കാവല്‍ മാലാഖ (നോവല്‍ 14)

Facebook
Twitter
WhatsApp
Email

പെരുവഴിയമ്പലം
ദിവസങ്ങള്‍ കടന്നു പോകുകയാണ്. വിവാഹമോചനം ഇനിയും വച്ചുതാമസിപ്പിക്കാന്‍ കഴിയില്ല. സൂസന്‍ തന്നെ വക്കീലിനെ കാണാന്‍ പോയി. സൈമന്‍റെ പേരില്‍ ലണ്ടനിലേക്കു പേപ്പറുകള്‍ അയച്ചു. അവളോടു പ്രതികാരം ചെയ്യുന്ന പോലെ അവന്‍ ഒട്ടും വൈകാതെ ഒപ്പിട്ടു തിരിച്ചയച്ചു. സൂസന്‍റെ മനസില്‍ എന്തെന്നില്ലാത്ത ആശ്വാസം. വലിയൊരു ഭാരം തലയില്‍നിന്ന് ഇറക്കിവച്ചതു പോലെ. എന്നിട്ടും മനസിന്‍റെ ഏതോ കോണില്‍ ഒരു നൊമ്പരം. എവിടെയോ കരയുന്ന കിളിയുടെ ശബ്ദം. പക്ഷേ, അതവള്‍ മനപ്പൂര്‍വം കേട്ടില്ലെന്നു നടിച്ചു.

ഇവിടെ ഞാന്‍ ദുഃഖിച്ചാല്‍ വീട്ടുകാര്‍ ഒരുപാടു വേദനിക്കും, അതു പാടില്ല. അവള്‍ പൂര്‍ണ സന്തോഷവതിയായി റെയ്ച്ചലിനും അനിയത്തിമാര്‍ക്കും മുന്നില്‍ നിന്നും. രാത്രി ഉറങ്ങും മുന്‍പ്, മറ്റെല്ലാവരും ഉറങ്ങിയെന്നുറപ്പാക്കി, ചാര്‍ലി മോനോടു സങ്കടം പറയും. അവനെല്ലാം കേട്ട് അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിക്കിടക്കും, എല്ലാം മനസിലായെന്ന ഭാവത്തില്‍.

പക്ഷേ, റെയ്ച്ചലിന്‍റെ ഉള്ളു കാളുന്നുണ്ടായിരുന്നു. മകള്‍ക്കിപ്പോള്‍ ഭര്‍ത്താവില്ലാതായിരിക്കുന്നു. അവളുടെ കുഞ്ഞിന് അച്ഛനില്ല, ജീവിച്ചിരുന്നിട്ടും. ചെറുപ്പം മുതലേ ആരെയും വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ നോവിക്കാറില്ല. അങ്ങനെയുള്ള തന്‍റെ മകളെ കുറ്റപ്പെടുത്താനും റെയ്ച്ചലിനു കഴിയില്ല. എല്ലാ മനുഷ്യരിലും നډ കണ്ടെത്താനും മറ്റുള്ളവരെ വേദനിപ്പിക്കും വിധം സംസാരിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കുന്നവള്‍.

കോളേജില്‍ കൂട്ടുകാരികളുടെ പിണക്കം മാറ്റാന്‍ പോലും എപ്പോഴും മുന്നിലുണ്ടായിരുന്നു. അങ്ങനെയൊരു പെണ്ണ് വിവാഹമോചനം നേടുകയെന്നു വച്ചാല്‍…, റെയ്ച്ചലിന് ഓര്‍ക്കുന്തോറും സങ്കടം ഏറിവന്നു.

പണ്ടൊരിക്കല്‍ അവള്‍ സ്വന്തം അപ്പനോടു ചോദിച്ചത് റെയ്ച്ചലിന് ഇന്നും ഓര്‍മയുണ്ട്.

“അപ്പന്‍റെ അഴുക്കും വിയര്‍പ്പു പുരണ്ട തുണി സ്വന്തമായൊന്ന് അലക്കിയിട്ടാലെന്താ. അമ്മ എത്ര കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ. അപ്പന്‍ പാടത്തു പണിയെടുക്കുന്ന പോലെ അമ്മ വീട്ടിലും പറമ്പിലും തൊഴുത്തിലും പണിയുന്നുണ്ട്.”

അവള്‍ പാതി തമാശയായാണു പറഞ്ഞതെങ്കിലും അന്ന് അച്ചായന്‍ സ്വന്തമായി വെള്ളം കോരി വച്ച് അലക്കാന്‍ പോയി. ആ ജോലി ഏറ്റെടുക്കാന്‍ താനോടിച്ചെന്നപ്പോള്‍ പറഞ്ഞു:

“എടീ അവളു പഠിപ്പും വിവരോമൊള്ള പെണ്ണാ. അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്. ഇതു ഞാനങ്ങ് അലക്കിക്കോളാം. അവളെന്തിയേടീ?”

“അവളും ആന്‍സീംകൂടെ ദാണ്ടെ ആ കണ്ടത്തിന്‍റെ കരയ്ക്കിരുന്നു പൊസ്തകം വായിക്കുന്നു. വല്ല കഥയോ നോവലോ ആരിക്കും. വായിച്ചു വായിച്ചു വഴിതെറ്റിപ്പോകാതിരുന്നാ മതി കര്‍ത്താവേ….”

അതുകേട്ടു ജോയിക്കു ചിരിപൊട്ടി.

“എടീ മണ്ടീ. മനുഷേരു വായിക്കുന്നത് അറിവൊണ്ടാകാനാ, വഴിതെറ്റി പോകാതിരിക്കാനാ, അല്ലാതെകണ്ട് വഴിതെറ്റാനല്ല. സ്കൂളിലും കോളേജിലും പോയി പിള്ളേര് വായിച്ചല്ലേ പഠിക്കുന്നേ. ആ… നീ പോ, പോയാ പശൂനു വെള്ളം കൊട്. അതു കെടന്നു കീറുന്നേ കേട്ടില്ല.”

“മോള് എന്തു പറഞ്ഞാലും അതിനു തുള്ളാനിരിക്കുന്ന ഒരു തന്ത.”

മോളോടുള്ള ദേഷ്യം അപ്പനോടും കൂട്ടിയാക്കി റെയ്ച്ചല്‍ പാടവരമ്പത്തേക്കു മക്കളെ തിരക്കിപ്പോയി. പാടത്തിനിന്നു വീശുന്ന ഇളങ്കാറ്റേറ്റ്, വാഴത്തണലത്തിരുന്നു പുസ്തകം വായിക്കുകയാണു രണ്ടാളും. കൊയ്ത്തു കഴിഞ്ഞ പാടത്തു പശുക്കള്‍ മേഞ്ഞു നടക്കുന്നു. റെയ്ച്ചലിനെ കണ്ടു സൂസന്‍ തിരിഞ്ഞു നോക്കി.

“എന്തുവാമ്മേ?”

“നിന്നോടൊരു കാര്യം പറയാനാ വന്നേ.”

“എന്തുവാ”

“എപ്പഴുമിങ്ങനെ പൊസ്തകോം വായിച്ചോണ്ടിരുന്നാ കണ്ണു കേടാകും. വീട്ടിലെ പണിയൊന്നും ചെയ്യാണ്ടായോ?”

“എല്ലാ പണീ തീര്‍ത്തിട്ടാമ്മേ ഞങ്ങളു പോന്നത്. പശുവിനു പറിച്ചുകൊടുക്കാന്‍ പുല്ലില്ലാഞ്ഞിട്ട് തൂമ്പാ കൊണ്ടുപോയി ചെത്തിയാ എടുത്തേ. അടുക്കളപ്പണിയെല്ലാം തീര്‍ന്നു. വെള്ളം കോരി വച്ചിട്ടൊണ്ട്. ഇനി പഴുത്ത മാങ്ങാ മാവേല്‍ നിക്കുന്നൊണ്ട്, പറിക്കണോ? അതോ മീന്‍കറിക്കക്കിടാന്‍ പച്ചമാങ്ങ വേണോ?”

“നീ മാവേലും കേറും. എനിക്കറിയാവെടീ അത്. മക്കളു വലുതായാലേ, തന്തേടേം തള്ളേടേം തുണിയൊക്കെ ഒന്നു കഴുകിക്കൊടുക്കുന്നത് അത്ര വലിയ മാനക്കേടൊന്നുമല്ല. എന്താടീ പറഞ്ഞാ മനസിലാകത്തില്ലിയോ നെനക്ക്?”

അപ്പോ അതാണു കാര്യം. ചേച്ചിയും അനിയത്തും പരസ്പരം നോക്കി കണ്ണിറുക്കി.

“അല്ലാ, ഇത്ര വേഗം അമ്മച്ചിക്കീ ബുദ്ധിയൊക്കെ എവിടുന്നൊണ്ടായി?”

ആന്‍സിയുടേതാണു ചോദ്യം.

“നീയൊക്കെ എന്താ കരുതിയേക്കുന്നേ, കൊറേ പുസ്തകം വായിച്ചാല്‍ ബുദ്ധിയൊണ്ടാകുമെന്നാ?”

റെയ്ച്ചലിന് അരിശം വന്നു. ഇതിനിടെ സൂസന്‍ ഇടപെട്ടു:

“പോട്ടെന്‍റെ അമ്മച്ചീ. പറ അമ്മച്ചിക്കിപ്പോ എന്താ ബുദ്ധിമുട്ട്?”

“നീ കുത്തിയ വെഷം നീ തന്നെ എറക്കണം. ദേണ്ടെ അപ്പനവിടെ തുണിയലക്കുന്നു. നീ പറഞ്ഞാലേ ഇനി അങ്ങേരു കേക്ക്. ചെല്ല്, ചെന്നതൊന്നു കഴുകിയിട്. അല്ലേല്‍ മഹാപാപം കിട്ടും പറഞ്ഞേക്കാം.”

സൂസനും ആന്‍സിയും ചിരിച്ചുകൊണ്ടു കിണറ്റിന്‍കരയിലേക്കു നടന്നു. പിന്നാലേ റെയ്ച്ചലും.

അവിടെവച്ച് ഓര്‍മകളില്‍നിന്നു റെയ്ച്ചല്‍ തിരിച്ചുപോന്നു. പ്രതികരണശേഷിയുണ്ട് പണ്ടേ അവള്‍ക്ക്, ആവശ്യമില്ലാത്തിടത്ത് പുറത്തെടുക്കാറില്ലെങ്കിലും. പൊട്ടിക്കരയുമെന്നു കരുതുന്ന ചില നേരത്തു പൊട്ടിത്തെറിച്ചെന്നിരിക്കും.

ഇന്നു രാവിലെ വിവാഹമോതിരവും മിന്നുമാലയും ഭദ്രമായി പൊതിഞ്ഞ് കുഞ്ഞപ്പിയുടെ വീട്ടില്‍ ഏല്‍പ്പിക്കാന്‍ വാസുപിള്ളയുടെ കൈയില്‍ കൊടുത്തയയ്ക്കുമ്പോള്‍ ഒരു ഭാവഭേദവും കണ്ടില്ല തന്‍റെ മോളുടെ മുഖത്ത്.

പള്ളിയില്‍ പോകുമ്പോള്‍ നാട്ടുകാരുടെ മുനവച്ച നോട്ടവും അടക്കിപ്പിടിച്ച സംസാരവും കണ്ടില്ലെന്നു നടിക്കുകയാണ്. പക്ഷേ, അവള്‍ക്കതൊന്നും പ്രശ്നമല്ല. സമാധാനമായി കുര്‍ബനാ കൂടി കമ്പസരിച്ച്, പ്രാര്‍ഥിച്ചു തിരിച്ചു പോരുന്നു. അപ്രതീക്ഷിതമായി സൂസനെ കണ്ട പഴയ ചില കൂട്ടുകാരികള്‍ ഓടിവന്നു ചിരിച്ചു സംസാരിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്യുന്നു. കുഞ്ഞിനെയും കൊഞ്ചിക്കാന്‍ മറക്കുന്നില്ല. ഇവരൊക്കെ അപ്പുറത്തേക്കു മാറിനിന്നാല്‍ എന്തു പരദൂഷണമായിരിക്കും പറയുകയെന്ന് ആര്‍ക്കറിയാം!

അവള്‍ക്കവിടെ വേറെ ബന്ധം വല്ലോം കാണുമെന്നേ. അതു കണ്ടുപിടിച്ചാല്‍ ഏതു കെട്ടിയോനാ സഹിക്കുക. എന്തഹങ്കാരമാരുന്നു ആ റെയ്ച്ചലിനും പെമ്പിള്ളേര്‍ക്കും. ഇപ്പോ ആ ഏനക്കേടങ്ങു മാറിയല്ലോ. അല്ലേലും ഈ തൊലിവെളുപ്പുള്ള പെണ്ണുങ്ങളെയാ സൂക്ഷിക്കേണ്ടത്….

കാറ്റില്‍ പരക്കുന്ന ദുഷിച്ച വര്‍ത്തമാനങ്ങളില്‍ ചിലത് റെയ്ച്ചലിന്‍റെ കാതിലുമെത്തി. അതൊക്കെ അവരുടെ നെഞ്ചു പൊള്ളിക്കുന്നുണ്ടായിരുന്നു. പക്ഷേ, സൂസന്‍ ഇതെല്ലാം പുച്ഛിച്ചു തള്ളി. ആളുകള്‍ പള്ളീല്‍ വന്നാല്‍ പ്രാര്‍ഥിച്ചിട്ടു പോയാല്‍ പോരേ, പരദൂഷണം പറയണോ എന്നാണ് അവളുടെ സംശയം.

അപ്പനെയും വല്യപ്പനെയും അടക്കിയ കല്ലറ കാണാന്‍ പള്ളിക്കു പിന്നിലെ സെമിത്തേരിയിലേക്കു പോകുമ്പോള്‍ പള്ളീലച്ചന്‍ പിന്നില്‍നിന്നു വിളിച്ചു.

“സൂസന്‍ അടുത്താഴ്ച മടങ്ങിപ്പോകുന്നെന്നു കേട്ടു…?”

“ഉവ്വച്ചോ. അച്ചന്‍ വീട്ടില്‍ വന്നപ്പോ ഞാനൊന്നും കുടുംബത്തു വരെ പോയിരുന്നു. പള്ളിമേടേലോട്ടു വന്നു കാണാന്‍ ഇരിക്കുവാരുന്നു.”

“ആ ഞാനും സൂസനെ ഒന്നു കാണാന്‍ തന്നെ ഇരിക്കുവാരുന്നു. പുതിയ പള്ളി പണിയുന്ന കാര്യം അറിഞ്ഞു കാണുവല്ലോ. മോളെപ്പോലുള്ളവരുടെ സഹായം പ്രതീക്ഷിച്ചാണു പണി തുടങ്ങുന്നത്. മനസറിഞ്ഞു സഹായിക്കണം. പത്തു കോടിയാണ് എസ്റ്റിമേറ്റ്.”

“പത്തു കോടിയോ? എന്തിനാച്ചോ ഇത്രയും വലിയൊരു ആര്‍ഭാടം. ആ പണമുണ്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്കു വീടുവച്ചു കൊടുക്കാം. എത്രയോ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാം. എത്രയോ കുട്ടികളെ പഠിപ്പക്കാം. എത്രയോ അനാഥര്‍ക്ക് ദിവസവും ഭക്ഷണം കൊടുക്കാം. നമുക്കൊക്കെ പ്രാര്‍ത്തിക്കാന്‍ നാലു ചുവരും ഒരു മേല്‍ക്കൂരയും തന്നെ ധാരാളമല്ലേ?”

അച്ചന്‍ കണ്ണുമിഴിച്ചു നിന്നു. പള്ളിക്കമ്മിറ്റിയുടെ തീരുമാനമാണ്. ഇനി പൊതുയോഗം പാസാക്കിയാല്‍ മാത്രം മതി. പക്ഷേ, അതൊക്കെ ഈ പെണ്‍കുട്ടിയോട് എങ്ങനെ പറഞ്ഞു മനസിലാക്കാന്‍. അവളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കണ്ടെത്താനാകുന്നില്ല.

മനുഷ്യന്‍ ദേവാലയങ്ങള്‍ പണിയുന്നതു ലാഭനഷ്ടങ്ങള്‍ നോക്കിയല്ലല്ലോ. നാട്ടിലെ പാവങ്ങളെ ഇവള്‍ കൈയയച്ചു സഹായിക്കുന്നതായി കേട്ടിട്ടുണ്ട്. പള്ളി പണിയാന്‍ കാശു തരില്ലെന്നായിരിക്കും പറഞ്ഞു വരുന്നത്. ലണ്ടനില്‍ പോയി ഇവള്‍ പെന്തക്കോസ്തില്‍ ചേര്‍ന്നിട്ടില്ലെന്ന് ആരറിഞ്ഞു. പള്ളിയും പട്ടക്കാരനുമില്ലാത്ത നാടല്ലേ, അതായിരിക്കും ഇവള്‍ക്കും ഇങ്ങനെയൊക്കെ തോന്നുന്നത്.

അച്ചന്‍ അന്ധാളിച്ചു നില്‍ക്കുന്നതു കണ്ടു സൂസനും വല്ലായാതി. പറഞ്ഞത് അല്‍പ്പം കൂടിപ്പോയെന്നു തോന്നി. അവള്‍ പറഞ്ഞു:

“എന്തായാലും അച്ചന്‍ പറഞ്ഞതല്ലേ, ഒരു ആയിരം രൂപ ഞാന്‍ തന്നേക്കാം….”

പിന്നെ അവിടെ നില്‍ക്കാതെ സൂസനും റെയ്ച്ചലും ഡെയ്സിയും സെമിത്തേരിയിലേക്കു നടന്നു.

അവരെത്തന്നെ നോക്കി അച്ചന്‍ കുറേനേരം കൂടി അവിടെ നിന്നു. എന്നിട്ടു പള്ളിമേടയിലേക്കു കയറിപ്പോയി.

“ആ അച്ചനോട് അങ്ങനൊന്നും പറയണ്ടാരുന്നു. ആരോടാ എന്താ പറയുകാന്നൊരു വിചാരോമില്ല. പ്രായം ഇത്രേമൊക്കെ ആയില്ലേ നെനക്ക്.”

റെയ്ച്ചല്‍ സൂസനെ ശാസിച്ചു.

“ഒരു തെറ്റുമില്ല. ചേച്ചി പറഞ്ഞതു ശരിയല്ലിയോ. കണക്കായിപ്പോയി.”

ഡെയ്സിയാണു മറുപടി പറഞ്ഞത്.

“നിന്നോടു ചോദിച്ചോടീ, മിണ്ടാതെ നടന്നോണം.”

റെയ്ച്ചല്‍ തിളച്ചു വന്ന ദേഷ്യം അവളോടു തീര്‍ത്തു.

“മോളേ, നീയൊരു പതിനായിരം രൂപായെങ്കിലും കൊടുക്കുവാരിക്കുവെന്നാ ഞാന്‍ വിചാരിച്ചെ.”

“അമ്മ എന്താ ഈ പറയുന്നേ. ഇതൊക്കെ കമ്മിറ്റിക്കാര്‍ക്കു കാശുണ്ടാക്കാനൊള്ള വേലയാ. പത്തു കോടി പോലും. പത്തു ലക്ഷത്തിന്‍റെ പള്ളി പോലും ഇവരു പണിയത്തില്ല. പണി കഴിയുമ്പഴത്തേക്കും എല്ലാത്തിന്‍റേം വീടിനു മോടി കൂടിയിട്ടുണ്ടാകും. അമ്മ നോക്കിക്കോ.”

പിന്നെ റെയ്ച്ചല്‍ അതെപ്പറ്റി ഒന്നും മിണ്ടിയില്ല.

മൂവരും അപ്പന്‍റെയും വല്യപ്പന്‍റെയും കുഴിമാടത്തിനു മുന്നിലെത്തി. അടുത്തടുത്തായി മനോഹരമായി പണി കഴിപ്പിച്ചിരിക്കുന്ന കല്ലറകള്‍ സൂസന്‍ നിര്‍നിമേഷയായി ഏറെ നേരം നോക്കിനിന്നു. അവള്‍ മുന്‍കൈയെടുത്താണ് ജോണിക്കു പണമയച്ചുകൊടുത്ത് നല്ല കല്ലറ പണിയിച്ചത്. അവളുടെ വലിയൊരു ആഗ്രഹസാഫല്യമായിരുന്നു അത്. മനസ് വിതുമ്പി നിന്നു. അപ്പന്‍റെ സ്നേഹത്തിന്‍റെയും വല്യപ്പന്‍റെ സംരക്ഷണത്തിന്‍റെയും ഓര്‍മകള്‍ അവളില്‍ പച്ചപിടിച്ചു നിന്നു. മണ്ണില്‍ വിരിയുന്ന പൂക്കളായും ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളായും അവര്‍ തന്നെ കാണുന്നുണ്ടാകും. തന്‍റെ നിശബ്ദമായ കരച്ചില്‍ കേള്‍ക്കുന്നുണ്ടാകും.

ഡെയ്സിയുടെ കൈയിലിരുന്ന ചാര്‍ലിയെ അവള്‍ കൈയിലേക്കു വാങ്ങി.

“മോനേ, നിനക്കറിയാമോ ആരൊക്കെയാ ഇതെന്ന്? അറിയാമോടാ കുട്ടാ…?”

അവളുടെ കണ്ണു നനയുന്നുണ്ടായിരുന്നു. ചാര്‍ലി അവളുടെ കവിളില്‍ തന്‍റെ കുഞ്ഞിവിരലുകള്‍കൊണ്ടു തൊട്ടു.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *