LIMA WORLD LIBRARY

3 ദിവസത്തിനിടെ 70,000 പേർക്ക് ഫൈൻ; കോടികള്‍ ഖജനാവില്‍; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പോലീസും സർക്കാരും

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും പൊലീസിന്റെ പിഴയീടാക്കല്‍ പതിവ് പോലെ തുടരുന്നു. മൂന്ന് ദിവസത്തിനിടെ  എഴുപതിനായിരത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വാട്ട നിശ്ചയിച്ച് നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാല്‍ രാഷ്ട്രീയക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച കേസുകളിലൊന്നും നടപടിയുമില്ല.

നാടുനീളെ പൊലീസിനെതിരായ പരാതിയാണ്. നിത്യവൃത്തിക്ക് വരുമാനമില്ലാത്തവരെപ്പോലും തടഞ്ഞ് പിഴയീടാക്കുന്നു. ലോക്ഡൗണ്‍ രീതി മാറി കൂടുതല്‍ ഇളവുകളായതോടെ പൊലീസ് നടപടി കുറയുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് നിയന്ത്രണ ലംഘനമെന്ന പേരില്‍ കേസെടുത്തത് 20,709 പേര്‍ക്കെതിരെയാണ്. അറസ്റ്റ് ചെയ്തത് 3,951 പേരെയും. മാസ്കില്ലാത്തതിന് 45,279 പേരില്‍ നിന്ന് പിഴയും ഈടാക്കി. ഇതെല്ലാം ചേര്‍ന്നാല്‍ അറുപത്തൊമ്പതിനായിരത്തോളം പേരില്‍ നിന്നായി നാല് കോടിയിലേറെ രൂപയാണ് പിഴയായി സര്‍ക്കാരിന്റെ ഖജനാവിലെത്തുന്നത്.

സാമൂഹ്യ അകലമില്ലാത്ത രാഷ്ട്രീയ സമരങ്ങള്‍ ലോക്ഡൗണ്‍ ലംഘനമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം ഇടത്–വലത്–ബി.ജെ.പി നേതാക്കളെ പ്രതിയാക്കി 55 കേസുകളാണ് സമരങ്ങള്‍ക്കെതിരെയെടുത്തത്. പക്ഷെ പ്രതികളായ നേതാക്കളില്‍ നിന്ന് ഒരു രൂപ പോലും പിഴയീടാക്കിയിട്ടില്ല. കേസെടുത്ത് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്. രാഷ്ട്രീയക്കാരെ തൊടാതെ നാട്ടുകാരെ മാത്രം പിഴിയുന്നതിനും കാരണമുണ്ട്. ഓരോ സ്റ്റേഷനിലും പ്രതിദിനം കുറഞ്ഞത് മുപ്പത് കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഓണക്കാലത്തും തുടരുന്ന നിര്‍ബന്ധിത കേസെടുക്കലില്‍ നാട്ടുകാരില്‍ മാത്രമില്ല, പൊലീസിന്റെ താഴെ തട്ടിലും വ്യാപക അമര്‍ഷമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px