LIMA WORLD LIBRARY

ഏറുപടക്കങ്ങൾ – ചാക്കോ ഡി അന്തിക്കാട്

എറിയുന്നവ,നാനന്ദം. കൊള്ളുന്നവനോ…നൊമ്പരം!

നീറും മനസ്സുള്ളവർ,
പലപ്പോഴു,
മേറുപടക്കങ്ങളാകും.
ചിലപ്പോൾ,
ഏറുപടക്കങ്ങൾ ചേറ്റിലും,
പൊരുതി,പ്പൊട്ടിത്തെറിക്കും,
ചാവേറുകളാവും!

വർഗ്ഗീയ-വംശീയ
ശത്രുവിന്റെ കൈയ്യിൽ,
അവഗണന,
വെറുപ്പ്,
പരദൂഷണം,
കുതന്ത്രങ്ങൾ,
കുതിക്കാൽവെട്ട്,
കൂട്ടക്കുരുതി,
യുദ്ധവെറി,
നാടുകടത്തൽ,
അങ്ങിനെ
വീര്യംകൂടിയ,
അമൂർത്തവും,
സമൂർത്തവുമായ,
കോർപ്പറേറ്റ്
ഏറുപടക്കങ്ങളുണ്ട്!

ചരിത്രത്തിൽ,
ഇടയ്ക്കിടെ,യപകടം
വിതയ്ക്കുന്ന,
എന്നാ,ലപ്രതീക്ഷിതമായി,
വിപ്ലവസ്വപ്നങ്ങളിൽ,
നിരന്തരം
പൊട്ടിത്തെറിയുണ്ടാക്കാനുള്ള,
വീര്യമില്ലാത്ത,
പലയിനം…പ്രാദേശിക
ഏറുപടക്കങ്ങളുമുണ്ട്!

ഏതുതരം ഏറുപടക്കങ്ങൾ,
ആരേറ്റെടുക്കുന്നു…
എന്നതാണ് പ്രശ്നം?!

ആർക്കു,മാരേയു,
മവഗണിക്കാം…
പക്ഷേ,
എന്തിനവഗണിക്കുന്നു?
എന്ന,ചോദ്യത്തിന്,
തിരികൊളുത്തുംമുൻപേ,
കരുതലായ് കാര്യം പറയണം…
കൂടുതലായ് പറയുകയുമരുത്!

ഇല്ലെങ്കിൽ,
തീ കൊളുത്തുന്നതിനുമുൻപേ,
ഉള്ളംകൈയ്യിലിരുന്നു,
പൊട്ടിത്തെറിക്കും,
ഏറുപടക്കങ്ങളായ,
ചാവേർച്ചോദ്യങ്ങൾ!

അപ്പോൾ,
പഴി മുഴുവനും,
അനീതിക്കെതിരെ,
അഴിമതിക്കെതിരെ,
സ്വാർത്ഥതക്കെതിരെ,
ചോദ്യശരങ്ങളായ,
ഏറുപടക്കങ്ങൾക്കും!

ആയുസ്സിന്റെ
പുസ്തകത്തിൽ,
ചുമ്മാ തിന്നു…തൂറ്റിപ്പോയ
ഏറുപടക്കങ്ങൾക്ക്,
ഇതൊന്നുമറിയേണ്ടതുമില്ല.

ഛെ!
ഒന്നിനും കൊള്ളാത്ത,
ചുമ്മാ…
എറിയാൻപ്പോലും
തോന്നാത്ത,
ഏറുപടക്കങ്ങൾ
പെരുകുന്നുണ്ടോ?…

കൊറോണകാലത്തെ,
തീരെ അച്ചടക്കമില്ലാത്ത,
ഒരു സംശയംമാത്രം!

ജീവിച്ചിരിക്കുന്ന
എല്ലാ ചാവേറുകളും
സ്വയം ചോദിക്കുന്ന ചോദ്യം!

വിപ്ലവച്ചാവേറുകളായി
മാറാവുന്ന,
ഏറുപടക്കങ്ങളുടെ,
കണക്കെടുപ്പിലാണ്,
കാലവും,
കാലത്തിന്റെ
രഥചക്രത്തിന്,
ചോരപുരണ്ട
അച്ചാണിയായി മാറിയ,
ലോകത്തിലെ
എല്ലാ രക്തസാക്ഷികളും!
💓✍️💓

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px