LIMA WORLD LIBRARY

ഇന്നു മുതൽ സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് പ്രവേശനം

ദുബായ്∙ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും കോവിഡ് വാക്സീൻ പൂർണമായും സ്വീകരിച്ച സന്ദർശക വീസക്കാർക്കും പുതിയ തൊഴിൽ വീസക്കാർക്കും ഇന്നു മുതൽ നേരിട്ടു യുഎഇയിലേക്കു പ്രവേശിക്കാം. യുഎഇ യാത്രാനുമതി നിഷേധിച്ചിരുന്ന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കെല്ലാം ഇതു ബാധകമാണെന്നും എൻസിഇഎംഎ (നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി) അറിയിച്ചു.

ഇതനുസരിച്ച് ഇന്ത്യയിൽ നിന്നു കോവിഷീൽഡ് വാക്സീൻ (അസ്ട്രാസെനക) രണ്ടു ഡോസും സ്വീകരിച്ചവർക്കു യുഎഇയിലേക്കു യാത്ര ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും വിമാനത്താവളത്തിൽ 4 മണിക്കൂറിനുള്ളിലുമായി രണ്ടു തവണ പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് കരുതണം. യുഎഇയിലെത്തിയ ശേഷം അൽ ഹൊസൻ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വാക്സീൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. വാക്സീൻ സ്വീകരിച്ചവർക്കുള്ള ഇളവുകൾ ലഭിക്കുന്നതിന് അൽ ഹൊസൻ ആപ് നിർബന്ധമാണ്. സർക്കാർ ഓഫിസുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാളുകളിലുമെല്ലാം പ്രവേശിക്കുന്നതിന് ഇതിലെ പച്ച സിഗ്നൽ ആവശ്യമാണ്.

അതേസമയം താമസവീസക്കാർക്ക് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്),ഐസിഎ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്) അനുമതി ഉൾപ്പെടെ നിലവിലുള്ള യാത്രാനിയമങ്ങൾ ബാധകമാണ്. നാലുമാസത്തിനു ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാരെ യുഎഇ സ്വീകരിക്കുന്നത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ ലോകാരോഗ്യസംഘടനയുടെ അനുമതി കാത്തിരിക്കുന്നു. അനുമതി ലഭിച്ചാൽ കൂടുതൽ ആളുകൾക്കു യുഎഇയിലേക്ക് എത്താനാകും.

English Summary: UAE travel permission

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px