കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-16

അതിരാവിലെ സൂര്യദേവന്‍ തിരുമേനിയും കൈമളും പടിപ്പുരയിലെത്തി മണിയടിച്ചപ്പോളാണു വാര്യത്ത് വിളക്ക് തെളിഞ്ഞത്. പുലര്‍ച്ചെ തന്നെ ഉണരണമെന്ന് കരുതിയാണു കിടന്നതെങ്കിലും തലേന്ന് നടന്ന സംഭവങ്ങള്‍ രവിയേയും ഉമയേയും ആകെ പിടിച്ചുലച്ചിരുന്നു. അല്‍പ്പസമയം അവരോട് സംസാരിച്ച് വിശദമായി കാര്യങ്ങള്‍ തിരക്കിയതിനു ശേഷം കുളിച്ച് ശുദ്ധിയായി വരാന്‍ നിര്‍ദ്ദേശിച്ച് തിരുമേനി മുറ്റത്തേക്ക് നടന്നു. പിന്നെ ഒന്നു തിരിഞ്ഞു, രവിയെ അടുത്തേക്ക് വിളിച്ചു സ്വകാര്യമായി ഇന്നലെ പുഴക്കരയില്‍ നിന്നും ലഭിച്ച പട്ടില്‍ പൊതിഞ്ഞ വസ്തു കൈമാറാനാവശ്യപ്പെട്ടു. എന്തൊക്കെയാവണം ഒരുക്കങ്ങള്‍ എന്നന്വേഷിച്ചു രവി തിരുമേനിയുടെ കൂടെ കിഴക്കേമുറ്റത്തു കളം വരച്ചു തുടങ്ങിയ കൈമളുടെ അടുത്തേക്ക് ചെന്നു.

‘ഓരോ മന്ത്രവാദിക്കും ഓരോ ഉപാസനാമുര്‍ത്തിയുണ്ടാകും. ആ മൂര്‍ത്തിയെ മുന്‍നിര്‍ത്തിയാണ് കളം വരച്ചുതുടങ്ങുന്നത്. അരിപ്പൊടി കൊണ്ട് രൂപരേഖ തയ്യാറാക്കി പഞ്ചവര്‍ണ്ണങ്ങള്‍കൊണ്ടാണ് കളം ഉണ്ടാക്കുന്നത്. ഓരോ നിറങ്ങള്‍ക്കും ഇന്നിന്ന ദിക്ക് എന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കിഴക്ക്മഞ്ഞ, പടിഞ്ഞാറ്പച്ച, തെക്ക്കറുപ്പ്, വടക്ക്ചുവപ്പ് എന്നിങ്ങനെയാണ് സാധാരണ ഉപയോഗിക്കുന്നത്. അത്യന്തം ശ്രദ്ധയോടെ വരച്ചെടുക്കേണ്ട ഒരു ചിത്രകലാരൂപമാണിത്. കളം വരയ്ക്കുന്നതില്‍ പിഴവുപറ്റിയാല്‍ മന്ത്രവാദത്തിന്റെ ഫലത്തെ തന്നെ അത് ബാധിക്കുമെന്നാണ് വിശ്വാസം. സാധാരണയായി കളങ്ങള്‍, ഉപകരണങ്ങളുടെ സഹായമില്ലാതെ കൈകൊണ്ടുതന്നെ വരച്ചെടുക്കുകയാണ് ചെയ്യുന്നത്.’

നിരവധി ജ്യാമിതീയ രൂപങ്ങളുടെ സവിശേഷമായ വിന്യസനം തോന്നിച്ച രൂപരേഖയില്‍ തയ്യാറാക്കിയ മഹാസുദര്‍ശനചക്രകളം അത്യാകര്‍ഷണീയമായിരുന്നു. കൈമള്‍ അതില്‍ ചുവപ്പും മഞ്ഞയും കറുപ്പും പച്ചയും പൊടികള്‍ തൂകി രൂപങ്ങള്‍ക്ക് വ്യക്തത വരുത്തുന്നത് കൗതുകത്തോടെ നോക്കിയ രവിയോട് തിരുമേനി വിവരിച്ചു.

‘കളം കൃത്യമായി വരയ്ക്കപ്പെട്ടാല്‍ത്തന്നെ മന്ത്രവാദത്തിന്റെ പകുതിഫലം ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു. മഹാസുദര്‍ശനചക്രം വരച്ചു തീര്‍ക്കുവാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയമെടുക്കും. ആ നേരം കൊണ്ട് നിങ്ങള്‍ തയ്യാറായി വരൂ.’ അദ്ദേഹം പറഞ്ഞത് കേട്ട് തലകുലുക്കികൊണ്ടു രവി അകത്തേക്ക് നടന്നു.

കളം പൂര്‍ത്തിയാക്കി, ചുവന്ന കുങ്കുമം കൊണ്ട് കളത്തിനു പുറമേ ഒരു വൃത്തം കൂടി വരച്ച് കൈമള്‍ തിരുമേനിയെ നോക്കി. മുറ്റത്തെ തുളസിയില്‍ നിന്നും ഇല നുള്ളുന്നതില്‍ വ്യാപൃതനായിരുന്നു തിരുമേനി. അതുകണ്ട് കൈമള്‍ നിലവിളക്കുകള്‍ തിരിയിട്ട് ഒരുക്കുവാന്‍ തുടങ്ങി. സൂര്യനുദിച്ച് തുടങ്ങിയിട്ടില്ല, മങ്ങിയ വെളിച്ചത്തില്‍ ഇല നുള്ളിക്കൊണ്ടിരുന്ന തിരുമേനി പൊടുന്നനെ എന്തോ കണ്ടുഭയന്നെന്ന മട്ടില്‍ നിലതെറ്റി മുന്നോട്ടാഞ്ഞു. വീഴാതിരിക്കാന്‍ മുന്നില്‍ കണ്ട ചെടിക്കമ്പില്‍ പിടിച്ചെങ്കിലും കാല്‍ വഴുതി അദ്ദേഹം മുട്ടുകുത്തി വീണു. കൈമള്‍ ഓടിച്ചെന്ന് പിടിക്കുമ്പോഴേക്കും അദ്ദേഹം ആയാസപ്പെട്ട് എഴുന്നേറ്റു. കാല്‍മുട്ടിന്റെ ഭാഗത്തു വെളുത്ത കസവുമുണ്ടിന്റെ മുകളില്‍ പടര്‍ന്ന രക്തച്ഛവി കണ്ട് കൈമള്‍ ‘ഭഗവതീ’ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം തടഞ്ഞു.

‘ആരും അറിയരുത്. തടസ്സങ്ങള്‍ ഇനിയും ഉണ്ടാവാം. രവിയും കുടുംബവും ഭയക്കാന്‍ പാടില്ല’. കൈമള്‍ തലയാട്ടി. തിരുമേനി കൂടെയുള്ളപ്പോള്‍ ആര്‍ക്കും ഒന്നിനേയും ഭയക്കേണ്ട കാര്യമില്ലെന്ന് വര്‍ഷങ്ങളുടെ സഹവാസം കൊണ്ട് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇന്നാദ്യമായി തിരുമേനിയുടെ രക്തം പൊടിഞ്ഞത് അത്ര നല്ല ലക്ഷണമല്ലെന്ന് കൈമളുടെ മനസ്സ് മന്ത്രിച്ചു.

കിഴക്കു വെള്ളകീറിത്തുടങ്ങി. കുളിച്ച് ശുഭ്രവസ്ത്രധാരികളായി രവിയും ഉമയും ദേവികയും മുറ്റത്തേക്കിറങ്ങി വന്നു. ചെത്തിയും താമരയിതളുകളും നിറഞ്ഞ തളികകള്‍ കൈമള്‍ കളത്തിനു പുറത്ത് തിരുമേനിയുടെ പീഠത്തിനരികെ കൊണ്ടുവന്ന് വച്ചു. കൈകാലുകള്‍ ശുദ്ധി വരുത്തി രക്തം പറ്റിയ മുണ്ട് മാറ്റി തിരുമേനി പീഠത്തില്‍ വന്നിരുന്നു. കൂപ്പുകൈകളോടെ നിലകൊണ്ട രവിയോടും മറ്റും തനിക്ക് സമീപം പുല്‍പ്പായയില്‍ വന്നിരിക്കാന്‍ അദ്ദേഹം കല്‍പ്പിച്ചു.

ഹോമകുണ്ഡം തയ്യാറാക്കി അതിലേക്ക് രക്തചന്ദനച്ചീളുകള്‍ വിതറി അല്‍പം നെയ്യും തളിച്ചു കൈമള്‍ പിന്‍വാങ്ങി. അഗ്‌നി പകരേണ്ടത് തിരുമേനിയാണു. നിലവിളക്കിലെ തിരിയില്‍ നിന്നും അഗ്‌നി പകര്‍ന്നെടുത്ത തിരുമേനി അത് ഭക്തിയോടെ ചന്ദനച്ചീളുകളില്‍ സ്പര്‍ശിച്ചു. നനഞ്ഞ വിറകില്‍ തീ കൊളുത്താന്‍ ശ്രമിക്കുന്ന മട്ടില്‍ ഹോമകുണ്ഡം പുകഞ്ഞു നിന്നു. മൂന്നു വട്ടം ശ്രമിച്ചിട്ടും ഫലം കാണാഞ്ഞു തിരുമേനി അല്‍പനേരം കൈകള്‍ കൂപ്പി പ്രാര്‍ത്ഥനാനിരതനായിരുന്നു.

രവിയും ഉമയും ദേവികയും ആകാംക്ഷാഭരിതരായി നോക്കിനില്‍ക്കേ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ജ്യോതിസ് സാവധാനം ഹോമകുണ്ഡത്തിലേക്കലിഞ്ഞ് ചേര്‍ന്നു. രക്തചന്ദനച്ചീളുകള്‍ ഒരു ചെറിയ പൊട്ടിത്തെറിയോടെ കത്തിപ്പടര്‍ന്നു. ഗായത്രീ മന്ത്രം ചൊല്ലി തിരുമേനി കര്‍മ്മങ്ങള്‍ തുടങ്ങി. ഹോമത്തിനാവശ്യമായ പഴങ്ങളും തര്‍പ്പണം ചെയ്യുന്നതിനു വേണ്ടി സ്വര്‍ണ്ണപ്പാത്രത്തില്‍ മഞ്ഞള്‍ കലക്കിയ വെള്ളവും കൈമള്‍ സമീപം കൊണ്ടുവന്നുവച്ചു.

ജ്വലിക്കുന്ന നിലവിളക്കുകളുടെ ശോഭയില്‍ മേ്രന്താച്ചാരണങ്ങളുടെ ലോകത്തു കുറച്ചു സമയം ഇരുന്നപ്പോള്‍ ഉമക്ക് മനസൊട്ട് ശാന്തമായതുപോലെ തോന്നി. അവള്‍ക്കിതു ആദ്യത്തെ അനുഭവമാണ്. അമ്പലവും ദേവിയും മാത്രമാണ് അവളുടെ ഭക്തിമാര്‍ഗം. ഹോമവും പൂജയും മറ്റും കേട്ടുകേള്‍വി മാത്രം. ഇന്നലെ രാത്രി അത്താഴസമയത്ത് രവിയേട്ടന്‍ ഹോമത്തെപ്പറ്റി ദേവൂട്ടിയ്ക്കു പകര്‍ന്ന അറിവിനെപ്പറ്റി ഉമ ഓര്‍ത്തു.

‘അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നുമാണ് എന്നും ഭക്തിയുടെ ഉത്ഭവം. തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടു കാലേകൂട്ടി അറിയാന്‍ കഴിയാത്ത പ്രകൃതി പ്രതിഭാസങ്ങളുടെയെല്ലാം പിന്നില്‍ ഏതോ ഒരു അജ്ഞാതശക്തിയുണ്ടെന്നു മനുഷ്യനു വിശ്വസിക്കേണ്ടി വന്നത് ഈ ഭയം മൂലമാണ്. ആക്രമിക്കാന്‍ വന്നിരുന്ന ജന്തുക്കളെ തന്റെ ഭക്ഷണത്തിന്റെ പങ്കു നല്കി പാട്ടിലാക്കിയ മനുഷ്യന്‍ ആ അജ്ഞാതശക്തിയേയും പാട്ടിലാക്കാന്‍ ശ്രമിച്ചതിലൂടെയാണ് ആദ്യമായി മന്ത്രവാദത്തിന്റെ വിത്തു മുളച്ചത്. മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുക വൈദിക കാലഘട്ടത്തിലായിരിക്കും. പ്രാചീനമതങ്ങളെല്ലാം മന്ത്രവാദത്തെ ദേവപൂജയുടെ അനുഷ്ഠാനരൂപമായി കണ്ടിരുന്നു.’

‘സൂര്യപ്രകാശത്തിനു ചൂടുണ്ടെങ്കിലും ഒന്നിനെയും കത്തിക്കാന്‍ പ്രാപ്തിയില്ല. പക്ഷെ ഒരു ലെന്‍സിലൂടെ സൂര്യപ്രകാശം ഏതെങ്കിലും ഒരു വസ്തുവിലേക്കു കേന്ദ്രീകരിച്ചാല്‍ അതിനെ കത്തിക്കാനുള്ള ഊര്‍ജം ഉണ്ടാകും. അതുപോലെ ഏകാഗ്രമായ മനസോടെ ഒന്നിലധികം ആളുകള്‍ മേ്രന്താച്ചാരണങ്ങളുടെ സ്വാധീനത്തില്‍ ഒരേ ലക്ഷ്യത്തില്‍ മനസ് കേന്ദ്രീകരിക്കുമ്പോള്‍ അത് ഫലം കണ്ടു തുടങ്ങും. ഹൈന്ദവാചാര പ്രകാരം നിലനില്‍ക്കുന്ന മന്ത്രവാദവിധികളില്‍ പ്രധാനമായും ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ഷഡ്കര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സന്മന്ത്രവാദത്തിന്റെ മാര്‍ഗമായ ശാന്തികര്‍മം മാത്രമാണ് നാളെ ഇവിടെ നടക്കുക. ദേവതകളില്‍ നിന്നുള്ള ഉപദ്രവങ്ങളില്‍ നിന്നും രോഗപീഡകളില്‍ നിന്നും ശാന്തി ലഭിക്കുക എന്ന ലക്ഷ്യം മാത്രമേ ശാന്തികര്‍മങ്ങള്‍ക്കുള്ളു, ഒട്ടും ഭയപ്പെടേണ്ട.’

ഹോമാഗ്‌നി പടര്‍ന്നു കത്തുന്നതിനൊപ്പം നെയ്യ് പകരുന്ന തിരുമേനിയുടെ ചുണ്ടുകള്‍ അതിശീഘ്രം മന്ത്രങ്ങള്‍ ഉരുവിടുന്നത് കണ്ടു ഉമയും മനസ് ദേവിയില്‍ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു. നിര്‍ത്താതെയുയര്‍ന്ന മണിയടിയൊച്ചകള്‍ ഒരു ക്ഷേത്രാന്തരീക്ഷത്തിന്റെ പ്രതീതിയേകി. ഏകദേശം ഒന്നൊന്നര മണിക്കൂര്‍ നീണ്ട പൂജയ്ക്കും കര്‍മ്മങ്ങള്‍ക്കും ശേഷം രവി കൈമാറിയ ചെമ്പട്ടുപൊതി തിരുമേനി ഹോമാഗ്‌നിയിലേക്കു നിക്ഷേപിക്കുവാന്‍ കൈ ഉയര്‍ത്തിയ നിമിഷം അന്തരീക്ഷം കറുത്തിരുണ്ടു. അച്ഛന്റെ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന ഹോമം എന്നുമാത്രം കരുതിയിരുന്ന ഉമക്ക് ഇപ്പോള്‍ മറ്റെന്തൊക്കെയോ സംശയങ്ങള്‍ തോന്നിത്തുടങ്ങി. ദേവുവാണെങ്കില്‍ കൗതുകത്തോടെ ചുറ്റും നടക്കുന്നതൊക്കെ നോക്കിക്കണ്ടിരുന്നു.

പൊടുന്നനെ കളത്തിനു മുകളില്‍ ചുറ്റിയടിച്ച പൊടിക്കാറ്റില്‍ ഹോമാഗ്‌നിയൊന്നു ആഞ്ഞുകത്തിയെങ്കിലും നിമിഷാര്‍ദ്ധത്തില്‍ നിലവിളക്കുകള്‍ കരിന്തിരികത്തി കെട്ടു. ഞെട്ടിത്തരിച്ചു ചുറ്റും നോക്കിയ രവി ആരോ പിഴുതെടുത്തു വലിച്ചെറിഞ്ഞ മട്ടില്‍ കോയിക്കല്‍ മനയുടെ അതിര്‍ത്തിയില്‍ നിന്നും അന്തരീക്ഷത്തിലൂടെ സമാന്തരമായി ഒഴുകി വരുന്ന കരിമ്പനത്തടി കണ്ടു ശ്വസിക്കാന്‍ മറന്നു നിന്ന് പോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here