കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്.
കുൻഡൂസിൽ പ്രധാന സർക്കാർ ഓഫിസുകളും പൊലീസ് ആസ്ഥാനവും താലിബാൻ പിടിച്ചു. വിമാനത്താവളവും സേനാ ആസ്ഥാനവും മാത്രമാണ് അഫ്ഗാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്.
ജവ്സാൻ പ്രവിശ്യയിലെ ഷെബർഖാൻ നഗരത്തിൽ സർക്കാർ സേനയും താലിബാനുമായി കടുത്ത പോരാട്ടം തുടരുന്നു. ഇവിടെയും ഒട്ടേറെ സർക്കാർ ഓഫിസുകളും ജയിലും താലിബാൻ നിയന്ത്രണത്തിലാക്കി. കുൻഡൂസിൽ വിമാനത്താവളം പിടിക്കാൻ കനത്ത ഏറ്റുമുട്ടൽ തുടരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഹെൽമന്ദ് പ്രവിശ്യയിലെ ഒരു ആശുപത്രിയും സ്കൂളും ബോംബാക്രമണത്തിൽ തകർന്നു. ലഷ്കർഗാഹിൽ താലിബാൻ കേന്ദ്രങ്ങളിൽ അഫ്ഗാൻ സൈന്യം കനത്ത വ്യോമാക്രമണം നടത്തി.
English Summary: Taliban capture two more Afghan cities in fresh assault













