സാഹിത്യകാരന്റെ വീണ – അസീസ് അറക്കൽ ചാവക്കാട് അബുദബി

Facebook
Twitter
WhatsApp
Email

“എനിക്കു നിന്നെ പിരിയാനാകില്ല നസീറാ .! ”

” ഇനിയെങ്കിലും ….,
ഒന്ന് നിന്നോടൊപ്പം
ജീവിക്കാൻ എന്നെ അനുവദിക്കൂ നസീറാ….!”

സങ്കടം കടിച്ചമർത്തി ഞാൻ ആശുപത്രി കിടക്കക്കു അരികെ അമർന്നു നിന്ന്
അവളുടെ മുഖത്തിനു നേരെ
എന്റെ മുഖം അടുപ്പിച്ച് മെല്ലെ പറഞ്ഞു.!

നസീറയുടെ മകളും,
ഡോക്റ്ററുമായ ഡോക്റ്റർ ഷാസിയ എന്റെ പതിയെ ഉള്ള വാക്കുകൾ
കേട്ടുവെന്ന് തോന്നി. !

ഷാസിയ അത്ഭുതത്തോടെ എന്നെയും നസീറയെയും നോക്കി. !

പിന്നെ വിശ്വാസം വരാഞ്ഞിട്ടെന്ന പോലെ ഞങ്ങളുടെ അരികിലേക്ക് ഷാസിയ നടന്നടുത്തു.!

നസീറ മുഖം താഴ്ത്തിയിരുന്നു’

” ഇതാണോ ഉമ്മാ….
ഇങ്ങടെ സാഹിത്യകാരൻ ….?”

ആകാംക്ഷ മുറ്റുന്ന ചോദ്യം കേട്ട് മകളെ നോക്കി നിറഞ്ഞ കണ്ണുകളോടെ നസീറ ഇരുന്നു.

“സാഹിത്യകാരന്റെ വീണ .” അല്ലേ .?”

ഉമ്മയുടെ മുഖം കൈ കൊണ്ട് ഉയർത്തി പിടിച്ച് ഷാസിയ ചോദിച്ചു.

തുറന്നിട്ട ജനലിലൂടെ ഒരു തണുത്ത കാറ്റ് മുറിയിലേക്കു കടന്നു വന്നു.

നസീറയുടെ തലയിലെ ഷാൾ കാറ്റത്ത് തെന്നിമാറി.

മുടിയാകെ കൊഴിഞ്ഞ് റോസ് നിറമായ മൊട്ടത്തലയിലേക്ക് നസീറവീണ്ടും ഷാൾ വലിച്ചിട്ടു.

“എനിക്കറിയാം സാർ”

ഉമ്മയുടെ മുഖത്തേക്ക് നോക്കി ആ കവിളിൽ ചുംബിച്ചു കൊണ്ട്
ഷാസിയ എന്നോട് പറഞ്ഞു.

പിന്നെ ഉമ്മയുടെ തലയിണക്കിടയിൽ നിന്ന് ഒരു പുസ്തകം എടുത്ത് കാണിച്ചു
ഷാസിയ.
“സാഹിത്യകാരന്റെ വീണ ” എന്ന എന്റെ പ്രശസ്തമായ നാടകമായിരുന്നു അത്.

ഷാസിയയുടെ കൺകോണിലെ നനവു കാണാതിരിക്കാൻ
തണുത്ത കാറ്റു വീശുന്ന
തുറന്നിട്ട ജാലകത്തിനരികിലേക്കു ഞാൻ നടന്നു.!

ആശുപത്രി മുറ്റത്തെ ബദാംമരച്ചുവട്ടിലെ കോൺക്രീറ്റു ബെഞ്ചിൽ രണ്ടു പേർ ഇരിക്കുന്നു ‘

“സാറിന് എന്റെ ഉമ്മയെ കല്യാണം കഴിക്കായിരുന്നില്ലേ…?.”

ഷാസിയയുടെ ചോദ്യത്തിന്
ഞാൻ പതിയെ മറുപടി കൊടുത്തു

“ചിലതങ്ങനെയാണ് ഷാസിയ….
നമുക്കു മുന്നിൽ
നമുക്കുള്ളത് ഉണ്ടെങ്കിലും
നമുക്കത് കണ്ടെത്താനോ കണ്ടെത്തിയാൽ
സ്വന്തമാക്കാനോ പറ്റില്ല.”
………
ഷാസിയക്കറിയുമോ ?
നിന്റെ ഉമ്മ നസീറാക്ക് എത്ര വയസ്സായെന്ന്
അറിയാൻ വഴിയില്ല.
പക്ഷേ എനിക്കറിയാം .
എന്റെ വയസ്സാണ് നസീറാക്ക്.!

അയൽപക്കം.

ഒരുമിച്ച് കളിച്ചു വളർന്നവർ

വളർന്നപ്പോൾ സ്വപ്നങ്ങൾ കാണുകയും,
അവ പങ്കുവെക്കുകയും ചെയ്തവർ
നസീറ തെറ്റു ചെയ്താലും ഞാൻ തെറ്റു ചെയ്താലും ശിക്ഷ
ഏറ്റു വാങ്ങുന്നവൻ ഞാൻ.

പ്രൊഫഷണൽ നാടകം തലക്കുപിടിച്ച നാളുകൾ

രണ്ടു മാസത്തോളം സീസൺ കളികളുമായ് സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് പാഞ്ഞു നടന്ന കാലം.

ഇന്നത്തെ പോലെ മൊബേൽ ഫോൺ ഇല്ലായിരുന്നു !

തിരക്ക് എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നസീറാടെ വിവാഹ നിശ്ച്ചയം കഴിഞ്ഞത് അറിഞ്ഞത്.!

സാമ്പത്തിക മായ് ഞങ്ങൾ രണ്ടു പേരും മോശമല്ല.

വിവാഹം നിശ്ച്ചയം വരെ ഒരു വാക്ക് എതിർത്തു പറയാതെ ബാപ്പയും ഉമ്മയും ആങ്ങളമാരും പറഞ്ഞത് കേട്ട് നിശ്ശബ്ദം അനുസരിച്ചു.

ഇവൾ.!

ഇഷ്ടമല്ലെന്ന് ബാപ്പയോട്ട് തുറന്നു പറയാൻ പലവട്ടം ഞാനിവളോട് പറഞ്ഞു

ബാപ്പയെ എതിർക്കാനാവാതെ ഇവൾ ഇരുന്നു.

ഒരു വിധം ധൈര്യം സംഭരിച്ച് ഞാനവളുടെ ബാപ്പയെ കണ്ടു

ഇവളുടെ മൂത്ത ആങ്ങളമാരും ബാപ്പയും ഉമ്മയും ഇരിക്കുന്ന നേരം
ഞാൻ കയറിച്ചെന്ന് കാര്യം തുറന്നു പറഞ്ഞു ‘!

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും എന്റെ മുഖത്ത് തുറിച്ചു നോക്കി ഇരുന്നു കുറച്ചു നേരം’

“മോനെ……” !

നസീറാടെ ബാപ്പ എണീറ്റ് വന്ന്
എന്റെ തോളിൽ കൈവെച്ച് പറഞ്ഞു.

“നീ ഈ വിവരം ഇeപ്പാൾ പറഞ്ഞപ്പോഴാണ് ഞാനും നിന്റെ മുന്നിലിരിക്കുന്ന എന്റെ ഈ കുടുംബവും അറിയുന്നത്.

ഒരു വാക്കു പോലും നസീറ പറഞ്ഞില്ല.

ഇപ്പോൾ കല്യാണം വേണ്ടാന്ന് പറഞ്ഞിരുന്നു അവൾ’

എല്ലാ പെൺകുട്ടികളും പറയുന്ന വാക്കായേ ഞങ്ങളതിനെ കണ്ടുള്ളൂ.

നീയുമായ് ഒരു ബന്ധം ഞങ്ങൾക്ക് ആർക്കും ഇഷ്ടകുറവുമില്ല.

മുൻപ് അറിഞ്ഞിരുന്നെങ്കിൽ
മറ്റൊരു ബന്ധം തേടേണ്ടിയും വരില്ലായിരുന്നു.!

പക്ഷേ —
ഇനി ഒരാഴ്ച്ച മാത്രം. ബാക്കി.!

കല്യാണം നാടടക്കി വിളിച്ചും കഴിഞ്ഞു.

എന്റെ മോൻ പറ .
ഞങ്ങൾ എന്തു ചെയ്യണം.?”

ഉത്തരം ഒന്നും നല്കാനില്ലാത്ത ഞാൻ നടന്നകന്നു.!

“എന്റെ പെങ്ങളെ ഇങ്ങള് കെട്ടുന്നതിൽ അഭിമാനമുണ്ടാകുമായിരുന്നു.
പക്ഷേ ഞങ്ങളറിഞ്ഞില്ല.

ഇന്നുവരെ സ്വന്തമായി ഒരാവശ്യവും തുറന്നു പറയാത്ത ഞങ്ങളുടെ പെങ്ങൾക്ക് ഇതു താങ്ങുമോ?

നസീറയുടെ മൂത്ത ആങ്ങളയുടെ ഉത്ക്കണ്ഠ!

ഞാനിറങ്ങി നടന്നു.

മരിക്കാനൊന്നും നിന്നില്ല.

തുടർപഠനത്തിനുള്ള സ്കോളർഷിപ്പ് ആയിടെ ലഭിച്ചത് അനുഗ്രഹമായി.

അമേരിക്കയുടെ തെരുവുകളിലെ ആൾക്കൂട്ടത്തിനിടയിൽ നീണ്ട അഞ്ചു വർഷം.

കല്യാണം കഴിഞ്ഞ്
ഷാസിയയെ ഗർഭിണി ആയിരിക്കേയാണ് നിന്റെ ബാപ്പ മരണപെടുന്നത്.

നാട്ടിൽ ഇല്ലെങ്കിലും കഥകൾ എല്ലാം എനിക്കറിയാമായിരുന്നു.

അമേരിക്കയിൽ ഇരുന്നു കൊണ്ടു് തന്നെ ഞാൻ ഇവളെ പുനർവിവാഹത്തിനു ക്ഷണിച്ചു.

എന്റെ വീട്ടുകാരും,
അവളുടെ വീട്ടുകാരും കുറേ നിർബന്ധിച്ചു നോക്കി.
ഇവൾ വഴങ്ങിയില്ല.

ഞാൻ പഠനം കഴിഞ്ഞ് ഇന്ത്യയിൽ എത്തി
ഡൽഹിയിൽ ജോലിയിൽ കയറി.

ഇവൾക്കില്ലാത്ത ദാമ്പത്യം എനിക്കും വേണ്ടാന്ന് ഞാനും തീരുമാനിച്ചു.

നീ വളർന്നു പഠിച്ചു ഡോക്റ്റർ ആയി.

കേരളത്തിലേക്ക് ഞാൻ വരവ് അപൂർവ്വമായി.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ
അവാർഡ് ദാന ചടങ്ങിൽ വെച്ചാണ്

നിന്റെ ചെറിയ മാമൻ ജബ്ബാറിനെ കണ്ടത്
അവൻ എന്നെ തിരിച്ചറിഞ്ഞിരുന്നു.

അവനാണ് നസീറയുടെ ഈ അവസ്ഥ എന്നെ അറീച്ചത്.”

ഞാൻ പറഞ്ഞു നിർത്തി .

” അങ്ങനെ അറിഞ്ഞപ്പോൾ
പഞ്ചാബ് ചീഫ് സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനും,
നാടകകൃത്തും
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ താങ്കളെ കാണാൻ പറ്റീ…!”

ഒരു ചിരിയോടെ ഷാസിയ
അതു പറയുമ്പോൾ
കീമോയുടെ ക്ഷീണത്തിൽ മയങ്ങി തുടങ്ങിയിരുന്നു നസീറ.

” ഷാസിയ ….
അടുത്ത ആഴ്ച്ചഎന്റെ ഗവർണ്ണർ പദവിയുടെ കാലാവധി കഴിയും.

ഞാൻ തറവാട്ടിലേക്ക് തിരികെ എത്തുകയാണ്.!

നമുക്ക് നസീറയെ ഒരു നല്ല പാലിയേറ്റീവ് കെയറിലേക്കു മാറ്റണം.

ഞാൻ കൂട്ടിരിക്കും.
എന്റെ മരണം വരെ.!

എനിക്കു വേണം എന്റെ നസീറയെ.

ഇനിയുള്ള കാലം ഞങ്ങൾ ഒന്ന് ജീവിക്കട്ടെ.!

ഞാൻ നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി നടന്നു.!

ഉടനെ പിന്നിൽ നിന്നും ഷാസിയ വിളിച്ചു:

“സാർ”

തിരിഞ്ഞു നോക്കിയപ്പോൾ
കൈയ്യിൽ ഒരു കവറുമായ്‌ ഷാസിയ വന്നു.

” എന്റെ ഉപ്പാനെ ഞാൻ കണ്ടിട്ടല്ല.

എന്റെ ഉമ്മ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് സാറിനെ കുറിച്ചായിരുന്നു.

സാറിന്റെ രചനകൾ എവിടെ കണ്ടാലും വാങ്ങിക്കും.

അത് നെഞ്ചോട് ചേർത്ത് കുറേ നേരം കിടക്കും
പിന്നെ ഒറ്റ ഇരുപ്പിലത് വായിച്ചു തീർക്കും.

വർഷങ്ങളായി തലയിണക്കീഴിൽ “സാഹിത്യകാരന്റെ വീണ .” എന്ന പുസ്തകം വെച്ചേ ഉറങ്ങാറുള്ളൂ.”

ഷാസിയ…. കരയുകയാണ്.!

“സാറ് പറഞ്ഞ പോലെ എന്റെ ഉമ്മ ഒന്നും ആവശ്യപ്പെടാറില്ല.

ഒരാവശ്യവും പറയാറില്ല.

എന്തിന് ഭക്ഷണം പോലും ചോദിച്ചു വാങ്ങില്ല ഉമ്മ.

കൊടുത്താൽ തിന്നും അത്ര തന്നെ ‘

ഒരേയൊരു കാര്യം മാത്രമേ എന്റെ ഉമ്മ ആവശ്യപ്പെട്ടിട്ടുള്ളൂ.

ഉമ്മ മരിച്ചു കഴിഞ്ഞാൽ ഖബറിൽ വെക്കുമ്പോൾ തലയിണ ഭാഗത്ത് ഈ പുസ്തകം കൂടിവെക്കണം എന്ന്!

ഇതിനുള്ളിലെ കത്ത് സാറിനെത്തിക്കണമെന്നും .!

പത്രങ്ങളിലും TV യിലും
മാത്രമേ സാറിനെ ഞാൻ കണ്ടിട്ടുള്ളൂ.

എനിക്കു ഉപ്പയില്ല.

ഉപ്പയെ കാണാനുള്ള വിധിയും പടച്ചവൻ എനിക്കു തന്നില്ല.

എന്റെ ഉമ്മയുടെ ഹൃദയം നിറഞ്ഞു നിക്കണ സാറിനെ ഞാൻ ഉപ്പാന്ന് വിളിച്ചോട്ടെ…….?”

“മോളെ….!”

ഒരു നിലവിളി എന്നിൽ നിന്നും ഉയർന്നു.!

ഞാനവളെ വാരിപ്പുണർന്നു.!

“എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വന്ന ജന്മങ്ങളാണ് നമ്മൾ മൂന്ന് പേരും.

നീയെനിക്കു തന്ന നിന്റെ ഉമ്മ നസീറയുടെ ഈ കത്ത്
ഞാൻ വായിക്കുന്നില്ല.

എനിക്കറിയാം അതിലെന്താണ് എഴുതിയിട്ടുള്ളതെന്ന് .

ആ മനസ്സ് ഞാൻ കണ്ട അത്രയും മറ്റാരും കണ്ടു കാണില്ല ”

ഞാൻ വരും ….ഞാൻ വരും..!

ഞാനിറങ്ങി
ആശുപത്രിയുടെ പടിക്കെട്ടുകളിറങ്ങി എന്റെ കാറിലിരുന്ന് സീറ്റിലേക്കു ചാഞ്ഞു.!

വാകമരങ്ങൾ തണൽ വിരിച്ചു നില്കുന്ന ചെമ്മൺ പാതയിലൂടെ
കാർ പതുക്കെ നീങ്ങി തുടങ്ങി.
******AZZES ARAYKAL
അസീസ് അറക്കൽ
ചാവക്കാട്
അബുദബി
00971503566217
azeezarakkalckd@gmail.com
*****

About The Author

Leave a Reply

Your email address will not be published. Required fields are marked *