LIMA WORLD LIBRARY

കൂടിയ കോവിഡ് രോഗവ്യാപനം; ആശങ്കയിൽ സർക്കാർ: സ്ഥിതി അതീവ ഗുരുതരമെന്ന് വിദഗ്ധർ

കേരളത്തില്‍ പ്രതീക്ഷിച്ചതിലും കൂടിയ രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. ഔദ്യോഗിക മരണ കണക്കും ഇരുപതിനായിരത്തോട് അടുത്തു. പക്ഷെ രോഗവ്യാപനം ഉയരുമ്പോഴും പരിശോധനയിലും വാക്സിനേഷനിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച വേഗം കൈവരിക്കാനാവുന്നില്ല. പരിശോധനക്ക് ഊര്‍ജിത കര്‍മ പദ്ധതി തയാറാക്കിയെന്നാണ് ആരോഗ്യമന്ത്രി വീണ്ടും വിശദീകരിക്കുന്നത്.

ഓണാഘോഷം ആള്‍ക്കൂട്ടത്തിന് വഴിവച്ചതോടെ രോഗവ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെയെണ്ണം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓണത്തിന് തൊട്ടുപിന്നാലെ, സെപ്തംബര്‍ ആകുന്നതിന് മുന്‍പ് തന്നെ പ്രതിദിന രോഗബാധ മുപ്പത്തോരായിരം പിന്നിട്ടു. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയത് ഓഗസ്റ്റ് 9 മുതലാണ്. ആ സമയത്തെ തിരക്ക് മൂലമുള്ള രോഗവ്യാപനത്തിന്റെ കണക്കാണ് ഇപ്പോള്‍ വരുന്നത്. ഓണദിവസങ്ങളിലെ രോഗവ്യാപനം പ്രത്യക്ഷപ്പെട്ട് തുടങ്ങാന്‍ ഇനിയും ഒരാഴ്ചയെങ്കിലുമെടുക്കും. അതോടെ ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാസങ്ങള്‍ക്ക് ശേഷം 19ലേക്ക് കുതിച്ചുയര്‍ന്നതും രോഗവ്യാപനം രൂക്ഷമെന്നതിന്റെ തെളിവാണ്.

രോഗവ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഇന്നലെ 215 മരണം സ്ഥിരീകരിച്ചതോടെ ഔദ്യോഗികമായുള്ള മരണം 19972 ആയി. ഇന്നലത്തെ കണക്കോടെ ഇരുപതിനായിരം കവിയും. അതേസമയം രോഗവ്യാപനത്തെ ചെറുക്കാന്‍ പരിശോധനയും വാക്സിനേഷനും പരമാവധി വര്‍ധിപ്പിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം. പക്ഷെ അത് കാര്യമായി നടപ്പായിട്ടില്ല. ഇന്നലെയും പരിശോധിച്ചത് ഒരു ലക്ഷത്തി അറുപത്തയ്യായിരത്തോളം സാമ്പിള്‍ മാത്രമാണ്. 2 ലക്ഷമെന്ന ലക്ഷ്യം ഇതുവരെ നേടിയിട്ടില്ല. ഓരോ ദിവസവും ശരാശരി മൂന്ന് ലക്ഷം ഡോസ് വാക്സിനേഷന്‍ എന്നതിനപ്പുറത്തേക്കും എത്തിയിട്ടില്ല. ഇതില്‍ കൂടുതല്‍ വേഗം കൈവരിച്ചില്ലങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px