിക്കളിക്കുന്ന കളിയായിരുന്നു അക്കാലങ്ങളിൽ അവളുടെയും സഹോദരങ്ങളുടെയും പ്രധാന വിനോദം.
ഇന്നത്തെ കുട്ടികളോട് “അരി എവിടെ നിന്നും
കിട്ടുന്നു” എന്നു ചോദിച്ചാൽ ഒരു പക്ഷേ “സൂപ്പർ
മാർക്കറ്റിൽ നിന്നാണ് ” എന്നാവും ഉത്തരം.പക്ഷേ
അങ്ങനെ തന്റെ കുഞ്ഞുങ്ങൾ പറയാതിരിക്കുവാൻ
ചന്ദ്രിക പണ്ട് വട്ടച്ചെമ്പിൽ നെല്ലു പുഴുങ്ങി,ഉരലിൽ
നെല്ലു കുത്തിയെടുത്തിരുന്ന കഥയൊക്കെ മക്കൾക്ക്
പറഞ്ഞു കൊടുത്തിട്ടുണ്ട്.പണ്ടത്തെ ഉരലിൽ പത്തു മണി ചെടി നട്ട് വീട്ടു മുറ്റത്തു തന്നെ സ്ഥാപിച്ചിരിക്കുന്നതു കൊണ്ട് ഭാഗ്യത്തിന് ഉരൽ ഏതാണെന്ന് അവർക്കറിയാം.ആ കഥകളിലും
അമ്മയുടെ കുറെ തറവാട്ടു മഹിമ കൂടി നിറക്കുമെന്നു മാത്രം.
ഇരുട്ടു വീഴാൻ തുടങ്ങുന്ന സന്ധ്യകളിൽ ചുമന്നു
തുടുത്ത മാനത്തേക്കാൾ പ്രഭയോടെ വിറകടുപ്പിലെ
അഗ്നി ആളിപ്പടർന്നു ജ്വലിക്കുമ്പോൾ വലിയ വട്ടച്ചെമ്പിൽ നെല്ല് പൊട്ടിയടർന്നുപിറവിയെടുക്കുന്ന അരിമണികളുടെ കഥകൾ മക്കളോട് പറയുമ്പോൾ കുറെ പൊങ്ങച്ചങ്ങളും ,പണ്ട് വീട്ടിൽ സഹായത്തിന് ഒരു പാട് പേരുണ്ടായിരുന്നെന്നും ഒക്കെ ഊന്നൽ കൊടുക്കാൻ മറക്കാറില്ല.
അപ്പോളവളുടെ മനസ്സിൽ വലിയ കണ്ണാപ്പ കൊണ്ട് കുട്ടയിലേക്ക് പുഴുങ്ങിയ
നെല്ല് കോരിയിടുന്നതും,പിറ്റേ ദിവസം വെള്ളം വാർന്ന നെല്ല് നീളം കൂടിയ ചിക്കു പായയിൽ ഉണക്കാനിടുന്നതൂമൊക്കെയായിരിക്കും.
കാക്കയും ,കോഴിയും കൊത്താതെ പായയിലെ നെല്ലിന്കാവലിരിക്കുവാനും അന്നൊക്കെ വലിയ ഉത്സാഹമായിരുന്നു.നെല്ലുണങ്ങി വന്നാലും കുത്തി
അരിയാക്കി എടുക്കുന്നതു തൊട്ട് ഉമി തെള്ളി തവിട്
കളഞ്ഞെടുത്ത് ഉമിക്കരിയാക്കുന്നതു വരെ
എത്രയെത്ര പരിപാടികൾ.
കാലം ചെന്നതോടെ വയലുകളെല്ലാം വിറ്റു. സഹോദരങ്ങളെല്ലാം ഗൾഫിലും മറ്റും ഉദ്യോഗം
തേടി പോയപ്പോൾ വയലുകളിലൊന്നും കൃഷിയിറക്കാനാളില്ലാതായി..വിറ്റു പോയ വയലുകളൊക്കെ നികത്തി അവിടെയെല്ലാം ഇന്ന്
നിറയെ കെട്ടിടങ്ങളുമായി.സഹോദരങ്ങൾക്കെല്ലാം
അവരവരുടെ കാര്യങ്ങളുമായി.കച്ചവടം തീരെ കുറഞ്ഞു പോയിട്ടും വസ്ത്ര വ്യാപാരമുതലാളി
എന്ന പേരു മാഞ്ഞു പോകാതിരിക്കുവാൻ വേണ്ടി
മാത്രം ചെറിയൊരു തുണിക്കടയും തുറന്നു വച്ചിരിക്കുന്ന ‘രാഘവൻ മുതലാളി’യുടെ ഭാര്യയായി
ചന്ദ്രിക മാത്രം നാട്ടിലുണ്ട്.
എങ്കിലും അന്നത്തെ
കുത്തരിച്ചോറിന്റെയും,വീട്ടിലെ പശുക്കളിൽ നിന്നും കിട്ടിയിരുന്ന പാലിന്റെയും ഒക്കെ സ്വാദോർത്ത്കൊതിയൂറാറുണ്ട്അവൾ ചിലപ്പോഴൊക്കെ.കടയിൽ നിന്നും വാങ്ങുമ്പോൾ
ഒരിക്കലും ആ രുചി കിട്ടിയിട്ടില്ല.

‘അദ്ധ്വാനത്തിന്റെയോ. ,മണ്ണിൻറെയോ
വില അറിയാതെ എല്ലാം വിറ്റു നശിപ്പിച്ചിട്ടുള്ളവർക്ക്
ഇങ്ങനെയൊക്കെയേ ജീവിക്കുവാൻ പറഞ്ഞിട്ടുള്ളു.ചന്ദ്രികക്ക് ആ കൃഷിയൊക്കെ നോക്കി നടത്താൻ മേലായിരുന്നോ”ഒരിക്കൽ
മകൾക്കു ഫീസടക്കുവാനായി ലോണിനപേക്ഷിക്കുവാൻ ചെന്നപ്പോൾ ബാങ്ക് മാനേജർ ചോദിക്കുകയുണ്ടായി. അന്നും
അവളിലെ തറവാടി തല കുനിച്ചില്ല.” പിന്നെ ഞങ്ങടെ കുടുമ്മത്ത് പെണ്ണുങ്ങളാരും അതൊന്നും ചെയ്തിട്ടില്ല.” ദേഷ്യത്തിൽ തന്നെയങ്ങ് അന്ന് മറുപടി കൊടുത്തിരുന്നു.
എങ്കിലും റേഷൻ കാർഡ് പുതുക്കുവാനായി
അടുത്തുള്ള സ്കൂളിൽ ക്യൂവിൽ നിൽക്കുമ്പോൾ
ചന്ദ്രികയുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന പഴയ
ദുരഭിമാനം തലപൊക്കി.
താനിതിലൊന്നും വന്നു നിൽക്കണ്ടവളല്ലെന്ന
വലിയ ഭാവം ഉള്ളിൽ നുരയിടുന്നതിനാലാവാം
“എത്ര നേരമായി ഇവിടെ കാത്തു നിൽക്കുന്നു.
വീട്ടിലെ പെണ്ണുങ്ങളുടെ പേര് തന്നെ കാർഡിൽ വരുത്തണമെന്ന് നിങ്ങൾക്കിത്ര നിർബന്ധമെന്താ.
ഞങ്ങളൊന്നും സാധനം വാങ്ങുന്നവരല്ല,മേൽവിലാസത്തിനു തെളിവായാണ്
കാർഡ് എടുക്കുന്നത്.ഒന്നു വേഗം വിട്ടാലെന്താ”
അതിലെ വന്ന ഉദ്യോഗസ്ഥന്റെ നേരെ ചുറ്റുമുള്ളവരെ കേൾപ്പിക്കാനെന്നവണ്ണം അവൾ ചൊടിച്ചു.
പുറത്തുള്ള ജീപ്പിൽ നിന്ന് ഏതോ ഫയലുമെടുത്ത്
തിരക്കിട്ട് അകത്തേക്കു പോകുകയായിരുന്ന
ഉദ്യോഗസ്ഥൻ തിരിഞ്ഞ് അവളെ സൂക്ഷിച്ചു നോക്കി
പരിഹാസം ഒട്ടും കലർത്താതെ പറഞ്ഞു.
“ചേച്ചി റേഷൻ വാങ്ങുവാനുള്ളതാണ് കാർഡ്.
ഭാരതത്തിലെ ജനങ്ങളൊന്നും പട്ടിണി കിടക്കരുതെന്ന ആഗ്രഹത്തിൽ ഗവൺമെന്റ്
തുടർന്നു കൊണ്ടുപോകുന്ന പദ്ധതി.വീടിന്റെ
അകത്തളങ്ങളിൽ ഇരുണ്ട മൂലയിലായിപ്പോയ നിങ്ങളെപ്പോലെയുള്ള സ്ത്രീജനങ്ങളെ മുൻനിരയിലേക്കു കൊണ്ടു
വരുവാനുള്ള സർക്കാരിന്റെ ശ്രമമാണ് കാർഡ് ഗൃഹനായികയുടെ പേരിലാക്കുന്നു എന്നുള്ളതും.പിന്നെ
സാധനങ്ങൾആവശ്യമില്ലെങ്കിൽ
സാധുക്കളായുള്ള ആർക്കെങ്കിലും സാധനങ്ങൾ
വാങ്ങിച്ചു നൽകൂ.ഏതായാലും ഉള്ള കാർഡു
കളയണ്ട .കുറച്ചു ക്ഷമിച്ചു നിൽക്കൂ”.

ഇത്രയും പറഞ്ഞ് അയാളകത്തേക്ക് പോയപ്പോൾ
ചിരിയടക്കുന്ന ചുറ്റുമുള്ള പരിചയക്കാരെ നേരിടാനാവാതെ നേരിയ ചമ്മലോടെ അവൾ നിന്നു.
എങ്കിലും ഒരിക്കലും റേഷൻ കടയിലോട്ടു പോകില്ലെന്ന വാശിയിൽ തന്നെയായിരുന്നു അവൾ. മൂന്നു മാസത്തിലൊരിക്കൽ ചെന്നു ‘പഞ്ചിംഗു നടത്തിയില്ലെങ്കിൽ കാർഡ് ക്യാൻസലാകും ‘എന്നൊക്കെയുള്ള ഭീഷണി ഉയർന്നപ്പോളാണ്
റേഷൻ കടയിൽ പോകാതെ തരമില്ലെന്നു വന്നത്.
കുറെ പ്രാവശ്യമൊക്കെ ഭർത്താവ് രാഘവക്കുറുപ്പിനോടു പറഞ്ഞുവെങ്കിലും ,അവളെക്കാൾ കു:ടുംബമഹിമയിൽ അള്ളിപ്പിടിച്ചുകിടക്കുന്ന
ആളായതിനാൽ അയാളതു കേട്ടില്ലെന്നങ്ങ് നടിച്ചു.
അലമാരയിൽ മടക്കിവച്ചിരിക്കുന്ന മുന്തിയൊരു
സാരിയുമുടുത്ത് റേഷൻ കടയിൽചെന്ന് ‘പഞ്ചിംഗ്’ നടത്തി ക്യൂവിൽ നിൽക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ ജാഡയിൽതന്നെയാണ് വീട്ടിലേക്കു മടങ്ങി പോന്നതും.

കൊറോണ ശക്തമായി അടച്ചു പൂട്ടലിന്റെ നാളുകളിലാണ് നാടെങ്ങും ക്ഷാമത്തെക്കുറിച്ചുള്ള
ഭീതി പടർന്നത്. ” വടക്കേലെ വീട്ടുകാര്
രണ്ടു ചാക്ക് അരിയൊക്കെ വാങ്ങി വച്ചിട്ടുണ്ട്.”
ചന്ദ്രിക ഭർത്താവിനോട് പറഞ്ഞു.
” ഓ.കൊറോണ അതൊക്കെ ഇപ്പഴങ്ങ് മാറും.വെറുതെ കൂടുതൽ സാധനങ്ങൾ വാങ്ങി
പൂപ്പൽ പിടിപ്പിച്ച് കളയണ്ട”.
രണ്ടു ചാക്ക് അരി ഒന്നിച്ചു വാങ്ങുവാനുള്ള പണം
കൈയ്യിലില്ലെന്ന സത്യം മറച്ചു പിടിച്ചു കൊണ്ട്
അയാൾ മറുപടി പറഞ്ഞു.
അടച്ചു പൂട്ടലിന്റെ നാളുകൾ അങ്ങനെയങ്ങ്
നീണ്ടു പോയി.വരുമാനം തീരെ കുറഞ്ഞ
കടയിൽ നിന്നും ഒന്നും തന്നെ ലഭിക്കാതായപ്പോൾ
വിശപ്പിന്റെ വിളിയെക്കുറിച്ച് ആദ്യമായി ചന്ദ്രിക ബോധവതിയായി.നാട്ടിലൊക്കെ പാവങ്ങൾക്കായി കമ്യൂണിറ്റി കിച്ചണുകൾ ഉയരുന്നതറിഞ്ഞിട്ടും സ്വന്തം കാര്യത്തെക്കുറിച്ച് മാത്രം ഓർത്ത് അവൾ ദു:ഖിച്ചു കൊണ്ടിരുന്നു.നാട്ടിൽ കൊറോണ പടർന്നു
പിടിക്കുന്ന വാർത്തകളൊന്നും അവളെ അലട്ടിയതേയില്ല.
” ഇത്തിരി അരി കരുതി വച്ചാൽ ഒരു സമാധാനമുണ്ടായിരുന്നു. തേങ്ങ പറമ്പിലുള്ളതു
കൊണ്ട് ചമ്മന്തിയരച്ചാണേലും കഞ്ഞി കുടിക്കാമല്ലോ” ഇടക്കിടക്ക് അവൾ ഭർത്താവിനോട്
ഉരുവിട്ടു കൊണ്ടിരുന്നു.
“റേഷൻ കട വഴി പതിനഞ്ചു കിലോ അരി
സൗജന്യമായി കൊടുക്കുന്നുണ്ടെന്നു കേട്ടു.നീയാ
സഞ്ചി ഇങ്ങെടുക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം.
പലവ്യജ്ഞന സാധനങ്ങളുടെ കിറ്റും ഉണ്ട്. അതു
കൊണ്ടൊക്കെ തള്ളി വിട്‌ ഈ മാസം .അല്ലാതെ
നിവൃത്തിയില്ല.പട്ടിണി കിടന്ന് മരിക്കണ്ടല്ലോ.അയാൾ പറഞ്ഞതു കേട്ട് അവൾക്കത്ഭുതം തോന്നി.ഇരുന്നിടത്തു നിന്ന്
അനങ്ങാത്ത മനുഷ്യനാണ്.
” എന്നാൽ ഞാനും കൂടെ വരാം .ഒന്നിച്ചത്രയും സാധനങ്ങൾ ഒറ്റക്കു നിങ്ങൾ എങ്ങനെ ചുമന്നു കൊണ്ടു വരും “മാസ്കു മുഖത്തേക്ക് വലിച്ചിട്ട് അവളും കൂടെയിറങ്ങി.
“അതേയ്..പരിചയക്കാരാരെയെങ്കിലും കണ്ടാൽ
കമ്യൂണിറ്റി കിച്ചണിൽ സംഭാവന കൊടുക്കാനാണെന്നു പറഞ്ഞാൽ മതി കേട്ടോ.ആ .പിന്നെ മാസ്കുള്ളതു കൊണ്ട് പെട്ടെന്നാരും തിരിച്ചറിയത്തുമില്ല” നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു കൊണ്ടേയിരുന്നു.
“എല്ലാവരും സാമൂഹിക അകലം പാലിച്ചു നിൽക്കണം.” കടക്കാരൻ ഇടക്കിടക്ക് വിളിച്ചു
പറയുന്നുമുണ്ട്.

അറിയാവുന്നവർ ഒരു പാടു പേർ ക്യൂവിലുണ്ട്.
“നോക്കിക്കേ എല്ലാവരുമുണ്ട് നമ്മൾ മാത്രമേ ഇത്രയുംകാലം ദുരഭിമാനവും കെട്ടിപ്പിടിച്ച്
നടന്നിട്ടുള്ളൂ.”അയാൾ പറഞ്ഞു.
സഞ്ചിയിലേക്ക് പകർന്നു കിട്ടിയ അരി കണ്ടപ്പോൾ
ചന്ദ്രിക അമ്പരന്നു പോയി. എന്തു നല്ല അരി.
ഈ അരിയെയാണോ ഇത്രയും നാളും പുച്ഛിച്ചിരുന്നത്.കടയിൽ നിന്നും വലിയ വില കൊടുത്തു വാങ്ങുമ്പോൾ എല്ലാം കേമം എന്നു തോന്നും.ഇനി ഇടക്ക് ഇവിടെ വന്ന് തങ്ങളുടെ കാർഡിനു ലഭിക്കുന്ന സാധനങ്ങളൊക്കെ
വാങ്ങണം.

വീട്ടിൽ തിരിച്ചെത്തിയ ചന്ദ്രിക റേഷൻ കാർഡ് വളരെ ഭദ്രമായി അലമാരയിൽ എടുത്തു
വച്ചു ഐശ്വര്യത്തിന്റെ അവതാരമായി പട്ടിണി മാറ്റാനെത്തിയ അന്ന ലക്ഷ്മിയെ
അന്നാദ്യമായി അവൾ ബഹുമാനപുരസ്സരം വീക്ഷിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px