കാവല്‍ മാലാഖ (നോവല്‍ 15)

Facebook
Twitter
WhatsApp
Email

സൂസന്‍ വീണ്ടും ലണ്ടനിലേക്ക്. നാട്ടില്‍ വച്ചു തന്നെ ഹോസ്പിറ്റലിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞ്, ഹോസ്റ്റലില്‍ താമസം ശരിയാക്കിയിട്ടുണ്ട്. വീടെടുത്തിരിക്കുന്നതു സൈമന്‍റെ പേരിലാണ്, വാടക കൊടുത്തിരുന്നതു താനാണെങ്കിലും. ആ വീടു സൈമന്‍ എന്താന്നു വച്ചാല്‍ ചെയ്യട്ടെ. ഇനിയൊരിക്കലും ആ മുഖം പോലും കാണാതെ കഴിക്കണം. അങ്ങോട്ടിനി പോകുന്നില്ല. അവള്‍ ആകാശച്ചെരിവുകളില്‍ ഒരുറക്കത്തിന്‍റെ അനുഗ്രഹം തേടി.

ഉറക്കത്തിന്‍റെ ഇടവേളകളില്‍ പുസ്തകങ്ങള്‍ വായിച്ചു. തിരിച്ചെത്തുമ്പോഴേക്കും നാലു പുസ്തകം വായിച്ചു തീര്‍ത്തു. ബാഗില്‍ വസ്ത്രങ്ങളെക്കാളധികം പുസ്തകങ്ങളാണ്. അവിടെ ഇനി വേറൊരു ആശ്വസാസ്ഥാനം ഉണ്ടാകില്ലെന്നറിയാം. അതുകൊണ്ടു തന്നെ കഴിയുന്നിടത്തോളം പുസ്തകങ്ങളും വാങ്ങി തിരിച്ചു പോന്നത്.

കല്യാണത്തിനു മുന്‍പൊക്കെ ഒരുപാടു വായിച്ചിരുന്നു. കല്യാണം കഴിഞ്ഞും കുറേയൊക്കെ സമയം കണ്ടെത്തി. പക്ഷേ, ചാര്‍ലി വന്നതോടെ ജോലി കഴിഞ്ഞുള്ള മുഴുവന്‍ സമയവും അവനു മാത്രമായി നീക്കി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും, തത്കാലത്തേക്കെങ്കിലും, താന്‍ ഒറ്റയ്ക്കായിരിക്കുന്നു. പഴയ കൂട്ടുകാരായ പുസ്തകങ്ങള്‍ തന്നെയാണ് ഇനി ഏക ആശ്രയം.

ഹീത്രൂവില്‍ വിമാനമിറങ്ങി. ഇനി ഭൂഗര്‍ഭ റെയിലിലാണു യാത്ര. അവള്‍ പെട്ടിയുമുരുട്ടി മുന്നോട്ടു നടന്നു. കൗണ്ടറിനടുത്തുള്ള മെഷീനില്‍ പണം നിക്ഷേപിച്ച് ട്രെയ്ന്‍ ടിക്കറ്റെടുത്തു. പ്ലാറ്റ്ഫോമില്‍ ചെല്ലുമ്പോള്‍ ട്രെയ്ന്‍ യാത്രക്കാരെ കാത്തുകിടക്കുന്നു. അവള്‍ കയറിയിരുന്നു. എല്ലാ പത്തു മിനിറ്റിലും ട്രെയ്നുകള്‍ വന്നു പോകും. യാത്ര ഇവിടെ ഒരു ദുരിതമല്ല.

വഴിയോരക്കാഴ്ചകള്‍ കണ്ട് അവളിരുന്നു. സൂര്യപ്രകാശത്തില്‍ ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ ഉണങ്ങിക്കരിഞ്ഞതു പോലെ നില്‍ക്കുന്നു. ഭൂമിയിലെ ജീവജാലങ്ങളൊക്കെയും അന്തരീക്ഷത്തിലെ ഏതോ അവശിഷ്ടങ്ങള്‍ പോലെ.
വീടുകളുടെ മേല്‍ക്കൂരകളിലും വീഥികളിലും മരക്കൊമ്പുകളിലുമെല്ലാം മഞ്ഞ് വെള്ളപ്പുടവ വിരിച്ചിട്ടുണ്ട്. സൂര്യന്‍റെ ഇളം പ്രകാശം അവയെ തഴുകിയുരുക്കിക്കൊണ്ടിരുന്നു. മഞ്ഞിന്‍റെ വെള്ളരിപ്പൂക്കള്‍ ഇളംവെയിലില്‍ പ്രകാശിക്കുന്നു.
നേരെ ആശുപത്രിയിലേക്കാണു സൂസന്‍ പോയത്. റിസപ്ഷനില്‍ ചെന്നു ഫോണെടുത്തു ഡയറി നോക്കി ഡയല്‍ ചെയ്തു. താമസസൗകര്യം ബുക്ക് ചെയ്തിട്ടുണ്ട്. എന്നാലും താനെത്തിയെന്ന് ഒന്നുകൂടി പറഞ്ഞുറപ്പിക്കണം. ചില്‍ഡ്രന്‍സ് ഹോമില്‍ മോനു വേണ്ടി എടുത്ത അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യണം.

അടുത്ത ദിവസം തന്നെ ജോലിക്കു കയറുമെന്നറിയിച്ച് അവള്‍ ഹോസ്പിറ്റലില്‍നിന്നു നേരെ പുതിയ താമസസ്ഥലത്തേക്കു പോയി. ഒപ്പം വന്ന കറുത്തവര്‍ഗക്കാരിയായ സ്ത്രീ മുറി തുറന്ന് എല്ലാം വിശദീകരിച്ചുകൊടുത്ത്, താക്കോലും കൈമാറി മടങ്ങിപ്പോയി.

അവള്‍ ഹീറ്റര്‍ ഓണ്‍ ചെയ്തു. തണുപ്പിനോടു മെല്ലെ വിട പറയാം ഇനി. ശരീരത്തിനു നല്ല ക്ഷീണം തോന്നി. ഒന്നു കുളിച്ചു വന്ന ശേഷം വീട്ടിലേക്കു ഫോണ്‍ ചെയ്ത് എത്തിയ വിവരം പറഞ്ഞു. എയര്‍പോര്‍ട്ടിലെത്തിയപ്പോഴും വിളിച്ചിരുന്നതാണ്. ചാര്‍ലി സുഖമായി ഉറങ്ങിയെന്ന വാര്‍ത്ത അവള്‍ക്ക് ആശ്വാസം പകര്‍ന്നു.

കുളി കഴിഞ്ഞതോടെ നല്ല ഉണര്‍വ്. അവള്‍ കണ്ണാടിക്കു മുന്നില്‍ ചെന്നു നിന്നു നനവു മാറാത്ത മുടി വീണ്ടും തുടച്ചു. നാട്ടില്‍ പോയ ശേഷം തടി അല്‍പ്പം കൂടിയിട്ടുണ്ട്. അവളൊന്നും സ്വയം വിലയിരുത്തി. മുടിയുടെ കറുപ്പു കൂടി, ഒപ്പം സ്വന്തം നിറവും അല്‍പ്പം ഇരുണ്ടിരിക്കുന്നു. പുറത്തു മഞ്ഞും മഴയും വീണ്ടും പെയ്തു തുടങ്ങി.

(തുടരും..)

About The Author

Leave a Reply

Your email address will not be published. Required fields are marked *