LIMA WORLD LIBRARY

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയർ, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് മന്ത്രിസഭ അനുവാദം നല്‍കി.   നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇവയുടെ നിര്‍വഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകള്‍ക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കല്‍, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങള്‍, ആവര്‍ത്തനം, പല സ്രോതസ്സുകളില്‍ നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ  ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പല പ്രശ്നങ്ങളും നിലവിലുണ്ട്. ഇതിന് പരിഹാരം കാണാന്‍ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തില്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.

സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവിരങ്ങള്‍ ഒറ്റ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാനാകും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായി ഈ രജിസ്ട്രി പ്രയോജനപ്പെടുത്താം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px